NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ വൈസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ ഭാര്യ ഡാളസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182).
മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.
Kerala
കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം കളമശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
സൂരജ് ലാമയുടെ മകന് സാന്റൺ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
അതേസമയം, സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നും ഭാര്യ റിനി ലാമ പ്രതികരിച്ചു. ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ കൃത്യമായി പരിചരിച്ചില്ലെന്നും അവര്‍ ആവശ്യമായ സഹായം നല്കിയിരുന്നെങ്കില് സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും റിനി ലാമ കൂട്ടിച്ചേർത്തു.
ആശുപത്രിക്കെതിരേ പരാതി നല്‍കും. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടു.
കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡി പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.
ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സാന്റൺ ലാമ പ്രതികരിച്ചിരുന്നു.
District News
കോട്ടയം: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെയും യുവതിയുടെയും സംസ്കാരം നടത്തി. വെട്ടത്തുകവല പനംതാനത്ത് നന്ദകുമാര്‍ (22), വാരിശേരി മര്യാത്തുരുത്ത് കൈതാരം ആസിയ തസ്മി (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല് ഹോട്ടലിലെ 202ാം നമ്പര്‍ മുറിയിലാണ് ഇരുവരെയും ഒരു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്.
വെള്ളിയാഴ്ച ഇരുവരെയും മുറിയില്‍നിന്നു പുറത്ത് കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
National
ബംഗുളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഞായറാഴ്ച. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.
ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അതേസമയം, പോലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
NRI
പത്തനംതിട്ട: യുകെയിലെ സ്റ്റീവനേജിൽ നിന്നും ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷിക പ്രാർഥനയിൽ പങ്കെടുക്കാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ച ജേക്കബ് ജോർജിന് (ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
റവ. സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അന്ത്യോപചാര കർമങ്ങളിൽ റവ. വി.ടി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം. തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി.എം. സക്കറിയ, റവ.ജോൺ തോമസ് എന്നീ വൈദികർ സഹകാർമികരായി.
യുകെയിലെ സ്റ്റീവനേജിൽ നിന്നും പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികൾ അടക്കം ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാൻ എത്തി.
NRI
നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്‍ത്താംപ്ടണില്‍ അന്തരിച്ച ഡോ. ഷാജി ജോസഫിന് (68) തിങ്കളാഴ്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമാണ്.
നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായിരുന്നു. ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യുകെയിലുമായി ഹോമിയോ പ്രാക്ടീസ് നടത്തിയിരുന്നു.
നോർത്താംപ്ടണിലെ ദ കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ തിങ്കളാഴ്ച രാവിലെ 11ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പൊതുദർശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം കിംഗ്സ്തോര്‍പ്പ് സെമിത്തരിയില്‍ എത്തിച്ച് ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.
ഭാര്യ മിനി ഷാജി (ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗം, നോർത്താംപ്ടൺ ഹോസ്പിറ്റൽ സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നഴ്സ്). ഷെല്വിന്, ഷോല്സിന് എന്നിവർ മക്കളും ഹെലന ഷെല്വിന് മരുമകളുമാണ്.
കുടുംബനാഥന്റെ ആകസ്മിക മരണം ദു8ഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും സഹായവുമായി വൈദികരായ ഫാ. സെബാസ്റ്റ്യന്‍, ഫാ. ബെന്നി, മലയാളി സമൂഹം, ബന്ധുമിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയർ ഒപ്പമുണ്ട്.
ഷാജി ജോസഫിന് വിടചൊല്ലുവാനും പ്രാർഥനകൾ നേരുവാനും കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM).
Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM ).
Kerala
ചെങ്ങന്നൂർ: അന്തരിച്ച കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടത്തിന്റെ (80) സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ചെങ്ങന്നൂർ കല്ലിശേരിയിലെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം 2.30ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ഡോ. മാത്യൂസ് മാർ തിമോത്തിയോസു മുഖ്യകാർമികത്വം വഹിക്കും.
കെഎസ്സിയുടെ സ്ഥാപക നേതാവായ തോമസ് കുതിരവട്ടം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1980ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും കേരള നിയമസഭയിലേക്കെത്താനായില്ല. 1984 മുതൽ 1991 വരെ കേരള കോൺഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു.
1964ൽ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചതിന് പിന്നാലെ തോമസ് കുതിരവട്ടം ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ചേർന്ന യോഗത്തിലാണ് കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് രൂപീകരിക്കുന്നത്.
മകൻ ജോണി കുതിരവട്ടം കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ അംഗമാണ്. 2024 ഒക്ടോബറിൽ ചങ്ങനാശേരിയിൽ നടന്ന കെഎസ്സി സ്ഥാപക നേതാക്കളുടെ സംഗമത്തിലാണ് ഒടുവിലായി പങ്കെടുത്തത്.
District News
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ശില്പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫിന്റെ (77) സംസ്കാരം ഇന്ന്. ഞായറാഴ്ച തിരുവനന്തപുരത്തായിരുന്നു ശില്പി സാബു ജോസഫിന്റെ അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. നാലാഞ്ചിറ നവജീവന്‍ ബഥനി സ്കൂളിന് എതിര്‍വശത്തുള്ള കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ വീട്ടിലാണു നാലു പതിറ്റാണ്ടോളമായി സാബു താമസിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് മരുമകന്റെ എറണാകുളത്തുള്ള വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിറ്റേദിവസം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്നു രാവിലെ 10.30ന് മണ്ണന്തല റാണിഗിരി പള്ളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12ന് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം നാലാഞ്ചിറ സെമിത്തേരിയില്‍ സംസ്കരിക്കും.
സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനായ സാബു പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ സഹോദരന് കൂടിയാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആന്‍ ട്രീസ അല്‍ഫോന്‍സ് (യുകെ), റോസ്മേരി അന്റണി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്സി, തൃശൂര്‍). മരുമക്കള്‍: പ്രവീണ്‍ അല്‍ഫോന്‍സ് ജോണ്‍ പിട്ടാപ്പള്ളി, ആന്റിണി ജോസ് കോണിക്കര.
കേരളത്തില്‍ പലയിടത്തും തലയുയര്‍ത്തി നില്ക്കുന്ന പ്രതിമകള്‍ സാബു ജോസഫിന്റെ സൃഷ്ടിയാണ്. കോട്ടയം നഗരത്തിലെ പി.ടി. ചാക്കോ, ബെഞ്ചമിന്‍ ബെയ്ലി, തിരുവനന്തപുരം നഗരത്തിലെ സി.കേശവന്, അക്കാമ്മ ചെറിയാന്, മൂവാറ്റുപുഴയിലെ കെ.എം. ജോര്‍ജ് തുടങ്ങിയ പ്രതിമകള്‍ ഇതില്‍ പ്രധാനമാണ്.
വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, വൈദ്യരത്നം പി.എസ്.വാരിയര്‍, സംവിധായകന് കുഞ്ചാക്കോ, കോട്ടയം രൂപത മുന്‍ ബിഷപ് മാര്‍ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള, വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള തുടങ്ങിയ പ്രതിമകളും സാബു ജോസഫിന്റെ സൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. ഫോട്ടോയോ രൂപമോ പകര്‍ത്തുക എന്നതിലപ്പുറം, ആ വ്യക്തിയുടെ സ്വഭാവവും ആത്മാവും പ്രതിമയില്‍ പകര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സാബു ജോസഫ് പറഞ്ഞിട്ടുണ്ട്.
പഴയ ചിത്രങ്ങളുടെയും ഭാവനയുടെയും അടിസ്ഥാനത്തിലാണ് അക്കമ്മ ചെറിയാന്റെ സഹോദര പുത്രന് കൂടിയായ സാബു അക്കമ്മ ചെറിയാന്റെ പ്രതിമ 1990 ഒക്ടോബറില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചത്. കരയന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് വലതുകാല്‍ മുന്നോട്ടുവച്ച് കൈ പിന്നില്‍ക്കെട്ടി പിന്‍കാലിലൂന്നി നില്ക്കുന്ന സി. കേശവന്റെ പ്രതിമ തിരുവനന്തപുരത്തെ പ്രതിമകളില്‍ പ്രധാനമാണ്. സി.കേശവന്റെ പൂര്‍ണകായ പ്രതിമ മ്യൂസിയം ജംഗ്ഷനില്‍ സ്ഥാപിച്ചത് 1995-ല്‍ ആണ്.
ശില്പകലയില് മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്നിന്ന് ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് ഒന്നാം റാങ്കോടെയാണ് പാസായി. കെ.സി.എസ്.പണിക്കര്‍, ധനപാലന് എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ശില്പകലാ പഠനം പൂര്‍ത്തിയാക്കിയത്.
Kerala
പത്തനംതിട്ട: അടൂരിൽ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്.
ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും.
Kerala
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ നടക്കും. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പൊതുദർശനം പൂർത്തിയാക്കി ഭൗതീക ശരീരം ആലുവയിലെ വീട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ ഒമ്പത് വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്തിന് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടക്കും.
ചൊവ്വാഴ്ച കളമശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി.രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലീം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
NRI
ഡാളസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു.
കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ വേക്ക് സര്‍വീസും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഗാര്‍ലൻഡ് സെന്റ് തോമസ് അപ്പസ്തോലിക് ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ഗാര്‍ലൻഡ് സെക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിൽ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാകും.
നാലു ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച അവർ ഡാളസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍. ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അന്തരിച്ച പ്രശസ്ത നടന് ജയന് ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിര്‍മിച്ചത് സി.എല്‍. ഫ്രാന്‍സീസാണ്.
ഡാളസ് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാന്‍സീസ് ഡാളസ് സെന്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോമിയോ ഫ്രാന്‍സീസ് - 972 897 8063, ബോബി ഫ്രാന്‍സീസ് - 214 535 4746.
Kerala
കോട്ടയം: സിഎംഐ സന്യാസസമൂഹം കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാംഗമായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ സിഎംഐ (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുമ്മറ്റം (പുതുപ്പള്ളി) സെന്റ് ആന്റണീസ് പള്ളിയിൽ.
ചെറുവാണ്ടൂർ കൊച്ചുപുരയ്ക്കൽ പരേതരായ ഫിലിപ്പ്-മേരി ദന്പതികളുടെ മകനാണ്. അന്നമ്മ സെബാസ്റ്റ്യൻ മണിയൻചിറ, പരേതരായ ജോസഫ് മങ്ങാട്ട്, ഫാ. ചെറിയാൻ കൊച്ചുപുരയ്ക്കൽ സിഎംഐ, വർഗീസ്, സിസ്റ്റർ ഫിലിപ്പ, ജോയി ചെറുവാണ്ടൂർ എന്നിവർ സഹോദരങ്ങളാണ്.
ദീപിക സൺഡേ സപ്ലിമെന്റ് എഡിറ്റർ, പരസ്യവിഭാഗം മാനേജർ, കോട്ടയം ദീപിക ബുക്ക് ഹൗസ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യൻ അമേരിക്കയിൽ ദീർഘകാലം അജപാലനശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
സിഎംഐ സമൂഹത്തിന്റെ അമേരിക്ക-കാനഡ മിഷന്റെ ജനറൽ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
Movies
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.
NRI
പത്തനംതിട്ട: നെടുമ്പ്രം മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ അന്നമ്മ ഏബ്രഹാം (കുഞ്ഞുമോൾ - 85) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11.30ന് നെടുമ്പ്രം ക്രിസ്തോസ് ദേവാലയത്തിൽ നടക്കും.
പരേത മുളക്കുഴ ഇരട്ടക്കുളങ്ങര കുടുംബാംഗമാണ്. പരേതനായ സി.ഐ. ഏബ്രഹാമാണ് ഭർത്താവ്. കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഭർതൃ സഹോദരനാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. 10.30ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ദേവാലയത്തിൽ കൊണ്ടുവരും.
മക്കൾ: അനിൽ സി. ഇടിക്കുള, ബ്ലസൻ സി. തോമസ്. മരുമക്കൾ: സിന്ധു അനിൽ (മണ്ണൂക്കാട്ടൂർ, മീനടം), അനിത ബ്ലസൻ (പുളിമൂട്ടിൽ, ഓമല്ലൂർ).
Kerala
പുൽപ്പള്ളി: വണ്ടിക്കടവിൽ ശനിയാഴ്ച ഉച്ചയോടെ കടുവ കൊന്ന ദേവർഗദ്ദയിലെ ഉന്നതിയിലെ കൂമന്റെ (65) മൃതദേഹം ഇന്നലെ ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ, വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ബന്ധുക്കൾ അനുമതി നൽകിയ മുറയ്ക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽ കൂമന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
വൈകുന്നേരം നാലലോടെ ബന്ധുക്കൾക്ക് ഏറ്റുവാങ്ങിയ മൃതദേഹം പോലീസ് അകന്പടിയിലാണു വീട്ടിൽ എത്തിച്ചത്. പൊതുദർശനത്തിനുശേഷം രാത്രി ഏഴോടെയായിരുന്നു സംസ്കാരം. സംഘർഷാവസ്ഥ കണക്കിലെടുത്ത് അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു.
സംസ്കാരച്ചടങ്ങുകൾക്കു ശേഷം കുടുംബാംഗങ്ങൾക്കു വനം വകുപ്പ് ആറു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കൂമന്റെ മൃതദേഹം ശനിയാഴ്ച താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോയപ്പോൾ ബന്ധുക്കളെ ഒപ്പം കൂട്ടിയിരുന്നില്ല.
ഇത് കനത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തുവന്ന് ആവലാതികൾ പരിഹരിച്ചശേഷമേ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകൂ എന്ന നിലപാടും ബന്ധുക്കൾ സ്വീകരിച്ചു.
ഇന്നലെ രാവിലെ എഡിഎമ്മിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ജില്ലാ കളക്ടർ രണ്ട് ദിവസത്തിനകം ഉന്നതി സന്ദർശിക്കുമെന്ന് കൂമന്റെ ബന്ധുക്കൾക്ക് എഡിഎം ഉറപ്പുനൽകി.
Kerala
കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന് ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.
കലാസൃഷ്ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ദീർഘകാലമായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: അന്തരിച്ച ശ്രീനിവാസന്റെ സംസ്കാരം ഞായറാഴ്ച. ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ പത്തിനാണ് സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ ( 65) അന്തരിച്ചു. ബംഗുളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നാളെ രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിനു
സമീപമുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും.
അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാര്യ :റീത്ത. മക്കൾ :ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.
Kerala
കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന് (നാല്) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്മദന്റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Kerala
കണ്ണൂർ: പയ്യന്നൂരിൽ ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസർ(ബിഎൽഒ) അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചു.
പള്ളിമുക്ക് ലൂർദ്മാതാ കത്തോലിക്ക പള്ളിയിലാണ് സംസ്കാരം നടന്നത്. പയ്യന്നൂർ എംഎൽഎ മദുസൂദനൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
അതേസമയം, ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നു. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.
Kerala
കൊല്ലം: തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം ശനിയാഴ്ച നടക്കും. വൈകുന്നേരം നാലോടെയായിരിക്കും സംസ്കാരം.
മൃതദേഹം രാവിലെ 10ന് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. മിഥുന്റെ അമ്മ സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് വിവരം.
നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറിന് കുവൈറ്റിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈറ്റിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ശനിയാഴ്ച രണ്ടോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്നും ബന്ധുക്കൾ അറിയിച്ചു.