ന്യൂഡൽഹി: ജംബോ കമ്മിറ്റിക്കു പിന്നാലെ കെപിസിസിക്ക് 17 അംഗ കോർകമ്മിറ്റി കൂടി പ്രഖ്യാപിച്ചു. പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുൾപ്പെട്ട സമിതിയിൽ ഷാനിമോൾ ഉസ്മാനാണു കേരളത്തിൽനിന്നുള്ള ഏക വനിതാ അംഗം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്‍വീനറായ സമിതിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, മുൻ പിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ എന്നിവരുമാണ് അംഗങ്ങൾ.
ഉടൻ പ്രാബല്യത്തോടെയാണു കോർ കമ്മിറ്റിക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതെന്ന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ആഴ്ചയിലൊരിക്കൽ കോർ കമ്മിറ്റി യോഗം ചേരാനാണു ഹൈക്കമാൻഡ് നിർദേശം.
കോർ കമ്മിറ്റിയാകും തെരഞ്ഞെടുപ്പുകാലത്ത് പ്രധാന തീരുമാനങ്ങളെടുക്കുക. കൊട്ടിഘോഷിച്ചു മുന്‍പ് തുടങ്ങിയ രാഷട്രീയകാര്യ സമിതിയുടെ അംഗബലം 39 ആയി ഉയർത്തിയതോടെയാണു പ്രായോഗികതയുടെ പേരിൽ പുതിയ കോർ കമ്മിറ്റി രൂപീകരിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയെത്തുടർന്നാണ് പുതിയ കോർ കമ്മിറ്റി രൂപീകരണം.
അടുത്തിടെ നടത്തിയ പുനഃസംഘടനയിൽ പ്രഡിഡന്റ്, മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരോടൊപ്പം 39 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. സെക്രട്ടറിമാരുടെ ജംബോ പട്ടികകൂടി വൈകാതെ പ്രഖ്യാപിക്കുന്നതോടെ കെപിസിസി ഭാരവാഹികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡാകും.
Tags : Shanimol Usman KPCC Congress