Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. കോടതികളിൽ പോലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തി.
ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നാണ് മെയിലിന്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയിട്ടുള്ളത്. മലപ്പുറത്ത് മഞ്ചേരി കോടതിയിലാണ് ബോംബ് ഭീഷണിയുണ്ടായത്. കോടതിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്ക്വാഡ് പരിശോധിച്ചുവരികയാണ്.
പത്തനംതിട്ട ജില്ലാ കോടതിയിലും ഇ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയാണ്. വിവിധ കോടതികളും മിനി സിവിൽ സ്റ്റേഷനും പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
കാസർഗോഡ് വിദ്യാനഗറിലുള്ള ജില്ലാ കോടതിയിൽ ഇന്ന് പുലർച്ചെ 3.22 നാണ് ബോംബ് വച്ചതായി മെയിൽ സന്ദേശമെത്തിയത്. നിങ്ങളുടെ കോടതി സമുച്ചയത്തിൽ മൂന്ന് ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.15ന് സ്ഫോടനത്തിന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക എന്നായിരുന്നു സന്ദേശം. തുടർന്ന് കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പോലീസും ബോംബ്-ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
Business
കൊച്ചി: സംസ്ഥാനത്തു വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 2133 കോടി രൂപ. എറണാകുളം ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതല്‍ തുക അണ്‍ക്ലെയിംഡ് അക്കൗണ്ടുകളുള്ളതെന്ന് ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജര്‍ സി. അജിലേഷ് പറഞ്ഞു.
307 കോടിക്കു മുകളില്‍ രൂപയാണു ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെയുള്ളത്. 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
അതേസമയം, പത്തു വര്‍ഷം ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിലേക്കു (ആര്‍ബിഐ) മാറ്റും. നിശ്ചിതസമയത്തിനുള്ളിൽ ഈ തുക നിയമപരമായി അക്കൗണ്ട് ഉടമയോ അവകാശികളോ പിൻവലിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തില്ലെങ്കിലാണ് ആർബിഐയിലേക്കു മാറ്റുക.
ആർബിഐയിലേക്കു മാറ്റിയ തുക അക്കൗണ്ട് ഉടമയുടെ അവകാശികൾക്കു നിയമപരമായ നടപടികൾ പൂർത്തിയാക്കി തിരിച്ചുകിട്ടാൻ അവസരമുണ്ടെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.
നോമിനിയെ ഉൾപ്പെടുത്തിയിട്ടുള്ള അൺക്ലെയിംഡ് അക്കൗണ്ടുകളിലെ തുക തിരിച്ചുകിട്ടാൻ എളുപ്പമാണ്. ഇതില്ലാത്ത അക്കൗണ്ടുകളിൽ അവകാശികള്‍ക്കു ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അപേക്ഷിച്ചാൽ തുക ലഭിക്കും.
ഉദ്ഗം പോര്‍ട്ടലിലൂടെ ആര്‍ബിഐയിലേക്കു മാറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാണ്. അതുപ്രകാരം ബന്ധപ്പെട്ട ബാങ്കുകൾ വഴിയാണ് തുക തിരിച്ചുകിട്ടാനുള്ള അപേക്ഷകളും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.
"നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പ്രമേയവുമായി ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും തുക തിരിച്ചുകിട്ടുന്നതിനും ലീഡ് ബാങ്കുകൾ ജില്ലകൾ തോറും പ്രത്യേക ക്യാന്പുകൾ നടത്തുന്നുണ്ട്.
Kerala
കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങള്‍ക്കു വലിയ തിരിച്ചടിയായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങള്‍ക്കു വലിയ സാമ്പത്തികബാധ്യത വരുത്തും. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും കേന്ദ്രതീരുമാനം ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണ ജനതയ്ക്ക് വരുമാനം കിട്ടുന്ന പ്രധാന പദ്ധതിയാണിത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മാത്രം 9.07 കോടി തൊഴില്‍ദിനങ്ങളാണു സൃഷ്ടിച്ചത്. 13.72 ലക്ഷം കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു. 22 ലക്ഷത്തോളം പേര് പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ചെലവും സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത് കേന്ദ്രമായിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പണം വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തിന് ഒരു വര്‍ഷം കുറഞ്ഞത് 2000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും മന്ത്രി ചൂണ്ടിക്കാട്ടി.
Leader Page
രാഷ്ട്രീയവും ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തവുമാണു ജനാധിപത്യത്തിന്റെ ശക്തി. പക്ഷേ രാഷ്ട്രീയാതിപ്രസരം ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാക്കുന്നു. ഭരണഘടനയിലെ അവ്യക്തതകളും രാഷ്ട്രീയത്തിലെ കള്ളക്കളികളും ചേരുമ്പോള്‍ പ്രശ്നങ്ങള്‍ വഷളാകുന്നു. രാഷ്ട്രപതിയുടെ പ്രത്യേക റഫറന്‍സില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നല്കിയ വിശദീകരണങ്ങളിലും പ്രശ്നപരിഹാരമില്ല. ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള ഉപദേശമായാണു വിരമിക്കുന്നതിനു തൊട്ടുമുമ്പായുള്ള ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടസപ്പെടുത്തുന്നുവെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പരാതിയില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് രണ്ടു വര്‍ഷംമുമ്പു നല്കിയ വിധിയിലെ പ്രധാന വാദം പുതിയ അഞ്ചംഗ ബെഞ്ച് തള്ളി. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ പാടില്ലെന്നാണു വിശാല ബെഞ്ചിന്റെ വിലയിരുത്തല്‍. സമയപരിധി ലംഘിച്ചാല്‍, ബില്ലിനു സ്വാഭാവികമായി അംഗീകാരം കിട്ടിയെന്നു കണക്കാക്കാമെന്ന തമിഴ്നാട് കേസിലെ വിധിയോടു പാടെ വിയോജിച്ചു.
■ തീരാതെ ജുഡീഷല്‍ ഇടപെടല്‍
എന്നാല്‍, ബില്ലുകള്‍ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു ഭരണഘടനാ ബെഞ്ചും ചൂണ്ടിക്കാട്ടി. പരിമിതമായെങ്കിലും ഇതിനായി ജുഡീഷല്‍ അധികാരം പ്രയോഗിക്കാന്‍ കോടതിക്കു കഴിയുമെന്നതു സുപ്രധാന നിരീക്ഷണമാണ്. വിശദീകരിക്കാനാകാത്ത കാലതാമസത്തോടെ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതു ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഗവര്‍ണറുടെ ‘നീണ്ടുനില്ക്കുന്നതും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ നിഷ്ക്രിയത്വം' തീര്‍ച്ചയായും പരിമിതമായ ജുഡീഷല്‍ പരിശോധനയ്ക്കു വിധേയമാക്കാമെന്ന നിരീക്ഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു പ്രതീക്ഷയാകും.
ബില്ലുകള്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള മറുപടി ഉപദേശമായതിനാല്‍, തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ 2023 ഏപ്രിലിലെ വിധി നിലനില്ക്കും. തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍, നിയമമായി നടപ്പാക്കിയതിലും മാറ്റമില്ല.
■ രാഷ്ട്രീയം മാറി; വഴക്കും
കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരിക്കെ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി വൈകിച്ചതിനെതിരേ 2023 നവംബര്‍ ഒന്നിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭരണഘടനയുടെ പ്രാഥമിക അടിത്തറയെ ഭീഷണിപ്പെടുത്തുന്നതാണു ഗവര്‍ണറുടെ നടപടിയെന്നാണ് കേരളം പറഞ്ഞത്. കേരളത്തില്‍ ദിവസേന വാര്‍ത്തയും വിവാദവും തര്‍ക്കവും സൃഷ്ടിച്ചിരുന്ന ഇതേ ആരിഫ് ഖാന്, ബിജെപി ഭരിക്കുന്ന ബിഹാറിലെ ഗവര്‍ണറായതോടെ തര്‍ക്കങ്ങളും വിവാദങ്ങളും ഒന്നുമേയില്ല! പ്രശ്നം രാഷ്ട്രീയമാണെന്നു വ്യക്തം.
സഹകരണസംഘ നിയമ ഭേദഗതി, ലോകായുക്ത ഭേദഗതി, പൊതുജനാരോഗ്യ ബില്ലുകള്‍ അടക്കം എട്ടു പ്രധാന ബില്ലുകള്‍ക്കാണ് അന്നത്തെ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത്. അഞ്ചെണ്ണം സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകളാണ്. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്നതിനാണ് ഈ ബില്ലുകള്‍. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ബില്‍ രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ബില്ലുകളിലെ ‘പൊതുതാത്പര്യം’ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
■ മുന്നില്‍ മൂന്നു വഴികള്‍
നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേല് ഭരണഘടനയനുസരിച്ചു ഗവര്‍ണറുടെ മുന്നില്‍ മൂന്നു വഴികളാണുള്ളത്. ഒന്നുകില്‍ ബില്ലിന് അംഗീകാരം നല്‍കുക, അല്ലെങ്കില്‍ ചില വ്യവസ്ഥകളോ ബില്‍ മൊത്തത്തിലോ പുനഃപരിശോധിക്കണമെന്നു നിര്‍ദേശിച്ചു നിയമസഭയ്ക്കു മടക്കി അയയ്ക്കുക, അതുമല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുക എന്നിവയാണിവ.
അനുമതി നല്കുന്നില്ലെങ്കില് ബില്ലിലെ പ്രത്യേക വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് സഭയോട് അഭ്യര്‍ഥിക്കുന്ന സന്ദേശം സഹിതം ഗവര്‍ണര്‍ എത്രയും വേഗം ബില്‍ തിരിച്ചയയ്ക്കണമെന്നാണ് ഭരണഘടനയുടെ അനുച്ഛേദം 200ല്‍ പറയുന്നത്. നിയമസഭ രണ്ടാമതും ബില്‍ പാസാക്കിയാല്‍ അതിന് അനുമതി നല്കാന് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പക്ഷേ, ഭരണഘടനയിലെ അവ്യക്തത മുതലെടുത്ത് നിയമസഭയുടെ അധികാരത്തെ തടയുന്ന സ്ഥിതി പലതുണ്ടായി.
■ വെര്‍ച്വല്‍ വീറ്റോ വേണ്ട
ബില്ലുകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് അനുച്ഛേദം 14ന്റെ ലംഘനമാണെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. നിയമം വ്യക്തവും ഏകപക്ഷീയവുമാണ്. നടപ്പാക്കാന്‍ ശ്രമിച്ചതു ക്ഷേമനിയമങ്ങള്‍ ആണെന്നതിനാല്‍ അവ കെട്ടിക്കിടക്കുന്നത് അനുച്ഛേദം 21ന്റെ ലംഘനമാണെന്നും വാദിച്ചു. അനുച്ഛേദം 168 പ്രകാരം ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു.
പഞ്ചാബ് സംസ്ഥാനവും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള കേസിലെ 2023 നവംബര്‍ 24ലെ കോടതിവിധി പരിശോധിക്കാനാണ് സുപ്രീംകോടതി കേരള ഗവര്‍ണറോട് അന്നു നിര്‍ദേശിച്ചത്. സംസ്ഥാന നിയമസഭയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ കേസിലെ വിധി. അംഗീകാരത്തിനായി അവതരിപ്പിച്ച ബില്ലുകള്‍ ‘വെര്‍ച്വല്‍ വീറ്റോ’ ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി ഇപ്പോഴും ബാധകമാണ്.
■ വിവേചനാധികാര വിവേചനം
ബില്ലുകള്‍ താമസിപ്പിച്ചു നിയമങ്ങള്‍ മുടക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരേ തമിഴ്നാടും തെലുങ്കാനയും നല്കിയ കേസുകളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കേരളത്തിന്റേതിനു സമാനമായിരുന്നു. തമിഴ്നാട്, കേരള കേസുകള്‍ തികച്ചും വ്യത്യസ്തമാണെന്നും ആ വിധി ബാധകമാകില്ലെന്നും കേരള ഗവര്‍ണറുടെ അഭിഭാഷകന് പിന്നീടു വാദിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ നടപടി നിയമവിരുദ്ധവും തെറ്റുമാണെന്നാണ് 2025 ഏപ്രില്‍ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഗവര്‍ണറുടെ അധികാരങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മുമ്പാകെ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ തീരുമാനങ്ങളെടുക്കാന്‍ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. ഗവര്‍ണറും രാഷ്ട്രപതിയും തീര്‍പ്പു കല്‍പ്പിക്കാത്ത എല്ലാ ബില്ലുകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ അഞ്ചംഗ ബെഞ്ച് പാടെ തള്ളി. അനുച്ഛേദം 142 പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചായിരുന്നു വിധി.
■ ചട്ടുകമാകരുത് രാജ്ഭവന്
സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വീക്ഷണം ഉപദേശസ്വഭാവത്തിലാണ്. നേരിട്ടുള്ള വിധിപ്രസ്താവം അല്ലാത്തതിനാല്‍ ഇക്കാര്യം മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, ‘നീണ്ടുനില്‍ക്കുന്ന നിഷ്ക്രിയത്വത്തിന്റെ വ്യക്തമായ സാഹചര്യങ്ങളില്‍’ ഗവര്‍ണര്‍മാര്‍ക്കു കോടതി നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ഭരണഘടനാ ബെഞ്ച് പറയുന്നു. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിക്ക് ഇടപെടാനും നിര്‍ദേശം നല്‍കാനും സുപ്രീംകോടതി അവസരം നല്കി. ഇതിലൂടെ, പ്രശ്നം വീണ്ടും കോടതി കയറുമെന്നതില്‍ സംശയിക്കാനില്ല.
കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പുകാരന്റെ റോളിലാണു ചില ഗവര്‍ണര്‍മാർ. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്ന വിശ്വസ്തരെയാണ് ഗവര്ണര്മാരാക്കുക. കഴിവും പ്രാപ്തിയും മാന്യതയും ഉള്ളവര്‍ പലരും രാജ്ഭവനുകളിലുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ല. ചിലരെങ്കിലും രാഷ്ട്രീയ ചട്ടുകമാകുന്നുവെന്നാണു പരാതി. സ്വാഭാവികമായും ഇടപെടലുകളിലും തീരുമാനങ്ങളിലും രാഷ്ട്രീയതാത്പര്യം മുഴച്ചുനില്‍ക്കും. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ഒന്നാണെങ്കില് ഗവര്‍ണറും സര്‍ക്കാരും കൈകോര്‍ക്കുന്ന സ്ഥിതിയുമുണ്ട്.
Kerala
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചത്.
കൊടുമൺ സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിയാണ് മരിച്ചത്. അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
Kerala
തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തീയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ കലോത്സവം ജനുവരി ഏഴു മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്നാണ് തീയതി മാറ്റാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
Movies
കഥാപാത്രങ്ങളെ, കഥാപാത്രങ്ങളെ മാത്രം സ്ക്രീനില്‍ അവശേഷിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അതുകൊണ്ടാണ് ആ മഹാനടന്, കൊടുമണ്‍ പോറ്റിയായും ചന്തുവായും ഡാനിയായും മാടയായും ഭാസ്കരപ്പട്ടേലരായും അഹമ്മദ് ഹാജിയായും വാറുണ്ണിയായും പകര്ന്നാടുവാനാകുന്നത്.
വെള്ളിത്തിരയില്‍ ഒരിക്കല്‍ കണ്ട മമ്മൂട്ടിയെ പിന്നീടൊരിക്കലും കാണാന്‍ കഴിയാത്തതും! ഒരിക്കല്‍ വിഖ്യാത സംവിധായകന് ടി.വി.ചന്ദ്രന് പറഞ്ഞു. മമ്മൂട്ടിയെപ്പോലെയോ, മോഹന്‍ലാലിനെപ്പോലെയോ മഹാനടന്മാര് ഇനിയുണ്ടാകില്ല. കുറച്ചുചിത്രങ്ങളില്‍ ഒരു നടന്, അങ്ങനെ മാത്രമേ, സംഭവിക്കൂ.
പരീക്ഷണങ്ങൾ
അനുഭവങ്ങളും അന്വേഷണങ്ങളുമാണ് ഒരു നടനെ പരുവപ്പെടുത്തുന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തില്‍ പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്.
വിധേയന് എന്ന ചിത്രത്തിലെ ഭാസ്കരപ്പട്ടേലര്‍ (ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയുടെ കഥയെ ഇതിവൃത്തമാക്കി അടൂര്‍ ഗോപാലകൃഷ്ണ് സംവിധാനം ചെയ്ത ചിത്രം), പൊന്തന്മാടയിലെ മാട (ടി.വി.ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം), മതിലുകള്‍ എന്ന സിനിമയില്‍ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച കഥാകാരന്/ബഷീര്‍ (ബഷീറിന്റെ കഥയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രം),
മനുഷ്യജീവിതത്തിന്റെ സങ്കീര്ണാനുഭവങ്ങള് കോര്‍ത്തിണക്കിയ സൂസന്നയിലെ ഡാനി (ടി.വി.ചന്ദ്രന്റെ സംവിധാനം നിര്‍വഹിച്ച ചിത്രം), പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി (ടി.പി.രാജീവിന്റെ നോവലിനെ ആസ്പദമാക്കി രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം)...
അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയില്‍ അവതരിച്ചു. സമാന്തരസിനിമകള്‍ക്കും വാണിജ്യസിനിമകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന മറ്റൊരു നടനും നമുക്കില്ല. എഴുത്തിനാലാം വയസില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാന്‍ ആ മഹാനടനെ പ്രാപ്തനാക്കിയത് അഭിനയകലയുടെ 'ഉപാസകന്' എന്നതുകൊണ്ടു മാത്രമാണ്.
ചലച്ചിത്രനിരീക്ഷകര്‍ പറയാറുണ്ട്. മമ്മൂട്ടി ഒരു കാലഘട്ടത്തിന്റെ മാത്രം നടനല്ല, എന്ന്. അദ്ദേഹത്തിന്റെ അഭിനയജീവിതം ആരംഭിച്ചകാലം തൊട്ട്, ആ നടന് സ്വയം വിമര്‍ശിക്കുകയും തന്നെത്തന്നെ പുതുക്കിപ്പണിയുകയുമായിരുന്നു. അതുകൊണ്ടുമാത്രമാണ് കാലം മാറുമ്പോഴും പുതിയ നടനായി മാറുന്നത്. അദ്ദേഹം നടനല്ല, എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാരണം അദ്ദേഹം നടന്മാരുടെ നടനാണ്. അഭിനയകലയുടെ കുലപതി!
വലിപ്പച്ചെറുപ്പമില്ലാതെ
സമകാലികനടന്മാരെ അപേക്ഷിച്ച്, വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നവാഗതനോ എന്ന വ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ വ്യത്യസ്തമായ അഭ്രകാവ്യവുമായി വന്നവരെ അദ്ദേഹം സ്വീകരിച്ചു. ആ കഥാപാത്രങ്ങള്‍ക്കായി രാപകല്‍ അദ്ദേഹം കഷ്ടപ്പെട്ടു.
തനിക്കു യോജിക്കാന്‍ കഴിയുന്നിടത്ത് അല്ലെങ്കില്‍ തന്റെ കഥാപാത്ര അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്നിടത്ത് മമ്മൂട്ടിയിലെ "അഭിനയപുരുഷന്' തമ്പടിച്ചു. തന്നെത്തന്നെ ആവര്‍ത്തിക്കുന്ന പതിവ് മമ്മൂട്ടിക്കില്ല. ഒരുകാലത്ത് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ (കുടുംബചിത്രങ്ങള്‍) നിരന്തരം ചെയ്ത്, ബോക്സ്ഓഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ആ നടന്, സിനിമയില്ലാതെ ചടഞ്ഞുകൂടിയ നാളുകളുമുണ്ട്.
പിന്നീട് തന്നെത്തന്നെ പുനര്‍നിര്‍മിച്ച് താരം വീണ്ടും അവതരിക്കുകയുമായിരുന്നു. ന്യൂഡല്‍ഹി എന്ന ജോഷി ചിത്രം അദ്ദേഹത്തിന്റെ അത്തരത്തിലൊരു പുനര്വരവിന് നിമിത്തമായ ചിത്രമാണ്. പിന്നീട് ബ്ലെസിയുടെ കാഴ്ചയും. ഒരേസമയം, രാജമാണിക്യമാകാനും മാടയാകാനും മറ്റാര്‍ക്കു കഴിയും..?
മാറ്റവും ആഴവും
വിഖ്യാത ചലച്ചിത്രകാരന് കെ.ജി.ജോര്‍ജിന്റെ "യവനിക'യിലെ ജേക്കബ് ഈരാളി, ക്ലാസിക് സംവിധായകന് ഭരതന്റെ "അമര'ത്തിലെ അച്ചൂട്ടി, 'വടക്കന്‍ വീരഗാഥ'യിലെ ചന്തു ചേകവര്‍, 'ലൗഡ് സ്പീക്കറി'ലെ മൈക്ക്, 'പ്രാഞ്ചിയേട്ട'നിലെ പ്രാഞ്ചി, 'പത്തേമാരി'യിലെ പള്ളിക്കല്‍ നാരായണന് തുടങ്ങിയ കഥാപാത്രങ്ങള്‍ പഠിക്കുമ്പോള്‍, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റവും ആഴവും മനസിലാക്കാനാകും.
കഥാപാത്രങ്ങളുടെ ആഴങ്ങള്‍ തേടിയുള്ള ഏകാന്തയാത്രയാണ് മമ്മൂട്ടിയെ മഹാനടനാക്കിയതും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കിയതും. മമ്മൂട്ടിയല്ലാതെ, മറ്റൊരു നടനെയും തന്റെ 'ചന്തു' വായി സങ്കല്പ്പിക്കാന് കഴിയില്ലെന്ന് എംടി പറഞ്ഞതിന്റെ പൊരുളും അതാണ്.
ജൂറിയുടെ വാക്കുകൾ
അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ജൂറിയുടെ വാക്കുകള്‍, മമ്മൂട്ടിയുടെ അഭിനയജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതായിരുന്നു. 'കൊടുമണ്‍ പോറ്റി', 'ചാത്തന്' എന്നീ രണ്ടു പാത്രസൃഷ്ടികളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുനടത്തിയ ഭാവാഭിനയ മികവ്- എന്നാണ് ജൂറി പറഞ്ഞത്. നടന് എന്ന നിലയില്‍ ശരീരം മാത്രമല്ല, മനസും അഭിനയപരീക്ഷണത്തിന്റെ ശാലയാക്കി മമ്മൂട്ടി മാറ്റുന്നു.
എന്നാല്‍; ഇതൊന്നുമല്ല, കാലത്തിനൊപ്പം നടന്ന നടന് എന്നും മനസിലാക്കേണ്ടിയിരിക്കുന്നു. ഇതിലും ആഴമുള്ള, തലമുറകളെ പ്രചോദിപ്പിക്കുന്ന എത്രയോ കഥാപാത്രങ്ങളായി ആ 'മഹാപുരുഷന്' ഇനിയും അവതരിക്കാനിരിക്കുന്നു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 59കാരന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിലയിൽ വർധനവുണ്ടാകുമെന്ന സൂചന നല്കി മന്ത്രി ജെ. ചിഞ്ചുറാണി.
പാൽ വില വർധന പഠിക്കാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള പാല് വില വർധന നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മിൽമ അറിയിച്ചതായി മന്ത്രി നിയമസഭയിൽ തോമസ് .കെ തോമസിന്റെ സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കി.
കോടതി ഉത്തരവു പ്രകാരം പാൽവില വർധിപ്പിക്കുന്നതിനുള്ള അധികാരം മിൽമയ്ക്കാണ്. കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അധികം വൈകാതെ വിലവർധിപ്പിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.