District News
കൽപ്പറ്റ: കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുന്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത് പങ്കാളികളാകും.
കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് 30ന് ആരംഭിക്കും. ജില്ലയിലെ 9000ൽ അധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗം സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, സിഡിഎസ് റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി.17 ന് അയൽക്കൂട്ട അധ്യക്ഷർക്ക് പരിശീലനങ്ങൾ നൽകും. 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട തലത്തിലെ തെരഞ്ഞെടുപ്പും ഫെബ്രുവരി ഏഴ് മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ന് സിഡിഎസ് തെരഞ്ഞെടുപ്പും നടക്കും. ജില്ലയിൽ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിലേക്ക് ഒന്‍പത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ അംഗീകരിച്ച ബൈലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എഡിഎസ് തലത്തിൽ പതിനൊന്ന് എക്സിക്യുട്ടീവ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കുടുംബശ്രീയുടെ ത്രിതല സംഘടനയിലെ എഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സെക്രട്ടറി, സിഡിഎസ് എക്സിക്യുട്ടീവ് അംഗം, സിഡിഎസ് ചെയർപേഴ്സണ്‍, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് അയൽക്കൂട്ടാംഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മത്സരിക്കാൻ സാധിക്കില്ല.
സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന വ്യക്തികൾ, അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങിൽ സ്ഥിരം ജോലിയുള്ളവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല.
കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഓണറേറിയം, ശന്പളം കൈപ്പറ്റുന്നവർ, കുടുംബശ്രീ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, വ്യക്തിഗത വായ്പാ കുടിശികയുള്ളവർക്ക് മത്സരിക്കാൻ അവസരമില്ല.അയൽക്കൂട്ടതലം മുതൽ എഡിഎസ്, സിഡിഎസ് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ സർക്കാർ നിശ്ചയിച്ച എസ്ടി, എസ്സി, ബിപിഎൽ സംവരണ ക്രമങ്ങൾ പാലിച്ചായിരിക്കും നടത്തുക.
സിഡിഎസ്, എഡിഎസ് തലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. അയൽക്കൂട്ടതല തെരഞ്ഞെടുപ്പ് നടത്തുന്നവർക്കുള്ള പരിശീലനം 22ന് ആരംഭിക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കും.
ജില്ലയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കും തെരെഞ്ഞെടുപ്പ് വരണാധികാരിയായി ജില്ലാ രജിസ്ട്രാർ കെ.ജി. പത്മകുമാറുമാണ്.
National
ലക്നോ: എസ്ഐആറിന്റെ ഭാഗമായുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ യുപിയിൽ 2.89 കോടി വോട്ടർമാർ പുറത്ത്. ഒഴിവാക്കപ്പെട്ടവരിൽ 2.17 കോടി പേർ താമസം മാറിയവരാണ്.
46.23 ലക്ഷം വോട്ടർമാർ മരിച്ചവരും 25.47 ലക്ഷം പേർ ഒന്നിലധികം പട്ടികയിലുള്ളവരുമാണെന്ന് കണ്ടെത്തി. നിലവിലെ പട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തലസ്ഥാനമായ ലക്നോവിലാണ്. ഇവിടെ 39.9 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എന്നാൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 27.9 ലക്ഷമായി. ഏകദേശം 30 ശതമാനം വോട്ടർമാർ കുറഞ്ഞു. 9.5 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ലളിത്പുരിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8.6 ലക്ഷം വോട്ടർമാരായി കുറഞ്ഞു.
എന്യൂമറേഷൻ നടപടികൾ മൂന്നുതവണ നീട്ടിനൽകിയ ശേഷമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ എസ്ഐആർ പ്രഖ്യാപിച്ചവേളയിൽ 15.44 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന വി.ഡി.സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിട്ട് പൊട്ടിയില്ല.
അതുപോലെ നൂറിടത്ത് കോൺഗ്രസ് പൊട്ടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. സതീശൻ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തിൽ വരുന്നത് എൽഡിഎഫായിരിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സുൽത്താൻ ബത്തേരിയിൽ നേതൃക്യാമ്പ് ചേർന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പരിഹാസം. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് സുൽത്താൻ ബത്തേരിയിൽ ചേർന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പിൽ വിലയിരുത്തൽ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
കാസർഗോഡ് മൂന്ന് മണ്ഡലങ്ങളാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂർ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല്, എറണാകുളം 12 എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ മുഴുവൻ സീറ്റുകളും നേടുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
തെക്കൻ മേഖല പി.സി.വിഷ്ണുനാഥിന്റെയും മധ്യമേഖല എ.പി. അനിൽകുമാറിന്റെയും വടക്കൻ മേഖല ഷാഫി പറമ്പിലിന്റെയും അധ്യക്ഷതയിലുമാണ് ചര്‍ച്ച നടക്കുന്നത്. തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്. അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി യോഗത്തിൽ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന് 2026 രേഖ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ലക്ഷ്യ ക്യാമ്പിൽ അവതരിപ്പിക്കും. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയിൽ സ്ഥാനാർഥികളെയടക്കം വേദിയിലെത്തിക്കുന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സീറ്റുകൾ ഒന്നും വച്ചുമാറില്ല. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച എല്ലാ സീറ്റിലും ഇത്തവണയും പാർട്ടി മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിനു കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ തീയതികളിൽ നടത്തും. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളും കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണുള്ളത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെയും തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന് നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെട്ട നോട്ടീസ് എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗ തീയതിക്ക് അഞ്ചുദിവസം മുൻപ് ബന്ധപ്പെട്ട വരണാധികാരി നൽകും.
നാമനിർദ്ദേശ പത്രിക വരണാധികാരിക്ക് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് രണ്ടുദിവസം മുൻപാണ് നൽകുക.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന.
മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് കേരള യാത്ര.
കേന്ദ്രസർക്കാരിനെതിരായ സമരവും എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12ന് തിരുവനന്തപരുത്ത് നടത്തും.
Kerala
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്തവർക്കെതിരെ നടപടിയുമായി ബിജെപി. കുമരകം പഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
പി.കെ.സേതു, വി.കെ.സുനിത്, നീതു റെജി എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡന്റായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. അംഗങ്ങള്‍ക്ക് വാട്സാപ്പില്‍ വിപ്പ് അയച്ചിരുന്നു.
വിപ്പ് ലംഘിച്ചാണ് വോട്ടിംഗ് നടന്നത്. ഇത് അംഗീകരിക്കില്ലെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ വ്യക്തമാക്കി.
Kerala
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. ശബരിമല വിഷയത്തില്‍ സത്വര നടപടിയുണ്ടായില്ലെന്നും നടപടി എടുക്കാത്തത് തിരിച്ചടിയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നും എല്‍ഡിഎഫിനെ പിന്തുണച്ച മത സംഘടനകള്‍ പോലും മാറി ചിന്തിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുന്നണി മര്യാദ പാലിച്ചില്ല. മുന്നണി നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചു. മുന്നണിയില്‍ പല പരാതികളും ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല.
മുന്നണി സ്പിരിറ്റ് നഷ്ടമായി. ഘടകകക്ഷിയെന്ന പരിഗണന ഐഎന്‍എല്ലിന് പലയിടങ്ങളിലും ലഭിച്ചില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ കുറ്റപ്പെടുത്തി.
മധ്യവര്‍ഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവധാനത പുലര്‍ത്തിയില്ലെന്നും വാര്‍ഡ് പുനഃക്രമീകരണം ശാസ്ത്രീയമായില്ലെന്നും അദ്ദേഹം പറഞ്ഞു. അമിതമായ ആത്മവിശ്വാസം തിരിച്ചടിച്ചുവെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
Kerala
തൃശൂർ: ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചന പരന്നതോടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. സീറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പറഞ്ഞു. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം.
ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ദീർഘകാലമായി യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് ഗുരുവായൂർ.
നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യുഡിഎഫിന് വിജയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ഡിസിസിയുടെ നിലപാട്.
National
കോൽക്കത്ത: ബിഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞതു പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ ആവശ്യമാണെന്നും ബംഗാളിൽ നടത്തിയ റാലയിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിൽ എൻഡിഎയ്ക്ക് വോട്ട് നൽകി ജംഗിൾ രാജിനെ അവിടുത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബംഗാളിൽ തുടരുന്ന മഹാജംഗിൾ രാജിനെയും ജനങ്ങൾ തുടച്ചുനീക്കണമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്.
കനത്ത മൂടൽ മഞ്ഞുകാരണം റാണഘട്ടിൽ നടത്തിയ റാലികളിൽ നേരിട്ട് പങ്കെടുക്കാൻ മോദിക്കായില്ല. മഞ്ഞുകാരണം ഹെലികോപ്റ്ററിന് താഹെർപൂരിൽ ഇറങ്ങാനായില്ല. തുടർന്ന് കോൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ഫോണിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. എ.പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു.
ഇത് എതിരാളികൾ ആയുധമാക്കി. എ.പത്മകുമാറിനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. മുൻ എംഎൽഎ കെ.സി. രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിനെതിരെയും വിമർശനമുയർന്നു.
മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായി. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തേൽപ്പിക്കാൻ ശ്രമിച്ചെന്നും കെ.സി.രാജഗോപാലൻ ആരോപിച്ചിരുന്നു.
ഇത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില തിരിച്ചടികളുണ്ടായി. ആ സാഹചര്യം മാറും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകൾ സൂക്ഷമായി പരിശോധിച്ചാൽ എൽഡിഎഫിന് 64 സീറ്റുകളിൽ മുൻ തൂക്കമുണ്ട്. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല.കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും യുഡിഎഫിന് മുൻതൂക്കമുണ്ട്.
രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
NRI
ബോസ്റ്റൺ: മേരി ജോസഫ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ലീല മാരേട്ട് "ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു. ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ സജീവ അംഗമാണ് മേരി ജോസഫ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ട്രഷറർ, ആർട്സ് ചെയർ, വെബ് അഡ്മിൻ, പബ്ലിക് റിലേഷൻസ് എന്നീ സ്ഥാനങ്ങൾ വഹിച്ച അവർ സംഘടനയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.
2011-2012 കാലയളവിൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2023-2025 കാലയളവിൽ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് മേഖല വനിതാ കമ്മിറ്റിയുടെ ഭാഗമായിരുന്നു.
25 വർഷത്തിലേറെയായി ന്യൂ ഇംഗ്ലണ്ട് നിവാസിയായ അവർ കുടുംബത്തോടൊപ്പം ന്യൂ ഹാംഷെയറിൽ താമസിക്കുന്നു.
NRI
വാഷിംഗ്ടൺ ഡിസി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ. മിന്നും വിജയം കരസ്ഥമാക്കിയ യുഡിഎഫിന് ആശംസകൾ നേരുന്നതായും ഐഒസി യുഎസ്എ അറിയിച്ചു.
ടീം യുഡിഎഫ് പൊരുതി നേടിയ വിജയമാണിതെന്ന് കേരള ഘടകം പ്രസിഡന്റ് സതീശൻ നായർ, ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, പോൾ കറുകപ്പള്ളി എന്നിവർ അറിയിച്ചു.
മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,
ജോർജ് ജെ. കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രെഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്, ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, ജോൺ വർഗീസ് ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ്, കോൺഗ്രസ് പ്രവർത്തകർ എന്നിവർ യുഡിഎഫിന് ആശംസകൾ അർപ്പിച്ചു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ യുഡിഎഫ് വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.
തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
National
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ശനിയാഴ്ചയാണ് ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.
മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലെ വോട്ടിംഗ് പൂർത്തിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 70 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ്. തിരുവനന്തപുരം 65.74, കൊല്ലം 69.11, പത്തനംതിട്ട 65.78, ആലപ്പുഴ 72.57, കോട്ടയം 69.50, ഇടുക്കി 70.00 എറണാകുളം 73.16 ശതമാനം പോളിംഗും രേഖപ്പെടുത്തി.
579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ ജനവിധി തേടി. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും ജനവിധി തേടി. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും ജനവിധി തേടി. പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുന്നതിനിടെ കിഴക്കമ്പലത്ത് മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റം. ചാനൽ റിപ്പോർട്ടർമാർക്കുനേരെയായിരുന്നു കൈയേറ്റം ഉണ്ടായത്.
ഒരു സംഘം ആളുകൾ ചേർന്ന് സ്വകാര്യ ചാനലിന്റെ കാമറമാനെയും റിപ്പോർട്ടറെയും ആക്രമിക്കുകയായിരുന്നു. കാമറയും തകർത്തു. പൗരൻ എന്ന് പറഞ്ഞായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസുമായി എത്തിയ മാധ്യമ പ്രവർത്തകർക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
പോലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു പഞ്ചായത്താണ് കിഴക്കമ്പലം. ട്വന്റി 20യും എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടം.
ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് മാധ്യമങ്ങളെ കണ്ടതിനുപിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
Kerala
തിരുവനന്തപുരം: വോട്ടിംഗ് മെഷീൻ തകരാറിലായതിനെതുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് വൈകുന്നു. കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തിൽ വോട്ടിംഗ് തുടങ്ങാനായില്ല. മെഷീൻ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാർ തങ്കമലയിലും യന്ത്ര തകരാറുണ്ടായി. ഇവിടെ പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ വാർഡിലും യന്ത്ര തകരാറുണ്ടായി.
മൂവാറ്റുപുഴ നഗരസഭയിൽ വോട്ടിംഗ് മെഷീൻ തകരാറായി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുമ്പോൾ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്.ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
Kerala
കൊച്ചി: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്ത് 10-ാം (ഓണക്കൂർ) വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി. യുഡിഎഫ് സ്ഥാനാർഥി സി.എസ്.ബാബുവിന്റെ (59) മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ചൊവ്വാഴ്ച പുലർച്ചെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറവം മര്‍ച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സി.എസ്.ബാബു. തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡിലെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Kerala
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മൂന്നു മുന്നണികൾക്കും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി സാമൂഹ്യക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ പ്രഖ്യാപിച്ചു കൊണ്ടും പ്രചാരണരംഗത്ത് വികസന പ്രവർത്തനങ്ങൾ എണ്ണിറഞ്ഞുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല സ്വർണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം. വികസനരംഗത്തെ മുരടിപ്പും യുഡിഎഫ് ഉയർത്തിക്കാട്ടി. ശബരിമല വിഷയത്തിൽ ബിജെപി വലിയ ആവേശം കാട്ടിയില്ല.
പേരുദോഷം വരാതിരിക്കാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു എന്നു മാത്രം. ശബരിമല കത്തിച്ചാൽ അതിന്റെ പ്രയോജനം യുഡിഎഫിനു പോകുമോ എന്ന ആശങ്കയാകാം കാരണം. വികസനത്തിൽ ഊന്നിയായിരുന്നു ബിജെപിയുടെ തുടക്കം മുതലുള്ള പ്രചാരണം.
ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുന്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
കൊച്ചി: കുസാറ്റ് വിദ്യാര്‍ഥി യൂണിയന് കെഎസ്യുവില് നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്.
കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്യു കുസാറ്റില്‍ യൂണിയന് ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്യുവിന്റെ ആദ്യ വിജയവുമായിരുന്നിത്.
പിന്നീട് 2024 വരെ നടന്ന തെരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു വിജയം. വിജയത്തില്‍ എസ്എഫ്ഐ പ്രവർത്തരെ അഭിനന്ദിച്ച് മന്ത്രി പി.രാജീവ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു.
NRI
റിയാദ്: കേരളത്തിലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങൾ മത്സരിക്കുന്നു. അംഗങ്ങളുടെ ഉറ്റ ബന്ധുക്കളായ 36 പേരും ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്.
കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.
മലാസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലും ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലും ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.
ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും ജനവിധി തേടുന്നു.
അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ(സിദ്ദീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലും അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ാം വാർഡിലും സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ പഞ്ചായത്ത് ദർശനവട്ടം വാർഡിലും കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം.
ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും.
എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും തിരികെ കിട്ടിയിരുന്നില്ല.
അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി നീട്ടുകയായിരുന്നു.
District News
കള്ളിക്കാട്: ഡിസംബർ ഒന്പതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അതിനു മുന്നോടിയായി നടക്കുന്ന സ്ഥാനാർഥി പര്യടനം, സ്വീകരണങ്ങൾ, റോഡ് ഷോ പ്രചാരണ പരിപാടികൾ, റാലികൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും പ്രകൃതിസൗഹാർദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് പൂർണമായും ഹരിത ചട്ടം പാലിക്കണമെന്നുള്ള ശുചിത്വ മിഷന്റെ "ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ" സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കള്ളിക്കാട് പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങൾ മൺ ചിരാത് തെളിയിച്ചു ഹരിത സന്ദേശം നൽകി.
നെയ്യാർ അണക്കെട്ടിലെ ജലാശയത്തിനു സമീപം നടന്ന ചടങ്ങ് സിനിമ സീരിയൽ അഭിനേതാവും ഡബിംഗ് ആർട്ടിസ്റ്റും മാധ്യമപ്രവർത്തകനുമായ രാഗീഷ് രാജ മൺചിരാത് തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ലത അധ്യക്ഷയായ ചടങ്ങിൽ കള്ളിക്കാട് ഹരിത കർമസേന പ്രസിഡന്റ് വത്സല, സെക്രട്ടറി രാജി തുടങ്ങി 26 അംഗങ്ങളും മൺചിരാത് തെളിയിച്ചു ചടങ്ങിൽ ഹരിത സന്ദേശം നൽകി.
District News
റാന്നി: ഗ്രാമ പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന അച്ഛന്റെ വിജയത്തിനായി ഗാനാലാപനവുമായി മകൾ. നാറണംമൂഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ജോർജിന്റെ (റെജി) വിജയത്തിനായി മകൾ ലിജോയാണ് ഗാനാലാപനത്തിലൂടെ പ്രചാരണം നടത്തുന്നത്.
ലിജോയുടെ ശബ്ദത്തിൽ റിക്കോർഡിംഗ് സ്റ്റുഡിയോയിലെത്തി പാടിയ പാട്ട് തുടക്കത്തിൽ തന്നെ വൈറലായി. ദിലീപിന്റെ കാര്യസ്ഥൻ സിനിമയിലെ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ ..... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളിൽ, പ്രിയ നാട്ടാരെ, ഇനി വോട്ടേകാം, നാടിൻ വികസനം വേണമെങ്കിൽ, പ്രിയ സാരഥിയാകാം തോമസ് ജോർജ്, നമുക്ക് ആശംസകൾ നേരാം...... കടന്നുവരൂ വോട്ട് നൽകൂ തോമസ് ജോർജിന്, മനസുകൊണ്ട് നേരാം ആശംസ..
എന്നു തുടങ്ങുന്ന അതിമനോഹര ഗാനം രചനയും സംവിധാനവും നൽകി ചിട്ടപ്പെടുത്തിയത് റാന്നിയിലെ സേറ റിക്കോർഡിംഗ് സ്റ്റുഡിയോയാണ്.
പള്ളികളിൽ ഗായകസംഘങ്ങളിൽ ഉൾപ്പെടെ വർഷങ്ങൾക്കു മുമ്പ് പാടിത്തെളിഞ്ഞ ലിജോ നാട്ടിലെ സംഗീത പരിപാടികളിൽ നന്നായി പാടുന്ന ഗായിക കൂടിയാണ്. സംഗീത മത്സരങ്ങളിൽ വിജയിക്കുന്ന ലിജോയ്ക്ക് അച്ഛൻ തോമസ് ജോർജ് പഞ്ചായത്ത് വിജയിക്കുമെന്നതിലും സംശയമില്ല.
കഴിഞ്ഞ തവണ നാറാണംമൂഴി ടൗൺ വാർഡിൽ മത്സരിച്ച് വിജയിച്ചു നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച തോമസ് ജോർജ് ഇത്തവണ വാർഡു മാറി വിജയം പരീക്ഷിക്കുകയാണ്. സിപിഎമ്മിലെ ജ്യോതി ശ്രീനിവാസും എൻഡിഎയിലെ സുരേഷുമാണ് പ്രധാന എതിരാളികൾ.
Youth Special
ഓഫ് റോഡ് ജീപ്പ് ഓട്ടത്തിലെ താരം തെരഞ്ഞെടുപ്പിന്റെ ട്രാക്കിൽ. പാലാ നഗരസഭ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിയാ മേരി ബിനോ (24) എന്ന റിയ ചീരാംകുഴി ഓഫ് റോഡ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
സംസ്ഥാനത്തു നടന്ന 15 മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്ത ശേഷം ടിടിസി പഠിച്ച റിയ പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക കൂടിയാണ്. ചീരാംകുഴി ബിനോ-ആശ ദമ്പതിമാരുടെ മകളാണ്.
അച്ഛന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും പിന്നാലെയാണ് റിയ ഓഫോ റോഡ് മത്സരങ്ങളുടെ ട്രാക്കിലെത്തിയത്. അച്ഛന്റെ സഹോദരന് ജോസ് ചീരാംകുഴി 10-ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്ഥയാണന്നുള്ളത് റിയയ്ക്ക് മത്സരിക്കുവാന്‍ തടസമല്ല.
ജോസ് ചീരാംകുഴി നിലവില്‍ പാലാ നഗരസഭാംഗമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ പാര്‍ട്ടി പാരമ്പര്യം കൂടി പരിഗണിച്ചാണ് റിയയെ തെരഞ്ഞെടുത്തത്.
National
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യതയിൽ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയൽ ചെയ്ത ഹർജിയിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ കേരളം ഉൾപ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല.
അതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിന്റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ ജി. പ്രകാശ് ആണ് ഗോവിന്ദന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
NRI
മാഞ്ചസ്റ്റർ: നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിന്റെ വാർഷികവും മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീരാഗിന്റെ നേത്യത്വത്തത്തിൽ മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും പറഞ്ഞു.
ട്രെഷറർ പ്രിൻസ് വാർഷിക കണക്കും ക്ലബ് കൾച്ചറൽ കോഓർഡിനേറ്റർ സിറിൽ വിവിധ കർമ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു. അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്.
സംഘടനക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും. അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്.
സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെ തുടര്‍ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. ആനന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ആനന്ദ് ശിവസേനയില്‍ (യുടിബി) അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്ന് ആനന്ദ് അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 21 നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം.
സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം.
നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുള്ളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഒന്നാം ഘട്ടത്തിൽ 40 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ജനറൽ സീറ്റുകളിലടക്കം വനിതകളെ ഇറക്കിയാണ് കോൺഗ്രസ് മത്സരം കടുപ്പിക്കുന്നത്. ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈല തദേവൂസ്, ഷൈനി മാത്യു തുടങ്ങിയവരെല്ലാം ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
76 അംഗ കൗൺസിലിൽ കോൺഗ്രസ് 65 സീറ്റുകളിലും മുസ്ലീം ലീഗ് ഏഴു സീറ്റിലും കേരള കോൺഗ്രസ് മൂന്നു സീറ്റിലുമാണ് മത്സരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മണി, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ബൂത്തിലേക്കെത്തുന്നത്. കഴിഞ്ഞ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.
64.46 ശതമാനമായിരുന്നു പോളിംഗ്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കി.
ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.
National
പാറ്റ്ന: ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് കാണിച്ചെന്ന് ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ബിഹാറില്‍ വോട്ടുചെയ്യാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടര്‍മാരെ ബിജെപി വ്യാപകമായി എത്തിച്ചു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ സമയത്ത് ബിജെപി അവരുടെ വിശ്വസ്തരായ വോട്ടര്‍മാരെ തിരിച്ചറിഞ്ഞുവെന്നും ഡല്‍ഹിയിലും ഹരിയാനയിലും അവരുടെ പേരുകള്‍ ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ട്രെയിനിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വോട്ടർമാരെയെത്തിച്ചത്.
പിന്നീട് ലക്ഷക്കണക്കിന് വരുന്ന ആ വോട്ടര്‍മാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് മുതല്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് ശതമാനം ഉയർന്നതെന്നും അദ്ദേഹം ആരോപിച്ചു.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) ഡിസംബർ 13ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഹൂസ്റ്റൺ മലയാളി കമ്യൂണിറ്റിയിൽ ആവേശത്തിരയിളക്കത്തിന് തുടക്കമിട്ടിരിക്കുന്നു.
രണ്ട് ശക്തമായ പാനലുകൾ തമ്മിലുള്ള വാശിയേറിയ മത്സരം സംഘടനയിൽ പുതിയ ഉണർവ് നൽകുകയും ചരിത്രപരമായ അംഗത്വ വർധനവിനും ഗണ്യമായ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുകയും ചെയ്തു.
ഒക്ടോബർ 11ന് ന്യൂജഴ്സിയിൽ നടന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസിനോട് അനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) അമേരിക്കയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാർഡ് ഏറ്റുവാങ്ങി അഭിമാനത്തോടെ നിൽക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പ് സമാഗതമാകുന്നത്.
റോയി മാത്യുവിന്റെയും (ടീം യുണൈറ്റഡ്) ചാക്കോ തോമസിന്റെയും (ടീം ഹാർമണി) നേതൃത്വത്തിലുള്ള പാനലുകൾ തമ്മിലുള്ള തീവ്രമായ മത്സരം, ഈ സമയത്ത് സംഘടനാ ശാക്തീകരണത്തിനുള്ള ശക്തമായ ഉത്തേജകമാക്കി മാറ്റിയിരിക്കുന്നു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുമായും നേരിട്ട് സംവദിക്കാൻ ഇരുപാനലുകളെയും പ്രേരിപ്പിച്ചതിലൂടെ, മാഗിന്റെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ ഈ മത്സരത്തിന് സാധിച്ചു കൊണ്ടിരിക്കുന്നു. ഹൂസ്റ്റണിലെ മലയാളി കൂട്ടായ്മകളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിക്കൊണ്ടുള്ള ഊർജിതമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് വലിയ മുതൽക്കൂട്ടായി.
കേരളത്തിലെ തെരഞ്ഞെടുപ്പുകളെ കവച്ചുവയ്ക്കുന്ന പ്രചാരണപരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു. രണ്ടു പാനലിനുമുള്ള നൂറു കണക്കിന് അംഗങ്ങൾ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ 24 മണിക്കൂറും സജീവമാണ്.
ഈ പ്രവർത്തനങ്ങളുടെ ഫലമായി 300ൽ പരം പുതിയ ആയുഷ്കാല അംഗത്വങ്ങൾ സംഘടനയ്ക്ക് ലഭിച്ചു. ഒക്ടോബർ 31നു മെമ്പർഷിപ് ക്ലോസ് ചെയ്യുമ്പോൾ നല്ലൊരു തുക സംഘടനയ്ക്ക് വരുമാനം നേടാനായി എന്ന് മാഗ് പ്രസിഡന്റ് ജോസ് കെ.ജോൺ, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ സുജിത് ചാക്കോ എന്നിവർ പറഞ്ഞു.
മാഗിന്റെ പുതിയ ബിൽഡിംഗ് പ്രോജക്ടിലേക്ക് ഒരു വലിയ സഹായമായി ഇത് മാറിയെന്നും ഭാരവാഹികൾ പറഞ്ഞു. ഈ തീവ്രമായ മത്സരം സംഘടനയ്ക്ക് ഒരു അനുഗ്രഹമായി മാറിയെന്നും ഈ സംഖ്യാപരമായ വളർച്ച ആരോഗ്യകരമായ മത്സരത്തിന്റെ ഗുണപരമായ ഫലമാണെന്നും വിലയിരുത്തപ്പെടുന്നു.
ഈ അംഗത്വ വർധനവും സാമ്പത്തിക മുന്നേറ്റവും ഒരു ചരിത്രനേട്ടമാണെന്ന് അവർ അറിയിച്ചു. സമവായത്തിന്റെ സാധ്യതകൾ അസ്തമിച്ചുവെന്നും രണ്ടു പാനലായി തന്നെ മത്സരരംഗത്തു സജീവമായി ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർഥികൾ അറിയിച്ചു.
ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രകിയയിൽ ഹൂസ്റ്റണിലെ മലയാളികൾക്കും പങ്കെടുക്കുവാൻ കിട്ടുന്ന ഒരു അവസരമായി ഈ തെരഞ്ഞെടുപ്പിനെ വളരെ പോസിറ്റീവായി ഈ ലേഖകനും വീക്ഷിക്കുന്നു.
മത്സരിക്കുന്നവർ എല്ലാവരും തന്നെ ഉറ്റ സൃഹുത്തുക്കൾ. തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും സ്ഥാനാർഥികൾ എല്ലാവരും തന്നെ അവരുടെ ഉറ്റ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. വിജയ പരാജയങ്ങൾ നോക്കാതെ ഒറ്റക്കെട്ടായി മാഗിന്റെ നന്മയ്ക്കായി പ്രവർഥിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടനയുടെ ആരോഗ്യത്തിലും ഭാവിയിലും ചെലുത്തുന്ന ഗുണപരമായ സ്വാധീനം ചെലുത്തുന്നു. രണ്ട് പാനലുകളുടെയും സജീവമായ പങ്കാളിത്തം മാഗിനെ കൂടുതൽ ശക്തിപ്പെടുത്തുകയും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന എന്ന പദവി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകർ കാണിക്കുന്ന ഈ ആവേശം, സംഘടനയുടെ ബിൽഡിംഗ് ഫണ്ട് പൂർത്തീകരണം പോലുള്ള സുപ്രധാന പദ്ധതികൾക്ക് വലിയ ഊർജം പകരുന്നുണ്ട്."ഈ ഗുണപരമായ മുന്നേറ്റം ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സംഘടനയെ നയിക്കുമെന്ന് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ മാഗ് അംഗങ്ങളും തെരഞ്ഞെടുപ്പ് ദിവസം കടന്നു വന്നു വോട്ടവകാശം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവമാക്കി മാറ്റാം.
National
പാറ്റ്ന: ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിച്ചാൽ "മയി ബഹിൻ മാൻ യോജന പ്രകാരം'30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മകരസംക്രാന്തി ദിനമായ ജനുവരി 14ന് എല്ലാ സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ തേജസ്വി വ്യക്തമാക്കി. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു.
ബിഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും "മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും വീതം നൽകും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധി തേടുക. ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മന്ത്രി മൈഥിലി ഠാക്കൂര്‍ തുടങ്ങി പ്രമുഖരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാലിന്റെ വില കൂട്ടുന്നതിനോട് സർക്കാരിനു യോജിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം വിലവർധന നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ ക്ഷേമം മുൻനിർത്തി നേരിയ വില വർധനയുണ്ടാകും. പാൽവില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ട്. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് വില വര്‍ധിപ്പിക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല് ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120 -140 സീറ്റുവരെ ലഭിക്കാമെന്നാണ് പ്രവചനം. ടൈംസ് നൗവിന് വേണ്ടി ജെവിസി നടത്തിയ സർവേയിലാണ് എൻഡിഎ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്നത് ആർജെഡി നേതാവ് തേജസ്വി യാദവിനെ ആണെന്ന് സർവേ ഫലത്തിൽ പറയുന്നു. മഹാസഖ്യത്തിന് 93-12 സീറ്റ് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും. 70-81 സീറ്റുകൾ വരെ ലഭിക്കാം.
എൻഡിയയിലെ രണ്ടാം കക്ഷിയായ ജെഡിയുവിന് 42-48 സീറ്റുവരെ ലഭിക്കാം. പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡിക്ക് 69-78 സീറ്റുകൾ വരെ ലഭിക്കാമെന്ന് സർവേയിൽ പ്രവചിക്കുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടിയാളുകൾക്ക് സർക്കാർ ജോലി നൽകുമെന്നാണ് പ്രധാന വാഗ്ദാനം.
നൈപുണ്യ അധിഷ്ഠിത തൊഴിൽ നൽകുന്നതിനായി സിൽസ് സെൻസസ്, എല്ലാ ജില്ലകളിലും മെഗാ സിൽ സെന്ററുകൾ, സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, കേന്ദ്ര മന്ത്രിയും എച്ച്എഎം (എസ്) നേതാവുമായ ജിതൻ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ തുടങ്ങിയവരും പങ്കെടുത്തു.
മഹാസഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച ബീഹാർ കാ തേജസ്വി പ്രൺ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരംഗത്തിന് സർക്കാർ ജോലി നൽകുന്നതിനുള്ള നിയമം പാസാക്കുമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.
243 അംഗ നിയമസഭയിലേക്ക് നവംബർ ആറ്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14 ന് പ്രഖ്യാപിക്കും.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉൾപ്പെടെയുള്ള തേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിൻഡറുകൾ തുടങ്ങിയ കോൺഗ്രസിന്റെ വാഗ്ദാനങ്ങളും ചേർത്തായിരിക്കും പ്രകടനപത്രിക.
ബുധനാഴ്ച മുസഫർപുരിലും ദർഭംഗയിലും നടക്കുന്ന സംയുക്ത റാലികളിൽ തേജസ്വിയും രാഹുൽ ഗാന്ധിയും പ്രസംഗിക്കും. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എൻഡിഎ ചോദ്യമുയർത്തിയിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ കക്ഷികള്‍ നേര്‍ക്ക് നേര് ഏറ്റുമുട്ടുന്നു. ആദ്യഘട്ട പോളിംഗിനുള്ള നാമനിർദേശ പത്രിക പിന്‍വലിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ് മഹാസഖ്യത്തിലെ കക്ഷികള്‍.
അതേസമയം ഇന്ന് പുറത്തുവിട്ട പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വൈശാലി, ലാല്‍ഗഞ്ച്, സിക്കന്ത്ര, കഹല്‍ഗാവ് സീറ്റുകളിലാണ് കോണ്‍ഗ്രസിനെതിരെ ആര്‍ജെഡിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന കുടുമ്പയിൽ ആർജെഡി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനനിമിഷം അവർ പിൻമാറി. തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും രാഘോപൂരില്‍ മാത്രമാണ് മത്സരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് ജനശക്തി പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി. മഥൗര മണ്ഡലത്തിൽ മത്സരിക്കുന്ന സീമ സിംഗിന്റെ നാമനിർദേശപത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
സീമാ സിംഗിന്റെതുൾപ്പടെ നാല് പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. സാങ്കേതിക പിഴവുള്ളതിനാലാണ് പത്രിക തള്ളിയതെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര സ്ഥാനാർഥികളായ അൽതാഫ് ആലം രാജു, വിശാൽ കുമാർ, ബിഎസ്പി സ്ഥാനാർഥി ആദിത്യ കുമാർ എന്നിവരുടെ പത്രികകളും തള്ളി.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎയ്ക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയെ ചർച്ചയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രിയെന്ന്. അത് എല്ലാവരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്ന നിതീഷ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഷാ വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 സീറ്റും ബിജെപിക്ക് 74 സീറ്റുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് തേജസ്വിയുടെ ലക്ഷ്യം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച് കെഎസ്യുവും എംഎസ്എഫും. മുട്ടിൽ ഡബ്ലൂഎംഒ കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണനും, ടി.സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തർക്കത്തെ തുടർന്ന് പല കോളജുകളിലും എംഎസ്എഫും കെഎസ്യുവും സഖ്യം ഉണ്ടായിരുന്നില്ല.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ വിജയിച്ച കെഎസ്യു എംഎസ്എഫിന് എതിരെ ബാനർ ഉയർത്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെഎസ്യു ഉയർത്തിയ ബാനർ.
Kerala
മലപ്പുറം: യൂണിയൻ തെരഞ്ഞെടുപ്പിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിൽ ചരിത്രം കുറിച്ച് എസ്യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ചെയർമാൻ സീറ്റിൽ എഐഡിഎസ്ഒ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്.അലൻ തകർപ്പൻ വിജയം നേടി.
229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അലന്റെ ജയം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്.മിനിയുടെ മകനാണ് അലൻ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് തങ്ങൾ ജയിച്ചതെന്ന് എഐഡിഎസ്ഒ നേതാക്കൾ പറഞ്ഞു.
അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ വിജയിച്ചു.
National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിൽ ഭിന്നത. തങ്ങൾക്ക് 40 സീറ്റ് വേണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടതാണ് പുതിയ തർക്കത്തിനു കാരണം.
എന്നാൽ 25 സീറ്റുകളിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചു സീറ്റുകളിലും തങ്ങളുടെ പാർട്ടി വിജയിച്ചു. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് എൽജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം ചിരാഗ് പാസ്വാൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും ചിരാഗ് പാസ്വാൻ വ്യക്തമക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച എൽജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജ്യസഭാ സീറ്റുകളും എംഎൽസി സീറ്റുകളും പാസ്വാന് എൻഡിഎ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. കോൺഗ്രസിന് പരമാവധി 55 സീറ്റുമാത്രമെ നൽകൂവെന്ന് അർജെഡി വ്യക്തമാക്കി. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടങ്ങളിലെ വിജയിക്കാനായുള്ളൂ.
അതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ ആർക്കും സീറ്റ് വാരിക്കോരി കൊടുക്കില്ലെന്ന് ആർജെഡി നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ആർജെഡിയുടെ ഓഫർ സിപിഐഎംഎൽ തള്ളി. തങ്ങൾക്ക് നാൽപ്പത് സീറ്റ് വേണമെന്നാണ് സിപിഐഎംഎല്ലിന്റെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് ആർജെഡി വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറ്,11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബർ 14ന് നടത്തുമെന്ന് മഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കും. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്.
243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവരാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും. ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്‍പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.
National
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ (67) സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു. അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തില്ല.
ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.പി. രാധാകൃഷ്ണൻ വിജയിച്ചത്. ആകെ പോൾ ചെയ്തത് 767 വോട്ടുകളാണ്. ഇതിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ് സി.പി. രാധാകൃഷ്ണൻ.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.
National
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പത്രിക സമർപ്പണത്തിന് അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു.
പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി. രാധാകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്.
പത്രികാ സമർപ്പണത്തിനു മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്.
മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക ശാക്തീകരണത്തോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടയാളാണ്.
അടുത്ത മാസമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാർലമെന്റിൽ എൻഡിഎയുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ രാധാകൃഷ്ണനാണ് വിജയസാധ്യത.