NRI
എരുമേലി: നെതർലൻഡ്സിൽ നിന്ന് എത്തിയ കുഞ്ഞു മാക്സിന് എരുമേലിയിൽ പേട്ട തുള്ളുന്ന തീർഥാടകരെ കണ്ടപ്പോൾ കൗതുകം. പിതാവ് സാം, അമ്മ സൂസൻ എന്നിവർക്കൊപ്പം ഇന്ത്യയിൽ എത്തിയതാണ് മാക്സ്.
വിവിധ വർണങ്ങൾ അണിഞ്ഞു നൃത്തം ചവിട്ടുന്ന തീർഥാടകർക്കൊപ്പം അൽപ നേരം അവരും കൂടി. തീർഥാടകർ ആകട്ടെ പ്രോത്സാഹനവും കൊണ്ട് ചുറ്റും കൂടിയപ്പോൾ ഡച്ച് മണ്ണിൽ നിന്നു എത്തിയ അവരുടെ മനസിലും എരുമേലി ഇടം പിടിച്ചു.
രണ്ട് മതത്തിന്റെ ആരാധനാലയങ്ങളിൽ ഒരേ സമയം കയറി ഇറങ്ങുന്ന എരുമേലിയിലെ കാഴ്ചയെക്കുറിച്ച് ഇറ്റ്സ് ജസ്റ്റ് അമേസിംഗ് എന്ന് പറഞ്ഞു അവർ പേട്ട തുള്ളലിന്റെ വർണ കാഴ്ചകളിലേക്ക് മടങ്ങി.
കേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്.
ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്.
എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്.
ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും എരുമേലിയിൽ പേട്ടതുള്ളൽ നടത്തുന്നതും വിദേശ സംഘങ്ങൾക്ക് വിസ്മയകരമായ കാഴ്ചകളാണ്.
Kerala
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാലം കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്നത്.
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നിപകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാം പടി തുറന്നു കൊടുത്തു. മകരവിളക്കു കാലത്തെ പൂജകൾ ബുധനാഴ്ച പുലർച്ചെ മൂന്നിന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്.
സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുള്ളതിനാൽ 2000 സ്ലോട്ടുകൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു ഭക്തരെ കടത്തിവിടൂ.
സന്നിധാനത്തു ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്ക്കലിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ജനുവരി14നാണ് മകരവിളക്ക്.
Kerala
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പോലീസ്, എക്സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്.
സ്വാമി അയ്യപ്പന് റോഡിന്റെ ഇരുവശവും നീലിമല കവാടം മുതല്‍ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. മണ്ഡലകാലത്ത് 36,61,258 ഭക്തരാണ് ദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂവിലൂടെ 30,56,871 പേരും സ്പോട്ട് ബുക്കിംഗിലൂടെ 4,15,667പേരും ദര്‍ശനം നടത്തി.
പുല്ലുമേട് വഴി 1,30,955 പേരാണ് ഇതുവരെ ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേര് സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,11,502 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.
വൈദ്യുതിവിതരണ സംവിധാനങ്ങളും കാര്യക്ഷമമാക്കും
പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പയിലും സന്നിധാനത്തും 4500 എല്‍ഇഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്റ് എന്‍ജിനിയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തും.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയുമേ വെർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്.
ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പ് സന്നിധാനത്തെത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കൽ നിന്നും പത്തിനുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല.
ഘോഷയാത്ര ശരം കുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.
Kerala
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന പ്രവാഹം. ശനിയാഴ്ച വൈകുന്നേരം ആറുവരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തിയിരുന്നു.
കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായത്. പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. പിടിച്ചു കയറ്റാനുള്ള സൗകര്യത്തിന് മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്നും പോലീസ് നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ... പാരഡി ഗാനം സൈറ്റുകളില്‍ നിന്നു നീക്കം ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി. യു ട്യൂബ്, ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നു ഗാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർക്ക് സൈബര്‍ പോലീസ് ഇന്ന് നോട്ടീസ് നല്‍കും.
ഗാനത്തിലെ ഉള്ളടക്കം വിശ്വാസ സമൂഹത്തെ ഇളക്കി വിടാനും മതവിദ്വേഷം വളര്‍ത്താനും ഇടയാക്കുന്നതെന്നാണ് സൈബര്‍ പോലീസ് കാരണമായി പറയുന്നത്. ഗാനരചയിതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
അണിയറ പ്രവര്‍ത്തകരില്‍നിന്നു പോലീസ് അടുത്ത ദിവസം മൊഴി രേഖപ്പെടുത്തും. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി പ്രസാദ് കുഴിക്കാല സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെതിരെ സിപിഎമ്മുകാര്‍ ഭക്തിഗാനത്തിന്റെ പാരഡിഗാനം ഇറക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പാരഡിയേക്കാള്‍ വലിയ കോമഡിയാണ് പോറ്റിയെ കേറ്റിയേ എന്ന ഗാനത്തിനെതിരെയുള്ള കേസെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിൽ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് അഭ്യര്‍ഥനയുമായി മുൻ ദേവസ്വം മന്ത്രി രംഗത്തെത്തിയത്.
സ്വർണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമർശം ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വാദം പരിഗണനയിൽ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു.
തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നൽകാമെന്ന് സതീശന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മറുപടി നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. എന്നാൽ സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് തിരിച്ചടി. സുധീഷ് കുമാർ സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി.
റിമാന്‍ഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ജാമ്യ ഹര്‍ജി 18 ന് വിജിലൻസ് കോടതി പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റിവെച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
Movies
നടൻ ദിലീപ് ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് എത്തിയത്.
രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിയശേഷം ദർശനം നടത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു.
കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Kerala
പത്തനംതിട്ട: നടൻ ദിലീപ് ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് എത്തിയത്.
രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിയശേഷം ദർശനം നടത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു.
കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Kerala
പത്തനംതിട്ട: ഡിജിപി റവാഡാ ചന്ദ്രശേഖറും കുടുംബവും ശബരിമലയിൽ ദർശനം നടത്തി. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡിജിപി അറിയിച്ചു.
എല്ലാ ദിവസവും 80,000ത്തിനു മുകളിൽ ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തിയത്. സുരക്ഷ ഉറപ്പാക്കാനും ദർശനം സുഗമമാക്കാനും മികച്ച ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
District News
കുറ്റിപ്പുറം: ദേശീയപാതയിൽ പന്തേപാലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ടെന്പോ ട്രാവലർ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. നിരവധി അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. കർണാടക ഹസൻ ജില്ലക്കാരനായ ഉമേഷ് (43) ആണ് മരിച്ചത്.
കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു ടെന്പോ ട്രാവലറിലുണ്ടായിരുന്നവർ. ഇന്നലെ പുലർച്ചെ 5.15ന് പന്തേപാലത്തിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിലാണ് ട്രാവലർ ഇടിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. ദ്വാരപാലക ശിൽപക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 12ന് വിധി പറയും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി.
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ.വാസുവിന്റെ റിമാൻഡ് 14 ദിസത്തേക്ക് കൂടി നീട്ടി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് പരാതി നൽകിയ രമേശ് ചെന്നിത്തലയുടെ മൊഴി ഉടൻ എടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു നല്കിയ ജാമ്യഹര്‍ജി ഹൈക്കോടതി 11ന് പരിഗണിക്കാന്‍ മാറ്റി. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും പ്രതിയായ മുരാരി ബാബു രണ്ടു കേസിലുമായി പ്രത്യേകം ജാമ്യഹര്ജികളാണു നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ജസ്റ്റീസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയുടെ അനുമതി തേടിയശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോര്‍ഡിനു ശിപാര്‍ശ നല്‍കിയെന്നാണു കേസ്. 2019ലെ ഇടപാടുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒക്ടോബര്‍ 23 മുതല്‍ റിമാന്‍ഡിലായ താൻ മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്നും നിരപരാധിയാണെന്നുമാണ് ഹര്‍ജിയിലെ വാദം. ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: അയ്യപ്പഭക്തരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശബരിമല പാതയിൽ അട്ടത്തോടിന് സമീപം തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് തീർഥാടകരുമായി വന്ന ബസിലാണ് തീപിടിച്ചത്. അപകടത്തിൽ ബസിന്റെ പിൻഭാഗം പൂർണമായി കത്തിനശിച്ചു. ടയർപൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അന്വേഷണം ആരംഭിച്ചെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
Kerala
പത്തനംതിട്ട: ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. ചൊവ്വാഴ്ച മുതൽ സദ്യ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായില്ലെന്ന് അധികൃതർ പറഞ്ഞു.
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ വൈകുന്നേരം മൂന്നുവരെ നൽകും. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
എന്നാൽ സദ്യ നൽകുന്നത് സംബന്ധിച്ചുള്ള നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്.
വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ.വാസു ചെയ്തത്. അതിനെ ശിപാർശ ചെയ്തുവെന്ന് പറയാനാകില്ല.
വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരി ബാബുവും സുധീഷും എസ്ഐടിക്ക് മൊഴി നൽകിയിരുന്നുവെന്നും പ്രോസിക്യൂഷനും വാദിച്ചു.
Kerala
പത്തനംതിട്ട: ശബരിമല അന്നദാനത്തിന് ഇനി മുതൽ കേരള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പപ്പടവും പായസവും സദ്യയിൽ ഉണ്ടാവും. അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നൽകാൻ ഭക്തജനങ്ങൾ നൽകുന്ന പണമാണ് ഉപയോഗിക്കുന്നത്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നൽകും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീർഥാടനം മെച്ചപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ്.
ഡിസംബർ 18ന് അവലോകന യോഗം ചേരും. ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തീർഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ. ജയകുമാർ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് കൂടിയതിനാൽ ചൊവ്വാഴ്ച സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി നിജപെടുത്തി. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്ക് ദർശനം നടത്താൻ സൗകര്യം ഒരുക്കും.
തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.
ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പോലീസും ചേർന്ന് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴുവരെ 69,295 പേരാണ് മലചവിട്ടിയത്.
National
ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാര്‍ ഫ്ലൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.15 നായിരുന്നു സംഭവം.
മരിച്ച നാലുപേരും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും സതീശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിനു പോലീസുകാരുണ്ടെന്നും തിരക്ക് നിയന്ത്രണവിധേയമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായത്. വന്നവർക്കെല്ലാം ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.
ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ വന്നു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടകർ വരണമെന്നും ഡിജിപി നിർദേശിച്ചു.
കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന തിങ്കളാഴ്ച നടത്തും. ഇതിനായി എസ്പി ശശിധരനും എസ്ഐടി സംഘവും പമ്പയിലെത്തി. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക.
പമ്പയിലെത്തിയ എസ്ഐടി സംഘം ഇന്ന് വൈകുന്നേരം സന്നിധാനത്തേയ്ക്ക് പോകും. ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ശ്രീകോവിലിലെ ദ്വാരപാലക പാളി ,കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ സംഘം ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണപ്പാളികളുടെയും ചെമ്പുപ്പാളികളുടെയും സാമ്പിളും ശേഖരിക്കും.
സന്നിധാനത്ത് നിന്ന് സ്വർണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ നോക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ പോലീസ് കൺട്രോളറുടെ നിയമനത്തിൽ നിർദേശവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണം.
സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. പുതിയതായി നിയമിച്ച ആർ. കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്.
ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായ എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങളും നൽകണം.
തുടർച്ചയായി രണ്ട് വർഷത്തിലേറെ ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മുഴുവൻ വിവരങ്ങളും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Movies
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു. തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ടൈറ്റിൽ ലോഞ്ച്.
അനീഷ് രവി, ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകൻ ജീവൻ സോമൻ, രഞ്ജി കുര്യാക്കോസ്, സംവിധായകൻ റോയ് പി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആദി മീഡിയാ , നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ. ശ്രീകുമാർ( എസ്.കെ. മുംബൈ), ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഭക്തിയും ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്.
ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴു ഗാനങ്ങളുണ്ട്. റിയാസ് ഖാൻ, കോട്ടയം രമേശ്, ഡ്രാക്കുള സുധീർ . പൂജപ്പുര രാധാകൃഷ്ണൻ, കുടശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം - കിഷോർ, ജഗദീഷ്, പശ്ചാത്തല സംഗീതം -ഷെറി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ-വാഴൂർ ജോസ്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കെ.ജയകുമാർ. വെല്ലുവിളി എന്നതിനേക്കാൾ വലിയ അവസരമായി ഇതിനെ കാണും. ശബരിമല തീർത്ഥാടനം ഭംഗിയാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ അവിടെ എന്ത് സംഭവിക്കുന്നുവെന്ന കാര്യം അറിയില്ല. നിലവിലുള്ള ബോർഡ് കുറച്ചു ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. 17ന് മണ്ഡലകാലം ആരംഭിക്കുകയാണ്. നിലവിലുള്ള ബോർഡ് ചെയ്ത കാര്യങ്ങളും അവർ പകുതിയാക്കിവെച്ച കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കും.
മകരവിളക്ക് വരെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ഫോക്കസ്. മറ്റ് കാര്യങ്ങളൊന്നും ഫോക്കസില്ല. അത് ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസം. ഉന്നത അധികാരസമിതിയെന്ന നിലയിലും ചീഫ് കമ്മീഷണർ എന്ന നിലയിലും ശബരിമലയിൽ രണ്ട് തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശബരിമല അന്യമോ അപരിചിതമോ ആയ സ്ഥലമല്ല. നാളെയാണ് ഉത്തരവ് വരുന്നതെങ്കിൽ നാളത്തന്നെ അല്ലെങ്കിൽ മറ്റന്നാൾ ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസ കുങ്കുമത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്ലാസിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം
എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കോടതി കർശന നിർദേശം നൽകി. മണ്ഡല മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിനു നിർദേശം നൽകി.
ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസൺ 15ന് ആരംഭിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി 12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ളയെന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.
ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിൽനിന്നു നഷ്ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
ശബരിമല ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകും.
അതേസമയം, സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപ്പേഷ്, വാസുദേവൻ, ഗോവർധൻ, സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
Kerala
ആലപ്പുഴ: ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. അത് സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കമാണ്. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി.
നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ഹൈക്കോടതി ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ. ദേവസ്വം ഭരണരീതികൾ മാറ്റണം. ആത്മാർഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീണ്ടെടുത്തത്.
400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി.
Kerala
പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആലത്തൂര്‍ ഡിവൈഎസ്പി ആര്.മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമാണ് സ്റ്റാറ്റസ്.
യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ 18 -ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല.
ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോള്‍ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ് എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്.
അതേ സമയം ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2025 ല്‍ ഗുഢാലോചന നടത്തി എന്ന വാദം തെറ്റാണ്.
പാളി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്ത് വിടാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല. പ്രസിഡന്റ് നിര്‍ദേശിച്ചുവെന്ന കാര്യം തെറ്റാണ്. പിഴവ് ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
പത്തനംതിട്ട: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക.
നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 9.10 ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിൽ പ്രമാടത്ത് ഇറങ്ങും. തുടർന്ന് പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും.
11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും.
പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങൾ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തിൽ. ഇന്നു രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങൾ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തിൽ. ഇന്നു രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടർന്ന് റോഡ് മാർഗം പമ്പയിലെത്തുന്ന ദ്രൗപദി മുർമു, ത്രിവേണിയിൽ കാൽ കഴുകി ശുദ്ധിവരുത്തും. ഇതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പമ്പ ഗണപതികോവിലിൽ എത്തി ഇരുമുടിക്കെട്ട് നിറയ്ക്കും.
തുടർന്ന് 11.10ന് ഗൂർഖ ജീപ്പിൽ സന്നിധാനത്തേക്കു പുറപ്പെടും. അഞ്ച് വാഹനങ്ങളിലായി 20 അംഗ സംഘമാകും അനുഗമിക്കുക. 11.50ന് സന്നിധാനത്ത് എത്തും. തുടർന്ന് പതിനെട്ടാംപടി കയറി എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം ബോർഡ് പൂർണകുംഭം നൽകി സ്വീകരിക്കും.
12.20ന് അയ്യപ്പദർശനം നടത്തും. ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിലയ്ക്കലിലേക്ക് മടങ്ങും. 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.
Kerala
കൊല്ലം: ശബരിമല സ്ത്രീപ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാൻ ഉന്നത പോലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.
പൊറോട്ട, ബീഫ് ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു അമ്മിണിയും കനക ദുർഗയും പോലീസിന്റെ സമ്പൂർണ സംരക്ഷണയിലാണ് എത്തിയത്.
കോട്ടയം പോലീസ് ക്ലബിൽ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ്. തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതേവിഷയം ആവർത്തിച്ചു.
പക്ഷേ താൻ പറഞ്ഞപ്പോൾ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
Kerala
കോഴിക്കോട്: കടകംപള്ളി സുരേന്ദ്രന് നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപി യോജിക്കുന്നില്ല. അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വരണമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
അതേസമയം ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. കുറ്റവാളികൾക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും പോറ്റി മോശക്കാരനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റീസ് കെ.ടി.ശങ്കരൻ വീണ്ടും സന്നിധാനത്തെത്തും. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോംഗ് റൂം വീണ്ടും പരിശോധിക്കാനാണ് നീക്കം.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടിമാനിച്ചായിരിക്കും പരിശോധനകൾ. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു.
ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികൾ ഉൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.
അതേസമയം പ്രാഥമിക പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്തുവിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മീഷനാണ്. ഇത് അടിമുടി കമ്മീഷന് സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.
അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്സര്മാരില് നിന്നു കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്സര്മാരില് നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു.
ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്പോണ്‍സര്‍മാര്‍ തുക നല്കുന്നുണ്ടെങ്കില് പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്കുന്ന സ്പോണ്‍സര്‍മാര്‍?
കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.
വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടിമൂടേണ്ടി വന്നു.
കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന് പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം.
ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്.
ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ.
ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകൾ നടത്തും.
പന്തളത്ത് ജാഥകൾ സംഘമിച്ച് മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
വിവാദത്തിൽ എഡിജിപി എച്ച്.വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ല. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കും.
ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്നുവന്നതാണ്.
അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. അതേസമയം സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്.
Kerala
തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ദേവസ്വംമന്ത്രി വി.എൻ. വാസവൻ. കേസിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി ആരോപിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് യോജിപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു. എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഇത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ല. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളില്‍ പിന്തുണ നൽകുന്നത്. ശബരിമല വിഷയത്തില്‍ ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീ പ്രവേശനം പാടില്ലെന്നുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് തങ്ങളുടേയും നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയത്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
കോട്ടയം: എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യം.ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങള്ക്കുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അയ്യപ്പ സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന് നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഒഴിഞ്ഞ കസേരകള്‍ എഐ നിര്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്വയം അപഹാസ്യനാകരുതെന്നും സതീശൻ പറഞ്ഞു. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന് പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര് പോലും സംഗമത്തിനെത്തിയില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില് ഭൂരിഭാഗവും.
യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ചോദിച്ചു.
Kerala
നിലമ്പുർ: ആഗോള അയ്യപ്പ സംഗമം നാടകമാണെന്ന് പി.വി. അന്‍വര്‍. അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വിഷയത്തിലെ നിലപാട് മൂന്നുവര്‍ഷം മുന്‍പ് നമ്മള് കണ്ടതാണ്. സ്ത്രീസാന്നിധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും സര്‍ക്കാരും മോശം കാര്യമാണ് ചെയ്തത്. താന്‍ ഒരു വര്‍ഗീയവാദി ആണെന്ന് നെറ്റിപ്പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. മോദിയെക്കാള്‍ വര്‍ഗീയത തുപ്പുന്ന യോഗിയെ കൊണ്ടുവരാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അൻവർ ചോദിച്ചു.
പോലീസ് വിഷയങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. വര്‍ഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ലെന്ന് സംഗമം തെളിയിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടു. അവിടുത്തെ രണ്ട് പഞ്ചായത്തിലെ സഖാക്കള്‍ വന്നാല്‍ പോലും സദസ് നിറഞ്ഞേനെ. മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് ഇപ്പോള്‍ ആളില്ലാത്ത അവസ്ഥയാണെന്നും അന്‍വര്‍ പറഞ്ഞു.
അയ്യപ്പസംഗമത്തിലെ ആളില്ലാ കസേരകളുടെ ദൃശ്യങ്ങൾ എഐ ആകാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളെ അൻവർ പരിഹസിച്ചു. നാളെ വെളളാപ്പളളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചത് എഐ ആണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ 4,126 പേർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. 182 വിദേശപ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. നാലായിരത്തിലേറെപ്പേർ സംഗമത്തിൽ പങ്കെടുത്തു. പരിപാടി പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും ഗോവിന്ദൻ ആരോപിച്ചു.
അതേസമയം, പരിപാടിയിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, വേണമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു ഗോവിന്ദൻ നൽകിയ വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചു. എന്നാല്‍ സഹകരണം ഉണ്ടായില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
പലരും പങ്കെടുക്കാത്തതിന് കാരണങ്ങളുണ്ടായേക്കാം. ശബരിമലയിലെ അടിസ്ഥാന വികസനത്തിനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലക്ഷ്യമില്ല. എല്ലാ സര്‍ക്കാരുകളും ഇതിനോട് സഹകരിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കി.
അയ്യപ്പസംഗമം നടക്കുമ്പോള്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയ്യപ്പസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പ്രധാന പന്തൽ പണി പൂർത്തിയായി. താമസ സൗകര്യം, യാത്രാസൗകര്യം ഉൾപ്പടെ ക്രമീകരിച്ചിട്ടുണ്ട്. 3,500 പേർ പരമാവധി പങ്കെടുക്കും. അയ്യായിരത്തിലധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുമ്പ് വന്നിട്ടുള്ള ആളുകൾ, സംഘടനകൾ എന്നിങ്ങനെ മുൻഗണന വച്ചാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മാസ്റ്റർ പ്ലാൻ അടക്കം സംഗമത്തിൽ അവതരിപ്പിക്കും. അതിലും സ്പോൺസർമാരെ ഉൾപ്പടെ പ്രതീക്ഷിക്കുന്നുണ്ട്. എൻഎസ്എസ് വൈസ് പ്രസിഡന്റ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര സർക്കാർ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. രാത്രി 10 മണിയോടെ പമ്പയില്‍ എത്തിയ രാഹുൽ അവിടെനിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം.
Kerala
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.