തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ശബരിമല സ്വർണക്കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാകും കേസ്.
കൊടിമരം ചിതലരിച്ചതായും പുനഃപ്രതിഷ്ഠ നടത്തണമെന്നുമുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണിത്. പുനഃപ്രതിഷ്ഠാ നടപടി തുടങ്ങിയപ്പോൾ കൊടിമരം കോണ്‍ക്രീറ്റിൽ തീർത്തതാണെന്നു കണ്ടെത്തിയതാണ് സംശയങ്ങൾക്കിടയാക്കിയത്.
കേസിൽ ആരെയൊക്കെ പ്രതിയാക്കണമെന്നു പരിശോധനകൾക്കു ശേഷമാകും പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുക. രണ്ടു പതിറ്റാണ്ടായുള്ള ശബരിമലയിലെ നടപടി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം അടിസ്ഥാനമാക്കിയാണു കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ചും അന്വേഷിക്കാൻ ആലോചിക്കുന്നത്.
നേരത്തേ തടിയിൽ തീർത്ത കൊടിമരമായിരുന്നു. എന്നാൽ കോണ്‍ക്രീറ്റ് കൊടിമരം നിർമിച്ചതു സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കണ്ടെത്താനാകാത്തതാണു പ്രത്യേക അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയത്.
കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014മുതലുള്ള നടപടി പരിശോധിക്കും. കോണ്‍ക്രീറ്റ് തൂണിൽ ചിതലരിച്ചതും പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദിലെ സ്പോണ്‍സറെ കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ കേസിൽ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുന്നതും പരിഗണിക്കുന്നു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണു പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
Tags : gold theft Another case consideration Sabarimala Gold theft sabarimala Goldpali Swarnapali