രാഷ്ട്രീയവും ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തവുമാണു ജനാധിപത്യത്തിന്റെ ശക്തി. പക്ഷേ രാഷ്ട്രീയാതിപ്രസരം ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാക്കുന്നു. ഭരണഘടനയിലെ അവ്യക്തതകളും രാഷ്ട്രീയത്തിലെ കള്ളക്കളികളും ചേരുമ്പോള്‍ പ്രശ്നങ്ങള്‍ വഷളാകുന്നു. രാഷ്ട്രപതിയുടെ പ്രത്യേക റഫറന്‍സില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നല്കിയ വിശദീകരണങ്ങളിലും പ്രശ്നപരിഹാരമില്ല. ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള ഉപദേശമായാണു വിരമിക്കുന്നതിനു തൊട്ടുമുമ്പായുള്ള ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടസപ്പെടുത്തുന്നുവെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പരാതിയില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് രണ്ടു വര്‍ഷംമുമ്പു നല്കിയ വിധിയിലെ പ്രധാന വാദം പുതിയ അഞ്ചംഗ ബെഞ്ച് തള്ളി. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ പാടില്ലെന്നാണു വിശാല ബെഞ്ചിന്റെ വിലയിരുത്തല്‍. സമയപരിധി ലംഘിച്ചാല്‍, ബില്ലിനു സ്വാഭാവികമായി അംഗീകാരം കിട്ടിയെന്നു കണക്കാക്കാമെന്ന തമിഴ്നാട് കേസിലെ വിധിയോടു പാടെ വിയോജിച്ചു.
■ തീരാതെ ജുഡീഷല്‍ ഇടപെടല്‍
എന്നാല്‍, ബില്ലുകള്‍ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു ഭരണഘടനാ ബെഞ്ചും ചൂണ്ടിക്കാട്ടി. പരിമിതമായെങ്കിലും ഇതിനായി ജുഡീഷല്‍ അധികാരം പ്രയോഗിക്കാന്‍ കോടതിക്കു കഴിയുമെന്നതു സുപ്രധാന നിരീക്ഷണമാണ്. വിശദീകരിക്കാനാകാത്ത കാലതാമസത്തോടെ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതു ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഗവര്‍ണറുടെ ‘നീണ്ടുനില്ക്കുന്നതും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ നിഷ്ക്രിയത്വം' തീര്‍ച്ചയായും പരിമിതമായ ജുഡീഷല്‍ പരിശോധനയ്ക്കു വിധേയമാക്കാമെന്ന നിരീക്ഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു പ്രതീക്ഷയാകും.
ബില്ലുകള്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള മറുപടി ഉപദേശമായതിനാല്‍, തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ 2023 ഏപ്രിലിലെ വിധി നിലനില്ക്കും. തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍, നിയമമായി നടപ്പാക്കിയതിലും മാറ്റമില്ല.
■ രാഷ്ട്രീയം മാറി; വഴക്കും
കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരിക്കെ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി വൈകിച്ചതിനെതിരേ 2023 നവംബര്‍ ഒന്നിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭരണഘടനയുടെ പ്രാഥമിക അടിത്തറയെ ഭീഷണിപ്പെടുത്തുന്നതാണു ഗവര്‍ണറുടെ നടപടിയെന്നാണ് കേരളം പറഞ്ഞത്. കേരളത്തില്‍ ദിവസേന വാര്‍ത്തയും വിവാദവും തര്‍ക്കവും സൃഷ്ടിച്ചിരുന്ന ഇതേ ആരിഫ് ഖാന്, ബിജെപി ഭരിക്കുന്ന ബിഹാറിലെ ഗവര്‍ണറായതോടെ തര്‍ക്കങ്ങളും വിവാദങ്ങളും ഒന്നുമേയില്ല! പ്രശ്നം രാഷ്ട്രീയമാണെന്നു വ്യക്തം.
സഹകരണസംഘ നിയമ ഭേദഗതി, ലോകായുക്ത ഭേദഗതി, പൊതുജനാരോഗ്യ ബില്ലുകള്‍ അടക്കം എട്ടു പ്രധാന ബില്ലുകള്‍ക്കാണ് അന്നത്തെ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത്. അഞ്ചെണ്ണം സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകളാണ്. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്നതിനാണ് ഈ ബില്ലുകള്‍. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ബില്‍ രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ബില്ലുകളിലെ ‘പൊതുതാത്പര്യം’ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
■ മുന്നില്‍ മൂന്നു വഴികള്‍
നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേല് ഭരണഘടനയനുസരിച്ചു ഗവര്‍ണറുടെ മുന്നില്‍ മൂന്നു വഴികളാണുള്ളത്. ഒന്നുകില്‍ ബില്ലിന് അംഗീകാരം നല്‍കുക, അല്ലെങ്കില്‍ ചില വ്യവസ്ഥകളോ ബില്‍ മൊത്തത്തിലോ പുനഃപരിശോധിക്കണമെന്നു നിര്‍ദേശിച്ചു നിയമസഭയ്ക്കു മടക്കി അയയ്ക്കുക, അതുമല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുക എന്നിവയാണിവ.
അനുമതി നല്കുന്നില്ലെങ്കില് ബില്ലിലെ പ്രത്യേക വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് സഭയോട് അഭ്യര്‍ഥിക്കുന്ന സന്ദേശം സഹിതം ഗവര്‍ണര്‍ എത്രയും വേഗം ബില്‍ തിരിച്ചയയ്ക്കണമെന്നാണ് ഭരണഘടനയുടെ അനുച്ഛേദം 200ല്‍ പറയുന്നത്. നിയമസഭ രണ്ടാമതും ബില്‍ പാസാക്കിയാല്‍ അതിന് അനുമതി നല്കാന് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പക്ഷേ, ഭരണഘടനയിലെ അവ്യക്തത മുതലെടുത്ത് നിയമസഭയുടെ അധികാരത്തെ തടയുന്ന സ്ഥിതി പലതുണ്ടായി.
■ വെര്‍ച്വല്‍ വീറ്റോ വേണ്ട
ബില്ലുകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് അനുച്ഛേദം 14ന്റെ ലംഘനമാണെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. നിയമം വ്യക്തവും ഏകപക്ഷീയവുമാണ്. നടപ്പാക്കാന്‍ ശ്രമിച്ചതു ക്ഷേമനിയമങ്ങള്‍ ആണെന്നതിനാല്‍ അവ കെട്ടിക്കിടക്കുന്നത് അനുച്ഛേദം 21ന്റെ ലംഘനമാണെന്നും വാദിച്ചു. അനുച്ഛേദം 168 പ്രകാരം ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു.
പഞ്ചാബ് സംസ്ഥാനവും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള കേസിലെ 2023 നവംബര്‍ 24ലെ കോടതിവിധി പരിശോധിക്കാനാണ് സുപ്രീംകോടതി കേരള ഗവര്‍ണറോട് അന്നു നിര്‍ദേശിച്ചത്. സംസ്ഥാന നിയമസഭയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ കേസിലെ വിധി. അംഗീകാരത്തിനായി അവതരിപ്പിച്ച ബില്ലുകള്‍ ‘വെര്‍ച്വല്‍ വീറ്റോ’ ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി ഇപ്പോഴും ബാധകമാണ്.
■ വിവേചനാധികാര വിവേചനം
ബില്ലുകള്‍ താമസിപ്പിച്ചു നിയമങ്ങള്‍ മുടക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരേ തമിഴ്നാടും തെലുങ്കാനയും നല്കിയ കേസുകളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കേരളത്തിന്റേതിനു സമാനമായിരുന്നു. തമിഴ്നാട്, കേരള കേസുകള്‍ തികച്ചും വ്യത്യസ്തമാണെന്നും ആ വിധി ബാധകമാകില്ലെന്നും കേരള ഗവര്‍ണറുടെ അഭിഭാഷകന് പിന്നീടു വാദിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ നടപടി നിയമവിരുദ്ധവും തെറ്റുമാണെന്നാണ് 2025 ഏപ്രില്‍ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഗവര്‍ണറുടെ അധികാരങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മുമ്പാകെ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ തീരുമാനങ്ങളെടുക്കാന്‍ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. ഗവര്‍ണറും രാഷ്ട്രപതിയും തീര്‍പ്പു കല്‍പ്പിക്കാത്ത എല്ലാ ബില്ലുകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ അഞ്ചംഗ ബെഞ്ച് പാടെ തള്ളി. അനുച്ഛേദം 142 പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചായിരുന്നു വിധി.
■ ചട്ടുകമാകരുത് രാജ്ഭവന്
സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വീക്ഷണം ഉപദേശസ്വഭാവത്തിലാണ്. നേരിട്ടുള്ള വിധിപ്രസ്താവം അല്ലാത്തതിനാല്‍ ഇക്കാര്യം മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, ‘നീണ്ടുനില്‍ക്കുന്ന നിഷ്ക്രിയത്വത്തിന്റെ വ്യക്തമായ സാഹചര്യങ്ങളില്‍’ ഗവര്‍ണര്‍മാര്‍ക്കു കോടതി നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ഭരണഘടനാ ബെഞ്ച് പറയുന്നു. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിക്ക് ഇടപെടാനും നിര്‍ദേശം നല്‍കാനും സുപ്രീംകോടതി അവസരം നല്കി. ഇതിലൂടെ, പ്രശ്നം വീണ്ടും കോടതി കയറുമെന്നതില്‍ സംശയിക്കാനില്ല.
കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പുകാരന്റെ റോളിലാണു ചില ഗവര്‍ണര്‍മാർ. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്ന വിശ്വസ്തരെയാണ് ഗവര്ണര്മാരാക്കുക. കഴിവും പ്രാപ്തിയും മാന്യതയും ഉള്ളവര്‍ പലരും രാജ്ഭവനുകളിലുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ല. ചിലരെങ്കിലും രാഷ്ട്രീയ ചട്ടുകമാകുന്നുവെന്നാണു പരാതി. സ്വാഭാവികമായും ഇടപെടലുകളിലും തീരുമാനങ്ങളിലും രാഷ്ട്രീയതാത്പര്യം മുഴച്ചുനില്‍ക്കും. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ഒന്നാണെങ്കില് ഗവര്‍ണറും സര്‍ക്കാരും കൈകോര്‍ക്കുന്ന സ്ഥിതിയുമുണ്ട്.
■ വേണമോ ഗവര്‍ണര്‍ പദവി?
പദവി ദുരുപയോഗം ചെയ്യപ്പെടുന്നതിനാലാണ് ഗവര്‍ണര്‍ സ്ഥാനം വിവാദത്തിലാകുന്നത്. സര്‍വകലാശാലകളുടെ പ്രവര്ത്തനത്തില്പോലും കടന്നുകയറുന്ന ഗവര്‍ണര്‍മാരുടെ നടപടികളും വിവാദമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു തുണയും ശക്തിയും പ്രചോദനവും വഴികാട്ടിയുമാകേണ്ട ഗവര്‍ണര്‍മാരാണ് പ്രതിപക്ഷ സര്‍ക്കാരുകളുമായി സംഘര്‍ഷത്തിലാകുന്നത്.
ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരുകളെ താങ്ങാനും കേവല ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുമുള്ള രാഷ്ട്രീയ കളികള്‍ക്കു ഗവര്‍ണര്‍മാര്‍ പങ്കാളിയാകുന്ന സ്ഥിതിയുണ്ട്. രാഷ്ട്രീയാനുകൂല സര്‍ക്കാരിനെ വാഴിക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരണം മഹാരാഷ്ട്രയില്‍ കണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാനും ഗവര്‍ണര്‍മാര്‍ ന്യായം കണ്ടെത്തും. മണിപ്പുരില്‍ ഉള്‍പ്പെടെ രാജ്ഭവനുകളുടെ മറ്റു നടപടികളും വിവാദത്തിലായി.
■ മ്യൂസിയമാകുമോ രാജ്ഭവന്?
ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കിയാല്‍ ഒരുപക്ഷേ ജനാധിപത്യ സംവിധാനം കൂറേക്കൂടി ശക്തമാകുമെന്നു കരുതുന്നവരുണ്ട്. രാജ്ഭവനുകളുടെയും ഗവര്‍ണര്‍മാരുടെയും പരിപാലനത്തിനു കോടിക്കണക്കിനു രൂപയാണു നികുതിപ്പണത്തില്‍നിന്നു വര്‍ഷം തോറും ചെലവിടുന്നത്. രാജ്ഭവനുകള്‍ മ്യൂസിയങ്ങളാകട്ടെയെന്നു പറയുന്ന യുവാക്കളുണ്ട്. രാഷ്ട്രീയതാത്പര്യത്തില് അതിരുകടക്കുന്ന ഗവര്‍ണര്‍മാരെ നിയന്ത്രിക്കാന്‍ വ്യക്തമായ സംവിധാനം ഭരണഘടനയില്‍ ഇല്ലെന്നതു പ്രശ്നമാണ്.
പദവിയില്‍ അതിരുവിട്ടാല്‍ സുപ്രീംകോടതിക്കുപോലും നിയന്ത്രിക്കാനാകില്ലെങ്കില്, പിന്നെയെന്താണു പരിഹാരമെന്ന ചോദ്യം ബാക്കി. പൂച്ചയ്ക്കാരു മണികെട്ടും? രാഷ്ട്രപതിയുടെ റഫറന്‍സിലെ 14 ചോദ്യങ്ങള്‍ക്ക് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നല്കിയ ചില ഉത്തരങ്ങളിലും അവ്യക്തതകളും നിയമപ്രശ്നങ്ങളും ബാക്കിയാണ്. കൂടുതല്‍ വിശാല ഭരണഘടനാ ബെഞ്ചിന്റെ മുന്നിലേക്കു ഭാവിയില്‍ ഈ പ്രശ്നം എത്താതെ തരമില്ല.
■ നിയമസഭയ്ക്കു മുകളിലാകരുത്
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെയും നിയമസഭകളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തുന്നതാകരുത് ഗവര്‍ണര്‍ പദവി. നിയമസഭയ്ക്കു മുകളിലാകരുത് വ്യക്തി. ജനാധിപത്യം ദുര്‍ബലപ്പെടുത്താന്‍ രാജ്ഭവനുകളെ ഉപയോഗിച്ചുകൂടാ. ഗവര്‍ണര്‍ക്കു ബലമാകേണ്ട നിഷ്പക്ഷത ഇല്ലാതാകരുത്. യഥാര്‍ഥ എക്സിക്യൂട്ടീവ് അധികാരം മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ആയതിനാല്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ ആവശ്യമില്ലെന്ന വാദത്തില്‍ പുതിയൊരു ദേശീയ ചര്‍ച്ച ഉണ്ടാകട്ടെ.
Tags : cats ring bells? State Governor