Kerala
വാഴൂർ: ചെങ്കല്ലിനു സമീപം നിർമാണത്തിലിരിക്കുന്ന വീടിനു മുകളിൽനിന്നു വീണ കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി തേവർകാട്ടിൽ ശ്രീകുമാർ (മുരുകൻ-56) ആണ് മരിച്ചത്.
ചെങ്കൽ ഈറ്റത്തോട്ടത്തിൽ ബിനീഷിന്റെ വീടിനു മുകളിൽ നിന്നാണ് ശ്രീകുമാർ വീണത്. ഇന്നലെ രാവിലെ മറ്റ് ജോലിക്കാർ എത്തിയപ്പോൾ ശ്രീകുമാറിനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. രണ്ടാം നിലയിൽനിന്നു കാൽ തെറ്റി വീണതാണെന്ന് കുരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ബിജി. മക്കൾ: അച്ചു, അമ്മു.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.
വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങയവർ നേതൃത്വം നൽകി.
Kerala
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
റഷീദ് ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.
റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന "സേവ് അമേരിക്ക ആക്ട്' അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.
ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിരായി 213 വോട്ടുകളും ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ഈ ബില്ലിനെ ഹെൻറി ക്യൂല്ലർ എന്ന ഒരു ഡെമോക്രാറ്റിക് അംഗം മാത്രമാണ് പിന്തുണച്ചത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൗരത്വ രേഖയും വോട്ട് ചെയ്യാൻ ഫോട്ടോ ഐഡിയും നിർബന്ധമാക്കുക വഴി തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കുക എന്നതാണ് റിപ്പബ്ലിക്കൻമാരുടെ വാദം. ഏകദേശം 80 ശതമാനം ജനങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ബില്ല് അവതരിപ്പിച്ച ചിപ്പ് റോയ് പറഞ്ഞു.
∙ ഡെമോക്രാറ്റുകളുടെ നിലപാട് വോട്ടിംഗ് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇത് വോട്ട് ചെയ്യുന്നതിൽ നിന്ന് സാധാരണക്കാരെ തടയുന്ന 'ജിം ക്രോ കാലഘട്ടത്തിലെ' നിയന്ത്രണങ്ങൾക്ക് സമാനമാണെന്ന് സെനറ്റിലെ മൈനോറിറ്റി ലീഡർ ചക് ഷുമർ വിമർശിച്ചു.
ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വരും. സെനറ്റിൽ ബിൽ പാസാക്കിയെടുക്കാൻ റിപ്പബ്ലിക്കൻമാർ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.
National
ഇബ്രാഹിംപട്ടണം: ആന്ധ്രപ്രദേശ് മുൻ മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജോഗി രമേഷിന്റെ വീട് ഒരു സംഘം ആക്രമിച്ചശേഷം കത്തിച്ചു. എൻടിആർ ജില്ലയിലെ ഇബ്രാഹിംപട്ടണത്താണു സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസിപി ഗുർഗ റാവു പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായി അന്പാട്ടി രാമറാവുവിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു.
National
മുബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈ ജുഹുവിലെ വീടിന് മുന്നിൽ വെടിവയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
ജുഹുവിലെ നടന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
Kerala
ആലപ്പുഴ: ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് മോഷണം. 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പടെ ഉള്ള വസ്തുക്കളും മോഷ്ടാക്കൾ കവർന്നു. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പാസ്പോർട്ട് ഉൾപ്പടെയുള്ള വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, ഇന്ത്യൻ വിപണിയിൽ 30,000 രൂപ വരുന്ന 25 യുകെ പൗണ്ട് എന്നിവ സൂക്ഷിച്ച ബാഗ് ഉൾപ്പടെയാണ് കാണാതായത്.
അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് കവർച്ച. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തില്‍ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.
വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങൾ ആണ് നഷ്ടമായത്.
വീടും സ്ഥലവും നന്നായി നിരീക്ഷിച്ചുവന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ വെള്ളൂരിലെ വീടിന് മുൻപിൽ സിപിഎം പ്രതിഷേധ പ്രകടനം. ഭീഷണിയും അസഭ്യ പ്രയോഗങ്ങളും നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പോലീസ് സ്ഥലത്തെത്തി.
പ്രകടനം നടത്തിയ സമയത്ത് കുഞ്ഞികൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പയ്യന്നൂർക്ക് പോയെന്നാണ് എന്നാണ് വിവരം.
പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ളാദ മുദ്രാവാക്യം വിളിക്കുകയും വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
Kerala
പാലക്കാട്: മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വീട്ടിലെ വാടകക്കാരായ രണ്ടു പേർക്കും ടിപ്പർ ഡ്രൈവർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറിനാണ് അപകടമുണ്ടായത്. കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ് (33), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെനാണു പ്രാഥമിക വിവരം. പള്ളിക്കുറുപ്പ് ഭാഗത്തു നിന്നു മണ്ണാർക്കാട് ഭാഗത്തേയ്ക്കു വരുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ടു റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മുൻഭാഗം തകർന്നു.
District News
വടകര: കുട്ടോത്ത് ബാങ്ക് റോഡിന് സമീപം തൊഴിലാളി മുക്കില്‍ വീട് കത്തിനശിച്ചു. കുഴിപ്പറമ്പത്ത് ദീപുവിന്റെ വീടിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തീപിടിച്ചത്. മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വടകര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി.സ്റ്റേഷന് ഓഫീസര്‍ കെ.എം. ഷമേജ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സംഘമെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
District News
വൈക്കം: വൈക്കം സബ് രജിസ്ട്രാർ ഓഫീസിന്റെ പിന്നിലെ മതിൽ കാലപ്പഴക്കത്താൽ തകർച്ചാഭീഷണയിൽ. 35 വർഷം മുമ്പ് കരിങ്കൽ കെട്ടിനു മീതെ ചെങ്കല്ലും ഇഷ്ടികയും ഉപയോഗിച്ച് നിർമിച്ച ഉയരമുള്ള മതിലിന്റെ തെക്കേ അറ്റം പത്തു മീറ്ററോളം ഭാഗം ഇടിഞ്ഞുവീണു.
ഓഫിസിനു പിന്നിലെ മതിലിന്റെ വടക്കുഭാഗത്ത് മതിൽ അടിഭാഗം വിണ്ടടർന്ന് മതിൽ ചാഞ്ഞനിലയിലാണ്. ഈ ഭാഗത്ത് നിൽക്കുന്ന വൻമരം മഴ ശക്തമായാൽ കടപുഴകി വീഴാൻ സാധ്യതയേറെയാണ്. മരത്തിനൊപ്പം മതിൽ ഇടിഞ്ഞുവീണാൽ താഴ്ന്ന ഭാഗത്തെ വീട്ടിലെ വയോധികരടക്കമുള്ള കുടുംബാംഗങ്ങൾ അപകടത്തിൽപ്പെടും.
പകലും രാത്രിയും അപകടഭീതിയാൽ ഭീതിയിലാണ് നിർധന കുടുംബം. വൻ ദുരന്തത്തിന് ഇടയാക്കുന്ന തകർച്ചാഭീഷണിയിലായ മതിൽ പൊളിച്ചുനീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ബംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്
ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തി.
സ്വർണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടെന്നും ഏകദേശം 60-70 ലക്ഷം രൂപ വിലയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നു. കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് ആന കൊന്പുകൊണ്ട് കുത്തിത്തകർത്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം വാവേലിയിൽ ജനവാസ മേഖലയിൽ എത്തിയത്. ആറ് ആനകൾ ഉണ്ടായിരുന്നു.
സംഭവസമയം അനീഷിന്റെ മാതാവ് ഓമന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടത്തിലും ആനക്കൂട്ടം നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തിനെതിരേ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Kerala
കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു.
ഇന്നു പുലർച്ചയോടെ മൂന്നോടെയാണ് ആറ് ആനകൾ കൂട്ടത്തോടെ വാവേലിയിലെ ജനവാസ മേഖലയിൽ എത്തിയത്. അതിൽ ഒരാനയാണ് അനീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടവും ആനക്കൂട്ടം നശിപ്പിച്ചു.
കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രഞ്ച് നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
മട്ടന്നൂർ: അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 10 പവൻ സ്വർണാഭരണങ്ങളും 10000 രൂപയും കവർന്ന സംഭവത്തിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കല്യാണത്തട്ടിപ്പുകാരനായ പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പോലീസ് പിടികൂടിയത്. മോഷണശേഷം കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിനു ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻ ഭാഗത്തും പിൻ ഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്തു മോഷ്ടാവ് കൊണ്ടുപോയി. എന്നാൽ ഒരു സിസിടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
District News
നീണ്ടൂർ: വീടിന് തീ പിടിച്ചപ്പോൾ പഞ്ചായത്ത് മെംബർമാർ നേരിട്ടു രക്ഷാപ്രവർത്തനത്തിനിറങ്ങിയത് ശ്രദ്ധേയമായി. നീണ്ടൂർ പഞ്ചായത്ത് 14-ാം വാർഡിൽ തൊട്ടിയിൽ സുകുമാരന്റെ ആൾത്താമസമില്ലാത്ത വീടിനാണ് തീ പിടിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെംബർ അരുൺ ബാബുവിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ പ്ലാത്താനത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാർ ചേർന്നു തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി തീ പൂർണമായി അണച്ചു.
Kerala
കോഴിക്കോട്: വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു.
ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർജെഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Kerala
ഉളിക്കൽ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.
ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്റെ മുച്ചക്ര വാഹനത്തിൽ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉൾപ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീട്ടിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Kerala
കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ സ്ഫോടക വസതു എറിഞ്ഞു. കാനായി സ്വദേശി പി.കെ. സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി രാത്രി 11.30 ഓടെയാണ് സംഭവം.
പി.കെ. സുരേഷ് നഗരസഭയിലെ ഒമ്പതാം വാർഡിൽ മത്സരിച്ചിരുന്നു. സ്ഫോടക വസ്തുക്കൾ എറിയുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.
Kerala
തൊടുപുഴ: ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ കാട്ടാന വീടു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മലയിഞ്ചി കാക്കരയാനിക്കല്‍ ചന്ദ്രന്റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. മലയിഞ്ചി പുഴയ്ക്ക് അക്കരെയുള്ള ഭാഗത്താണ് സംഭവമുണ്ടായത്.
വേളൂര്‍ ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമായ ഇവിടെ പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ്. വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കാട്ടാന ആക്രമണം ഉണ്ടാകുമ്പോള്‍ ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ മറ്റൊരു മേഖലയില്‍ ജോലിക്കായി പോയിരിക്കുകയായിരുന്നു.
Kerala
പെരുമ്പാവൂര്‍: ചേരാനല്ലൂരില്‍ അക്രമികള്‍ വീട് കയറി അക്രമിച്ചതിനെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കോടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരില്‍ രണ്ടര വയസുള്ള കുട്ടിയും ഉണ്ട്.
ചേരാനല്ലൂര്‍ അറ്റുപുറത്ത് വീട്ടില്‍ പീയൂസിന്റെ മകന് രാജേഷിന്റെ കുടുംബമാണ് ആക്രമണത്തിന് ഇരയായത്. രാജേഷും കുടുംബവും കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച രാജേഷിനെ അജ്ഞാത വാഹനം ഇടിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം പറഞ്ഞ് തീര്‍ത്തതാണ്.
എന്നാല്‍ അന്ന് ഉച്ചയ്ക്ക് രണ്ടോടെ 15 അംഗ അക്രമി സംഘം വാതില്‍ ചവിട്ടി തുറന്നു വീട്ടില്‍ കയറി കുട്ടികളെയും വയോധികയേയും മറ്റുള്ളവരേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. കുട്ടികളടക്കം വീട്ടിലുള്ളവര്‍ കൂട്ടനിലവിളി നടത്തിയിട്ടും അക്രമിസംഘം പിന്മാറിയില്ല.
ഇളയ കുട്ടിയുടെ മാമോദിസയും ഇടവക തിരുനാളും നടക്കുന്നതിനാല്‍ കുടുംബം കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് എത്തിയത്. അക്രമികളെ കണ്ടെത്തുന്നതിനായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Kerala
പാലക്കാട്: പട്ടാമ്പി വാവന്നൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സിസിടിവി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ച് തകർത്തു. തുടർന്ന് വീടിന്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു.
വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിന്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ അരവിന്ദാക്ഷൻ , എഎസ്ഐ സുരേഷ്, പോലീസ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ റഷീദ്, സൻഫീർ, കമൽ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
Kerala
തൃശൂർ: കല്ലൂരിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ തുറന്ന് 13 പവൻ സ്വർണം കവർന്നു. പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പിൽ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. എന്നാൽ, അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ കള്ളന്മാർ എടുത്തിട്ടില്ല.
വീടിന്റ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കൾ അകത്തുകടന്നതായാണ് സൂചന. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനായി വലവിരിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് ബിജെപി പ്രവർത്തകന്റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പുറത്ത്.
ഹെൽമറ്റ് ധരിച്ചും തല കുനിച്ചും പ്രതികൾ ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവർ ആരാണെന്നോ എന്തിനാണ് വാഹനങ്ങൾ കത്തിച്ചതെന്നോ വ്യക്തമായിട്ടില്ല.
ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്റെ (56) ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനു സമീപം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയും കത്തി നശിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
Kerala
തിരുവന്തപുരം: കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 11നാണ് അപകടം.
കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.
Kerala
കോട്ടയം: യുവാവ് മദ്യലഹരിയിൽ വീട്ടിലേക്കു കാര്‍ ഇടിച്ചുകയറ്റിയെന്നു പരാതി. കോട്ടയം പനയമ്പാലയില്‍ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പിനെതിരേ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയെന്നാണ് കേസ്. വയോധിക ഒറ്റയ്ക്കു താമസിക്കുന്ന വീടിലേക്കാണ് അമിത വേഗത്തിൽ കാറിടിച്ചു കയറ്റിയത്.
ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്കുമെന്നു പോലീസ് അറിയിച്ചു.
Kerala
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. പരോളിലുള്ള മോൻസണുമായാണ് പരിശോധന നടത്തുന്നത്. 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസന്റെ അഭിഭാഷകൻ പറഞ്ഞു. സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.
രണ്ടാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. സിസിടിവി പൊളിച്ചുമാറ്റിയ നിലയിലാണ്. സംഭവത്തിൽ വീടിന്റെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്. മോൺസൻ മാവുങ്കലും പരാതി നൽകുമെന്ന് മോൻസന്റെ അഭിഭാഷകൻ അറിയിച്ചു.
Kerala
പാലക്കാട്: മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി. ബി. തങ്കച്ചന്റെ പറമ്പിനു സമീപത്താണു പുലിക്കുട്ടിയെ കണ്ടെത്തിയത്.
വളർത്തുനായ കുരയ്ക്കുന്നതു കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം രണ്ടുവയസോളം പ്രായമുള്ള പുലിക്കുട്ടിയാണത്. മുൻകാലിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തങ്കച്ചൻ വിവരം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ ധോണിയിലെ ബേസ് ക്യാന്പിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രാഥമിക ചികിത്സ നടത്തിയശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.