Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം.
ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനായി ആദ്യ മത്സരത്തില്‍ 84 പന്തില്‍ 190 റണ്‍സ് നേടിയ 14കാരനായ സൂര്യവംശി, ഇന്നലെ ടീമിന്റെ രണ്ടാം പോരാട്ടത്തില്‍ ഇറങ്ങിയില്ല.
കുട്ടികളുടെ മികവിനെ അംഗീകരിക്കാന്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് സ്വീകരിക്കാനായി ഡല്ഹിയിലെത്തിയതിനാല് ഇന്നലെ ബിഹാറിന്റെ രണ്ടാം മത്സരത്തില്‍നിന്ന് വൈഭവ് സൂര്യവംശി വിട്ടുനിന്നു. ഡിസംബര്‍ 25നാണ് വിര് ബാല ദിവസമായി കേന്ദ്രം ആചരിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതടക്കമുള്ള നിരവധി റിക്കാര്‍ഡുകള്‍ വൈഭവ് ഈ വര്‍ഷം നേടി.
Sports
അബുദാബി: ഐപിഎല്ലില്‍ പൃഥ്വി ഷായ്ക്കും ടീമായി. ആദ്യ രണ്ട് റൗണ്ടുകളിലും ആവശ്യക്കാരില്ലാതിരുന്ന താരത്തെ മൂന്നാം റൗണ്ട് ലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്കാണ് പൃഥ്വി ഷായെ ഡല്‍ഹി ടീമിലെത്തിച്ചത്.
ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജൈമിസണെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ഡല്‍ഹി അവസാന റൗണ്ടില്‍ ടീമിലെടുത്തു. അതേസമയം ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണെ രണ്ടാം റൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ലിവിംഗ്സ്റ്റണായി രണ്ടാം റൗണ്ടില്‍ കോല്‍ക്കത്തയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ 13 കോടി രൂപക്ക് ഹൈദരാബാദ് ലിവിംഗ്സ്റ്റണെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.
Sports
അബുദാബി: ഐപിഎൽ താരലേലത്തിൽ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് ചൈനാമാന്‍ സ്പിന്നറായ വിഘ്നേഷിനെ രാജസ്ഥാന് ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു വിഘ്നേഷ്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാൽ തുടർച്ചയായുള്ള പരിക്ക് തിരിച്ചടിയായി.
സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിയതിനു പിന്നാലെയാണ് മറ്റൊരു മലയാളി താരം രാജസ്ഥാനില്‍ എത്തുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു.
Sports
അബുദാബി: ഐപിഎല്‍ താരലേലത്തില്‍ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെ റിക്കാർഡ് തുകയ്ക്ക് കോല്‍ക്കത്ത സ്വന്തമാക്കി. വാശിയേറിയ വിളിക്കൊടുവില്‍ 18 കോടി രൂപയ്ക്കാണ് ലങ്കന്‍ താരത്തെ കോൽക്കത്ത സ്വന്തമാക്കിയത്.
രണ്ട് കോടി രൂപ അടിസ്ഥാന വിലക്ക് തുടങ്ങിയ ലേലം വിളിയില്‍ തുടക്കത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ഇഞ്ചോടിഞ്ച് മത്സരിച്ചത്. പതിരാനയ്ക്കായി ലക്നോ 16 കോടി മുടക്കാന്‍ തയാറായതോടെ ഡല്‍ഹി പിന്മാറി.
20 കോടി രൂപമാത്രം കൈവശമുള്ളപ്പോഴായിരുന്നു ലക്നോ 16 കോടി മുടക്കാന്‍ തയാറായത്. എന്നാല്‍ കോല്ക്കത്തവിട്ടുകൊടുക്കാന് തയാറായില്ല. വാശിയേറിയ വിളിക്കൊടുവില്‍ 18 കോടി രൂപക്ക് ലങ്കന്‍ പേസറെ കോല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു.
Sports
അബുദാബി: ഐപിഎൽ താരലേലത്തിൽ 25.20 കോടിക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാശിയേറിയ ലേലത്തിനൊടുവിലാണ് വൻ തുകയ്ക്ക് കോൽക്കത്ത പാളയത്തിലെത്തിച്ചത്.
രാജസ്ഥാന് റോയല്‍സാണ് ആദ്യം താരത്തിനു വേണ്ടി കോൽക്കത്തയ്ക്കൊപ്പം ലേലം വിളിച്ചത്. 13.60 കോടിയിൽ രാജസ്ഥാൻ പിന്മാറിയതോടെ, ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്തയും തമ്മിലായി പോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ ചെന്നൈ പിന്മാറിയതോടെ ഗ്രീൻ കോൽക്കത്തയ്ക്ക് സ്വന്തമായി.
Sports
അബുദാബി: ഐപിഎൽ മിനി താരലേലം ഇന്ന് നടക്കാനിരിക്കേ അബുദാബിയിൽ സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച മോക് ഓക്ഷനിൽ റിക്കാർഡ് തുക സ്വന്തമാക്കി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ.
മോക് ഓക്ഷനിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റോബിൻ ഉത്തപ്പ കാമറൂണ്‍ ഗ്രീനിനായി 30.50 കോടി രൂപയാണ് ചെലവഴിച്ചത്.
ചെന്നൈ താരമായിരുന്ന ശ്രീലങ്കൻ പേസർ മതീഷ് പതിരാനയെ 3 കോടിക്കും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയെ 2.5 കോടിക്കും രാഹുൽ ത്രിപാഠിയെ 75 ലക്ഷം രൂപയ്ക്കും കോൽക്കത്തയ്ക്കായി ഉത്തപ്പ ടീമിലെത്തിച്ചു.
കാമറൂണ്‍ ഗ്രീൻ കഴിഞ്ഞാൽ മോക് ഓക്ഷനിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണായിരുന്നു. ലക്നൗവിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇർഫാൻ പത്താൻ ലിവിംഗ്സ്റ്റണായി 19 കോടി രൂപയാണ് മുടക്കിയത്.
അതേസമയം ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിച്ച സുരേഷ് റെയ്ന സ്പിന്നർ രാഹുൽ ചാഹറിനായി 10 കോടി രൂപ ചെലവഴിച്ചതും ശ്രദ്ധേയമായി. ആൻറിച്ച് നോർക്യക്കായി റെയ്ന 7.5 കോടിയും സർഫറാസ് ഖാന് ഏഴ് കോടിയും മുടക്കി. മുൻ ഇന്ത്യൻ പേസർ ശിവം മാവിയെ 2.5 കോടിക്കും ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ അടിസ്ഥാനവിലയായ രണ്ട് കോടിക്കും റെയ്ന ടീമിലെത്തിച്ചു.
ആർസിബിയെ പ്രതിനിധീകരിച്ച അനിൽ കുംബ്ലെ ഇന്ത്യൻ പേസർ ചേതൻ സക്കരിയക്കായി 6.5 കോടി മുടക്കി. വെങ്കടേഷ് അയ്യർക്കായി ആറ് കോടിയും ഇന്ത്യൻ പേസർ നവദീപ് സെയ്നിക്കായി 1.75 കോടിയും കുംബ്ലെ മുടക്കി.
ലേലത്തിൽ കുറഞ്ഞ തുക കൈയിലുള്ള മുംബൈ ഇന്ത്യൻസ് മോക്ക് ഓക്്ഷനിൽ ശക്തമായി രംഗത്തിറങ്ങിയില്ല. ആകെ 30 താരങ്ങളാണ് മോക് ഓക്്ഷനിൽ പങ്കെടുത്തത്.
Sports
ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.
ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.
26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.
Sports
മുംബൈ: 2026 സീസണ് ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ, ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി, ഇംഗ്ലീഷ് ഓള് റൗണ്ടര്‍ മൊയീന്‍ അലി എന്നിവരില്ല. ഡുപ്ലെസിയും മൊയീന്‍ അലിയും പാക് സൂപ്പര്‍ ലീഗില്‍ കളിക്കാനായാണ് ഐപിഎല്‍ ഒഴിവാക്കിയത്.
ഗ്രീന്‍ 2 കോടി
2026 ഐപിഎല്‍ താരലേലത്തില്‍ 45 താരങ്ങള്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ക്ലബ്ബില്‍. കാമറൂണ്‍ ഗ്രീന്‍, ലിയാം ലിവിംഗ്സ്റ്റണ്, രവി ബിഷ്ണോയ്, വെങ്കിടേഷ് അയ്യര്‍, മതീശ പരിതാന, വനിന്ധു ഹസരെങ്ക തുടങ്ങിയവര്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഉള്‍പ്പെടും.
16ന് അബുദാബിയിലാണ് ഐപിഎല്‍ താര ലേലം. 10 ടീമുകളിലായി 77 കളിക്കാരുടെ ഒഴിവാണുള്ളത്.
Sports
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പുതിയ പരിശീലകനായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയെ നിയമിച്ചു. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് സംഗക്കാരയെത്തുന്നത്.
നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്നയാളാണ് സംഗക്കാര. നേരത്തേ രാജസ്ഥാന്റെ പരിശീലകനായി മുൻ ലങ്കൻ താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതൽ 2024 വരെയാണ് പരിശീലകനായി പ്രവർത്തിച്ചത്.
പിന്നാലെ 2025 സീസണിൽ ദ്രാവിഡ് ടീമിനെ പരിശീലിപ്പിച്ചു. അടുത്തിടെയാണ് നായകൻ സഞ്ജു സാംസൺ ടീം വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയത്. പകരം ചെന്നെയിൽ നിന്ന് രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി.
Sports
ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിനു സഞ്ജു സാംസനെ കൈമാറിയ രാജസ്ഥാന് റോയല്‍സ്, പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും പേസ് ഓള്‍റൗണ്ടര്‍ സാം കറനെയും സ്വന്തമാക്കി. സഞ്ജു എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററിനു പകരം രണ്ട് ഓള്‍റൗണ്ടര്‍മാര്‍ രാജസ്ഥാന് ക്യാമ്പില്‍ എത്തിയെന്നു ചുരുക്കം.
2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്സിനുവേണ്ടിയായിരുന്നു രവീന്ദ്ര ജഡേജ അരങ്ങേറ്റം നടത്തിയത്. അന്ന് ടീം കിരീടം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചിരുന്നു. അന്ന് രാജസ്ഥാന് ക്യാപ്റ്റനായിരുന്ന ഷെയ്ന് വോണ്‍ റോക്സ്റ്റാര്‍ എന്നായിരുന്നു ജഡേജയെ വിശേഷിപ്പിച്ചത്. റോക്സ്റ്റാര്‍ 17 ഐപിഎല്‍ സീസണുകള്‍ക്കുശേഷം രാജസ്ഥാനിലേക്കു തിരിച്ചെത്തിയിരിക്കുന്നു.
ദളപതി
രവീന്ദ്ര ജഡേജയെ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് രാജസ്ഥാന് ഫ്രാഞ്ചൈസി. ‘ദളപതി’യെന്ന വിശേഷണത്തോടെയാണ് 36കാരനായ ജഡേജയുടെ വരവ് രാജസ്ഥാന് റോയല്‍സ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
2008, 2009 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാനിലായിരുന്ന ജഡേജ, 2011ല്‍ കൊച്ചി ടസ്കേഴ്സിലേക്കു കൂടുമാറി. 2012ല്‍ അക്കാലത്തെ റിക്കാര്‍ഡ് ലേലമായ 9.8 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തി. 2022 ഐപിഎല്ലില്‍ ധോണിയുടെ പിന്‍ഗാമിയായി സിഎസ്കെയുടെ ക്യാപ്റ്റന്‍ സ്ഥാനം. ക്യാപ്റ്റന്‍സിയില്‍ ശോഭിച്ചില്ല.
കഠിന തീരുമാനം
“ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈസിയുടെ കഠിനവും വിഷമമേറിയതുമായ തീരുമാനമാണ് രവീന്ദ്ര ജഡേജയെ കൈവിട്ടത്. പരസ്പര ധാരണയാലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ചെന്നൈയുടെ വിജയത്തില്‍ ജഡേജ നിര്‍ണായകമായിരുന്നു”- സിഎസ്കെ എംഡി കാശി വിശ്വനാഥന്.
ഐപിഎല്ലില്‍ 254 മത്സരങ്ങളുടെ പരിചയം രവീന്ദ്ര ജഡേജയ്ക്കുണ്ട്. അഞ്ച് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 3260 റണ്‍സ് നേടി. 77 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. 170 വിക്കറ്റും സ്വന്തമാക്കി. 5/16 ആണ് മികച്ച ബൗളിംഗ്.
Sports
ചെന്നൈ: അടുത്ത ഐപിഎൽ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. സിഎസ്കെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള റീട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് സ്ഥിരീകരണം.
2024ൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഗെയ്ക്വാദ് കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻസി വീണ്ടും എം.എസ്.ധോണിക്കു കൈമാറിയിരുന്നു. രാജസ്ഥാന് റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2021 മുതല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. 2022 സീസണിലാണ് ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്. പിന്നാലെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് സീസണിന്റെ ഇടയ്ക്കു വച്ച് ക്യാപ്റ്റൻ സ്ഥാനം ധോണിക്കു തിരികെ നൽകേണ്ടി വന്നു.
തുടർന്ന് 2023ലും ടീമിനെ നയിച്ച ധോണി ചെന്നൈയ്ക്ക് അഞ്ചാം കിരീടവും നേടിക്കൊടുത്തു. തുടർന്നാണ് 2024ൽ യുവതാരം ഗെയ്ക്വാദ് ക്യാപ്റ്റനാകുന്നത്.
Sports
മുംബൈ: അടുത്ത ഐപിഎൽ സീസണിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. സൂപ്പർ താരങ്ങളായ ആന്ദ്ര റസലിനെയും വെങ്കിടേഷ് അയ്യരേയും കോൽക്കത്ത ഒഴിവാക്കി.
ട്രേഡ് ഡീൽ വഴി സഞ്ജുവിനെ തട്ടകത്തിലെത്തിച്ച ചെന്നൈ 11 താരങ്ങളെയാണ് ഇക്കുറി കൈവിട്ടത്. ഇതിൽ രചിൻ രവീന്ദ്ര, മതീഷ പതിരണെ എന്നിവരും ഉൾപ്പെടും. സണ്‍റൈസേഴ്സ് ഹൈദരാബാദ് മലയാളി താരം സച്ചിന് ബേബിയെ ഒഴിവാക്കി.
നേരത്തെ മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ലക്നോ സൂപ്പര്‍ ജയന്റ്സിന് നല്‍കിയിരുന്നു. വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, ആഡം സാംപ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന് കിഷന്, ഹെന്റിച്ച് ക്ലാസന്, നിതീഷ് കുമാര്‍ റെഡ്ഡി, ബ്രൈഡണ്‍ കാര്‍സെ എന്നിവരെ നിലനിര്‍ത്തി.
മുംബൈ ഇന്ത്യന്‍സ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി. അര്ജുന് ടെന്‍ഡുല്‍ക്കറെ ലക്നോവിന് നൽകിയിരുന്നു. സത്യനാരായണ, റീസെ ടോപ്ലി, കെ.എല്‍.ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്സ്, മുജീബ് റഹ്മാന്, ലിസാര്‍ഡ് വില്യംസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍.
ട്രേഡ് ഡീൽ വഴി സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാൻ റോയൽസ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ടു. അതേസമയം വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, ജൊഫ്ര ആർച്ചർ എന്നിവരെ നിലനിർത്തി.
ഡൽഹി ക്യാപിറ്റൽസ സൂപ്പർ താരം ഡുപ്ലപെസി, ജേക്ക മകഗുർക എന്നിവരെ നിലനിർത്തിയില്ല. കെ.എൽ. രാഹുൽ, കരുൺ നായർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ടീമിലുണ്ട്.പഞ്ചാബ് കിംഗ്സ് ഗ്ലെന്‍ മാക്സവെല്ലിനെയും ജോഷ് ഇംഗ്ലിസിനെയും ഒഴിവാക്കി.
Sports
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.
രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന് അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
Sports
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2026 എഡിഷനിലേക്കുള്ള മിനി താരലേലം അബുദാബിയില്‍വച്ചു നടക്കും.
ഡിസംബര്‍ 19 ആണ് ലേല തീയതി. എന്നാല്‍, ഇക്കാര്യങ്ങള്‍ ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2026 മിനി ലേലം ഇന്ത്യയില്‍വച്ചു നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് സീസണ് ലേലവും ഗള്‍ഫ് നാടുകളിലാണ് നടന്നത്. 2023 ലേലം ദുബായിലും 2024 ലേലം ജിദ്ദയിലുമായിരുന്നു.
നിലനിര്‍ത്താം
2025 മെഗാ ലേലത്തിനുശേഷമുണ്ടായ ദൗര്‍ബല്യങ്ങള്‍ നികത്താനാണ് 2026 മിനി ലേലത്തിലൂടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ശ്രമിക്കുക. 2026 ഐപിഎല്‍ പദ്ധതിയില്‍ ഇല്ലാത്ത കളിക്കാരെ ഒഴിവാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള അവസാന ദിനം ഈ മാസം 15 ആണ്. ടീമുകള്‍ ഇതിനോടകം ഇന്റര്‍ ട്രേഡിംഗ് ആരംഭിച്ചിട്ടുണ്ട്.
ഠാക്കൂര്‍, അര്ജുന്
മുംബൈ/ലക്നോ: ഇന്നലെ നടന്ന നീക്കത്തില്‍ പേസ് ഓള്‍റൗണ്ടര്‍ ഷാര്‍ദുള്‍ ഠാക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നു. രണ്ടു കോടി രൂപയ്ക്ക് ലക്നോ സൂപ്പര്‍ ജയന്റ്സില്നിന്നാണ് ഠാക്കൂറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 2025 മെഗാ ലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന കളിക്കാരനായിരുന്നു ഷാര്‍ദുള്‍. മൊഹ്സിന്‍ ഖാന് പരിക്കേറ്റു പുറത്തായതോടെ പകരക്കാരനായി ലക്നോ ഷാര്ദുളിനെ സ്വന്തമാക്കുകയായിരുന്നു.
അര്ജുന് തെണ്ടുല്‍ക്കറിനെ ലക്നോയ്ക്കു കൈമാറാന്‍ മുംബൈ ഇന്ത്യന്‍സും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് സച്ചിന് തെണ്ടുല്‍ക്കറിന്റെ മകനായ അര്ജുന്. അര്‍ജുനെ 30 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മറ്റൊരു സ്വാപ് ഡീലില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡ് ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് മുംബൈ ഇന്ത്യന്‍സിലേക്കെത്തി. 2.6 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് റൂഥര്‍ഫോഡിനെ സ്വന്തമാക്കിയത്.
വാട്സണ് കെകെആറില്‍
കോല്‍ക്കത്ത: ഓസ്ട്രേലിയന്‍ മുന്‍ പേസ് ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണ് അസിസ്റ്റന്റ് കോച്ചായി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ (കെകെആര്‍) ചേര്‍ന്നു. ടീമിന്റെ മുഖ്യപരിശീലകന്‍ അഭിഷേക് നായരാണ്. മെന്റര്‍ ഡ്വെയ്ന്‍ ബ്രാവോയും.
വാട്സണ് ഐപിഎല്‍ കോച്ചിംഗ് സംഘത്തില്‍ ഉള്‍പ്പെടുന്നത് ഇതു മൂന്നാം തവണയാണ്. 2002, 2023 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ റിക്കി പോണ്ടിംഗിന്റെ അസിസ്റ്റന്റായിരുന്നു വാട്സണ്.
Sports
മുംബൈ: ഐപിഎൽ താരലേലത്തിന് മുമ്പ് സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പർ കിംഗ്സും. താരങ്ങളുടെ കൈമാറ്റത്തിലൂടെ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂറിനെയും വെസ്റ്റ് ഇന്‍ഡീസ് താരം ഷെഫാനെ റുതര്ഫോര്ഡിനെയും മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. യുവ പേസർ അർജുൻ തെൻഡുൽക്കറിനെ മുംബൈ ലക്നോവിന് നൽകി.
അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് കഴിഞ്ഞ വർഷം ഷാര്‍ദുല്‍ ലക്നോ ടീമിൽ എത്തിയത്. അർജുൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി മുംബൈ ടീമിനൊപ്പമുണ്ട്. 20 ലക്ഷം രൂപയാണ് ഇരുപത്തിയാറുകാരൻ പേസറുടെ വേതനം. റുതർഫോഡ് വെസ്റ്റിൻഡീസിനായി 44 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ 23 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 2019ൽ ഡൽഹി ക്യാപിറ്റൽസ്, 2022ൽ ആർസിബി എന്നീ ടീമുകളിൽ കളിച്ചിരുന്നു. 2020ൽ മുബൈയ് ഇന്ത്യൻസിനൊപ്പമുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും കളിച്ചില്ല. 2024ൽ കെകെആറിലും 2025ൽ ഗുജറാത്ത് ടൈറ്റൻസിലുമാണ് റുതർഫോഡ് കളിച്ചത്. 2.6 കോടി രൂപ മുടക്കിയാണ് താരത്തെ മുംബൈയിൽ നിന്ന് വാങ്ങിയത്.
സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും സാം കറനേയും നൽകിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന് റോയല്‍സിനോട് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസണ് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാൻ റോയൽസിന്റെ അടുത്ത സീസണിലെ ക്യാപ്റ്റനായി തന്നെ നിയോഗിക്കണമെന്ന ആവശ്യം ജഡേജ മുന്നോട്ടു വച്ചതായി റിപ്പോർട്ടുകളുണ്ട്.
ഒരു സീസണില്‍ ജഡേജ ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Sports
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് 2026 സീസണ് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്.
ധോണിക്കു പിൻഗാമി!
മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദ്രുതനീക്കം
സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ആദ്യ ഘട്ടത്തിൽ സഞ്ജു ട്രാൻസ്ഫറിന് താല്പര്യമില്ലെന്ന നിലപാട് ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇത് അംഗീകരിച്ച രാജസ്ഥാൻ ഫ്രാഞ്ചൈസി അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ, ദ്രുതഗതിയിൽ കാര്യങ്ങൾ മാറി. കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫർ ചർച്ച വീണ്ടും സജീവമായി.
രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചത്. ഇതിനിടെ ട്രേഡിംഗിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടും വന്നിരുന്നു.
Sports
ചെന്നൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കുമെന്ന് സൂചന. ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്കു പകരമായാണ് സഞ്ജു ടീമിലേക്ക് എത്തുന്നത്.
ഇരു ഫ്രാഞ്ചൈസികളും ട്രേഡില്‍ ഉള്‍പ്പെടുന്ന മൂന്ന് താരങ്ങളുമായി സംസംസാരിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇരു ഫ്രാഞ്ചൈസികളും വിവരം പുറത്തുവിട്ടിട്ടില്ല. ട്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്ന് കളിക്കാരുടെ പേര് രാജസ്ഥാനും സിഎസ്കെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന് മുന്നില്‍ വെക്കണം.
ട്രേഡിംഗ് നിയമങ്ങള്‍ അനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാല്‍ ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താം. 2012 മുതല്‍ ജഡേജ സിഎസ്കെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇതിനിടെ സിഎസ്കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു.
ഇക്കാലയളവില്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു. 2025ലെ മെഗാ ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും യഥാക്രമം രാജസ്ഥാനം ചെന്നൈയും നിലനിർത്തിയത്.
പരിക്കിനെ തുടർന്നു കഴിഞ്ഞ സീസണിൽ സഞ്ജുവിന് എല്ലാ മത്സരങ്ങളും കളിക്കാൻ സാധിച്ചിരുന്നില്ല. 2013ലാണ് സഞ്ജു സാംസൺ രാജസ്ഥാനിലെത്തുന്നത്.
Sports
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ സഞ്ജു സാംസണ് ഡൽഹി ക്യാപിറ്റൽസിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. ലേലത്തിന് മുൻപ് രാജസ്ഥാനും ഡൽഹിയും താര കൈമാറ്റം നടത്തിയെക്കുമെന്നാണ് റിപ്പോർട്ട്.
സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സ് രാജസ്ഥാനിൽ എത്തിയേക്കും. രാജസ്ഥാൻ റോയൽസ് ഡൽഹിയുമായി നടത്തുന്ന ചർച്ച അന്തിമ ഘട്ടത്തിലെന്നാണ് വിവരം.
സ്റ്റബ്സിന്റെ കൂടെ ഒരു താരത്തെ കൂടി വേണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. എന്നാൽ ഈ വ്യവസ്ഥ ഡൽഹി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടെ തീരുമാനമായാൽ സഞ്ജു വീണ്ടും ഡൽഹിക്കായി കളത്തിലിറങ്ങിയേക്കാം.
മലയാളി വിക്കറ്റ് കീപ്പറെ ടീമിലെത്തിക്കാൻ ഡൽഹിക്ക് വലിയ താത്പര്യമാണുള്ളത്. എന്നാൽ താരത്തിന് പകരമായി പ്രധാന താരങ്ങളെ വിട്ടുനൽകാൻ ഡൽഹി തയാറായിട്ടില്ലെന്നാണ് വിവരം. നേരത്തെയും സഞ്ജുവിനായി ഡൽഹി ശ്രമങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.