National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന്‍ രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു.
പാലം തകര്‍ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
National
ന്യൂഡല്‍ഹി: ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ദുർഗേഷ്(40) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11നാണ് സംഭവം. പൂക്കള്‍ വില്ക്കാന് സഹായിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ സമീപിച്ചത്.
തുടർന്ന് കുട്ടിയെ ഓട്ടോയിൽ പ്രഫ. റാം നാഥ് വിജ് മാര്‍ഗിലെ വനപ്രദേശത്ത് കുട്ടിയെ എത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് മരിച്ചെന്ന് കരുതി ഇയാൾ കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു.
ബോധം വന്ന കുട്ടി പെട്ടന്ന് കുടുംബത്തിനടുത്ത് എത്തി. ശരീരത്തില്‍ നിന്നും രക്തം വരുന്നത് കണ്ട കുടുംബം കുട്ടിയുടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുളള വകുപ്പുകളാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
Kerala
കോന്നി: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്
അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോന്നിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.
കളക്ടർക്കു പുറമേ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർക്കാണ് പരിക്കേറ്റത്.
Kerala
കല്‍പ്പറ്റ: മേപ്പാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടത്തിൽ ഡ്രൈവർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങിയാണ് അപകടമുണ്ടായത്.
മേപ്പാടി സ്വദേശിയായ ഡ്രൈവര്‍ കുട്ടൻ ആണ് മരിച്ചത്. ഡ്രൈവർമാരായ നാലുപേർ ജീപ്പിൽ വിശ്രമിക്കുമ്പോൾ ആണ് അപകടമുണ്ടായത്. മറ്റു മൂന്നു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ കുട്ടനെ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം : വർക്കലയിൽ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവർ മരിച്ചു. കൊല്ലം നെടുങ്ങാവ് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെറു ന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപമായി രുന്നു അപകടം.
കുന്ന് ഇടിച്ചു മാറ്റുന്നതിനിടെ ജെസിബിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടുപോയ അനീഷിനെ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നാഗർകോവിലിൽ പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂരിലാണ് തർക്കമുണ്ടായത്. സരലൂർ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് നടന്ന കലാപരിപാടികൾക്കിടെയാണ് തർക്കമുണ്ടായത്. പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാർ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവർ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കമാണ് കൈയേറ്റത്തിലെത്തിയത്.
സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു. രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ട്.
Kerala
എരുമേലി: ശബരിമല തീർഥാടകരുമായെത്തിയ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിന് അടിയിലാണ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട് പുതുക്കോട്ട സ്വദേശി പ്രശാന്ത് (28) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ എരുമേലി പോലീസ് സ്റ്റേഷന് സമീപം റോഡരികിലുള്ള ചെറിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
ആസ്ത്മ രോഗം വഷളായതിനെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിനെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ തീർഥാടകർ ഉടൻ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ഇയാളെ ഉടൻ തന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശാന്ത് ആസ്ത്മ രോഗിയാണെന്നും ഇൻഹെയിലർ ഉപയോഗിച്ചിരുന്നതായും കുടുംബം പോലീസിനോട് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് ഫോറൻസിക് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു
Kerala
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് മരിച്ചത്. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. പിന്നീട് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പോലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.
നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.
Kerala
കണ്ണൂർ: മുണ്ടേരിയിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എ.പി. സുലൈമാൻ (62) ആണ് മരിച്ചത്.
ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ചു നിർത്താൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു.
ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.
National
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ ഇഡി കണ്ടെത്തിയത് 331.36 കോടി രൂപയുടെ ഇടപാടുകൾ. ഡൽഹിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ.
അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: മദ്യലഹരിയിലായ ഡ്രൈവര്‍ കോഴിക്കോട്ടുനിന്നു ബംഗളൂരുവിലേക്ക് ബസ് ഓടിച്ച സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ ഭാരതി എന്ന പ്രമുഖ കമ്പനിയുടെ ഒരു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്ക്വാഡ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഭാരതി ട്രാവല്‍സിലെ ഡ്രൈവര്‍ യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
ഭാരതി കമ്പനി പ്രതിനിധികള്‍ കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. സെന്തില്‍ എന്ന ആളാണ് ഞായറാഴ്ച ബസ് ഓടിച്ചതെന്നും അയാള്‍ താത്കാലിക ഡ്രൈവറാണെന്നും സ്ഥിരം ജീവനക്കാരനല്ലെന്നുമാണ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹത്തിനെതിരേ തമിഴ്നാട്ടില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
സംഭവം വിവാദമായ സാഹചര്യത്തില്‍, ഭാരതി കമ്പനി കഴിഞ്ഞദിവസം കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ഒരു ബസ് എംവിഡി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. രാഗേഷ് പറഞ്ഞു.
ബസിന്റെ ടയറുകള്‍ തേയ്മാനം സംഭവിച്ചവയായിരുന്നു. എമര്‍ജന്‍സി എക്സിറ്റിലെ ഗ്ളാസ് പൊട്ടിയിട്ടുണ്ട്. മറ്റു ചട്ടലംഘനങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫിറ്റ്നസ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബസിന് കേരളത്തില്‍ റോഡ് ടാക്സ് അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പിഴയും ടാക്സും അടക്കം ഏകദേശം രണ്ടുലക്ഷം രൂപയോളം അടച്ചാല്‍ മാത്രമേ ബസ് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുക്കുകയുള്ളു. സെന്തില്‍ എന്ന ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ ശേഖരിക്കാനും എംവിഡി ശ്രമം നടത്തുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാകുന്ന ഉടന്‍ ബന്ധപ്പെട്ട സ്ഥലത്തെ ആര്‍ടിഒയ്ക്ക്, സെന്തിലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കായി മുന്നൂറോളം ബസ് സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് ഭാരതി. സെന്തിലിന്റെ നടപടി കമ്പനിയെ ബാധിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് കമ്പനി മാനേജര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ കോപ്പി ലഭ്യമാക്കി തുടര്‍ നിയമനടപടി സ്വീകരിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കോഴിക്കോട്ടുനിന്നു ബസ് പുറപ്പെട്ട് അധികം വൈകുന്നതിനു മുമ്പേ യാത്രക്കാര്‍ക്ക് അപാകത അനുഭവപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.സഹായി അമിതമായി മദ്യപിച്ച് ഡ്രൈവറുടെ കാബിനില്‍ ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു.
മൈസൂരു ടോള്‍ പ്ലാസയ്ക്കു സമീപം വണ്ടി നിര്‍ത്തിയപ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസിന്റെ യാത്ര തുടര്‍ന്നത്.
Kerala
പത്തനംതിട്ട: കരിമാൻതോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.
ഓട്ടോ ഡ്രൈവർ രാജേഷിനെതിരെയാണ് കേസെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രാജേഷ്. മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വാഹനം ഓടിച്ചെന്ന് എഫ്ഐആർ.
അതേസമയം, അപകടത്തിൽ എട്ട് വയസുകാരിയായ ആദ്യലക്ഷ്മിയും നാലു വയസുകാരൻ യദു കൃഷ്ണയും മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറി. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
Kerala
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.
പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സ്വദേശി സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് വച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാര്‍ ഉടന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ തന്റെ ഓട്ടോയില്‍ കയറ്റി സജിത്ത്കുമാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടെ കിള്ളിപ്പാലത്തിന് സമീപത്ത് വച്ച് സജിത്ത്കുമാറിന് തലചുറ്റൽ അനുഭവപ്പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന പരിക്കേറ്റ സ്ത്രീയോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സജിത്ത് ഓട്ടോ റോഡരികിലേക്ക് ഒതുക്കി. പിന്നാലെ കുഴഞ്ഞുവീണു.
സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളുമായി പോയ ടാക്സിയാണ് തടഞ്ഞത്.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവം ഓൺലൈൻ ടാക്സി ഡ്രൈവർ ആന്റണി പെരുമ്പള്ളി മൂന്നാർ പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി.
ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞത്.
പിന്നീട് പോലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കിയത്.
NRI
ബ്രസൽസ്: യൂറോപ്പിൽ ഡ്രൈവിംഗ് മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുന്നതിനും ആജീവനാന്ത ലൈസൻസുകൾ അവസാനിപ്പിക്കുന്നതിനുമുള്ള പുതിയ നിയമം പാസായി. പുതിയ ഇയു നിയമത്തിൽ ലൈസൻസുകൾ ഇനി ആജീവനാന്ത സാധുതയുള്ളതല്ല.
യൂറോപ്യൻ യൂണിയൻ നൽകുന്ന ഡ്രൈവിംഗ് ലൈസൻസുകൾ വെറും 15 വർഷത്തേക്ക് സാധുതയുള്ളതാക്കുന്ന ഒരു പുതിയ നിയമം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. പുതുക്കുന്നതിന് മുമ്പ് ഡ്രൈവർമാർ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർബന്ധമാക്കുന്നു.
ഡ്രൈവർമാർക്ക് നിർബന്ധിത മെഡിക്കൽ പരിശോധന നടത്തണമെന്നതിൽ വർഷങ്ങളായി ഇയുവിൽ ചർച്ച നടക്കുന്നുണ്ട്. പ്രായമായ ഡ്രൈവർമാർ ഇപ്പോഴും സുരക്ഷിതമായി വാഹനമോടിക്കാൻ യോഗ്യരാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് അഭിഭാഷകർ പറയുന്നു.
ഒക്ടോബർ 21ന് യൂറോപ്യൻ പാർലമെന്റിലെ എംപിമാർ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങളുടെ ഒരു പാക്കേജ് അംഗീകരിക്കുന്നതിന് വോട്ട് ചെയ്തു.
നിലവിൽ, എല്ലാ വർഷവും ഏകദേശം 20,000 പേർക്ക് യൂറോപ്യൻ യൂണിയൻ റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്നു. 2050 ആകുമ്പോഴേക്കും റോഡ് അപകടം മൂലമുള്ള മരണങ്ങൾ പൂജ്യമാക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നു.
ലൈസൻസ് നഷ്ടപ്പെടുന്ന ഡ്രൈവർമാർക്ക് യൂറോപ്യൻ യൂണിയൻ വ്യാപകമായ വിലക്കുകൾ ഏർപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ രാജ്യങ്ങൾ ആജീവനാന്ത ലൈസൻസുകൾ നൽകുന്ന രീതിയും അവസാനിപ്പിക്കും.
പകരം ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്ത് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും, തുടർന്ന് ഡ്രൈവർമാർ അത് പുതുക്കേണ്ടതുണ്ട്.
എന്നിരുന്നാലും, ലൈസൻസ് പുതുക്കുന്നതിന് രാജ്യങ്ങൾ ഒരു മെഡിക്കൽ പരിശോധന കൂടി ചേർക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദേശിക്കുമ്പോൾ, പുതുക്കുന്നതിനുള്ള കൃത്യമായ പ്രക്രിയയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഓരോ രാജ്യത്തിനും അവകാശപ്പെട്ടതാണ്.
ഉദാഹരണത്തിന്, മെഡിക്കൽ പരീക്ഷയ്ക്ക് പകരം സ്വയം വിലയിരുത്തൽ ഫോമുകളോ ദേശീയ തലത്തിൽ രൂപകൽപന ചെയ്ത മറ്റ് വിലയിരുത്തൽ സംവിധാനങ്ങളോ ഉപയോഗിക്കാൻ അവർക്ക് തെരഞ്ഞെടുക്കാം.
65 വയസിനു മുകളിലുള്ള ഡ്രൈവർമാർക്ക് കൂടുതൽ തവണ മെഡിക്കൽ പരിശോധനകളും റിഫ്രഷർ കോഴ്സുകളും നടത്തുന്നതിന് സാധുത കാലയളവ് കുറയ്ക്കാനും കഴിയും. വീണ്ടും, ഇത് ഓരോ രാജ്യത്തിനും ഇഷ്ടമുള്ളതായിരിക്കും.
ഓരോ ഇയു അംഗരാജ്യത്തിനും ഇപ്പോൾ അവർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രക്രിയ തീരുമാനിക്കാനും സിസ്റ്റം അവതരിപ്പിക്കാനും മൂന്ന് വർഷമുണ്ട്. ചില ഇയു രാജ്യങ്ങൾ ഇതിനകം തന്നെ പ്രായമായ ഡ്രൈവർമാർക്ക് മെഡിക്കൽ പരിശോധനകൾ ആവശ്യപ്പെടുന്നു.
അതേസമയം, യുകെ പോലുള്ള യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ പ്രായമായ ഡ്രൈവർമാർ ലൈസൻസ് പുതുക്കണമെന്ന് ആവശ്യപ്പെടുന്നു, പക്ഷേ മെഡിക്കൽ പരിശോധന ഏർപ്പെടുത്തുന്നില്ല.
നെതർലൻഡ്സ്, ഡെൻമാർക്ക്, സ്പെയിൻ, ഇറ്റലി, ഫിൻലാൻഡ്, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നിവയെല്ലാം ലൈസൻസ് നിലനിർത്തുന്നതിന് പ്രായമായ ഡ്രൈവർമാർ വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നു.
പരിശോധന പ്രായം 50 മുതൽ 70 വരെ വ്യത്യാസപ്പെടുന്നു. അതേസമയം, ബെൽജിയം എല്ലാ പ്രായത്തിലുമുള്ള ഡ്രൈവർമാർക്കും പതിവ് പരിശോധനകൾ ആവശ്യമാണ്. ഇത് 2028 മുതൽ നടപ്പിലാക്കും.
ഇയുവിലുടനീളം, കാറുകളുടെയും മോട്ടർ സൈക്കിളുകളുടെയും ഡ്രൈവിംഗ് ലൈസൻസുകൾക്ക് 15 വർഷത്തേക്ക് സാധുതയുണ്ടാകും. അതേസമയം ട്രക്ക്, ബസ് ലൈസൻസുകൾക്ക് അഞ്ച് വർഷത്തേക്ക് സാധുതയുണ്ടാകും.
കൂടാതെ, ഗുരുതരമായ ഗതാഗത ലംഘനങ്ങൾ ഇയുവിലുടനീളം ഡ്രൈവിംഗ് നിരോധനത്തിലേക്ക് നയിക്കും. ഏറ്റവും പുതിയത് 2030ഓടെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ആസൂത്രണം ചെയ്തിട്ടുണ്ട്.
1999നും 2001നും ഇടയിൽ നൽകിയ ഡ്രൈവിംഗ് ലൈസൻസുകൾക്ക് നിലവിൽ ഒരു കൈമാറ്റ കാലയളവ് ഉണ്ട്. ഇവ 2026 ജനുവരി 19നകം കൈമാറ്റം ചെയ്യണം.
യൂറോപ്യൻ യൂണിയനിലുടനീളം മാറ്റങ്ങൾ സാധുത: ക്ലാസ് എ, ബി ഡ്രൈവിംഗ് ലൈസൻസുകൾ (മോട്ടർ സൈക്കിളുകളും കാറുകളും) 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതേസമയം, ട്രക്ക്, ബസ് ലൈസൻസുകൾ (ക്ലാസുകൾ സി, ഡി) അഞ്ച് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.
ഡ്രൈവിംഗ് നിരോധനങ്ങൾ
മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത പോലുള്ള ഗുരുതരമായ ലംഘനങ്ങൾ യൂറോപ്യൻ യൂണിയനിലുടനീളം നിരോധിക്കും.
ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് 2030ഓടെ യൂറോപ്യൻ യൂണിയനിലുടനീളം ഒരു ഏകീകൃത ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് അവതരിപ്പിക്കും.
ജർമനിയിലെ ലൈസൻസ് നിയമങ്ങളിലും മാറ്റം
ജർമനിയിലെ പുതിയ ഡ്രൈവിംഗ് ലൈസൻസ് ചട്ടങ്ങളിൽ ക്ലാസ് ബി ലൈസൻസ് ഉപയോഗിച്ച് 4.25 ടൺ വരെ ഭാരമുള്ള മോട്ടർഹോമുകൾ ഓടിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടുന്നു. മുമ്പ്, പരിധി 3.5 ടൺ ആയിരുന്നു.
ജർമനി - നിർദ്ദിഷ്ട മാറ്റങ്ങൾ മോട്ടർഹോമുകൾ: 2028 മുതൽ, ക്ലാസ് ബി ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് അനുവദനീയമായ പരമാവധി ഭാരം 4.25 ടൺ ഭാരമുള്ള മോട്ടർഹോമുകൾ ഓടിക്കാൻ സാധിക്കും. മുൻപ്, പരിധി 3.5 ടൺ ആയിരുന്നു. ∙
ട്രക്കുകൾ/ബസുകൾക്കുള്ള പ്രായപരിധി: ട്രക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ൽ നിന്ന് 18 വർഷമായി കുറയ്ക്കും. ബസ് ഡ്രൈവിംഗ് ലൈസൻസിന്, പ്രായപരിധി 24 ൽ നിന്ന് 21 വർഷമായി കുറയ്ക്കും.
National
ബെംഗളുരു: നടുറോഡിൽ യാത്രക്കാരിയെ അപമാനിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് പിജിയിലേക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.
നവംബർ ആറിന് നടന്ന സംഭവം യുവതി സാമൂഹിക മാധ്യമ അക്കൗണ്ട് വഴി വിവരിച്ചതോട പോലീസ് കേസെടുക്കുകയായിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് ബൈക്ക് ടാക്സി ആപ്പായ റാപിഡോ വ്യക്തമാക്കി. സവാരിക്കെത്തിയ ഡ്രൈവർ യാത്രയ്ക്കിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയായിരുന്നു. യുവതി വിലക്കിയെങ്കിലും ഡ്രൈവർ പിന്മാറിയില്ല.
സ്ഥലപരിചയം കുറവായതിനാൽ യുവതി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തിയ യുവതി കരഞ്ഞതോടെ വഴിയാത്രക്കാരൻ ഇടപെട്ടതോടെ ഇയാൾ മാപ്പു ചോദിക്കുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞു. എന്നാൽ യാത്ര തിരിച്ചതിന് പിന്നാലെ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
സംഭവം വീഡിയോ സഹിതം യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കേസെടുത്ത ബെംഗളൂരു പോലീസ്, ബൈക്ക് ടാക്സി ഡ്രൈവർ ലോകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
District News
ചിങ്ങവനം: കടുവാക്കുളത്ത് റിട്ടേണ്‍ ചാര്‍ജിന്റെ പേരില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി. ഞായറാഴ്ച രാത്രി ഒന്‍പതിന് കടുവാക്കുളം, ചൂളക്കവലയിലാണ് ആക്രമണം നടന്നത്.
ഓട്ടം കഴിഞ്ഞു തിരികെ കടുവാക്കുളത്തേക്ക് വരികയായിരുന്ന ഓട്ടോയ്ക്കു കൈകാണിച്ചു കയറിയ അച്ഛനും മകനും ചൂളക്കവലയില്‍ ഇറങ്ങിയ ശേഷം 20 രൂപ നല്‍കുകയും ബാക്കി 10 രൂപ വേണമെന്നാവശ്യപ്പെട്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും പറയുന്നു.
അതുവഴി വന്ന മറ്റൊരു ഓട്ടോഡ്രൈവര്‍ പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഇരുവര്‍ക്കും മര്ദനമേല്ക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. പരിക്കേറ്റ ഓട്ടോഡ്രൈവർമാർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.
ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചവരെയായിരുന്നു ഓട്ടോറിക്ഷാ പണിമുടക്ക്.