Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം പൂര്‍ത്തിയായി. വിധി ഇന്നു പറയും.
ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുത്. ഇനിയും തുടരന്വേഷണം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിയ തലങ്ങളിലും അന്വേഷണം നടത്തി അവ വീണ്ടെടുക്കണം. ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.
പ്രതിക്കു ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷനും വാദിച്ചു. പത്തനംതിട്ട ജില്ലയിലോ കേരളത്തിനു പുറത്തോ പോകാന്‍ പാടില്ല. ആഴ്ചയില്‍ രണ്ടു പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. ഇരു വാദങ്ങളും കേട്ട വിജിലന്‍സ് കോടതി ഹർജിയില്‍ ഇന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടെ കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് വിജിലന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരത്തോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറും സിപിഎം പ്രതിനിധിയുമായ എന്‍. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നതു മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, തന്ത്രി കണ്ഠരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും നാളെ പരിഗണിക്കും.
ജാമ്യം ലഭിച്ചാലും അകത്ത് തുടരണം
കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍മോചിതനാകില്ല. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. അതിനാല്‍ ആദ്യഘട്ട കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
Kerala
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവര് പ്രതി. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്.
കോടതിയില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതിയുടെ കസ്റ്റഡിയിലായതിനാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. അതിനാലാണ് ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്ഐടി തേടിയത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെകൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്ഐടി കോടതിയില്‍ ഉന്നയിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍നിന്ന് വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്ഐടിയുടെ നിലപാട്.
അതേസമയം, ആദ്യകേസിലെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി 19ലേക്ക് മാറ്റി. എസ്ഐടിയുടെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 27വരെ നീട്ടി.
വാജിവാഹനം തന്ത്രിയുടെ പക്കൽ: എസ്ഐടി കോടതിയിൽ ഹാജരാക്കി
കൊല്ലം: ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു.
ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജിവാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രത്യേക അന്വേഷണംസംഘം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരേ അതിരൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ പണിയെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ പ്രതിചേര്‍ത്തതോടെ ബോര്‍ഡംഗം ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും കോടതി വിമർശിച്ചു.
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന് മുരാരി ബാബു, ജ്വല്ലറി വ്യാപാരി ഗോവര്ധനന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ജസ്റ്റീസ് ബദറുദ്ദീന്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. പത്മകുമാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്നും കോടതി പറഞ്ഞു.
52 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തതോടെ ശങ്കര്‍ദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണ്. ഇങ്ങനെയാണോ സഹകരിക്കുന്നത്. അദ്ദേഹത്തിന്റെ മകന് പോലീസ് ഓഫീസറാണ്. എന്ത് അസംബന്ധമാണു കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
കൊല്ലം സെഷന്‍സ് കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ശങ്കർദാസ് അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് അറിയിച്ചിരുന്നു. മെഡിക്കല്‍ രേഖകള്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്. ഉണ്ണികൃഷ്ണന് പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചെന്നും കോടതി വിര്‍മശിച്ചു.വിശ്വാസികളുടെ താത്പര്യത്തിനായി ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടതു പത്മകുമാറിന്റെ കടമയാണെന്നും കോടതി പറഞ്ഞു.
ദേവസ്വം യോഗത്തിന്റെ കുറിപ്പില്‍ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്ന് പത്മകുമാറിന്റെ അഭിഭാഷകന് വാദിച്ചു. സ്വര്‍ണം ചെമ്പാക്കുന്നത് ഗുരുതരമായ അപരാധംതന്നെയാണെന്ന് കോടതി പറഞ്ഞു. പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവര്‍ ബുദ്ധിപൂര്‍വമാണ് കുറ്റം ചെയ്യുകയെന്ന് കോടതി പറഞ്ഞു.
വാദത്തിനിടെ, ഉണ്ണികൃഷ്ണന് പോറ്റി താത്കാലിക സ്പോൺസറായിരുന്നുവെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കാന്‍ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചത്.
ഗോവര്ധന് അയ്യപ്പഭഗവാന്റെ കടുത്ത ആരാധകനാണെന്നും വര്‍ഷങ്ങളായി ക്ഷേത്രത്തിനു വിവിധ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എസ്ഐടി മുമ്പ് പിടിച്ചെടുത്ത സ്വര്‍ണം ഉള്‍പ്പെടെ ശബരിമല ക്ഷേത്രത്തിന് അദ്ദേഹം നല്കിയ ആകെ സംഭാവനകള്‍ 1.4 കോടി രൂപയിലധികമാണെന്നുമായിരുന്നു വാദം. ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി നിയമം നിര്‍മിക്കുന്നതിന് സംസ്ഥാനത്തിന് ശിപാര്‍ശ നൽകണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അതില്‍ ഉത്തരവാദിത്വം ലംഘിക്കുന്നതിനുള്ള ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
ദേവസ്വം മാന്വലിന്റെ ലംഘനം സംബന്ധിച്ച ഏക ആരോപണം മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇതു ശിക്ഷാര്‍ഹമായ കുറ്റമല്ലെന്നും പത്മകുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു വാദിച്ചതിനെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തെക്കുറിച്ച് കോടതി പറഞ്ഞത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ 2026 നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ‘ഇലക്ഷൻ പ്രതിരോധ കാന്പയിൻ’ ലോഞ്ച് ചെയ്തിരിക്കുകയാണെന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ.
തന്ത്രിയെ കുടുക്കിയ അനീതിക്കെതിരേ ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നും രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കടത്താൻ സഹായിച്ചെന്ന കേസിലാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കേസിലും തന്ത്രിയെ ഉടൻ പ്രതി ചേർക്കും.
തന്ത്രി കണ്ഠര് രാജീവർക്കെതിരേ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം കഠിനതടവു വരെ കിട്ടാവുന്ന ഗൗരവതരമായ വകുപ്പുകളാണ്. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, അനധികൃത സ്വത്ത് സന്പാദനം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ശബരിമലയിലെ ദേവസ്വം ജീവനക്കാരും നൽകിയ മൊഴികളാണ് തന്ത്രിക്കു കുരുക്കായത്.
2004 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നും പോറ്റിയെ ബംഗളൂരുവിലെ ക്ഷേത്രത്തിൽ മേൽശാന്തിയാക്കിയത് തന്ത്രിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019 മേയിൽ പോറ്റി കട്ടിളപ്പാളി കടത്തിയപ്പോൾ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആ സമയത്തും തന്ത്രി സന്നിധാനത്ത് പൂജ ചെയ്തിരുന്നു.
കട്ടിളപ്പാളി ശ്രീകോവിലിൽ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നിട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയില്ലെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോഴും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ നിരപരാധിയാണെന്നാണ് തന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതേസമയം ശബരിമലയിൽ നിന്നു സ്വർണം കവർച്ച ചെയ്തതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നാണ് തന്ത്രിയുടെ അഭിഭാഷകൻ വാദിക്കുന്നത്. തന്ത്രി ആചാരലംഘനം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ചു കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചുനിർത്താനാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
സ്വർണം കട്ടവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർഥ ആവശ്യം. തങ്ങളുടെ നിഗൂഢതാത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്തു വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജൻഡ. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധപരിപാടികൾ ആർക്കെതിരേയാണെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണം.
നിലവിൽ അന്വേഷണത്തിനു നേരിട്ടു മേൽനോട്ടം വഹിക്കുന്നതു ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ഹൈക്കോടതിക്ക് എതിരേയാണോ? ഇക്കാര്യം ജനങ്ങളോടു തുറന്നുപറയാനുള്ള ആർജവം അവർ കാണിക്കണം.
അയ്യപ്പവിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിക്കു കൂറ് എന്നു തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരംവച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നതു വിരോധാഭാസമാണ്.
സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതു ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണ്. തന്ത്രിയുടെ താമസസ്ഥലത്തു നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്നു ബിജെപി വ്യക്തമാക്കണം. അതു തെളിവ് നശിപ്പിക്കാനാണോ എന്നു സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കണ്ണൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രിയെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ്ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണം. ഈ അന്വേഷണത്തിന്റെ ഗതിവിഗതി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ചില താത്പര്യങ്ങളുണ്ട്. എസ്ഐടിയെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമുണ്ട്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലുമുള്ള കേസായതിനാല്‍ തന്ത്രിയെ കുടുക്കിയതെന്ന വാദത്തില്‍ മറുപടി പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവർക്ക് പങ്കുണ്ടെന്ന തരത്തിൽ പരാമർശം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പിന്നീട് തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. എസ്ഐടി ആസ്ഥാനത്തും അദ്ദേഹത്തെ വിളിച്ചുവരുത്തി.
ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപ്പണി നടത്താൻ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്ന് തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പരികർമിയാക്കിയത് തന്ത്രി കണ്ഠര് രാജീവരുടെ ശിപാർശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികൾ ശ്രീകോവിലിൽ നിന്നും ഇളക്കി കൊണ്ടുപോകാൻ അനുജ്ഞ നൽകിയതും ഇതേ തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പാളി അറ്റകുറ്റപ്പണികൾക്ക് ഇളക്കി കൊണ്ടുപോകാൻ തീരുമാനിച്ചു കഴിഞ്ഞാൽ തന്ത്രിക്ക് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നതാണ് മറുവാദം. എന്നാൽ ശബരിമലയിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികൾ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുൾപ്പെട്ടു.
സ്വർണം പൂശിയ പാളികൾ എന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് തന്ത്രി കണ്ഠര് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുള്ളതെന്ന് പറയുന്നു. പാളികൾ കടത്തിക്കൊണ്ടുപോകും മമ്പ് തയാറാക്കിയ മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നതുമില്ല. കഴിഞ്ഞവർഷം ദ്വാരപാലക ശില്പപാളികൾ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവർക്കു തന്നെയായിരുന്നു.
എന്നാൽ ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ 2007-ൽ ശബരിമലയിൽ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രി കൂടിയായിരുന്ന കണ്ഠര് രാജീവരാണ്. ഇക്കാര്യത്തിൽ പലതവണ എസ്ഐടി തന്ത്രിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
2018-ൽ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തുവന്നതാണ്.
പത്തനംതിട്ടയിൽ തന്ത്രിക്കെതിരേ വിവാദ പരാമർശം ഉയർത്താനും അന്ന് പിണറായി ശ്രമിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പന്പയിൽ നടന്ന അയ്യപ്പ സംഗമത്തിന് തിരിതെളിക്കാൻ രാജീവരെ ഒഴിവാക്കി കണ്ഠര് മോഹനരെയാണ് സർക്കാർ ക്ഷണിച്ചത്. വിവാദങ്ങളിൽപെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കർമങ്ങളിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയുമാണ്.
Editorial
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ആഗോള അയ്യപ്പഭക്തരെ ചതിച്ചവരെ കണ്ടെത്തണം, ശിക്ഷിക്കണം.
രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്.
ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ. ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കോടതി 30 വർഷത്തെ നടപടികൾ അന്വേഷണപരിധിയിൽ വരണമെന്നും ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
കഴിഞ്ഞ 40 വർഷമായി ശബരിമലയിലെ എല്ലാ ഇടപാടുകൾക്കും ദേവസ്വം ബോർഡിന്റെ ആളെന്ന മട്ടിൽ വ്യാപരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മൂന്നുതവണ സ്വർണം പൂശിയ ചരിത്രമാണ് ദ്വാരപാലകശില്പങ്ങൾക്കുള്ളത്.
1998 സെപ്റ്റംബറിലാണ് വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും ആദ്യമായി സ്വർണം പൊതിഞ്ഞു കൊടുത്തത്. പിന്നീട് 2019 ജൂലൈയിൽ വീണ്ടും സ്വർണം പൊതിയാനെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ആൾ ഇത് ദേവസ്വം ബോർഡിൽനിന്നു വാങ്ങിക്കൊണ്ടുപോയി.
സെപ്റ്റംബർ 11ന് പോറ്റിയിൽനിന്ന് ദേവസ്വം ബോർഡ് പാളികൾ തിരികെ വാങ്ങുകയും ശില്പത്തിൽ ചേർക്കുകയും ചെയ്തു. താൻ ദേവസ്വം ബോർഡിൽനിന്ന് ഏറ്റുവാങ്ങിയത് ചെന്പുപാളികളായിരുന്നെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. എന്നാൽ, വിജയ് മല്യ 800 ഗ്രാം (100 പവൻ) സ്വർണത്തിൽ പൊതിഞ്ഞു കൊടുത്ത പാളികളാണ് 2019ൽ പോറ്റി കൊണ്ടുപോയതെന്നു വിജിലൻസ് കണ്ടെത്തിയെന്നാണു സൂചന.
അതു തിരിച്ചെത്തിച്ചപ്പോൾ 397 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. താൻ കൊണ്ടുപോയത് ചെന്പു പാളികളായിരുന്നെന്നും അരക്കിലോ സ്വർണം വാങ്ങിയതിൽ 397 ഗ്രാം പാളിക്കുവേണ്ടി ഉപയോഗിച്ചെന്നും ബാക്കി സ്വർണംകൊണ്ട് മാളികപ്പുറം ക്ഷേത്രത്തിൽ മാല പണിതു നൽകിയെന്നുമാണ് പോറ്റിയുടെ വാദം.
എങ്കിൽ വിജയ് മല്യ നൽകിയ 100 പവന്റെ സ്വർണപ്പാളി എവിടെയെന്ന ചോദ്യമാണ് ബാക്കി. മൂന്നാമത്തെ തവണ, ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് വീണ്ടും പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയി. 2019ൽ ദ്വാരപാലക പാളികൾക്കൊപ്പം രണ്ടു താങ്ങുപീഠങ്ങളും താൻ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചെന്നും ഇപ്പോൾ സ്വർണം പൊതിയാൻ വേണമെങ്കിൽ അതിൽനിന്നെടുക്കാമെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചു.
പക്ഷേ, ആ പീഠങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയതോടെയാണ് പോറ്റി സംശയത്തിന്റെ നിഴലിലായത്. നിർദേശമുണ്ടായിരുന്നിട്ടും ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്കു കൊടുത്തുവിട്ട ദേവസ്വം ബോർഡിന്റെ നടപടിയും സംശയകരമാണ്.
മാത്രമല്ല, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്ത പാളികൾ ചെന്പാണെന്ന് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതിനും ബോർഡിനു കൃത്യമായ മറുപടിയില്ല. ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പറയുന്നതിലെ ദുരൂഹതകൾ അഴിക്കുന്പോൾ അന്വേഷണസംഘത്തിനു മുന്നിൽ വെളിപ്പെടുന്നതിൽ കാണാതായ സ്വർണപ്പാളികൾ മാത്രമായിരിക്കില്ല. സമഗ്രമായ അന്വേഷണം ഉണ്ടാകട്ടെ. ആഗോള അയ്യപ്പഭക്തരെ കബളിപ്പിച്ചത് ആരാണെങ്കിലും ശബരിമലയിൽ വച്ചുപൊറുപ്പിക്കരുത്.
സ്വന്തം നാട്ടിൽ ദൈവത്തിനുപോലും രക്ഷയില്ലെന്ന അവസ്ഥ സംജാതമായതിൽ സർക്കാരിനും കൈകഴുകാനാവില്ല. ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്റിനിർത്തണമെന്നുമാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. പക്ഷേ, കോടതി കർശന നിലപാട് സ്വീകരിക്കുവോളം ഇത്തരം അവതാരങ്ങൾ സർക്കാരിന്റെ കണ്ണിൽപ്പെട്ടില്ലെങ്കിൽ അപമാനകരമാണ്.
ദൈവത്തിൽ മാത്രമല്ല, ആരാധനാലയങ്ങളുടെ നടത്തിപ്പുകാരിലും ഭക്തർക്കു വിശ്വാസമുണ്ട്. ദൈവത്തിന്റെ ആളുകൾ ചതിക്കില്ലെന്ന വിശ്വാസം! നിർഭാഗ്യവശാൽ ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർ എല്ലാ മതസ്ഥാപനങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. ശബരിമല എല്ലായിടത്തും തിരുത്തലിനുള്ള മുന്നറിയിപ്പാകട്ടെ.
District News
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ൽ വിജയ് മല്യ നല്കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണാണ് ഇദ്ദേഹം.
2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.
അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു പ്രതികരിച്ചത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും. ശബരിമല തീർഥാടന കാലം തുടങ്ങാറായി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണം. ശബരിമലയിലെ സ്വർണ ദുരുഹതയുടെ ചുരുൾ അഴിയുമെന്നും അദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് മറയ്ക്കാൻ ഒന്നും ഇല്ല. ആദ്യം ആരോപണം ഉന്നയിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി ആണല്ലോ. ഉണ്ണികൃഷ്ണൻ പോറ്റി ദുരുഹത നിറഞ്ഞ വ്യക്തിയാണ്. സ്വർണം തന്നു വിടണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളോടും പറഞ്ഞു. തങ്ങൾ കൊടുത്തില്ല.
ഞങ്ങൾക്ക് ആരെയും ന്യായീകരിക്കേണ്ടതില്ല. തന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നു. അത് എന്തിനാണ്. താൻ പ്രതിയാണെങ്കിൽ നടപടി എടുക്കട്ടെ. 18 സ്ട്രോംഗ് റും ഉണ്ട്. എല്ലാ റൂമിലും കയറി പരിശോധിച്ചു. കൃത്യം കണക്ക് തിരുവാഭരണ കമീഷന്റെ കൈയിൽ ഉണ്ട്. നടപടിക്രമം പാലിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ച് തന്നെയാണ് സ്വർണപാളി നൽകിയത്.
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്ചയാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.
District News
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഇന്നും സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം. സ്വർണം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.
തിങ്കളാഴ്ചത്തേതിന് സമാനമായി പ്രതിപക്ഷം ഇന്നും ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു തിങ്കളാഴ്ച സർക്കാർ സ്വീകരിച്ച നിലപാട്.
ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി നിർദേശിച്ച അന്വേഷണം ശനിയാഴ്ച ആരംഭിക്കും.
District News
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര്‍ വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
District News
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണപ്പാളിയിലെ സ്വർണം കവർന്നെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. 1.5 കിലോ സ്വർണമാണ് ദ്വാരപാലക ശില്പത്തിൽ ഉണ്ടായിരുന്നു. 2019 ജൂലൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം തിരിച്ചെത്തിയപ്പോൾ അതിൽ 394ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
അന്ന് വിജയ് മല്യ നൽകിയ സ്വർണം എട്ട് സൈഡ് പാളികളിലായി നാലുകിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. ഈ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണായകമായത്. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചിരുന്നു. മെയിൽ അയച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ദ്വാരപാലക ശില്പം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലൻസ് പറയുന്നു.
കൂടാതെ നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ സ്വർണപ്പാളിയിൽ വ്യത്യാസമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. 2019ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്.
District News
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. നേരത്തെ പ്രശ്നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല.
സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നും ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ് പ്രതിപക്ഷ നിലപാട്.
അതേസമയം, സർവകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദഗതി ബില്ലും ഇന്ന് നിയമസഭയിലെത്തും. മുമ്പ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.
District News
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വംമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു പ്രതിപക്ഷം ബാനർ കെട്ടി. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വച്ചു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവച്ചു.പിന്നീട് സഭ ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ഇതിനിടയിലും ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ട് പോയി. നോട്ടീസ് നൽകാതെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും സ്പീക്കർ ചോദിച്ചു.
സ്വർണപ്പാളി വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷം ചർച്ചയെ ഭയക്കുകയാണ്.അവർ ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നും അതിനാലാണ് സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാത്തതെന്നും രാജേഷ് പറഞ്ഞു.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.
ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായത്. 2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
District News
പത്തനംതിട്ട: ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്.
സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. 2019 ജൂലൈയില്‍ ഉണ്ണികൃഷ്ണന് പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്.
2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
District News
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില്‍ അതിന്റെ രേഖയുണ്ട്.
എന്നാല്‍ പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
District News
കോട്ടയം: ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ്. പെന്തൂർത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്.
സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയമുണ്ട്. ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം.
ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിർമാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവർഷവും മകരവിളക്കിന് ദിവസങ്ങൾക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്. സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭക്തരെ പരിചയപ്പെടുന്നത്.
അതേസമയം, തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയെന്നും ഇക്കാര്യം ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണപാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നം ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു.
ശബരിമലയിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലുമായി 1999ൽ അഞ്ച് കിലോ സ്വർണം പൂശിയെന്ന് വിജയ് മല്യക്ക് വേണ്ടി സ്വർണം പൂശിയത് പരിശോധിച്ച സെന്തിൽ നാഥൻ പറഞ്ഞു. 1999ൽ സ്വർണം പൊതിഞ്ഞ ശേഷമുള്ള ദ്വാരപാലക ശിൽപങ്ങളുടെ ചിത്രങ്ങളും സെന്തിൽ നാഥൻ പുറത്തുവിട്ടു.
അങ്ങനെയെങ്കിൽ ആദ്യം പൂശിയ സ്വർണം എവിടെ പോയെന്ന ചോദ്യവും ബാക്കിയാകുന്നു. 2019ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങൾ തന്നോട് ചോദിക്കേണ്ടെന്നാണ് ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രതികരണം.
District News
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി.
വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന് പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്.
പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന് പോറ്റി പ്രതികരിച്ചു.
ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന് പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്.
പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
District News
തിരുവനന്തപുരം: ശബരിമല സ്വർപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഉണ്ണികൃഷ്ണൻ പോറ്റി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവിലെ വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പുതിയ വാതിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സമീപിക്കുകയുമായിരുന്നു. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് അത് ഏറ്റെടുത്തെന്നും ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
പുതിയ വാതിൽ നിർമ്മിക്കാനുള്ള എല്ലാ ചെലവും ഏറ്റെടുത്തത് ബംഗളൂരു സ്വദേശിയായ ഗോവർധൻ ആണെന്നും മറ്റാരും ഇതിനായി പണമോ സ്വർണമോ നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി എത്തിച്ചത് സംബന്ധിച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് വേണ്ടിയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വിശദീകരണം.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണകൃഷ്ണൻ പോറ്റി പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം.
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്കുന്ന ചിത്രവും പോലീസ് ആസ്ഥാനത്തു വച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്.
അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന് പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം.
മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025നുമിടയിലാണ് കോടികളുടെ ഇടപാടുകൾ നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗുളൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്.
District News
ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ.
തന്റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ളത്.
താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2019 ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന് ജയറാം, ഗായകൻ വീരമണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരുവിലും സമാനമായ വിധത്തില്‍ പ്രദര്‍ശനം നടത്തുകയും പലരില്‍ നിന്നും പൂജയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
District News
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗ ണിക്കും. ജസ്റ്റീസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികളുടെ ഭാരം നാ ലു കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീക രണം ഇന്ന് കോടതിയെ അറിയിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശ ദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി അനുമതിയില്ലാതെ സ്വർണ്ണപാ ളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താ ൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെ ന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
എന്നാൽ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപ ടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ ന്റ്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിരുന്നു.
Out of Range
എന്റെ പൊന്നേ, എന്റെ തങ്കമേ എന്നൊക്കെ സ്വർണത്തെ നോക്കി തലയിൽ കൈവച്ചു നാട്ടുകാർ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്ന സമയം. പൊന്നമ്മയെന്നും തങ്കമ്മയെന്നും സ്വർണമ്മയെന്നുമൊക്കെ പേരു വീണവർ തല കുറച്ചുകൂടി ഉയർത്തിപ്പിടിച്ചു നടക്കുന്ന കാലം. മുകളിലേക്കു പോയ സ്വർണവില ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുകയാണോയെന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. ഇലോൺ മസ്കിന്റെ ആകാശവണ്ടിക്കു പോലും പിടികൊടുക്കാതെയുള്ള പോക്ക്. “പൊന്നിൽ കുളിച്ചുനിന്നു ചന്ദ്രികാവസന്തം...” എന്ന പാട്ട് വൈകാതെ ചന്ദ്രനിൽ കേൾക്കുമോ എന്നതേ അറിയാനുള്ളൂ.
അടിമുടി പൊന്നിൽ പൊതിഞ്ഞ് കല്യാണപ്പന്തലുകളിൽ വിലസിയ സീനിയറത്തികൾ ഇപ്പോഴത്തെ ജെൻസികളെ നോക്കി ചുണ്ടുകോട്ടി ചിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാം. അല്ലെങ്കിലും ജെൻസികൾക്കു സ്വർണമരത്തിൽ കയറുന്നതിനേക്കാൾ പ്രിയം ഡയമണ്ടിന്റെ മണ്ടയിൽ തോണ്ടിക്കൊണ്ട് ഇരിക്കുന്നതാണത്രേ. ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന സ്വർണക്കഥകൾ പറഞ്ഞു നാട്ടുകാർ ത്രില്ലടിച്ചിരിക്കുന്നതിനിടയിലാണ് ശബരിമലയിൽനിന്ന് ഒരു സ്വർണക്കഥ പൊട്ടിവീണിരിക്കുന്നത്. ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞ സ്വർണപ്പാളിയുടെ ചരിത്രമാണ് അടിമുടി പാളിയിരിക്കുന്നത്. കോടതികൂടി ഇടപെട്ടതോടെ പാളിയെ പൂളിയ പുള്ളികൾക്ക് പള്ളയിൽ ഒരു ആന്തൽ തുടങ്ങിയിട്ടുണ്ടാവണം.
ഇവിടെ ഭാരം കുറയ്ക്കാൻ മനുഷ്യൻ നടന്നും ഒാടിയും പട്ടിണി കിടന്നും കഷ്ടപ്പെടുന്നതിനിടയിലാണ് ചെന്നൈ വരെ പോയിട്ടു വന്ന സ്വർണപ്പാളി ഒറ്റയടിക്ക് നാലു കിലോ കുറച്ചത്. അങ്ങോട്ടു പോയപ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി തിരിച്ചെത്തിയപ്പോൾ 38 കിലോ!
കൊടുത്തുവിട്ട സ്വർണം നാലു കിലോ കുറഞ്ഞിട്ടും ദേവസ്വം മുതലാളിമാർക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ല എന്നതാണ് അതിശയകരം. അതോ അറിയാത്തതുപോലെ കണ്ണടച്ചു കിടന്നേക്കാം എന്നു കരുതിയതാണോ? പാളി മാത്രമല്ല, സ്വർണപീഠവും കാണാനില്ലെന്നാണ് സ്പോൺസർ ചെയ്ത ഭക്തന്റെ ഒടുവിലത്തെ ആരോപണം. ചിലർക്ക് മിനുക്കും അറ്റകുറ്റപ്പണിയുമൊക്കെ നറുക്കെടുപ്പിനു മുന്നേ അടിക്കുന്ന ബംപർ പോലെയാണോയെന്നൊരു സംശയം ഇല്ലാതില്ല. സ്വർണപ്പാളി മങ്ങിയെന്നും പറഞ്ഞ് വീണ്ടും പൊളിച്ചെടുത്ത് ചെന്നൈക്കു വിടുന്ന കാര്യം കോടതിയും നാട്ടുകാരും ഒക്കെ അറിഞ്ഞുവന്നപ്പോഴേക്ക് അവിടെ ഉരയ്ക്കലും ഉരുക്കലും കഴിഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ ഉരുളൽ മാത്രമാണ് പിന്നെ ദൃശ്യമായത്.
പെട്രോൾ ആയിരുന്നെങ്കിൽ ആവിയായി പോയതാണെന്നു കരുതാമായിരുന്നെന്നും എന്നാൽ, സ്വർണം പോയത് എങ്ങനെയെന്നു കണ്ടെത്തണമെന്നും ഹൈക്കോടതി. സ്വർണം ആവിയായതാണോ ഏതെങ്കിലും മായാവിയുടെ നാവിലായതാണോ എന്നതാണ് സംശയം. ഇനി ചെന്നൈയിലെ കനത്ത ചൂടിലെങ്ങാനും ഉണങ്ങിപ്പോയതാകുമോ? തലച്ചോറു തിന്നുന്ന അമീബയെപ്പോലെ സ്വർണച്ചോറ് കഴിക്കുന്ന ഏതോ അമീബ ദേവസ്വം ബോർഡിന്റെ മൂക്കിൽ കയറിയിട്ടുണ്ടെന്നു തോന്നുന്നു. എങ്കിൽ കാര്യമായ ക്ലോറിനേഷൻ വേണ്ടിവരും. അന്വേഷണം കഴിയുമ്പോൾ ചെന്നൈയിൽ പോയ സ്വർണപ്പാളി ഡയറ്റിംഗിൽ ആയിരുന്നെന്നും അങ്ങനെ നാലു കിലോ കുറച്ചതാണെന്നും ഭക്തർ വിശ്വസിക്കേണ്ടി വരുമോയെന്തോ?
മിസ്ഡ് കോൾ
ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത
ചോരില്ലാ കളർ!