തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ് ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
• സംസ്ഥാനത്തെ വിശ്വകർമ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി
• സ്പൈനൽ മസ്കുലാർ അട്രോഫി രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി
• കണ്ണൂർ അന്താരാഷ്ട്ര യോഗ റിസർച്ച് സെന്റർ നിർമാണത്തിനായി രണ്ടു കോടി
• കശുവണ്ടി ഫാക്ടറികളിലെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽ പദ്ധതിക്കായി 10 കോടി
• കക്ക തൊഴിലാളി മേഖലയിലെ സഹായത്തിനായി ഒരു കോടി
• കേരള സ്റ്റേറ്റ് ഡിസൈൻ കൗണ്സിൽ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി25 ലക്ഷം
• പ്രഫഷണൽ സ്റ്റേജ് കലാകാരന്മാരുടെയും നാടക കലാകാരന്മാരുടെയും ക്ഷേമത്തിനായി അഞ്ചു കോടി
• ചെറുകിട വ്യവസായികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിക്കായി ഒരു കോടി
• കണ്ണൂർ ഹജ്ജ് ക്യാന്പിന് ഒരു കോടി
• പരവൂർ ദേവരാജൻ സെന്ററിന് ഒന്നരക്കോടി
• കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന് 20 ലക്ഷം
• പട്ടികജാതി ഉന്നതികളിൽ തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ 10 കോടി
• പട്ടികജാതി പട്ടികവർഗ വ്യവസായ സംരംഭകർക്ക് പലിശ സബ്സിഡി നൽകുന്നതിന് 10 കോടി
• കരകൗശല വികസന കോർപറേഷന് 50 ലക്ഷം
• ഹോർട്ടിമിഷന് ഒരു കോടി
• വിഎഫ്പിസികെയുടെ പ്രവർത്തനങ്ങൾക്ക് അഞ്ചു കോടി
• ലൈബ്രറി കൗണ്സിലിന് അഞ്ചു കോടി
• കോട്ടയം നാഗന്പടം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട പിൽഗ്രിം സെന്ററിന് രണ്ടു കോടി
• കൈത്തറി സഹകരണ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചു കോടി
• കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡ് അധിവർഷ ആനുകൂല്യം നൽകാൻ 50 കോടി
• ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടാൻ പഠനത്തിന് രണ്ടു കോടി
• റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന് ഒരു കോടി
• പാന്പാടി ജോണ് ജോസഫ് പഠന കേന്ദ്രം -രണ്ടു കോടി
• വർക്കല രാഘവൻ സെന്റർ ഫണ്ട് -രണ്ട് കോടി
• മഹാത്മാ കുഞ്ഞൻ വെളുന്പൻ പഠന കേന്ദ്രത്തിന് രണ്ടു കോടി
• ലക്കിടി കിള്ളിക്കുറിശിമംഗലം കുഞ്ചൻ നന്പ്യാർ സ്മാരകത്തിന് അഞ്ചു ലക്ഷം
• പിപിആർഐ റിസർച്ച് സെന്ററിന് 50 ലക്ഷം
• സുകുമാർ അഴീക്കോട് പഠന കേന്ദ്രത്തിന് രണ്ടു കോടി
• കലാമണ്ഡലം സ്പെഷൽ ഗ്രാന്റ് രണ്ടു കോടി
• രാജാരവിവർമ മ്യൂസിയത്തിന് ഒരു കോടി
• കെ.എം. മാണി ഫൗണ്ടേഷന് രണ്ടു കോടി
• പാലാ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആറു കോടി
• പാലാ ഇൻഫോസിറ്റിക്ക് ഏഴു കോടി
• കാസർഗോഡ് തൃക്കരിപ്പൂർ ചന്തേര റെയിൽവേ ഓവർബ്രിഡ്ജ് നിർമാണത്തിന് അഞ്ചു കോടി
• കണ്ണൂർ ഹജ്ജ് ഹൗസ് നിർമാണത്തിന് അഞ്ചു കോടി
• ഗുരുവായൂർ കോട്ടപ്പടി തന്പുരാൻപടി റോഡ് രണ്ട് കോടി
• കടയ്ക്കൽ ചിങ്ങേലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് രണ്ട് കോടി
• കാട്ടാക്കട പോളി ടെക്നിക് നിർമാണത്തിന് അഞ്ചു കോടി
• ചേന്ദംപള്ളി കവല-പന്പ കണക്ടിവിറ്റി റോഡിന് അഞ്ചു കോടി
• വാമനപുരം മിനി സിവിൽ സ്റ്റേഷന് രണ്ടു കോടി
• അരൂർ, തുറവൂർ പഞ്ചായത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ടാങ്ക് നിർമാണത്തിനായി അഞ്ചു കോടി
• കൊല്ലത്തെ അയ്യൻകാളി പ്രതിമ നവീകരണത്തിന് 50 ലക്ഷം
• കാവിലംപാറ പഞ്ചായത്ത് തെങ്ങിൻതൈ നഴ്സറിക്ക് 50 ലക്ഷം
• ചിറ്റാർ അമ്മയും കുഞ്ഞും ആശുപത്രിക്ക് മൂന്നു കോടി
• പൊഴിയൂർ മത്സ്യബന്ധന തുറമുഖത്തിന് അഞ്ചു കോടി
• കൊട്ടംമുറി-തിരുവേഗപ്പുറ പാലത്തിന് അഞ്ചു കോടി
• കോങ്ങാട്-പണ്ടീരിപ്പാല ബൈപാസിന് മൂന്നു കോടി
• കൊട്ടാരക്കര ഐഎച്ച്ആർഡി ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട നിർമാണത്തിന് അഞ്ചു കോടി
• മുളവന-ചാമുണ്ടിമൂല റോഡിന് രണ്ടു കോടി
• കുറ്റ്യാടി പള്ളിയത് പെരുവയൽ റോഡിനു മൂന്ന് കോടി
• പാലത്തറ-മൈലാപുർ റോഡ് വികസനത്തിന് അഞ്ചു കോടി
• മയ്യനാട് ഐടിഐക്ക് സ്ഥലം വാങ്ങാൻ രണ്ടു കോടി
• കണ്ണൂർ വിദ്യാഭ്യാസ കോംപ്ലക്സിന് രണ്ടു കോടി
• വളയം സിഎച്ച്സി നിർമാണത്തിന് ഒരു കോടി
• വൈക്കം നേരേക്കടവ്-മാക്കേകടവ് റോഡ് വികസനത്തിന് അഞ്ചു കോടി
• ദേവികുളം കോടതി സമുച്ചയത്തിന് മൂന്നു കോടി
• ഇടുക്കി ജുഡീഷൽ കോംപ്ലക്സിന് മൂന്നു കോടി
• പൈനാവ് ഐഎച്ച്ആർഡി കോളജിന് ഒരു കോടി
• ചിറ്റൂർ ഭൂമിയേറ്റെടുക്കലിന് 20 കോടി
Tags : Wildlife attacks Compensation damage increased Finance Minister KN Balagopal