നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനു ജയം. ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ യുപി വാരിയേഴ്സിനെ 10 റണ്‍സിന് ഗുജറാത്ത് ജയന്റ്സ് തോല്‍പ്പിച്ചു.
ജോര്‍ജിയ വെയര്‍ഹാമിന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയായിരുന്നു ജയന്റ്സ് ജയം സ്വന്തമാക്കിയത്. 10 പന്തില്‍ മൂന്നു സിക്സും ഒരു ഫോറും അടക്കം 27 റണ്‍സുമായി പുറത്താകാതെ നിന്ന ജോര്‍ജിയ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ജോര്‍ജിയയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ഗുജറാത്ത് ജയന്റ്സ് 20 ഓവറില്‍ 207/4. യുപി വാരിയേഴ്സ് 20 ഓവറില്‍ 197/8.
ക്യാപ്റ്റന്റെ ഇന്നിംഗ്സ്
ടോസ് നേടിയ യുപി വാരിയേഴ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിന്റെ ഓപ്പണര്‍മാരായ ബേത് മൂണിയും (13) സോഫി ഡിവൈനും (20 പന്തില്‍ 38) ചേര്‍ന്ന് 4.2 ഓവറില്‍ 41 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. അനുഷ്ക ശര്‍മയും (30 പന്തില്‍ 44) ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡനറും (41 പന്തില്‍ 65) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 103 റണ്‍സ് പിറന്നു. ഏഴ് ഫോറിന്റെ അകമ്പടിയോടെയായിരുന്നു അനുഷ്കയുടെ ഇന്നിംഗ്സ്. മൂന്നു സിക്സും ആറ് ഫോറും ക്യാപ്റ്റന്റെ ബാറ്റില്‍നിന്നു പിറന്നു. ഡെത്ത് ഓവറുകളില്‍ ജോര്‍ജിയ വെയര്‍ഹാമും ഭാരതി ഫുള്‍മാലിയും (7 പന്തില്‍ 14 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണം ഗുജറാത്തിന്റെ സ്കോര്‍ 207ല്‍ എത്തിച്ചു.
ലിച്ഫീല്‍ഡ് ഫിഫ്റ്റി
208 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ യുപി വാരിയേഴ്സിന്റെ ആദ്യവിക്കറ്റ് ആദ്യ ഓവറില്‍ വീണു. എന്നാല്‍, ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും (27 പന്തില്‍ 30) ഫോബെ ലിച്ഫീല്‍ഡും (40 പന്തില്‍ 78) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് നേടി ടീമിനു പ്രതീക്ഷ നല്കി. അഞ്ച് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ലിച്ഫീല്‍ഡിന്റെ ഇന്നിംഗ്സ്. ഹര്‍ലീന്‍ ഡിയോള്‍ (0), ദീപ്തി ശര്‍മ (1), ശ്വേത ഷെറാവത് (25), ഡിന്ഡ്ര ഡോട്ടിന് (12), സോഫി എക്ലെസ്റ്റോണ്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭനയുടെ (10 പന്തില്‍ 27 നോട്ടൗട്ട്) തകര്ത്തടിയിലൂടെ യുപി തോല്‍വിഭാരം 10 ആക്കി ചുരുക്കി. രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ആശയുടെ ഇന്നിംഗ്സ്.
Tags : Gujarat Giants Women's Premier League Twenty20 Cricket IPL