പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് പരിശോധന പൂർത്തിയാക്കി. വ്യാഴാഴ്ച ഉച്ചയോടെ സന്നിധാനത്തെത്തിയ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ വിശകലനത്തിനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വർണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.
ഹൈക്കോടതി ഉത്തരവ് പ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു പരിശോധന. സ്വർണക്കൊള്ള വിവാദത്തിനുശേഷം ഇതു മൂന്നാംതവണയാണ് എസ്ഐടി സംഘം ക്ഷേത്ര ശ്രീകോവിലിലെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ പരിശോധന നടത്തുന്നത്.
കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപപാളികൾ എന്നിവ കൂടാതെ കന്നിമൂല ഒഴിച്ചുള്ള മറ്റ് മൂന്ന് വശങ്ങളിലെയും തൂണികളിൽനിന്ന് സ്വർണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. പാളികൾ ഇളക്കിയെടുത്ത് പ്രത്യേക മുറിയിലേക്ക് മാറ്റിവച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. 24 മണിക്കൂറോളം എടുത്തു നടത്തിയ പരിശോധനയ്ക്കു ശേഷം പാളികൾ വെള്ളിയാഴ്ച രാത്രിയോടെ പുനഃസ്ഥാപിച്ചു.
ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് രണ്ടാമതും സ്വർണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചത്.
ആദ്യം വിഎസ്എസ്സിയിൽ നടത്തിയ പരിശോധനാ ഫലത്തിൽ അവ്യക്തതയുളളതിനാൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കു ഹൈക്കോടതി നിർദേശിച്ചത്.
മുംബൈയിൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിലെ ലാബിലടക്കം ശാസ്ത്രീയ പരിശോധന നടത്തുന്നതും പരിഗണനയിലാണ്. കേസിൽ കുറ്റപത്രം തയാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന.
നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനുളള ശ്രമം എങ്ങുമെത്താത്തതിനാൽ വ്യക്തത കൈവരിക്കേണ്ടത് അന്വേഷണസംഘത്തിനു നിർണായകമാണ്.
Tags : Sabarimala SIT team completes inspection