തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.
വൈകുന്നേരം നാലിന് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ചു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.
'മനസോടിത്തിരി മണ്ണ്' പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്‍റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.
ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്.
Tags : LIFE mission Pinarayi Vijayan Kerala House