National
ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി ഘടനയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം നിലവിൽ വരുമെന്ന് മന്ത്രി സഭയിൽ അറിയിച്ചു. നികുതിദായകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും നിയമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഈ പുതിയ മാറ്റം.
നിലവിലെ രീതിയിൽതന്നെ ജൂലൈ 31 വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകർക്ക് സമയം ലഭിക്കും. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയ്ക്കുള്ള ആദായനികുതി ഒഴിവാക്കി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത്. വിദേശ ആസ്തി വെളിപ്പെടുത്താത്തവർക്ക് ആറു മാസം സമയം നൽകും.
National
ന്യൂഡൽഹി: ദീഘദൂര വിമാനയാത്രയിൽ മോശം സേവനത്തിന്റെ പേരിൽ ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എയർ ഇന്ത്യയോടു നിർദേശിച്ചു.
ഗുണനിലവാരമില്ലാത്ത സീറ്റുകൾ, പ്രവർത്തനരഹിതമായ വിനോദ സംവിധാനങ്ങൾ, മോശം ഭക്ഷണവും ശുചിമുറിയും, പ്രതികരണമില്ലാത്ത കാബിൻ ക്രൂ തുടങ്ങിയ കാര്യങ്ങളാണു പരാതിക്കാരൻ ഉന്നയിച്ചത്.
വലിയ തുക യാത്രയ്ക്കായി നൽകിയിട്ടും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിമാനക്കന്പനി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതിക്കാരായ പിതാവിനും മകൾക്കും 50,000 രൂപ വീതം നഷ്ടപരിഹാരവും 50,000 രൂപ കോടതിച്ചെലവായും നൽകാൻ ഉത്തരവിട്ടു.
2023ൽ ഡൽഹിയിൽനിന്നു ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്പോഴാണ് പരാതിക്കാർക്കു വിമാനക്കന്പനിയിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. അതേസമയം ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടതു നിരസിച്ചതാണ് പരാതിക്കു കാരണമെന്നാണ് എയർ ഇന്ത്യയുടെ വാദം.
എന്നാൽ, ഇതു നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ പണം നൽകിയ യാത്രക്കാരന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കന്പനികൾക്കു നിയമപരമായ ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.
എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാൻ തെരഞ്ഞെടുത്ത പ്ലാറ്റ്ഫോമിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അതു നിരസിച്ചു. യാത്ര പൂർത്തിയാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് ചാർജ് തിരികെ നൽകണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി തള്ളി.
Kerala
കോട്ടയം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം മരിച്ചത് 118 പേർ. ഇവരിൽ മിക്കവർക്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ പരിക്കേൽക്കുന്നവർക്ക് ചികിത്സച്ചെലവോ കിട്ടുന്നുമില്ല.
2016 ഏപ്രിൽ ഒന്നു മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ പേവിഷബാധയേറ്റു മരിച്ചത് കൊല്ലം ജില്ലയിലാണ്; 21 പേർ. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -ഒമ്പത്, കോഴിക്കോട് -ഒമ്പത്, പത്തനംതിട്ട -എഴ്, കണ്ണൂർ -ഏഴ്, മലപ്പുറം -നാല്, ഇടുക്കി -മൂന്ന്, വയനാട് -മൂന്ന്, കോട്ടയം -രണ്ട്, കാസർഗോഡ് -ഒന്ന് എന്നിങ്ങനെയാണ് മരണമുണ്ടായത്.
ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞു മുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. പത്തു വയസിൽ താഴെയുള്ള 12 കുട്ടികളും 10 മുതൽ 20 വയസുവരെയുള്ള ഒമ്പത് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. മുപ്പതുവയസു വരെ-ആറ്, 40 വരെ-17, 50 വരെ -24, 60 വരെ-27, 70 വരെ-15, 80 വരെ-നാല്, 80നു മുകളിൽ പ്രായമുള്ളവർ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ.
ആരോഗ്യകേരളം ലോകനിലവാരത്തിലാണെന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നു സിജുമോൻ ഫ്രാൻസിസിന് ലഭിച്ച മറുപടി പ്രകാരം തദ്ദേശ വകുപ്പിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സച്ചെലവിനും നഷ്ടപരിഹാരം നല്‍കുന്നില്ല.
എന്നാൽ, സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്കിവന്നിരുന്നത്.
സിരിജഗൻ കമ്മിറ്റി തുടരണോ വേണ്ടയോ എന്ന് നിർദേശിക്കാതെ കേസ് സുപ്രീംകോടതി തീർപ്പാക്കിയതിനാൽ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു. പകരം കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ , തെരുവുനായയുടെ കടിയേറ്റാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ, കർണാടകയിൽ തെരുവുനായ കടിച്ച് മരിച്ചാൽ സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
Kerala
കൊച്ചി: വിദേശത്തുനിന്നു മകളുടെ വിവാഹത്തിനായി എത്തിയയാളെ മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
15 ദിവസത്തെ അവധിക്കെത്തിയതിനു പിന്നാലെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതിലൂടെ മാനസികപീഡനത്തിനിരയാകുകയും പൊതു മധ്യത്തില്‍ അവഹേളിക്കപ്പെടുകയും ചെയ്തുവെന്നു വിലയിരുത്തിയാണു തലശേരി തജ്നാസില്‍ വി.കെ. താജുദീന് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്നു മക്കള്‍ക്കുമായി ഒരു ലക്ഷം രൂപ വീതവും നല്കാന് ജസ്റ്റീസ് പി.എം. മനോജ് ഉത്തരവിട്ടത്.
താജുദ്ദീനും ഭാര്യയും മൂന്ന് മക്കളുമാണു ഹര്‍ജി നല്‍കിയത്. എതിര്‍കക്ഷികളായ എസ്ഐ പി. ബിജു, എഎസ്ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണന് എന്നിവരില്‍നിന്ന് ഈ തുക നിയമപരമായി ഈടാക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
2018 ജൂണ്‍ 11ന് പുലര്‍ച്ചെ സഹോദരിയുടെ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച് ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞ് താജുദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഹര്‍ജിക്കാരനെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ച പോലീസ് സംഘം ആറ് ദിവസം മുമ്പ് ഒരു യുവതിയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചതില്‍ കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ള സ്കൂട്ടറിലെത്തിയ ഒരാള്‍ മാലപൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര്‍ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്‍ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു.
ജയിലിലായതിനെത്തുടര്‍ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല്‍ ഖത്തര്‍ അധികൃതരും 23 ദിവസം ജയിലിലാക്കി. ജോലി നഷ്ടമായതോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഭാര്യ നസ്രീന മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തെ തുടര്‍ന്ന് ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്തി.
പോലീസിനു പിഴവ് പറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് എസ്ഐ ബിജുവിനെയടക്കം സ്ഥലം മാറ്റി. ഇതിനിടെ യഥാര്‍ഥ പ്രതിയുടെ ഭാര്യ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് കേസിന്റെ വസ്തുത പുറത്തു വന്നു. തുടര്‍ന്നാണ് താജുദീനും കുടുംബവും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ടി. ആസഫലി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദനക്കേസില്‍ കുറ്റക്കാരായ ഡിവൈഎസ്പി, മുന്‍ എസിപി എന്നിവരില്‍നിന്ന് തുക ഈടാക്കി പരാതിക്കാരനു നഷ്ടപരിഹാരം നല്കാന് ആഭ്യന്തര വകുപ്പിന്റെ അനുമതി.
നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ ജീവന് ജോര്‍ജ്, മുന്‍ കോഴിക്കോട് നോര്‍ത്ത് എസിപി സി.എം. പ്രദീപ് കുമാര്‍ എന്നിവരില്‍നിന്ന് 25,000 രൂപ വീതം ഈടാക്കി പരാതിക്കാരനായ രാജേഷിനാണു നല്‍കുക.
2008 നടന്ന ഹിയറിംഗില്‍ രാജേഷിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കു ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. പ്രദീപ് കുമാര്‍ പോലീസ് സേനയില്‍നിന്നു വിരമിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഡിആര്‍ കുടിശികയില്‍നിന്ന് 25,000 രൂപ ഈടാക്കാനാണ് അനുമതി.
ജീവന് ജോര്‍ജ് നിലവില്‍ ഡിവൈഎസ്പിയാണ്. അദ്ദേഹത്തിന്റെ ശമ്പളത്തില്‍നിന്ന് 25,000 രൂപ ഈടാക്കും. നടക്കാവ് പോലീസ് സ്റ്റേഷനില്‍വച്ച് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു രാജേഷിന്റെ പരാതി.
District News
മഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് 5,29,766 രൂപ നഷ്ടപരിഹാരം നൽകുന്നതിന് സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ കമ്മിറ്റി സർക്കാരിലേക്ക് ശിപാർശ ചെയ്തു.
ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറി ചെയർപേഴ്സണും ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയുടെ മൂന്നാമത് സിറ്റിംഗിലാണ് ശിപാർശ.
സിറ്റിംഗ് പരിഗണിച്ച 19 പരാതികളിൽ 11 എണ്ണത്തിലാണ് നഷ്ടപരിഹാരത്തിന് ശിപാർശ നൽകിയത്.മഞ്ചേരി ജില്ലാ നിയമസേവന അഥോറിറ്റി കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി.കെ. മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സക്കറിയ എന്നിവർ പങ്കെടുത്തു.
തെരുവുനായ ആക്രമണം: ഹർജി നൽകാം
മഞ്ചേരി: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലയിൽ തെരുവ്നായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ കമ്മിറ്റിയാണ്.
നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലെ ജില്ലാ നിയമസേവന അഥോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ ഹർജി നൽകാം.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹർജികൾ ജില്ലാ നിയമസേവന അഥോറിറ്റിയുടെ പരിഗണനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫോണ്‍:9188127501.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ചു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനുശേഷം ഈ തുക ഉത്തരവാദികളിൽനിന്നും നിയമാനുസൃതം ഈടാക്കാം. ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കന്പനിക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.
രവീന്ദ്രൻ നായർക്കു ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്കു സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറു വരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളജിനുണ്ട്. അതു പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിനു രോഗികളെത്തുന്ന മെഡിക്കൽ കോളജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു.
രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്.
നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്ന സംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനു പുറമെ രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു.
District News
ഇരിട്ടി: സ്ഥാലം ഉടമകളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരുന്ന വയനാട് കരിന്തളം 400 കെ.വി. ലൈൻ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന . നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഉഡുപ്പി-കരിന്തളം പ്രഖ്യാപനം വന്നതോടെയാണ് വയനാട് കരിന്തളം നഷ്ടപരിഹാര പാക്കേജും ഉടൻ ഉണ്ടാകുമെന്ന സൂചന പുറത്തുവരുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജ് അനുസരിച്ചായിരിക്കും കർഷകരുടെ പ്രതികരണവും പദ്ധതി യുടെ മുന്നോട്ടുള്ള പ്രവർത്തനവും. ഇപ്പോൾ പ്രഖ്യാപിച്ച ഉഡുപ്പി- കരിന്തളം പാക്കേജ് വയനാട്- കരിന്തളം പവർ ഹൈവേയിൽ ഭൂമി നഷ്ടമാകുന്ന കർഷകർ നേരത്തെ തന്നെ തള്ളിയിരുന്നു . നിലവിലെ ഉഡുപ്പി-കരിന്തളം പാക്കേജിനേക്കാൾ മെച്ചപ്പെട്ട പാക്കേജ് പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർ പ്രതിരോധം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം .
നിലവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വയനാട് -കരിന്തളം റീച്ചിലെ കർഷകർക്ക് സ്വീകാര്യമല്ലെന്നും ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരുലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50,000 രൂപയും നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ ലൈൻ വീടിന് മുകളിലൂടെ കടന്നുപോകുന്ന സ്ഥലങ്ങളിൽ ചതുരശ്ര അടിക്ക് 2000 രൂപയും നല്‍കണമെന്നാണ് കർഷകരുടെ ആവശ്യം.
ഉഡുപ്പി കരിന്തളം പാക്കേജ് പ്രഖ്യാപിച്ചതിന്റെ മറവിൽ വയനാട് കരിന്തളം റീച്ചിൽ അതേ പാക്കേജ് കൊണ്ടുവരാനുള്ള കെഎസ്ഇബിയുടെയും സർക്കാരിന്റേയും ഒത്തുകളിയാണെന്ന ആക്ഷേപവും കർഷകർ ഉയത്തുന്നുണ്ട് .
വയനാട് -കരിന്തളം പാക്കേജ് പ്രഖ്യാപിക്കാത്ത സഹചര്യത്തിൽ ഇതിനെതിരേ പ്രതികരിക്കേണ്ടെന്നാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ കൃഷിഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കർഷകർ.
Kerala
കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നുവീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.
നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്ന് അഡ്വ. പോൾ ജേക്കബ് വഴി നൽകിയ വക്കീൽനോട്ടീസിൽ പറയുന്നു.
ഗിന്നസ് റിക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎൽഎ ഗാലറിയിൽ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയിൽനിന്ന് വീണത്.
മൃദംഗ വിഷൻ ആൻഡ് ഓസ്കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷംരൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നൽകിയത്.
12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിത്തിൽ പരിപാടി അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
ഗാലറിയുടെ മുകളിൽ താത്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു ഇത്. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെന്റീ മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചർ പോലും അവിടെ ഉണ്ടായിരുന്നില്ല.
10 മിനിറ്റ് എടുത്തു അപകടത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കാൻ. ഒൻപതുദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങൾ എടുത്തു സ്വതന്ത്രമായി നടക്കാൻ. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്.
സ്റ്റേഡിയം വാടകയ്ക്ക് നൽകുമ്പോൾ അവിടെ എത്തുന്നവർ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാൻ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്.
എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങൾക്കേ നൽകാവു. അരലക്ഷത്തോളം ആളുകൾ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകർ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.
ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങൾക്കടക്കം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കിയതും. അതിനാൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
Kerala
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 30 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി മർദനത്തിനിരയാക്കിയത്. അവശനിലയിലായ രാംനാരായണൻ പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
രാംനാരായണന്റെ കൊലപാതകം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കുടുംബത്തിന് 30 ലക്ഷം ധനസഹായം പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡ് സർക്കാരും അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ്സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കുംവരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചത്തിസ്ഗഡ് സ്വദേശി രാംനാരായണനാണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികളായ പതിനാല് പേര് ആര്‍എസ്എസ് അനുഭാവികളെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് പറഞ്ഞു. ഒരാള്‍ സിപിഎം അനുഭാവിയാണെന്നും എ. തങ്കപ്പന് വ്യക്തമാക്കി.
വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖം നോക്കാതെ നടപടി സ്വീകരിക്കണം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കരുത്. രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും തങ്കപ്പന് പറഞ്ഞു.
Kerala
കോട്ടയം: മോഹന്‍ലാല്‍ നായകനായി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മയോദ്ധ സിനിമയുടെ തിരക്കഥ അപഹരണമെന്ന് കോട്ടയം കൊമേഴ്സ്യല്‍ കോടതി വിധിച്ചു.
2012 ഡിസംബറില്‍ റിലീസ് ചെയ്ത കര്‍മയോദ്ധയുടെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ പരാതി പരിഗണിച്ചാണ് ജഡ്ജി ഡി.എ. മനീഷ് വിധി പ്രസ്താവിച്ചത്.
റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു.
ആ സമയം അഞ്ചു ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ച് സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവിനു വിരുദ്ധമായി തിരക്കഥാകൃത്തുക്കള്‍ എന്ന് അവകാശപ്പെട്ട എസ്.വി. ഷാജി, സുമേഷ് വി. റോബിന് എന്നിവരുടെ പേര് ചേര്‍ത്ത് റിലീസ് ചെയ്തു പ്രദര്‍ശിപ്പിച്ചെന്ന് വ്യക്തമാക്കി 40 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചും തിരക്കഥയും സംഭാഷണവും തന്റേതാണെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റെജി കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതിയായി മേജര്‍ രവിയെയും രണ്ടാം പ്രതിയായി റെഡ് റോസ് കമ്പയിന്‍സ് പ്രൊഡക്ഷന്‍ സ്ഥാപനം ഉടമ ഹനീഫ് മുഹമ്മദിനെയും ചേര്‍ത്തിരുന്നു. തിരക്കഥാകൃത്തുക്കളെന്ന് അവകാശപ്പെട്ട ഷാജി, സുമേഷ് എന്നിവര്‍ യഥാക്രമം മൂന്നും നാലും പ്രതികളായിരുന്നു.
റെജി മാത്യു ഹര്‍ജിക്കൊപ്പം കഥാസംക്ഷിപ്തവും തിരക്കഥയുടെയും സംഭാഷണത്തിന്റെയും കൈയെഴുത്തു പ്രതികളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിനിമ ഷൂട്ട് ചെയ്ത വേളയില്‍ താന്‍ എറിഞ്ഞു കളഞ്ഞ സീനുകള്‍ ലൊക്കേഷനില്‍നിന്നും സംഘടിപ്പിച്ച് റെജി പകര്‍ത്തി എഴുതിയതാണെന്നായിരുന്നു മേജര്‍ രവിയുടെ വാദം. കഥയും തിരക്കഥയും സംഭാഷണവും റെജി മാത്യുവിന്റേതാണെന്ന്് കണ്ടെത്തിയ കോടതി മേജര്‍ രവി ഉള്‍പ്പെടെ പ്രതികളോട് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധി പ്രസ്താവിക്കുകയും ചെയ്ത ു.
Movies
മോഹന്‍ലാല്‍ നായകനായ സിനിമ കര്‍മ്മയോദ്ധയുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതര്‍ക്കത്തില്‍ സംവിധായകന് മേജര്‍ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്നാണ് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ കണ്ടെത്തൽ.
പരാതിക്കാരന് മുപ്പതുലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 13 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചാണ് സിനിമ നിര്‍മിച്ചതെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യല്‍ കോടതി ജഡ്ജി മനീഷ് ഡി.എയുടെ വിധി.
സിനിമയുടെ റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.
ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
മേജര്‍ രവി ഒന്നാം പ്രതിയായിരുന്നു. നിര്‍മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്.വി, സുമേഷ്, റോബിന് എന്നിവരും പ്രതികളായിരുന്നു. കഥ തന്റേതാണെന്ന് മേജര്‍ രവി വാദിച്ചു. സിനിമ രചയിതാക്കളായ മറ്റുപലരോടും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നുമായിരുന്നു മേജര്‍ രവിയുടെ വാദം.
National
ന്യൂഡൽഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്കാണ് 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.
വിമാനം റദ്ദാക്കുമ്പോൾ ഡിജിസിഎ ചട്ടപ്രകാരം യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിനു പുറമേയാണിത്. വരുന്ന 12 മാസത്തിൽ ഏതെങ്കിലും ഇൻഡിഗോ വിമാനയാത്രയ്ക്ക് ഇതുപയോഗിക്കാം. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന വിമാനങ്ങൾക്ക് യാത്രാദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകും.
പ്രവർത്തനം സാധാരണനിലയിലേക്കെത്തിയെന്നും സമയകൃത്യത തിരിച്ചെത്തിയെന്നും ഇൻഡിഗോ അറിയിച്ചു. അടിയന്തര കാരണങ്ങളാലല്ലാതെ യാത്രാദിനത്തിലുള്ള വിമാന റദ്ദാക്കലുകൾ നടത്തുന്നില്ല. സർവീസുകളുടെ എണ്ണം ദിനംപ്രതി മെച്ചപ്പെടുകയാണെന്നും 138 ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരമുള്ള ചികിത്സാക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിനു കന്പനി 66,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
വിഷ്വല്‍ ഇന്റേണല്‍ യൂറിത്രോടോമി (വിഐയു) എന്ന ശസ്ത്രക്രിയയ്ക്കു യൂറിനറി സ്റ്റോണ്‍ ചികിത്സയ്ക്കു നിഷ്കര്‍ഷിച്ച സബ്ലിമിറ്റ് ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും കരാര്‍വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ചാലക്കുടി സ്വദേശിയായ ഐപ്പ് പി. ജോസഫ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇന്‍ഷ്വറന്‍സ് പോളിസിയിലെ വ്യവസ്ഥകള്‍ അവ്യക്തമാണെങ്കില്‍ ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.
മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള പ്രത്യേക പരിധി ഈ ചികിത്സയ്ക്കു ബാധകമാക്കാന്‍ കഴിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇത്തരം നടപടികള്‍ അനീതിയും വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും ഇന്‍ഷ്വറന്‍സ് ഉടമ്പടിക്ക് വിരുദ്ധവുമാണ്.
ഇതു സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാരരീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. വിനു എലിസബത്ത് ശശി കോടതിയില്‍ ഹാജരായി.