Kerala
കൊച്ചി: കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര സജീവമാണെന്ന് രമേശ് ചെന്നിത്തല. കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും തിരുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധ സർക്കാരിനെതിരായ പോരാട്ടം തുടരണം. കേരളത്തിൽ യുഡിഎഫിന്റെ സർക്കാർ ഉണ്ടാകും.
കേരളത്തിലെ എൽഡിഎഫ് - ബിജെപി അന്തർധാരയെ പരാജയപ്പെടുത്തുകതന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് ശ്രീനാദേവി സമൂഹ മാധ്യമങ്ങള്‍ വഴി അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്‍കണമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസില്‍ പറത്തിട്ടുള്ളതായും ഇതു സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞതായും സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിജീവിതന് എന്നു വിശേഷിപ്പിച്ചാണ് ശ്രീനാദേവി ഫേസ്ബുക്ക് ലൈവില്‍ കഴിഞ്ഞദിവസം എത്തിയത്. അതിജീവിതയ്ക്കൊപ്പമെന്നു വ്യക്തമാക്കിയ ശ്രീനാദേവി ഇരുവര്‍ക്കും ജാമ്യം ലഭിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു പരാതിക്കാരി മറുപടി ഇട്ടതിനു പിന്നാലെ അവര്‍ക്കെതിരേയും ശ്രീനാദേവി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഡിസിസിയുടെ നോട്ടീസിന് മറുപടി നല്‍കാനാണ് ശ്രീനാദേവിയുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ശ്രീനാദേവി കോണ്‍ഗ്രസിലെത്തിയത്. സിപിഐ അംഗമായിരുന്ന അവര്‍ ആ പാര്‍ട്ടിയില്‍ തുടരുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ലോക്ഭവനു മുന്നിൽ സംഘടിപ്പിച്ച രാപകൽ സമരത്തിന് മികച്ച ജനകീയ പങ്കാളിത്തം. നേതാക്കളും പ്രവർത്തകരും ഒരു രാത്രി മുഴുവൻ ലോക്ഭവനു മുന്നിൽ ഇരുന്ന് കേന്ദ്രത്തിനെതിരേയുള്ള പ്രതിഷേധ സമരത്തിൽ പങ്കാളികളായി.
സമരക്കാർക്കായി പന്തലിൽ തന്നെ കഞ്ഞി ഉൾപ്പെടെയുള്ള ഭക്ഷണം തയാറാക്കി നൽകിയത് ഐക്യദാർഢ്യത്തിന്റെ മറ്റൊരു കാഴ്ചയായി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് സംരക്ഷണ ദിനം ആചരിക്കുമെന്ന് രാപകൽ സമര സമാപനം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും.
അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ യുപിഎ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. പാവപ്പെട്ട കർഷകരെയും തൊഴിലാളികളെയും എന്നും സംരക്ഷിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. യുപിഎ ഭരണകാലത്ത് 80,000 കോടി രൂപയുടെ കാർഷിക കടമാണ് എഴുതിത്തള്ളിയത്. ഈ പാരന്പര്യം ഉയർത്തിപ്പിടിച്ച് പാവപ്പെട്ടവന്റെ തൊഴിൽ അവകാശങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി എന്നിവർ പ്രസംഗിച്ചു.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമിയാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് കോൺഗ്രസ് ഭൂമി വാങ്ങിയിരിക്കുന്നത്. 1,100 സ്ക്വയർ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനായി വൈകാതെ രണ്ടിടങ്ങളിൽ കൂടി ഭൂമി വാങ്ങുമെന്നും സൂചനയുണ്ട്. 100 വീടുകൾ ദുരന്തബാധിതർക്ക് നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ലെന്ന് ഇടതുപക്ഷം വിമർശനം ഉയർത്തിയിരുന്നു.
ഇതേ തുടർന്നാണ് വിഷയത്തിൽ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ഭവനപദ്ധതി കോൺഗ്രസ് വേഗത്തിലാക്കാൻ ശ്രമിക്കുന്നത്. 30 വീടുകൾ നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.
Kerala
കോഴിക്കോട്: വി.ഡി. സതീശനെതിരായ വിജിലന്‍സ് ശിപാര്‍ശ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷമായി ഈ കേസ് ഉണ്ടായിരുന്നല്ലോ, അപ്പോള്‍ സര്‍ക്കാര്‍ എവിടെയായിരുന്നു? തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാത്രമാണ്. ഇതൊന്നും ചെലവാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളില്‍ ഇതുപോലുള്ള വിഷയങ്ങളുണ്ടായേക്കാം. വിജിലന്‍സ് ശിപാര്‍ശ കൊടുത്തുവെന്ന് കരുതി സിബിഐ കേസ് ഏറ്റെടുക്കുമോ? ഇത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതുപോലെയുള്ള പടക്കങ്ങള്‍ ഒക്കെ പൊട്ടും. വലിയ കാര്യമൊന്നും അതിലില്ലെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്പോൾ സംഘടനാ നേതൃത്വത്തിലുണ്ടാകേണ്ട താത്കാലിക സംവിധാനത്തെക്കുറിച്ചും ഇന്നു മുതൽ വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും എ.പി. അനിൽകുമാർ വണ്ടൂരിലും നിന്നുള്ള എംഎൽഎമാരാണ്. ഇത്തവണയും ഇവർ മത്സര രംഗത്തുണ്ടാകും.
പി.സി. വിഷ്ണുനാഥിന് ദക്ഷിണമേഖലയുടെയും എ.പി. അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതലയാണ്. ഇവർ മത്സര രംഗത്ത് പോകുന്പോൾ എംപിമാർ മത്സര രംഗത്തേക്കു വന്നില്ലെങ്കിൽ ഇവർക്കാകും ചുമതല നൽകുക. വർക്കിംഗ് പ്രസിഡന്റുമാരിൽ ഉത്തരമേഖലയുടെ ചുമതല വഹിക്കുന്ന ഷാഫി പറന്പിൽ ലോക്സഭാംഗമാണ്.
ലോക്സഭാംഗങ്ങളിൽ ചിലർ നിയമസഭയിൽ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എന്നാൽ, ഇവരെ നിയമസഭയിൽ മത്സരിക്കാൻ അനുവദിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന പ്രചാരണവും ഒരു വിഭാഗം കോണ്ഗ്രസുകാർക്കിടയിൽ ശക്തമാണ്.
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെ. സുധാകരൻ കണ്ണൂരിലേക്കു പോയപ്പോൾ പകരം എം.എം. ഹസന് ചുമതല നൽകിയിരുന്നു. പിന്നീട് ചുമതല തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കവുമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തണോ എന്ന കാര്യത്തിലും സുൽത്താൻ ബത്തേരി ഉച്ചകോടിയിൽ ചർച്ചയുണ്ടാകും. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാർ തുടരട്ടെ എന്നു തീരുമാനിച്ചാൽ നിയസഭാ തെരഞ്ഞെടുപ്പു വരെ മാറ്റമുണ്ടാകില്ല.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിനെ സഹായിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരത്തു താത്കാലിക ചുമതല നൽകിയിട്ടുള്ള എൻ. ശക്തനു പകരം പുതിയ ആളെ കണ്ടെത്തേണ്ടി വരും.
Kerala
തിരുവനന്തപുരം: ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പരീക്ഷിച്ച വിജയമാതൃകകൾ നടപ്പാക്കാൻ കോണ്‍ഗ്രസ്.
നാലിനും അഞ്ചിനുമായി വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന "ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ്- 2026' ൽ ഭരണം പിടിച്ച ഇരു സംസ്ഥാനങ്ങളിലും പരീക്ഷിച്ച ത്രീ ടയർ വിജയമാതൃക കേരളത്തിൽ നടപ്പാക്കുന്നതു ചർച്ച ചെയ്തു നടപ്പാക്കുന്നതാണ് പ്രധാന അജൻഡ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ പ്രാഥമിക അനൗദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇവർ അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമാകാനുള്ള നിർദേശവുമുണ്ടാകും. ഘടകകക്ഷികൾ മത്സരിച്ചാൽ ജയസാധ്യത കുറവുള്ള സീറ്റുകൾ കോണ്‍ഗ്രസ് ഏറ്റെടുത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുന്നതും ചർച്ചയിലെത്തും. ഉച്ചകോടിയിൽ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും ഘടകകക്ഷി നേതാക്കളുമായി സീറ്റ് വച്ചുമാറുന്നത് യുഡിഎഫ് ചെയർമാനും കണ്‍വീനറും കെപിസിസി പ്രസിഡന്റും അടക്കമുള്ളവർ വരുംദിവസങ്ങളിൽ ചർച്ച നടത്തുക.
ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന
പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വിഭാഗീയതയും കാലുവാരലും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനാണ് ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി എഐസിസി നിർദേശിക്കുന്ന നേതാക്കളുടെ സഹായത്തോടെ ചർച്ച ചെയ്തു പരിഹരിക്കുകയാണ് പ്രധാനം. ഇതിനായി ദേശീയ നേതൃത്വം നിർദേശിക്കുന്ന നിരീക്ഷകർ ജില്ലാ, നിയോജകമണ്ഡലം, ബ്ലോക്ക് തലങ്ങളിലെത്തി പ്രശ്ങ്ങൾ പഠിച്ചു പരിഹാര മാർഗം നിർദേശിക്കും. ജില്ലാ തലത്തിൽ തീർക്കാനാകാത്ത പ്രശ്നങ്ങൾ കെപിസിസി നേതൃത്വത്തെ ഇടപെടുത്തി പരിഹരിക്കും. ഏകപക്ഷീയ നിലപാടുകളോ തീരുമാനങ്ങളോ പ്രാദേശികമായി അടിച്ചേൽപ്പിക്കില്ല.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ, അച്ചടക്കലംഘന നടപടികളുടെ ഭാഗമായി കോണ്‍ഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്നണി സ്ഥാനാർഥികളെ രഹസ്യമായി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നവർക്കെതിരേ പ്രാദേശിക വികാരംകൂടി കണക്കിലെടുത്താകും അച്ചടക്ക നടപടി വോണോ വേണ്ടയോ എന്നു തീരുമാനിക്കുക. പ്രാദേശിക വികാരം ഇവർക്ക് അനുകൂലമെങ്കിൽ നടപടി വരില്ല.
പ്രാദേശിക തലത്തിലെ പ്രവർത്തകരെ ഉണർത്താൻ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തലത്തിൽ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണവുമുണ്ടാകും. ഇതിലൂടെ സമാഹരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം പ്രാദേശികമായ പ്രവർത്തനത്തിനായി ഉപയോഗിക്കും.
യുഡിഎഫ് മത്സരിക്കുന്ന 140 നിയോജക മണ്ഡലങ്ങളെയും എബിസി എന്നീ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതിൽ തികഞ്ഞ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ആദ്യവിഭാഗത്തിൽ പെടുന്നത്. ഒത്തൊരുമിച്ചു പിടിച്ചാൽ വിജയിക്കാൻ കഴിയാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഒട്ടും വിജയസാധ്യതയില്ലാത്തവയാണ് സി വിഭാഗത്തിലുള്ളത്. രണ്ടും മൂന്നും വിഭാഗത്തിലെ മണ്ഡലങ്ങളെ വിജയ സാധ്യതയിലേക്ക് മാറ്റാൻ ജനസന്പർക്ക പരിപാടികൾ അടക്കം സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പു വരെ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണ പ്രവർത്തനങ്ങളും സജീവമാക്കും. സർക്കാരിനെതിരേയുള്ള വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ, വികസന മുരടിപ്പും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റവും നികുതിവർധനകളും മറ്റും ജനങ്ങൾക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ ചാർജ് വർധന ഇരുട്ടടികളും ഇവിടെ ചർച്ചയാക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കം നൽകാത്തതും ശന്പള പരിഷ്കരണം നടപ്പാക്കാത്തതും പ്രചാരണവിഷയമാകും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ആദ്യം കാസർഗോഡുനിന്ന് ആരംഭിക്കും. ജാഥയിലേക്ക് വേണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടവരുടെ പട്ടികയും ഉച്ചകോടിയിൽ തയാറാക്കും. ഓരോരുത്തർക്കും നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ആവശ്യമായ ചുമതലകൾ വീതിച്ചു നൽകും.
സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കുന്ന ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷ.
Kerala
കണ്ണൂർ: പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ.
വ്യക്തിപരമായി തനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ലെന്ന് അറിയിച്ച കെ.സുധാകരൻ ഇക്കാര്യം തീരുമാനിക്കേണ്ടത് താനല്ല പാർട്ടിയാണെന്നും തനിക്ക് ഒരു പാർട്ടിയുണ്ടെന്നും പാർട്ടി പറയുന്നത് കേൾക്കുമെന്നും വ്യക്തമാക്കി.
നേരത്തെ സമാന വിഷയത്തിൽ പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് അറിയിച്ചത്. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്.
നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കള്‍ക്ക് ഒപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അന്വേഷണ സംഘത്തിനുമേൽ സർക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്യാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ സിപിഎം ബോധപൂർവം തടസപ്പെടുത്തുന്നതായും എംഎൽഎ അഭിപ്രായപ്പെട്ടു.
ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും തയാറല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെന്നും കോടതിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമായി സൂക്ഷിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയത് ആരാണെന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ മേയറെ കണ്ടെത്തിയതിൽ താനോ ഏതെങ്കിലും നേതാക്കളോ ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസിയുടെ നടപടിക്രമം അനുസരിച്ചാണു മേയറെ നിശ്ചയിച്ചത്.
“കൊച്ചിയില്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതു വരെ മാത്രമേ ഞാന്‍ അവിടെ ഇടപെട്ടിട്ടുള്ളൂ. അതിനു ശേഷം ഇടപെട്ടില്ലെന്നതാണ് എനിക്കെതിരായ പരാതി.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെപിസിസി സര്‍ക്കുലര്‍ ബാധകമാണ്. തൃശൂരിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിച്ചാണ് മേയറെ തെരഞ്ഞെടുത്തത്. മുകളില്‍നിന്ന് ആരെയും കെട്ടിയിറക്കിയിട്ടില്ല.
കെപിസിസിയുടെ മാനദണ്ഡം പുറത്തു വരുന്നതിനു മുന്‍പു തന്നെ ചില മാധ്യമങ്ങള്‍ കൊച്ചിയില്‍ മേയറെ തീരുമാനിച്ചു. ഒരാളെ മാത്രമേ മേയറാക്കാനാകൂ.
ബിജെപി, സിപിഎം, എസ്ഡിപിഐ എന്നീ കക്ഷികളിൽ ആരുടെയെങ്കിലും പിന്തുണയില്‍ തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരായി ജയിച്ചാല്‍ അപ്പോള്‍ത്തന്നെ രാജിവയ്ക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്”- വി.ഡി. സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പാരഡിഗാന വിവാദത്തിൽ സിപിഎമ്മിനെതിരെ പരിഹാസവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ. പരാതിയുമായി പോകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സിപിഎം പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ എന്നും വിഷ്ണുനാഥ് ചോദിച്ചു.സിപിഎമ്മിന്റെ സ്ഥിതി ദയനീയമാണ്, സഹതാപം അർഹിക്കുന്നതാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കൊള്ള ചർച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിശാഗന്ധിയിൽ പ്രതിഷേധിക്കുക, നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന് അനുകൂലമായ ജനവിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1977-ലെ യുഡിഎഫിന്റെ മിന്നും വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ നിലനിൽക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങൾക്കും മടുത്തിരിക്കുകയാണ്. അവർ സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ ഫലമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിന് ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.'-സണ്ണി ജോസഫ് പറഞ്ഞു.
ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്.
ഇതേ തുടർന്ന് അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ടി. സിദ്ദിഖ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരേ ആരോപണം ഉന്നയിച്ച എം.എ. ഷഹനാസിനെ കെപിസിസി സാംസ്കാരിക സാഹിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷഹനാസ്.
രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്റെ പരാതി ഷാഫി പറമ്പിൽ പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും ഷഹനാസ് പറഞ്ഞു.
താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയാനിരിക്കെ അയൽസംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
രണ്ടാമത്തെ കേസിന്റെ എഫ്ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. പരാതിക്കാരി മൊഴിയിൽ ഉറച്ച് നിന്നാൽ രാഹുലിന് കുരുക്ക് മുറുകിയേക്കും. യുവതി സുഹൃത്തിന്റെ സഹായത്തോടെയാണ് കെപിസിസിക്ക് പരാതി അയച്ചതെന്നാണ് വിവരം.
രണ്ടാമത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വാദിക്കും. ഇതുകൂടാതെ ഉത്തരവ് ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം ഉടനുണ്ടായേക്കും.
കെപിസിസി ശിപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നൽകിയത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.
"എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.'-മുരളീധരൻ പറഞ്ഞു.
വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്.
ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Kerala
കോഴിക്കോട്: കാരശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മുമായി ചേര്‍ന്നു ശ്രമം നടത്തിയെന്നാരോപിച്ചു കെപിസിസി അംഗം കൂടിയായ ബാങ്ക് ചെയര്മാന് എന്‍.കെ. അബ്ദുറഹ്മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്.
എന്‍.കെ. അബ്ദുറഹ്മാനെതിരെ നടപടി ആവശ്യപ്പെട്ടു കോഴിക്കോട് ഡിസിസി കെപിസിസിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്നു രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്.
മലബാറിലെതന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സര്‍വീസ് സഹകരണ ബാങ്ക്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അബ്ദുറഹ്മാന് സിപിഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയതെന്ന് ആരോപണമുയര്‍ന്നത്. നിലവില്‍ കാരശേരി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. ചെയര്മാന് സിപിഎമ്മിനു ബാങ്ക് വില്ക്കാന് ശ്രമിക്കുന്നുവെന്ന ആരോപണം വരെ കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാല്‍, തിങ്കളാഴ്ച രാവിലെ ഇത് 1600 ആയി ഉയര്‍ന്നു. നെല്ലിക്കാപ്പറമ്പ് ബ്രാഞ്ചിലെ ഏഴ് ജീവനക്കാരുടെ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പുതിയ 800 അംഗങ്ങളെ ഓണ്‍ലൈനായി ചേര്‍ക്കുകയായിരുന്നു.
ഭരണം പിടിച്ചെടുക്കാന്‍ സിപിഎം അനുകൂലികളായ മെംബര്‍മാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയെന്നു ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില്‍ ഒമ്പതു പേര് ഹൈക്കോടതിയെ സമീപിച്ചു. ചെയര്‍മാനെ നീക്കാന്‍ അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങി.
ഭരണസമിതി പിരിച്ചുവിട്ടതും വിവാദം
എന്നാല്‍, ഇതിനു പിന്നാലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ബാങ്കിനെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനു കീഴിലാക്കുകയും ചെയ്യുകയായിരുന്നു. വായ്പകളില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍, ഇതും ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണെന്നാണ് ഡയറക്ടര്‍മാരുടെ ആരോപണം.
തങ്ങളുടെ ലോഗിന്‍ ഐഡി ദുരുപയോഗം ചെയ്താണ് പുതിയ മെമ്പര്‍മാരെ ചേര്‍ത്തതെന്ന് ചൂണ്ടിക്കാട്ടി നെല്ലിക്കാപ്പറമ്പ് ശാഖയിലെ ഏഴ് ജീവനക്കാര്‍ മുക്കം പോലീസില്‍ പരാതി നല്കി. എന്നാല്‍, ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഈ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമാണ് ആരോപണം.
അതിനിടെ, കാരശേരി ബാങ്ക് ജനറല്‍ മാനേജെര ഉപരോധിച്ച ഡയറക്ടര്‍മാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി തങ്ങള്‍ ഒപ്പിട്ട മിനുട്സ് ബുക്കിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡയറക്ടര്‍മാര്‍ ഉപരോധം നടത്തിയത്. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം പോലീസ് എത്തി ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ബാങ്കില്‍ പുതുതായി 829 പേര്‍ക്ക് എ ക്ലാസ് അംഗത്വം നല്‍കിയത് ഡയറക്ടര്‍ ബോര്‍ഡ് തീരുമാന പ്രകാരമാണെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അത്തരമൊരു അജൻഡ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വന്നിട്ടില്ലെന്നും മിനുട്സ് രേഖ വ്യാജമായി തയാറാക്കിയതാണെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞു.
കോടതി നോട്ടീസ്
ഒമ്പത് ഡയറക്ടര്‍മാര്‍ ചേര്‍ന്ന നല്കിയ ഹര്‍ജിയില്‍ കാരശേരി ബാങ്കിനു ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുക്കം ഹെഡ് ഓഫീസില്‍ ഹൈക്കോടതി മെസഞ്ചര്‍ എത്തിയാണ് നോട്ടീസ് നല്‍കിയത്.
ബാങ്കില്‍ ഡയറക്ടർമാരും ഉദ്യോഗസ്ഥന്മാരും അറിയാതെ ഉദ്യോഗസ്ഥരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് അനധികൃതമായി എ ക്ലാസ് മെമ്പര്‍ഷിപ്പ് ചേര്‍ത്തു എന്ന് ആരോപിച്ച് ബാങ്ക് ഡയറക്ടര്‍മാര്‍ക്ക് വേണ്ടി ഡയറക്ടര്‍ സുരേന്ദ്ര ലാല്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയിലാണ് ഹൈക്കോടതി മെസഞ്ചര്‍ ബാങ്കില്‍ എത്തി നോട്ടീസ് നല്‍കിയത്.
ബാങ്ക് ചെയര്മാന്, ജനറല്‍ മാനേജര്‍ എന്നിവര്‍ ബുധനാഴ്ച ഹെക്കോടതിയില്‍ ഹിയറിംഗിന് ഹാജരാകാനുള്ള നോട്ടീസാണ് മെസഞ്ചര്‍ നല്‍കിയത്. ജനറല്‍ മാനേജര്‍ മെസഞ്ചര്‍ എത്തിയ സമയത്ത് ബാങ്കില്‍ ഇല്ലാതിരുന്നതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നോട്ടീസ് കൈപ്പറ്റിയത്. ചെയര്മാന് എന്‍.കെ. അബ്ദുറഹിമാന്റെ വീട്ടിലും മെസഞ്ചര്‍ പോയിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.
നേതാവ് കോണ്‍ഗ്രസിനെ ചതിച്ചെന്ന് ഡിസിസി പ്രസിഡന്റ്
കാരശേരി സഹകരണബാങ്ക് സിപിഎമ്മിനു കൈമാറാന്‍ നീക്കം നടത്തിയതിലൂടെ കെപിസിസി അംഗവും ബാങ്ക് ചെയര്‍മാനുമായ എന്‍.കെ. അബ്ദുറഹ്മാന് പാര്‍ട്ടിയെ ചതിച്ചുവെന്നു ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ആരോപിച്ചു.
ഡയറക്ടര്‍മാര്‍ അറിയാതെ ജീവനക്കാരുടെ വ്യാജ ഐഡി ഉപയോഗിച്ച് ഒരു രാത്രി കൊണ്ട് 800ൽ അധികം സിപിഎം വോട്ടുകള്‍ ചേര്‍ക്കുകയായിരുന്നു. ബാങ്ക് കച്ചവടം നടന്നുവെന്ന് അന്വേഷണത്തില്‍ ഡിസിസിക്കു ബോധ്യപ്പെട്ടു. 24 ലക്ഷം രൂപ കാരശേരി ബാങ്കിന്റെ അക്കൗണ്ടിലേക്കു വന്നിരുന്നു. ആ പണം ഉപയോഗിച്ചാണ് അട്ടിമറി നടന്നിരിക്കുന്നത്.
ഒന്‍പത് ഡയറക്ടര്‍മാരാണ് ഇതില്‍ അവിശ്വാസം നല്‍കിയിരിക്കുന്നത്. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അനുകൂല വിധിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി നൽകിയ പീഡന പരാതി ഒരു മണിക്കൂർപോലും കൈയിൽ വയ്ക്കാതെ ഡിജിപിക്കു കൈമാറുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടിക്ക് എന്തു ചെയ്യാനാകുമെന്ന് പ്രതിപക്ഷ നേതാവ് ആരാഞ്ഞു. പ്രധാനപ്പെട്ട പലര്‍ക്കുമെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോ.
എന്നാല്‍ കെപിസിസി പ്രസിഡന്റിന് കിട്ടിയ പരാതി കൈമാറിയതോടെ അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് പോലീസാണ്. പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചത്.
കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാല്‍ അത് പോലീസിനു കൈമാറി. തെറ്റ് ചെയ്താല്‍ അതു പോലീസ് അന്വേഷിച്ച് തീരുമാനം എടുക്കട്ടെയെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡനെ നിയമിച്ചു. വിദഗ്ധരെ അടക്കം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ സെൽ വിപുലമാക്കാനാണ് ഹൈബി ഈഡന്റെ തീരുമാനം.
നിലവിലെ തലവനായിരുന്ന വി.ടി. ബൽറാമിനു പകരമാണ് ദേശീയ നേതൃത്വം നിർണായക ചുമതല ഹൈബി ഈഡന് കൈമാറിയത്. തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകൾ പടിവാതിക്കൽ എത്തിനിൽക്കേ സൈബർ രംഗത്ത് എതിരാളികളുടെ തേരോട്ടം ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ പി. സരിന്റെ അനുയായികളെ ഉൾപ്പെടുത്തി ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.
Kerala
തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗവും രാഷ്ട്രീയകാര്യസമിതിയും നാളെ ചേരും. ശബരിമല വിഷയത്തിൽ മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് നാളെ നടക്കുന്നുണ്ട്.
അതിനുശേഷം 12നു ഭാരവാഹി യോഗവും വൈകുന്നേരം നാലിന് രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും പ്രധാന ചർച്ചാവിഷയം. ഭാരവാഹികൾക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതല നൽകുന്നതു സംബന്ധിച്ച ചർച്ചകളും ഉണ്ടാകും.
കെപിസിസി സെക്രട്ടറിമാരുടെ നിയമനം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരായ ജനവിധി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനത്തേത്. സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത് പരാജയം മുന്നില്‍ കണ്ടാണ്. നാലരക്കൊല്ലം ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.
ആത്മാര്‍ഥയുണ്ടെങ്കില്‍ ക്ഷേമപെന്ഷന് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കണം. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന കോണ്‍ക്ലേവുകളും പിആര്‍ പരസ്യങ്ങളും ജനം തിരിച്ചറിയമെന്നും സണ്ണി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നടന്ന വോട്ട് ചോരിക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഒപ്പുസമാഹരണ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽനിന്ന് 15 ലക്ഷം കത്തുകൾ ഡൽഹിക്ക് അയയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമാഹരിച്ച അഞ്ചു കോടി ഒപ്പുകൾ നവംബർ അവസാനം ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ എത്തിച്ചശേഷം തെരഞ്ഞെടുപ്പ് കമ്മീഷനു നൽകും.
കേരളത്തിൽനിന്ന് 14 ലക്ഷം ഒപ്പുകൾ ഇതിനകം സമാഹരിച്ചു. അത് 15 ലക്ഷമാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിക്ക് അയക്കുന്നത്.
ഫോട്ടോയുള്ള മെഷീൻ റീഡബിൾ വോട്ടർപട്ടിക പൊതു പരിശോധനയ്ക്കു നല്‍കുക, ഓരോ തെരഞ്ഞെടുപ്പിനു മുന്‍പും ഫോട്ടോയോടു കൂടിയ ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ പട്ടിക പരിശോധിക്കാൻ നല്‍കുക, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ അതിവേഗ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഒപ്പുശേഖരണത്തിൽ ഉന്നയിച്ചത്.
ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളിൽ നടന്ന വോട്ട് ചോരി കേരളത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ഇടയുണ്ടെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ഇതു സംബന്ധിച്ച പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന യഥാർത്ഥ വോട്ടർമാരെ വലിയ തോതിൽ ഒഴിവാക്കിയിരിക്കുകയാണെന്നും ഇതിനെതിരേ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മൂന്ന് മേഖലകള്‍ തിരിച്ചാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നൽകിയത്.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തെക്കൻ മേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥിനാണ്. എ.പി. അനിൽകുമാറിനെ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളുള്ള മധ്യമേഖലയുടെ ചുമതല നൽകി. കോഴിക്കോട് മുതൽ കാസര്‍ഗോഡ് വരെയുള്ള വടക്കൻ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.
കെസി പക്ഷക്കാര്‍ക്കാണ് സംഘടനാ ചുമതലയും കെപിസിസി ഓഫീസ് ചുമതലയും. സംഘടനാ ചുമതല നെയ്യാറ്റിന്‍കര സനലിനും ഓഫീസ് ചുമതല മുന്‍ എംഎൽഎ എം.എ. വാഹിദിനുമാണ് നൽകിയത്.
ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാര്‍ക്ക് പകരം വൈസ് പ്രസിഡന്റുമാര്‍ക്കും ട്രഷറര്ക്കുമാണ്. ജനറൽ സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് കെപിസിസി പ്രസിഡന്റ് നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പു തന്ത്രങ്ങൾ സംസ്ഥാനത്തെ ആറു കോർപറേഷനുകളിലേക്കും പരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു പ്രചാരണം കൊഴുപ്പിക്കുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും.
ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച് കോർപറേഷനുകളിലും സ്വീകരിക്കും. കൊച്ചിയിലടക്കം അടുത്ത ദിവസങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി റിബലുകളുടെ ശല്യമോ മറ്റ് അലോസരങ്ങളോ വാക്പോരുകളോ ഇല്ലാതെയാണ് പ്രധാനമായി സ്ഥാനാർഥി നിർണയം കോണ്‍ഗ്രസിനു പൂർത്തിയാക്കാനാകുന്നത്.
മുകളിൽ നിന്നു കെട്ടിയിറക്കുന്ന സ്ഥാനാർഥികളല്ല ഇത്തവണ കൂടുതലുമെന്ന വ്യത്യാസവുമുണ്ട്. മണ്ഡലം കമ്മിറ്റികൾ അടക്കമുള്ള പ്രാദേശിക ഘടകങ്ങൾ നിർദേശിച്ച പേരുകളാണ് പ്രധാനമായി നേതൃത്വം പരിശോധിച്ചത്. ഇതിൽ വിജയസാധ്യതയുണ്ടെന്നു കണ്ടെത്തിയവരുടെ സർവേ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ചുമതലയാകട്ടെ മുതിർന്ന നേതാക്കൾക്കാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരനാണ് ചുമതലയെങ്കിൽ കൊല്ലം കോർപറേഷനിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറാണ് ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്.
കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടാണ് നിയന്ത്രണം ഏകോപിപ്പിക്കുന്നത്. കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും കണ്ണൂരിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനും ഏകോപന പ്രവർത്തനം നടത്തും. തൃശൂർ കോർപറേഷന്റെ ചുമതല ടി.എൻ. പ്രതാപനാണ്.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ അടക്കം നടത്തിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.
മുതിർന്ന നേതാക്കളുടെ പൂർണ മേൽനോട്ടത്തിലാകും തെരഞ്ഞെടുപ്പു പ്രചാരണവും. നിലവിൽ കണ്ണൂർ കോർപറേഷനിൽ മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. മറ്റ് അഞ്ചിടങ്ങളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇത്തവണ നാലു കോർപറേഷനുകളിലെങ്കിലും ഭരണം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യം.
മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കോർപറേഷനുകളിലെ മിന്നും ജയം യുഡിഎഫിന് അത്യാവശ്യമാണെന്നു നേതാക്കൾ കരുതുന്നു. അതാണ് ഇത്രയും മുന്നൊരുക്കം നടത്തുന്നത്. സംസ്ഥാന സർക്കാരിനെതിരേയുള്ള ഭരണ വിരുദ്ധ വികാരത്തിനൊപ്പം തദ്ദേശ തലത്തിലെ അഴിമതികളും പ്രചാരണത്തിൽ ചൂണ്ടിക്കാട്ടി വോട്ടാക്കി മാറ്റാൻ ശ്രമിക്കുമെന്നു മുതിർന്ന നേതാക്കൾ പറയുന്നു.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ.എസ്. ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാർഥിത്വമെന്നും കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേർത്തു.
അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം തെരഞ്ഞെടുപ്പ് കുതന്ത്രമാണ്. നിലവിൽ ഉള്ള ആനുകൂല്യങ്ങൾ കൂടി ഇല്ലാതാക്കും. എൽഡിഎഫിന്റെ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റി. ബഹുജന സംഘടനകൾക്കൊപ്പം പ്രതിഷേധത്തിൽ അണിചേരും. സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ജംബോ കമ്മിറ്റിക്കു പിന്നാലെ കെപിസിസിക്ക് 17 അംഗ കോർകമ്മിറ്റി കൂടി പ്രഖ്യാപിച്ചു. പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുൾപ്പെട്ട സമിതിയിൽ ഷാനിമോൾ ഉസ്മാനാണു കേരളത്തിൽനിന്നുള്ള ഏക വനിതാ അംഗം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്‍വീനറായ സമിതിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, മുൻ പിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ എന്നിവരുമാണ് അംഗങ്ങൾ.
ഉടൻ പ്രാബല്യത്തോടെയാണു കോർ കമ്മിറ്റിക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതെന്ന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ആഴ്ചയിലൊരിക്കൽ കോർ കമ്മിറ്റി യോഗം ചേരാനാണു ഹൈക്കമാൻഡ് നിർദേശം.
കോർ കമ്മിറ്റിയാകും തെരഞ്ഞെടുപ്പുകാലത്ത് പ്രധാന തീരുമാനങ്ങളെടുക്കുക. കൊട്ടിഘോഷിച്ചു മുന്‍പ് തുടങ്ങിയ രാഷട്രീയകാര്യ സമിതിയുടെ അംഗബലം 39 ആയി ഉയർത്തിയതോടെയാണു പ്രായോഗികതയുടെ പേരിൽ പുതിയ കോർ കമ്മിറ്റി രൂപീകരിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയെത്തുടർന്നാണ് പുതിയ കോർ കമ്മിറ്റി രൂപീകരണം.
അടുത്തിടെ നടത്തിയ പുനഃസംഘടനയിൽ പ്രഡിഡന്റ്, മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരോടൊപ്പം 39 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. സെക്രട്ടറിമാരുടെ ജംബോ പട്ടികകൂടി വൈകാതെ പ്രഖ്യാപിക്കുന്നതോടെ കെപിസിസി ഭാരവാഹികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡാകും.
Kerala
തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെപിസിസിയുടെ ആദ്യ യോഗം ഇന്നു കെപിസിസി ഓഫീസിൽ ചേരും. രാവിലെ പത്തിനാണ് യോഗം ആരംഭിക്കുന്നത്.
പുതിയ ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും ട്രഷററെയും നിയമിച്ച ശേഷം കെപിസിസി യോഗം വിളിച്ചിരുന്നെങ്കിലും നേതൃതലത്തിൽ ഭിന്നതയും പ്രതിഷേധവും രൂക്ഷമായതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് പ്രമുഖ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ യോഗം നിശ്ചയിച്ചിരിക്കുന്നത്.
രാഷ്ട്രീയകാര്യ സമിതി ഉൾപ്പെടെ ജംബോ കമ്മിറ്റി ആയ സാഹചര്യത്തിൽ പ്രധാന നേതാക്കളെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ചിരുന്നു.
ദീപ ദാസ് മുൻഷിയാണ് ഇതിനെ നയിക്കുന്നത്.
Kerala
തിരുവനന്തപുരം: സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിലൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ.
എ.കെ.ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കമ്മിറ്റിയിൽ അംഗങ്ങളാണ്.
ഈ കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.
Kerala
തിരുവനന്തപുരം: ധൃതിപിടിച്ച് കേരളത്തിൽ എസ്ഐആർ നടത്താനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഒരു ചർച്ചപോലും നടത്താതെ ഏകപക്ഷീയമാണ് ഈ തീരുമാനമെടുത്തത്. ഇതു തിരുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്പോൾ എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനം ബുദ്ധിശൂന്യമാണ്. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയോടുള്ള എതിർപ്പിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിൽക്കാനുള്ള സിപിഐ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിനെതിരേ സിപിഐ ഇത്രയെങ്കിലും ചെയ്യുന്നതിൽ സന്തോഷം. ധാരണാപത്രം ഒപ്പിട്ടശേഷം അത് നടപ്പിലാക്കില്ലെന്ന സിപിഎം പ്രചാരണം തട്ടിപ്പാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കൊച്ചി: അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നവീകരണത്തിൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
മെസിയുടെ പേരു പറഞ്ഞ് കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡന് എംപി ആവശ്യപ്പെട്ടു. നവീകരണത്തിന്റെ മറവില്‍ സ്റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാൻ മൗനാനുവാദം നല്കിയ ജിസിഡിഎ മറുപടി പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആരോപിച്ചു.
എന്ത് ഉറപ്പിലാണ് നവീകരണത്തിനായി സ്റ്റേഡിയം കൈമാറിയതെന്നും ഇതിലെ കരാര്‍ എന്താണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്പോണ്‍സറുടെ നിലപാടില്‍ സംശയമുണ്ട്. നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നു. ദുരൂഹതകളുള്ള ബിസിനസ് ഡീലാണു നടന്നതെന്നും സര്‍ക്കാര്‍ അന്വേഷണത്തിനു തയാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
District News
ചങ്ങനാശേരി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്കെതിരേ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വിശ്വാസ സംരക്ഷണ ദീപം തെളിച്ചു. കെപിസിസി ജനറല്‍സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സലിം പി. മാത്യു, പി.എച്ച്. നാസര്‍, ബാബു കോയിപ്രം, പി.എം. കബീര്‍, മജീജ്ഖാന്, ടി.എസ്. സലിം, ആര്. രാജഗോപാല്‍, ജസ്റ്റിന് ബ്രൂസ്, പി.ജെ. ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
National
തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.
യോഗത്തിന് മുന്‍പ് ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ച് നല്‍കാനുള്ള ആലോചന നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്. അതേസമയം മുതിര്‍ന്ന നേതാക്കളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നാണ് കെപിസിസിയുടെ വിശദീകരണം.
പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയോഗിക്കാത്തതില്‍ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു. തൃപ്തികരമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത എട്ട് പ്രസിഡന്റുമാരെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ജോസ് ഫ്രാങ്ക്ളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് അറിയിച്ചത്.
ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ വീട്ടമ്മ എഴുതിയിരുന്നത്.
Kerala
പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര ചാണ്ടി ഉമ്മൻ ബഹിഷ്കരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
അടൂർ പ്രകാശ് എംപി നയിക്കുന്ന യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല.
തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേ സമയം പുനസംഘടനയിൽ പ്രതിഷേധവുമായി വനിതാ നേതാവായ ഡോ.ഷമ മുഹമ്മദും രംഗത്തെത്തി.
കഴിവ് ഒരു മാനദണ്ഡമാണോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ അതൃപ്തി പ്രകടിപ്പിച്ചത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അവരെ ഒഴിവാക്കുകയായിരുന്നു.
National
ന്യൂഡൽഹി: കെപിസിസി പുനഃസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്.
രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ. മണി, സി.പി. മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. സന്ദീപ് വാര്യർക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകി.
വി.എ. നാരായണനാണ് കെപിസിസി ട്രഷറര്‍. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അബിന്‍ കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. അബിന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഇതിനു പിന്നാലെ കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കണമെന്നും നേതൃത്വത്തോട് അഭ്യർഥിക്കുമെന്ന് അബിൻ വർക്കി മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ ആക്രമണം, സ്വര്‍ണക്കൊള്ളയില്‍ നിന്ന് തടിതപ്പാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
നട്ടുച്ചക്ക് ഇരുട്ടാണെന്നു പറയുന്ന നിലപാടാണ് അവരുടേത്. മാധ്യമപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ അവര്‍ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം മറച്ചുവയ്ക്കാനുള്ള തത്രപ്പാടാണ് അവരുടേതെന്നും അതാണ് ഇന്നലെ കണ്ടതെന്നും വേണുഗേപാല്‍ പറഞ്ഞു.
ഷാഫി പറമ്പിലിനെ താന്‍ കണ്ടിരുന്നെന്നും മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ ആത്മഹത്യചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചുതീർത്തത്.
ബത്തേരി അർബൻ ബാങ്കിലെ കുടിശിക തീർത്ത് വീടിന്റെ ആധാരം എടുത്തുനൽകുക എന്നതായിരുന്നു വിജയന്റെ കുടുംബത്തിന്റെ ആവശ്യം. അർബൻ ബാങ്കിന്റെ പക്കലുള്ള വിജയന്റെ വീടിന്റെ ആധാരം കൈമാറുന്നതിനു നിലവിൽ പ്രശ്നങ്ങളില്ല.
ആധാരം കൈമാറുമ്പോൾ നോമിനിയായി വിജയന്റെ ഭാര്യ സുമയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഷെയർ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കുടുംബത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയാകുന്നതോടെ ആധാരം കൈമാറാനാകുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
40 ലക്ഷത്തോളം രൂപയാണ് 2007 ൽ വിജയൻ ബത്തേരി ബാങ്കിൽനിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായിരുന്നു.
സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നൽകുന്നതിന്റെ ഭാഗമായാണ് ഇത്രവലിയ ബാധ്യത ഉണ്ടായത് എന്നാണ് വിജയൻ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നത്.
Kerala
തലശേരി: മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതെന്നും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണ്. ഇതിനെ എത്രതന്നെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത അംഗീകരിക്കില്ല. കോണ്‍ഗ്രസ് ബോധപൂര്‍വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളജിലേതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. നിലമ്പൂരില്‍ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോള്‍ വനം മന്ത്രി പറഞ്ഞത് പോലെയാണീ മറുപടി. ഇത് വിവരക്കേടാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ എംപിയുടെ തലശേരി ഓഫീസ് ഉദ്ഘാടനത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.