Kerala
തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നയപ്രഖ്യാപന ദിവസത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ലോക്ഭവന്റെ കത്തിനു മറുപടി നൽകില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.
മാധ്യമങ്ങൾക്ക് നൽകിയ ശേഷം സ്പീക്കറുടെ ഓഫീസിന് കോപ്പി വച്ച് നൽകിയ കത്തിൽ മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഷംസീറിന്റെ നിലപാട്. എന്നാൽ രഹസ്യ സ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദത്തെ ഗവർണർ തള്ളി.
സ്പീക്കർക്ക് നൽകിയത് യഥാർഥ കത്ത് ആണെന്നും മാധ്യമങ്ങൾ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഗവർണർ വിശദീകരിക്കുന്നു. കത്തിന് സ്പീക്കർ പ്രതികരിച്ച രീതി ശരിയല്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. ചാന്‍സലര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവായ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപഹര്‍ജി വിശദവാദത്തിനായി മാറ്റി.
സര്‍വകലാശാലയില്‍ വിസിയെ നിയമിക്കാന്‍ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ ചാന്‍സലര്‍ തിരക്കിട്ട് നിയമനം നടത്തിയതു ചോദ്യംചെയ്താണ് ഉപഹര്‍ജി.
വിസി നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായി അധികാരമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ഡോ. പി. രവീന്ദ്രനെ വിസിയായി നിയമിച്ച് ഈ മാസം 22ന് ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പുതിയ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. തന്റെ പ്രസംഗത്തിന്റെയും അതിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഗവർണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി.
വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകൾ അടങ്ങിയ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ തെരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണായക നിയമനം.
സർക്കാർ - ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്. നേരത്തെ വിസിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസർ ആണ്.
Kerala
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനത്തെ അതേദിവസംതന്നെ സഭയിൽ മുഖ്യമന്ത്രി തിരുത്തുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം.
ഗവർണർ നയപ്രഖ്യാപനത്തിലെ ആദ്യഭാഗവും അവസാന ഭാഗവും വായിച്ചാൽത്തന്നെ പൂർണമായി വായിച്ചതായി കണക്കാക്കുന്നതാണ് കീഴ്വഴക്കം. ഇതുസംബന്ധിച്ച് സ്പീക്കർമാരുടെ നിരവധി റൂളിംഗുകൾ നിലവിലുണ്ട്.
ഇന്നലെ കേന്ദ്രവിരുദ്ധ ഭാഗവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത നടപടിയും ഗവർണർ വായിക്കാതിരുന്നത് ഗവർണർ സഭ വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ ബഹളത്തെ തുടർന്ന് ഏഴു മിനിറ്റ് മാത്രം വായിച്ച് അവസാനിപ്പിച്ചിരുന്നു. ഇതു പൂർണ നയപ്രഖ്യാപന പ്രസംഗമായി കരുതണമെന്ന സ്പീക്കറുടെ റൂളിംഗും നിലവിലുണ്ട്. സുഖ്ദേവ് സിംഗ് കാങ് മുതൽ ആരിഫ് മുഹമ്മദ്ഖാൻ വരെ ഗവർണറായിരുന്ന കാലം വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തിൽ സ്പീക്കർമാരുടെ റൂളിംഗുകൾ നിലവിലുണ്ട്.
സാധാരണയായി ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗവർണർക്കു കഴിയില്ല. ഇക്കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കണ്ണൂർ: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിനു പിന്നില്‍ ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചു നടത്തുന്ന നാടകമാണിത്. ഗവര്‍ണര്‍ക്കു വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അതു തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കിയെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഗവര്‍ണര്‍ ഒഴിവാക്കുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല? സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണു മന്ത്രി സജി ചെറിയാന്റേ തെന്ന് എംപി പറഞ്ഞു. പിണറായി വിജയനെ പഠിക്കുകയാണു മന്ത്രി സജി ചെറിയാൻ.
സാംസ്കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിനു വേണ്ടി വര്‍ഗീയത പറയുന്നതി നെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോടു ചേര്‍ന്നു നില്ക്കുന്നതാണു മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ആര്‍ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ടു ചെയ്യു ന്നത്.
ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്സഭയിലേക്കു വിജയിച്ചത്. ഒരു വര്‍ഗീതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: വനിതാ കർഷകരെ പിന്തുണയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രത്യേക വനിത കാർഷിക പദ്ധതി നടപ്പിലാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളമുള്ള വനിത കർഷകരെ പിന്തുണയ്ക്കാൻ പ്രത്യേക പദ്ധതി ആരംഭിക്കുന്നത്.
ഇതുവഴി കാർഷിക മേഖലയിലെ പദ്ധതിവിഹിതത്തിൽ വനിതകൾക്കായി പ്രത്യേക തുക നീക്കിവയ്ക്കപ്പെടും. കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷിരീതികളിലും വനിതാ കർഷകർക്ക് പ്രത്യേക പരിശീലനവും നൽകും.
കുടുംബശ്രീ വഴി കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും വനിതാ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകും. വനിതാ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കുട്ടനാട് വികസന പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും കർഷകർക്ക് സാമൂഹിക സുരക്ഷയും ക്ഷേമ പിന്തുണയും നൽകുന്നതിന് മതിയായ സാന്പത്തിക വ്യവസ്ഥകളോടെ കേരള കർഷക ക്ഷേമനിധി ബോർഡ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കും
തിരുവനന്തപുരം: യുവാക്കൾക്ക് വരുമാന അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കുമെന്ന് പ്രഖ്യാപനം.
പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ച് സ്ഥിരവിളകൾക്ക് പുറമെ നാണ്യവിളകളെയും ഉൾപ്പെടുത്തി യുവജനങ്ങൾക്ക് അധികവരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ജനസംഖ്യാപരമായ മാറ്റത്തെ സവിശേഷ അവസരമാക്കി മാറ്റാൻ സംസ്ഥാനത്ത് ‘സിൽവർ ഇക്കോണമി’ കെട്ടിപ്പടുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
കേരളത്തെ അനുഗ്രഹീത വാർധക്യകാലത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരമുള്ള ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള സാന്പത്തിക പ്രവർത്തനങ്ങളും വ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു വിപണി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആരോഗ്യപരിപാലനം, വിനോദം, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതുമുന്നിൽ കണ്ടുള്ള പദ്ധതികൾക്കു രൂപംനൽകി നടപ്പിലാക്കുക എന്നതാണ് സിൽവർ ഇക്കോണമിയുടെ പ്രധാന സവിശേഷത.
Kerala
തിരുവനന്തപുരം: ഗവർണർക്കു യുക്തമെന്നു തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നു സർക്കാർ അറിയിച്ചിരുന്നതായി ഗവർണറുടെ ഓഫീസിന്റെ വിശദീകരണം. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
മന്ത്രിസഭ അംഗീകരിച്ച് അയച്ചുകൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. അപ്പോഴാണ് സർക്കാരിൽനിന്ന് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. മാത്രമല്ല, ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാൽ തിങ്കളാഴ്ച അർധരാത്രി 12നു ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്.
യാത്ര കഴിഞ്ഞു കോഴിക്കോട്ടുനിന്നു വൈകി തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ താൻ നിർദേശിച്ചതും സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണു സഭയിൽ വായിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടർന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നത കോടതി അതു ഭരണഘടനാ ബെഞ്ചിനു റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇതു വാസ്തവവിരുദ്ധമാണ്.
സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിനു വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ കരടിലെ ഈ പരാമർശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമർശവും കരടിൽനിന്ന് ഒഴിവാക്കണമെന്നു ലോക്ഭവൻ നിർദേശിച്ചിരുന്നു.
പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദേശിച്ചിരുന്നതെന്നും ലോക്ഭവൻ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർ ആർ.വി. അർലേക്കറെ സ്വീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എത്തിയില്ല.
പകരം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഒപ്പം ഗവർണറെ സ്വീകരിച്ചത്.
ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ സ്പീക്കറുടെ ഡയസിനു തൊട്ടുതാഴെയുള്ള ഇരിപ്പിടത്തിൽ നിയമസഭാ സെക്രട്ടറിക്കൊപ്പം ചീഫ് സെക്രട്ടറിയും വേണമെന്നാണ് ചട്ടം.
എന്നാൽ ചീഫ് സെക്രട്ടറി ചൈന സന്ദർശനത്തിലായ സാഹചര്യത്തിലാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്തതെന്നാണ് വിശദീകരണം.
Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.
ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ബജറ്റിൻ മേലുള്ള ചർച്ച പൂർത്തിയാക്കി പാസാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കും.
അതേസമയം കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ ഇത്തവണയുണ്ടാകില്ല. കാനത്തിൽ ജമീല നവംബറിൽ മരിച്ചിരുന്നു. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു, ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും സഭയിലുണ്ടായിരിക്കില്ല.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്റെ പ്രത്യേക സവിശേഷത മാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇപ്പെടുമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട് പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒപ്പുവച്ച ഭീമൻ ഹർജിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ലേബർകോഡിന്റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമ പ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന സമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.
ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.
പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.
2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.
Kerala
തിരുവനന്തപുരം: ലോക് ഭവനിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് ചായ സൽക്കാരം ഒരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്.
അതേസമയം ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ വിരുന്നിൽ പങ്കെടുത്തില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്.
കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്. എന്നാൽ ഇടത്, യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തവന്നിരുന്നില്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.
Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
National
കോൽക്കത്ത: വധഭീഷണി ലഭിച്ചതിന് പിന്നാലെ തെരുവിൽ ഇറങ്ങി ഭക്ഷണം കഴിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. പൊതുജനങ്ങൾക്കൊപ്പമാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോക്ഭവനിൽ സ്ഫോടനം നടത്തുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക്ഭവന് സുരക്ഷ വർധിപ്പിച്ചു. ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. സിആർപിഎഫും ബംഗാൾ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ തനിക്ക് സുരക്ഷ വേണ്ടെന്നും വധഭീഷണി വകവയ്ക്കുന്നില്ലെന്നുമായിരുന്നു ആനന്ദബോസിന്റെ നിലപാട്.
International
സാൻ ജുവാൻ: ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം കരീബിയൻ ദ്വീപുമേഖലയായ പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.
ഗർഭസ്ഥശിശു അമ്മയുടെ ഗർഭപാത്രത്തിലെ ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന് നിയമം അനുശാസിക്കുന്നു. അതിനാൽത്തന്നെ സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു.
ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും.
15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുൾപ്പെടുന്ന ഗർഭഛിദ്ര കേസുകൾക്കുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി 2025 ഒക്ടോബർ 30ന് പ്രാബല്യത്തിൽവന്ന നിയമത്തിനു പിന്നാലെയാണ് ജീവന്റെ മഹത്വം അംഗീകരിക്കുന്ന മറ്റൊരു സുപ്രധാന നിയമംകൂടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗർഭഛിദ്ര കേസുകളിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ ഒരാളോ നിയമപരമായ രക്ഷിതാക്കളോ സമ്മതപത്രത്തിൽ ഒപ്പിടണമെന്നും ബലാത്സംഗം സംശയിക്കപ്പെടുന്ന കേസുകളിൽ അധികാരികളെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
അമേരിക്കൻ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയാണു പ്യൂർട്ടൊ റിക്കോ. സ്വന്തമായ ഭരണഘടനയുള്ള പ്രദേശംകൂടിയാണിത്.
Kerala
തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അദ്ദേഹത്തിന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് ഗവർണർ ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് മുക്തി ലഭിക്കട്ടെ എന്നും ഗവർണർ കുറിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡയാലിസിസ് ചെയ്യാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തിന്റെ ആരോഗ്യനില
തൃപ്പൂണിത്തുറ എത്തിയപ്പോൾ മോശമാവുകയായിരുന്നു.
തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.
Kerala
ന്യൂഡൽഹി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം പരിഹരിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു.
സ്ഥാനാർഥികളുടെ പട്ടികയിൽനിന്നു രണ്ട് സർവകലാശാലകളിലേക്കും നിയമനം നടത്തിയതായി ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സംസ്ഥാനത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. നിയമനത്തിൽ ഒത്തുതീർപ്പായതോടെ സുപ്രീംകോടതിയിലെ ബന്ധപ്പെട്ട കേസ് അവസാനിച്ചു.
കഴിഞ്ഞ 14ന് ലോക്ഭവനിലെത്തി ചർച്ച നടത്തിയതോടെ മുഖ്യമന്ത്രിയുമായുള്ള തർക്കം പരിഹരിക്കപ്പെട്ടെന്നും വെങ്കിട്ടരണമി കോടതിയെ അറിയിച്ചു. ഉത്തരവാദിത്വപ്പെട്ടവർ തുടർന്നും പ്രശ്നങ്ങൾ ഈ രീതിയിൽ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജസ്റ്റീസ് പർദിവാല വാക്കാൽ പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെട്ടതിൽ ബെഞ്ച് കക്ഷികൾക്ക് നന്ദി അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതി നിയോഗിച്ച സെർച്ച് കമ്മിറ്റി അധ്യക്ഷൻ സുധാൻഷു ധൂലിയയുടെ പ്രവർത്തനത്തെയും ബെഞ്ച് അഭിനന്ദിച്ചു.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിക്കാനാണ് ഏറെക്കാലത്തെ തർക്കത്തിനൊടുവിൽ ഗവർണറും സംസ്ഥാനസർക്കാരും ധാരണയിലെത്തിയത്.
ഇരുകൂട്ടരും തർക്കം തുടർന്ന സാഹചര്യത്തിൽ സുപ്രീംകോടതിതന്നെ നേരിട്ടു നിയമനം നടത്തുമെന്ന് പറഞ്ഞതോടെയാണു വിഷയത്തിൽ സമവായമുണ്ടായത്.
കേസ് ആറു മാസം മുന്‍പ് സുപ്രീംകോടതിക്കു മുന്നിലെത്തിപ്പോൾ സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാവി കണക്കാക്കി രാഷ്ട്രീയം മാറ്റിവച്ച് തീരുമാനത്തിലെത്താനായിരുന്നു നിർദേശം. എങ്കിലും ഗവർണറും സംസ്ഥാനവും തമ്മിലുള്ള തർക്കം നീണ്ടു. ഒടുവിൽ പരിഹാരത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല.
മുഖ്യമന്ത്രി വിയോജനക്കുറിപ്പ് നൽകിയ സിസ തോമസിനെ വിസിയായി നിർദേശിച്ച് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ തർക്കം വീണ്ടും മുറുകി. എന്നാൽ കഴിഞ്ഞദിവസം ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഏറെനാളത്തെ തർക്കത്തിന് പരിഹാരമാകുകയായിരുന്നു.
Kerala
ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.
ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കിയിരുന്നു.
നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ചു ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
Kerala
തിരുവനന്തപുരം: വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.
മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ഗവര്‍ണര്‍- സർക്കാർ തര്‍ക്കത്തെത്തുടര്‍ന്ന് കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു.
മുദ്ര വച്ച കവറില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും മന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നിയമനം നടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു ചേർത്ത് ഗവർണർ ആർ.വി. അർലേക്കർ. വന്ദേമാതരം ഗീതത്തിന്റെ 150-ാം വാർഷികം സർവകലാശാലകളിൽ വിവിധ പരിപാടികളോട് ആചരിക്കണമെന്നു ഗവർണർ നിർദേശിച്ചു.
മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണമെന്നു ഗവർണർ നിർദേശം നൽകി. സ്വാതന്ത്ര്യ സമരത്തിന്റെ അന്തഃസത്ത സമൂഹത്തിലെ എല്ലാ നിലകളിലേക്കും എത്തിക്കേണ്ടതുണ്ടെന്നു ഗവർണർ അറിയിച്ചു.
വിദ്യാർഥി ഹോസ്റ്റലുകളിലെ നിയമങ്ങൾ കർശനമായി പാലിക്കാനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഗവർണർ നിർദേശം നൽകി. കാന്പസുകളിലെ റാഗിംഗ് നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കൻ തീരുമാനിച്ചു.
കഴിഞ്ഞ വർഷം വയനാട്ടിലെ വെറ്ററിനറി സർവകലാശാലാ കാന്പസിൽ വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തിനു കാരണമായ റാഗിംഗിനെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഈ നിർദേശങ്ങൾ.
Kerala
തിരുവനന്തപുരം: ഇടവേളക്ക് ശേഷം രാജ്ഭവൻ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച, ഡോ. ജോൺ മത്തായിയുടെ ജീവചരിത്രഗ്രന്ഥ പ്രകാശന വേദിയിലാണ് ചിത്രം സ്ഥാപിച്ചത്.
മന്ത്രിമാരുടെ ഇറങ്ങിപ്പോക്കും ബഹിഷ്കരണവും ഉൾപ്പെടെ വിവാദങ്ങളെ തുടർന്ന് രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ചിത്രം സ്ഥാപിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ്, കേരള സർവകലാശാലകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും സമാന ചിത്രം വേദിയിൽ സ്ഥാപിച്ചത്.
പുസ്തക പ്രകാശന ചടങ്ങിൽ കാലിക്കറ്റ്, കേരള വി.സിമാരായ ഡോ. പി. രവീന്ദ്രൻ, ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗം പി. മധു, മുസ്ലിം ലീഗ് അംഗം ഡോ. റഷീദ് അഹമ്മദ്, ബിജെപി അംഗം എ.ജെ. അനുരാജ് തുടങ്ങിയവർ പങ്കെടുത്തു. സിൻഡിക്കേറ്റ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന പേരിൽ സിപിഎം അംഗങ്ങൾ പരിപാടി ബഹിഷ്ക്കരിച്ചു.
നേരത്തെ, വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്ത രാജ്ഭവൻ ത്രൈമാസിക ‘രാജഹംസം’ പ്രകാശന ചടങ്ങിൽ ചിത്രം സ്ഥാപിച്ചിരുന്നില്ല. അതിന് മുമ്പ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയുടെ വേദിയിൽ ഭാരതാംബ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
പരിസ്ഥിതി ദിന പരിപാടിയിൽ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു
Leader Page
രാഷ്ട്രീയവും ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തവുമാണു ജനാധിപത്യത്തിന്റെ ശക്തി. പക്ഷേ രാഷ്ട്രീയാതിപ്രസരം ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാക്കുന്നു. ഭരണഘടനയിലെ അവ്യക്തതകളും രാഷ്ട്രീയത്തിലെ കള്ളക്കളികളും ചേരുമ്പോള്‍ പ്രശ്നങ്ങള്‍ വഷളാകുന്നു. രാഷ്ട്രപതിയുടെ പ്രത്യേക റഫറന്‍സില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നല്കിയ വിശദീകരണങ്ങളിലും പ്രശ്നപരിഹാരമില്ല. ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള ഉപദേശമായാണു വിരമിക്കുന്നതിനു തൊട്ടുമുമ്പായുള്ള ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടസപ്പെടുത്തുന്നുവെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പരാതിയില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് രണ്ടു വര്‍ഷംമുമ്പു നല്കിയ വിധിയിലെ പ്രധാന വാദം പുതിയ അഞ്ചംഗ ബെഞ്ച് തള്ളി. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ പാടില്ലെന്നാണു വിശാല ബെഞ്ചിന്റെ വിലയിരുത്തല്‍. സമയപരിധി ലംഘിച്ചാല്‍, ബില്ലിനു സ്വാഭാവികമായി അംഗീകാരം കിട്ടിയെന്നു കണക്കാക്കാമെന്ന തമിഴ്നാട് കേസിലെ വിധിയോടു പാടെ വിയോജിച്ചു.
■ തീരാതെ ജുഡീഷല്‍ ഇടപെടല്‍
എന്നാല്‍, ബില്ലുകള്‍ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു ഭരണഘടനാ ബെഞ്ചും ചൂണ്ടിക്കാട്ടി. പരിമിതമായെങ്കിലും ഇതിനായി ജുഡീഷല്‍ അധികാരം പ്രയോഗിക്കാന്‍ കോടതിക്കു കഴിയുമെന്നതു സുപ്രധാന നിരീക്ഷണമാണ്. വിശദീകരിക്കാനാകാത്ത കാലതാമസത്തോടെ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതു ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഗവര്‍ണറുടെ ‘നീണ്ടുനില്ക്കുന്നതും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ നിഷ്ക്രിയത്വം' തീര്‍ച്ചയായും പരിമിതമായ ജുഡീഷല്‍ പരിശോധനയ്ക്കു വിധേയമാക്കാമെന്ന നിരീക്ഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു പ്രതീക്ഷയാകും.
ബില്ലുകള്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള മറുപടി ഉപദേശമായതിനാല്‍, തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ 2023 ഏപ്രിലിലെ വിധി നിലനില്ക്കും. തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍, നിയമമായി നടപ്പാക്കിയതിലും മാറ്റമില്ല.
■ രാഷ്ട്രീയം മാറി; വഴക്കും
കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരിക്കെ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി വൈകിച്ചതിനെതിരേ 2023 നവംബര്‍ ഒന്നിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭരണഘടനയുടെ പ്രാഥമിക അടിത്തറയെ ഭീഷണിപ്പെടുത്തുന്നതാണു ഗവര്‍ണറുടെ നടപടിയെന്നാണ് കേരളം പറഞ്ഞത്. കേരളത്തില്‍ ദിവസേന വാര്‍ത്തയും വിവാദവും തര്‍ക്കവും സൃഷ്ടിച്ചിരുന്ന ഇതേ ആരിഫ് ഖാന്, ബിജെപി ഭരിക്കുന്ന ബിഹാറിലെ ഗവര്‍ണറായതോടെ തര്‍ക്കങ്ങളും വിവാദങ്ങളും ഒന്നുമേയില്ല! പ്രശ്നം രാഷ്ട്രീയമാണെന്നു വ്യക്തം.
സഹകരണസംഘ നിയമ ഭേദഗതി, ലോകായുക്ത ഭേദഗതി, പൊതുജനാരോഗ്യ ബില്ലുകള്‍ അടക്കം എട്ടു പ്രധാന ബില്ലുകള്‍ക്കാണ് അന്നത്തെ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത്. അഞ്ചെണ്ണം സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകളാണ്. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്നതിനാണ് ഈ ബില്ലുകള്‍. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ബില്‍ രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ബില്ലുകളിലെ ‘പൊതുതാത്പര്യം’ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
■ മുന്നില്‍ മൂന്നു വഴികള്‍
നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേല് ഭരണഘടനയനുസരിച്ചു ഗവര്‍ണറുടെ മുന്നില്‍ മൂന്നു വഴികളാണുള്ളത്. ഒന്നുകില്‍ ബില്ലിന് അംഗീകാരം നല്‍കുക, അല്ലെങ്കില്‍ ചില വ്യവസ്ഥകളോ ബില്‍ മൊത്തത്തിലോ പുനഃപരിശോധിക്കണമെന്നു നിര്‍ദേശിച്ചു നിയമസഭയ്ക്കു മടക്കി അയയ്ക്കുക, അതുമല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുക എന്നിവയാണിവ.
അനുമതി നല്കുന്നില്ലെങ്കില് ബില്ലിലെ പ്രത്യേക വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് സഭയോട് അഭ്യര്‍ഥിക്കുന്ന സന്ദേശം സഹിതം ഗവര്‍ണര്‍ എത്രയും വേഗം ബില്‍ തിരിച്ചയയ്ക്കണമെന്നാണ് ഭരണഘടനയുടെ അനുച്ഛേദം 200ല്‍ പറയുന്നത്. നിയമസഭ രണ്ടാമതും ബില്‍ പാസാക്കിയാല്‍ അതിന് അനുമതി നല്കാന് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പക്ഷേ, ഭരണഘടനയിലെ അവ്യക്തത മുതലെടുത്ത് നിയമസഭയുടെ അധികാരത്തെ തടയുന്ന സ്ഥിതി പലതുണ്ടായി.
■ വെര്‍ച്വല്‍ വീറ്റോ വേണ്ട
ബില്ലുകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് അനുച്ഛേദം 14ന്റെ ലംഘനമാണെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. നിയമം വ്യക്തവും ഏകപക്ഷീയവുമാണ്. നടപ്പാക്കാന്‍ ശ്രമിച്ചതു ക്ഷേമനിയമങ്ങള്‍ ആണെന്നതിനാല്‍ അവ കെട്ടിക്കിടക്കുന്നത് അനുച്ഛേദം 21ന്റെ ലംഘനമാണെന്നും വാദിച്ചു. അനുച്ഛേദം 168 പ്രകാരം ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു.
പഞ്ചാബ് സംസ്ഥാനവും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള കേസിലെ 2023 നവംബര്‍ 24ലെ കോടതിവിധി പരിശോധിക്കാനാണ് സുപ്രീംകോടതി കേരള ഗവര്‍ണറോട് അന്നു നിര്‍ദേശിച്ചത്. സംസ്ഥാന നിയമസഭയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ കേസിലെ വിധി. അംഗീകാരത്തിനായി അവതരിപ്പിച്ച ബില്ലുകള്‍ ‘വെര്‍ച്വല്‍ വീറ്റോ’ ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി ഇപ്പോഴും ബാധകമാണ്.
■ വിവേചനാധികാര വിവേചനം
ബില്ലുകള്‍ താമസിപ്പിച്ചു നിയമങ്ങള്‍ മുടക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരേ തമിഴ്നാടും തെലുങ്കാനയും നല്കിയ കേസുകളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കേരളത്തിന്റേതിനു സമാനമായിരുന്നു. തമിഴ്നാട്, കേരള കേസുകള്‍ തികച്ചും വ്യത്യസ്തമാണെന്നും ആ വിധി ബാധകമാകില്ലെന്നും കേരള ഗവര്‍ണറുടെ അഭിഭാഷകന് പിന്നീടു വാദിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ നടപടി നിയമവിരുദ്ധവും തെറ്റുമാണെന്നാണ് 2025 ഏപ്രില്‍ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഗവര്‍ണറുടെ അധികാരങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മുമ്പാകെ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ തീരുമാനങ്ങളെടുക്കാന്‍ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. ഗവര്‍ണറും രാഷ്ട്രപതിയും തീര്‍പ്പു കല്‍പ്പിക്കാത്ത എല്ലാ ബില്ലുകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ അഞ്ചംഗ ബെഞ്ച് പാടെ തള്ളി. അനുച്ഛേദം 142 പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചായിരുന്നു വിധി.
■ ചട്ടുകമാകരുത് രാജ്ഭവന്
സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വീക്ഷണം ഉപദേശസ്വഭാവത്തിലാണ്. നേരിട്ടുള്ള വിധിപ്രസ്താവം അല്ലാത്തതിനാല്‍ ഇക്കാര്യം മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, ‘നീണ്ടുനില്‍ക്കുന്ന നിഷ്ക്രിയത്വത്തിന്റെ വ്യക്തമായ സാഹചര്യങ്ങളില്‍’ ഗവര്‍ണര്‍മാര്‍ക്കു കോടതി നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ഭരണഘടനാ ബെഞ്ച് പറയുന്നു. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിക്ക് ഇടപെടാനും നിര്‍ദേശം നല്‍കാനും സുപ്രീംകോടതി അവസരം നല്കി. ഇതിലൂടെ, പ്രശ്നം വീണ്ടും കോടതി കയറുമെന്നതില്‍ സംശയിക്കാനില്ല.
കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പുകാരന്റെ റോളിലാണു ചില ഗവര്‍ണര്‍മാർ. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്ന വിശ്വസ്തരെയാണ് ഗവര്ണര്മാരാക്കുക. കഴിവും പ്രാപ്തിയും മാന്യതയും ഉള്ളവര്‍ പലരും രാജ്ഭവനുകളിലുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ല. ചിലരെങ്കിലും രാഷ്ട്രീയ ചട്ടുകമാകുന്നുവെന്നാണു പരാതി. സ്വാഭാവികമായും ഇടപെടലുകളിലും തീരുമാനങ്ങളിലും രാഷ്ട്രീയതാത്പര്യം മുഴച്ചുനില്‍ക്കും. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ഒന്നാണെങ്കില് ഗവര്‍ണറും സര്‍ക്കാരും കൈകോര്‍ക്കുന്ന സ്ഥിതിയുമുണ്ട്.
National
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രത്യേക റഫറൻസിൽ സുപ്രീംകോടതിക്കു മുന്നിൽ ഉയർത്തിയ 14 ചോദ്യങ്ങൾക്കുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഉത്തരങ്ങൾ വ്യക്തം. രണ്ടു ചോദ്യങ്ങൾ പ്രസക്തമല്ലാത്തതിനാൽ ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയില്ല. മറ്റു ചില ചോദ്യങ്ങൾക്ക് കൂട്ടായും മറ്റു ചിലതിൽ മുൻ ഉത്തരങ്ങൾ ആവർത്തിക്കുകയുമാണ് പരമോന്നത കോടതി ചെയ്തത്.
രാഷ്ട്രപതിക്കും ഗവർണർമാർക്കും കേന്ദ്രസർക്കാരിനും പൊതുവേ കരുത്തു പകരുന്നതാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി.
ചോദ്യോത്തരങ്ങൾ താഴെ
1. ഭരണഘടനയുടെ അനുച്ഛേദം (ആർട്ടിക്കിൾ) 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുന്പോൾ ഗവർണറുടെ മുന്‍പാകെയുള്ള ഭരണഘടനാ ഓപ്ഷനുകൾ എന്തൊക്കെയാണ്?
ബിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ ഗവർണർക്കു ബില്ലിനു സമ്മതം നൽകാനോ, സമ്മതം തടഞ്ഞുവയ്ക്കാനോ, രാഷ്ട്രപതിയുടെ സമ്മതത്തിനായി മാറ്റിവയ്ക്കാനോ കഴിയും. സമ്മതം തടഞ്ഞുവയ്ക്കുന്നതിനൊപ്പം ആർട്ടിക്കിൾ 200ലെ ആദ്യ വ്യവസ്ഥപ്രകാരം ബിൽ നിയമസഭയിലേക്കു തിരിച്ചയയ്ക്കണം. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ അതു നിയമസഭയിലേക്കു തിരിച്ചയയ്ക്കണം. സഭയിലേക്കു തിരിച്ചയയ്ക്കാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണറെ അനുവദിക്കുന്നത് ഫെഡറലിസത്തിന്റെ തത്വത്തെ അവഹേളിക്കും. (നിയമസഭയിലേക്കു തിരിച്ചയയ്ക്കാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്കു കഴിയുമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി തള്ളി).
2. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ബിൽ അവതരിപ്പിക്കുന്പോൾ മന്ത്രിസഭ നൽകുന്ന സഹായത്തിനും ഉപദേശത്തിനും ഗവർണർ ബാധ്യസ്ഥനാണോ?
സാധാരണയായി മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും കീഴിലാണു ഗവർണർ ചുമതലകൾ നിർവഹിക്കുന്നത്. എന്നാൽ, അനുച്ഛേദം 200 പ്രകാരം ഗവർണർക്കു വിവേചനാധികാരമുണ്ട്. ഇതിലെ രണ്ടാമത്തെ വ്യവസ്ഥയിൽ ‘അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ’ എന്ന വാക്കുകൾ ഇതു സൂചിപ്പിക്കുന്നു. ബിൽ തിരിച്ചയയ്ക്കാനോ, രാഷ്ട്രപതിയുടെ തീരുമാനത്തിനായി അയയ്ക്കാനോ ഗവർണർക്കു വിവേചനാധികാരമുണ്ട്.
3. ഗവർണർ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ?
ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായെടുത്ത തീരുമാനത്തിന്റെ മെറിറ്റിലേക്കു പ്രവേശിക്കാൻ കോടതിക്കു കഴിയില്ല. എന്നിരുന്നാലും ദീർഘവും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ വ്യക്തമായൊരു നിഷ്ക്രിയ സാഹചര്യത്തിൽ, വിവേചനാധികാരത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഒരു നിരീക്ഷണവും നടത്താതെ, അനുച്ഛേദം 200 പ്രകാരമുള്ള തന്റെ പ്രവർത്തനങ്ങൾ ന്യായമായ സമയത്തിനുള്ളിൽ നിർവഹിക്കുന്നതിന് ഗവർണർക്കു പരിമിതമായൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്കു കഴിയും.
4. ഗവർണറുടെ നടപടികളുമായി ബന്ധപ്പെട്ട് ജുഡീഷൽ അവലോകനത്തിന് ഭരണഘടനയുടെ അനുച്ഛേദം 361 ഒരു സന്പൂർണ തടസമാണോ?
അനുച്ഛേദം 361 എന്നത് ജുഡീഷൽ അവലോകനത്തെക്കുറിച്ചുള്ള സന്പൂർണ തടസമാണ്. എന്നിരുന്നാലും, അനുച്ഛേദം 200 പ്രകാരം ഗവർണർ ദീർഘനേരം നിഷ്ക്രിയത്വം കാണിക്കുന്ന കേസുകളിൽ ഈ കോടതിക്ക് പ്രയോഗിക്കാൻ അധികാരമുള്ള ജുഡീഷൽ അവലോകനത്തിന്റെ പരിമിതമായ വ്യാപ്തിയെ നിരാകരിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല. വ്യക്തിപരമായ പ്രതിരോധശേഷി ഗവർണർക്കുണ്ടെങ്കിലും ഗവർണറുടെ ഓഫീസ് ഈ കോടതിയുടെ അധികാരപരിധിക്കു വിധേയമാണ്.
5. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയും ഗവർണർ അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയും ഇല്ലെങ്കിൽ, അനുച്ഛേദം 200 പ്രകാരം എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിന് ഗവർണർക്കു സമയപരിധി നിശ്ചയിക്കാനും ജുഡീഷൽ ഉത്തരവുകൾ വഴി വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?
6. ഭരണഘടനാപരമായ രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായയുക്തമാണോ?
7. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയും രാഷ്ട്രപതി അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയും ഇല്ലാത്ത സാഹചര്യത്തിൽ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം വിനിയോഗിക്കുന്നതിനായി ജുഡീഷൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനും വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?
ചോദ്യങ്ങൾ 5, 6, 7 എന്നിവയ്ക്ക് ഒരുമിച്ച് ഉത്തരം:
ഭരണഘടനാ അധികാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്, വൈവിധ്യമാർന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും മനസിൽ വച്ചുകൊണ്ട്, ആവശ്യമായ ഇലാസ്തികത (ഇലാസ്റ്റിസിറ്റി) നൽകുന്ന വിധത്തിലാണ് അനുച്ഛേദം 200, 201 എന്നിവയുടെ വാചകം രൂപപ്പെടുത്തിയിരിക്കുന്നത്. തത്ഫലമായി, നമ്മുടേതുപോലുള്ള ഒരു ഫെഡറൽ, ജനാധിപത്യരാജ്യത്ത് നിയമനിർമാണ പ്രക്രിയയിൽ ഉണ്ടാകാവുന്ന സന്തുലിതാവസ്ഥയുടെ ആവശ്യകതകൂടി കണക്കിലെടുക്കണം. അതിനാൽ സമയപരിധികൾ ഏർപ്പെടുത്തുന്നത് ഭരണഘടന വളരെ ശ്രദ്ധാപൂർവം സംരക്ഷിക്കുന്ന ഈ ഇലാസ്തികതയ്ക്കു വിരുദ്ധമായിരിക്കും. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയുടെ അഭാവത്തിൽ, അനുച്ഛേദം 200 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഈ കോടതി ജുഡീഷൽ ആയി സമയപരിധി നിർദേശിക്കുന്നത് ഉചിതമല്ല. ഗവർണറുടേതിനു സമാനമായ ന്യായവാദം അനുസരിച്ച്, അനുച്ഛേദം 201 പ്രകാരമുള്ള രാഷ്ട്രപതിയുടെ അനുമതി ന്യായീകരിക്കാവുന്നതല്ല. ഇതേ കാരണത്താൽ, അനുച്ഛേദം 201 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് കോടതി നിർദേശിച്ച സമയപരിധികൾ രാഷ്ട്രപതിക്കും ബാധകമല്ല.
8. രാഷ്ട്രപതിയുടെ അധികാരങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാപദ്ധതിയുടെ വെളിച്ചത്തിൽ, ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള റഫറൻസ് വഴി രാഷ്ട്രപതി സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ടതുണ്ടോ? രാഷ്ട്രപതിയുടെ അനുമതിക്കായി ഗവർണർ ഒരു ബിൽ മാറ്റിവയ്ക്കുന്പോഴോ അല്ലാതെയോ സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?
ഗവർണർ ഒരു ബിൽ മാറ്റിവയ്ക്കുന്പോഴെല്ലാം കോടതിയുടെ ഉപദേശം രാഷ്ട്രപതി തേടേണ്ടതില്ല. രാഷ്ട്രപതിയുടെ ആത്മനിഷ്ഠമായ സംതൃപ്തി മതിയാകും. വ്യക്തതയുടെ അഭാവമോ, ഉപദേശത്തിന്റെ ആവശ്യമോ ഉണ്ടെങ്കിൽ രാഷ്ട്രപതിക്കു റഫർ ചെയ്യാം.
9. അനുച്ഛേദം 200, 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങൾ യഥാക്രമം നിയമത്തിനു മുന്‍പുള്ള ഘട്ടത്തിൽ ന്യായയുക്തമാണോ? ഒരു ബില്ല് നിയമമാകുന്നതിനുമുന്‍പ്, ഏതെങ്കിലും വിധത്തിൽ അതിന്റെ ഉള്ളടക്കത്തിൽ കോടതികൾക്കു ജുഡീഷൽ വിധിന്യായം നടത്താൻ അനുവാദമുണ്ടോ?
ഇല്ല. അനുച്ഛേദം 200, 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങൾ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്‍പുള്ള ഘട്ടത്തിൽ നീതിന്യായപരമല്ല. ബില്ലുകൾ നിയമമായാൽ മാത്രമേ അവയെ ചോദ്യം ചെയ്യാൻ കഴിയൂ.
10. ഭരണഘടനാപരമായ അധികാരങ്ങളും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകളും അനുച്ഛേദം 142 പ്രകാരം ഏതെങ്കിലും വിധത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയുമോ?
ഇല്ല. ഭരണഘടനാപരമായ അധികാരങ്ങളും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകളും അനുച്ഛേദം 142 പ്രകാരം ഈ കോടതിക്ക് ഒരു തരത്തിലും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ബില്ലുകളുടെ ‘കണക്കാക്കപ്പെട്ട സമ്മതം’ എന്ന ആശയം ഭരണഘടന, പ്രത്യേകിച്ച് അനുച്ഛേദം 142, അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.
11. ഗവർണറുടെ സമ്മതമില്ലാതെ സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം പ്രാബല്യത്തിൽ വരുമോ?
ചോദ്യം പത്തിന്റെ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ഇതിനുത്തരം നൽകി. അനുച്ഛേദം 200 പ്രകാരം ഗവർണറുടെ സമ്മതമില്ലാതെ സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം പ്രാബല്യത്തിൽ വരുന്ന ചോദ്യം ഉദിക്കുന്നില്ല. ഗവർണറുടെ നിയമനിർമാണ പങ്ക് മറ്റൊരു ഭരണഘടനാ അധികാരത്താൽ മാറ്റി സ്ഥാപിക്കാൻ കഴിയില്ല.
12. ഭരണഘടനയുടെ അനുച്ഛേദം 145(3) ലെ വ്യവസ്ഥ കണക്കിലെടുക്കുന്പോൾ ഈ കോടതിയുടെ ഏതെങ്കിലും ബെഞ്ച്, ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു സ്വഭാവമുള്ളതാണോയെന്ന് ആദ്യം തീരുമാനിക്കേണ്ടതും കുറഞ്ഞത് അഞ്ചു ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫർ ചെയ്യേണ്ടതും നിർബന്ധമല്ലേ?
ഈ റഫറൻസിന്റെ പ്രവർത്തന സ്വഭാവവുമായി ചോദ്യം പ്രസക്തമല്ലാത്തതിനാൽ ഉത്തരം നൽകാതെ തിരിച്ചയച്ചു.
13. അനുച്ഛേദം 142 പ്രകാരമുള്ള സുപ്രീംകോടതിയുടെ അധികാരങ്ങൾ നടപടിക്രമ നിയമത്തിലെയോ അനുച്ഛേദം 142 ന്റെയോ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? ഭരണഘടനയുടെയോ നിലവിലുള്ള നിയമത്തിന്റെയോ നിലവിലുള്ള സാരവത്തായ അല്ലെങ്കിൽ നടപടിക്രമ വ്യവസ്ഥകൾക്കു വിരുദ്ധമായതോ പൊരുത്തപ്പെടാത്തതോ ആയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നുണ്ടോ?
ചോദ്യം പത്തിന്റെ ഭാഗമായി ഉത്തരം നൽകുന്നു.
14. അനുച്ഛേദം 131 പ്രകാരമുള്ള ഒരു കേസ് വഴിയല്ലാതെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെ മറ്റേതെങ്കിലും അധികാരപരിധി ഭരണഘടന വിലക്കുന്നുണ്ടോ?
അപ്രസക്തമാണെന്നു കണ്ടെത്തിയതിനാൽ ഉത്തരം നൽകിയിട്ടില്ല.
Editorial
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്ന് സാധ്യതകളേ ഉള്ളൂ. ഒന്ന് അനുമതി നൽകുക, രണ്ട് നിയമസഭയ്ക്കു തരിച്ചയയ്ക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധിച്ചത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണമാരെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവര്‍ണര്‍ ആര്.എന്‍. രവി മൂന്നു വർഷത്തോളം പിടിച്ചുവച്ചതോടെ വിഷയം സങ്കീർണമായി. തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസിലാണ് ഇപ്പോൾ വിധി. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്കു ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
എന്നാൽ, അനന്തമായി ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് കോടതി പറഞ്ഞതെന്നും സമയപരിധി നിശ്ചയിക്കാൻ അപ്പീൽ നൽകുമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. വിധിക്കുശേഷവും രാഷ്ട്രീയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണിത്. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നും അങ്ങനെവന്നാൽ സംസ്ഥാനങ്ങൾക്കു കോടതിയെ സമീപിക്കാമെന്നും പറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലിൽ രണ്ടംഗ ബെഞ്ച് ഗവർണർക്കെതിരായി നടത്തിയ വിധിയും മൂന്നുമാസ കാലാവധിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പ്രശ്നപരിഹാരമല്ല, ഭരണഘടനാ വിശദീകരണമാണ്. അതായത്, രാഷ്ട്രപതിക്കും ഗവർണർക്കും ഉപദേശം നൽകിയ കോടതി, അവർ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. രാജ്യത്തിന്റെ പ്രതിസന്ധി അതായിരുന്നെങ്കിലും രാഷ്ട്രപതി ചോദിച്ചത് ഗവർണറുടെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നു. കോടതി അതിനുത്തരം പറഞ്ഞു. മറ്റു കാര്യങ്ങൾ വീണ്ടും കോടതിയിലെത്തും.
രാഷ്ട്രീയത്തിനു മുകളിൽ ഒരു ബില്ലും പറക്കില്ലെന്നു വേണമെങ്കിൽ പറയാം. നോമിനിയായ ഗവർണർക്കു മുകളിലാണ് ജനം തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ എന്നും, രാഷ്ട്രീയത്തിനു മുകളിലാണ് ജനാധിപത്യം എന്നും ഗവർണർമാരും അവരെ പറഞ്ഞയച്ചവരും മനസിലാക്കിയിരുന്നെങ്കിൽ, ഈ വിഷയം ഭരണഘടനാ ബെഞ്ചിനു തലനാരിഴ കീറി പരിശോധിക്കേണ്ടി വരില്ലായിരുന്നു.
ഭരണഘടനയുടെ ആത്മാവിനെ ത്യജിക്കാൻ അതിന്റെ എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ വാക്യങ്ങളെ പഴുതുകളാക്കുന്ന പ്രവണത അധികാര രാഷ്ട്രിയത്തിനു ഗുണകരമായിരിക്കാം. പക്ഷേ, ഫെഡറൽ തത്വങ്ങൾക്കു ഗുണകരമല്ല. ഭരണഘടനാ സ്ഥാപനങ്ങളും സ്ഥാനങ്ങളും പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് മറക്കാതിരിക്കുന്നതാണ് യഥാർഥ ദേശസ്നേഹം.
District News
തിരുവനന്തപുരം: പരന്പരാഗതമായ അറിവുകളിലും മൂല്യങ്ങളിലും ഉൗന്നിക്കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസമാണ് കേരളം ലക്ഷ്യമാക്കേണ്ടതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ.
ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പൗരൻമാരെ സൃഷ്ടിക്കാൻ കുട്ടികളുടെ സ്വഭാവ രൂപീകരണം, ദേശീയ ബോധം എന്നിവയ്ക്കും ഉന്നതവിദ്യാഭ്യാസം പ്രാധാന്യം നല്‍കണം. വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന രാജ്യത്തിനു പിന്തുണ നൽകേണ്ടത് വിദ്യാർഥി സമൂഹമാണെന്നും തൊഴിൽദാതാക്കളെ സൃഷ്ടിക്കുവാൻ ഉതകുന്നതാവണം മരിയൻ പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസപദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം മരിയൻ എഡ്യൂസിറ്റി കാന്പസിൽ നടന്ന ചടങ്ങിൽ മരിയൻ എൻജീനിയറിംഗ് കോളജിന്റെ സ്ഥാപക രക്ഷാധികാരിയായ ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. എം. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, മാനേജർ റവ. ഡോ. എ.ആർ. ജോണ്‍, പ്രിൻസിപ്പൽ ഡോ. അബ്ദുൾ നിസാർ, ടാറ്റ എലിക്സിയുടെ സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ വി. കുമാർ എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകാതിരുന്ന സിപിഎം ഇന്നലെ യോഗം ചേർന്ന് കാലിക്കട്ട് സെനറ്റ് യോഗം പ്രതിനിധിയെ നൽകാൻ തീരുമാനിച്ചതോടെ സർവകലാശാല വിസി നിയമത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
ചാൻസലർ പ്രതിനിധിയായി ബംഗളൂരു ഐഐടിയിലെ പ്രഫസർ ഡോ. ഇലുവാതിങ്കൽ ഡി. ജമ്മീസ്, കാലിക്കട്ട് സർവകലാശാല സെനറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി കൗണ്‍സിൽ മെംബർ സെക്രട്ടറി പ്രഫ. എ. സാബു, യുജിസി പ്രതിനിധിയായി മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽക്കർണി എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ.
കമ്മിറ്റിയുടെ കണ്‍വീനർ ചാൻസലറുടെ പ്രതിനിധിയാണ്.നിലവിലെ കാലിക്കട്ട് സർവകലാശാല നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. കമ്മിറ്റി മൂന്നുമാസത്തിനുള്ളിൽ വിസി നിയമനത്തിന് അർഹരായ മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ പാനൽ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധിയെ നൽകാത്തതുകൊണ്ട് സർവകലാശാല നിയമനങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്. ഒരു സർവകലാശാല ഒഴികെ 13 സർവകലാശാലകളിലും താത്കാലിക വിസിമാരാണ്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിട്ടയേഡ് സുപ്രീംകോടതി ജസ്റ്റീസ് അധ്യക്ഷനായ സെർച്ച് കമ്മിറ്റി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വിസിമാരുടെ നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിയുടെ ശിപാർശയോടുകൂടി ഗവർണർക്ക് കൈമാറിയെങ്കിലും സുപ്രീംകോടതിയിൽ ഗവർണർ ഫയൽ ചെയ്ത റിവ്യൂ ഹർജിയിൽ തീർപ്പായശേഷം മാത്രമേ വിസി നിയമനത്തിൽ ഗവർണർ അന്തിമതീരുമാനം സ്വീകരിക്കൂ.
ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വിരാമം ഇടുന്നതാണ് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കുന്നതിന് സിപിഎം കാലിക്കട്ട് സെനറ്റ് അംഗങ്ങൾക്ക് നിർദേശം നൽകാൻ കാരണം എന്നറിയുന്നു.
കഴിഞ്ഞ സെനറ്റ് യോഗം പ്രതിനിധിയായി സംസ്കൃത സർവകലാശാലാ മുൻ വിസി ഡോ. ധർമരാജ് അഡാട്ടിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അദ്ദേഹം പിൻവാങ്ങിയതിനെത്തുടർന്നാണ് കഴിഞ്ഞദിവസം കൂടിയ സെനറ്റ് ഡോ: സാബുവിനെ കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തത്.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് മുൻതൂക്കം ലഭിക്കാൻ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള, നിയമസഭ അംഗീകരിച്ച നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലെ കാലിക്കട്ട് യൂണിവേഴ്സിറ്റി നിയമ പ്രകാരമാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്.
Kerala
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് ഗവർണർ പറഞ്ഞു.
നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്കാരിക തനിമയുടെ ആത്മാവുമായ നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.
സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു.
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്നും ഈ ഉത്സവത്തിന്റെ ഉണര്‍വ് മനുഷ്യ ഹൃദയങ്ങളില്‍ കരുണയും ഐക്യബോധവും നിറയ്ക്കട്ടെയെന്നും നമ്മുടെ സാമൂഹിക ഐക്യവും ബന്ധങ്ങളും കൂടുതല്‍ സുദൃഢമാകട്ടെയെന്നും ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
National
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ലെന്നും ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു.
ദന്തഗോപുരങ്ങളില്‍ വസിച്ച് മാസങ്ങളെടുത്തല്ല നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം വിമർശിച്ചു. നിയമനിര്‍മാണ സഭയുടെ ഭാഗമാണ് ഗവര്‍ണര്‍. അതുകൊണ്ട് തന്നെ സഭ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച കൃത്യമായ ധാരണ ഗവര്‍ണര്‍ക്കും ഉള്ളതാണ്. ഗവര്‍ണര്‍ക്ക് ജനങ്ങളോട് ബാധ്യത ഉണ്ടെന്നും കേരളത്തിനെ പ്രതിനിധീകരിച്ച് കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി ശരിയാണെന്നും കേരളം കോടതിയില്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ റഫറന്‍സ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ.കെ. വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവൺമെന്റ് പ്ലീഡര്‍ വി. മനു എന്നിവര്‍ ഹാജരായി.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാരിന്റെ ശിപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീംകോടതി നിർദേശിച്ച നടപടിയല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ബുധനാഴ്ച പരിഗണിക്കും.
ഡോ.സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും (കെടിയു) താത്കാലിക വിസിമാരായി ആറു മാസത്തേക്കു കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.
എന്നാൽ, താത്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലർ ആയ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
NRI
റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് റിയാദിൽ പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വി. വസീഫ്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകൾ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് സംഘപരിവാർ അജണ്ട നടപ്പിൽ വരുത്താൻ സാധിക്കാത്തത്.
അതിനായി ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇപ്പോൾ സമരരംഗത്താണ്.
സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ട ഈ അവസരത്തിൽ ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ബൊക്കെ നൽകി സ്വീകരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദി പറഞ്ഞു.
Kerala
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സർക്കാർ പരിപാടികൾക്ക് ഉപയോഗിക്കുന്ന ഗവർണർ ആർ.വി. അർലേക്കറുടെ നടപടിയിൽ സർക്കാരിന്റെ എതിർപ്പ് മുഖ്യമന്ത്രി അറിയിക്കും. ഗവർണറെ കത്തു മുഖേനെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സർക്കാർ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നത്തിനു പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതു വിവാദമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം.
ഗവർണർക്കെതിരേ തത്്കാലം കേസിനു പോകേണ്ടെന്നും എതിർപ്പ് അറിയിക്കാനുമാണു മന്ത്രിസഭ തീരുമാനിച്ചത്.
മന്ത്രിസഭാ തീരുമാനമെടുത്തതു സംബന്ധിച്ച് ഉത്തരവിറക്കണമെന്ന് ചില മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചില്ല. അതിനാൽത്തന്നെ ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവുണ്ടാകില്ല. ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് എതിരേ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായം സിപിഐ ഉന്നയിച്ചെങ്കിലും തത്കാലം എതിർപ്പ് അറിയിക്കുകയാണ് സർക്കാർ നീക്കം. എന്നാൽ, മന്ത്രിസഭയുടെ കത്തിന്റെ അടിസ്ഥാനത്തിൽ രാജ്ഭവൻ നിലപാടിൽ മാറ്റം വരുത്താൻ ഇടയില്ലെന്നാണ് കരുതുന്നത്.
Kerala
തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാഠപുസ്തകം പരിഷ്കരിക്കുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തും.
ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നാലെ ശിവന്‍കുട്ടിക്കെതിരേ രാജ്ഭവന് രംഗത്തെത്തിയിരുന്നു. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേയും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണെന്നും രാജ്ഭവൻ വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരേ വാര്‍ത്താക്കുറിപ്പിറക്കി രാജ്ഭവന്. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേയും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണ്.
ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. ചടങ്ങ് ബഹിഷ്കരിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചാണ് മന്ത്രി വന്നതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.