പത്തനംതിട്ട: അടൂരിൽ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്.
ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും.
Tags : boy death adoor hospital funeral