Kerala
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള സ്കറിയാ പള്ളിവാതുക്കലിന്റെ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്.
തോട്ടം പാട്ടത്തിന് എടുത്തു ടാപ്പിംഗ് മഠത്തിൽ വിനു ജോസഫാണ് പുലിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടത്. പുലി സാന്നിധ്യമുള്ള ഏരിയ ആയതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ടാപ്പിംഗിനിറങ്ങുന്നത്.
ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ധാരി പട്ടണത്തിലെ ഗോപാൽഗ്രാം ഗ്രാമത്തിലാണ് സംഭവം.
രാവിലെ ഒൻപതോടെ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ഇൻ ചാർജ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) പ്രതാപ് ചന്തു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സാഹിൽ കട്ടാര എന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
അതേസമയം, പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കൂടുകൾ സ്ഥാപിച്ചുവെന്നും പുലിയെ ഉടൻതന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈക്കടുത്ത് മിരാ ഭയന്തറിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
പുലിയെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലുള്ള ലെപ്പേർഡ് റെസ്ക്യൂ സെന്ററിലേയ്ക്ക് മാറ്റും. തുടർന്ന് വൈദ്യ പരിശോധന നടത്തും. പിന്നീടായിരിക്കും പുലിയെ തുറന്ന് വിടണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
വെള്ളിയാഴ്ച രാവിലെ മിരാ ഭയന്തറിലെ ഫ്ലാറ്റിനുള്ളിലെത്തിയ പുലി അവിടത്തെ നിവാസികളെ ആക്രമിച്ചിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെൺകുട്ടി അടക്കമുള്ളവരാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാൽ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.
പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്.
പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. പിന്നീട് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അഞ്ച് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
വീടിന് പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഡിപി നേതാവ് ഇല്‍റ്റിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
National
മുംബൈ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയിൽ പുലി വേഷം ധരിച്ചെത്തി എംഎൽഎ.
ജുന്നാർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന എംഎൽഎ ശരദ് സോനവാനയാണ് പ്രതിഷേം പ്രകടിപ്പിക്കാൻ നിയമസഭയിൽ വ്യത്യസ്ത വേഷം ധരിച്ചെത്തിയത്.
"സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. 2014 മുതൽ ഞാൻ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സർക്കാർ അവഗണിക്കുകയാണ്, റെസ്ക്യൂ സെന്ററുകൾ നിർമിക്കണം, പുലികളെ ഇവയിൽ പാർപ്പിക്കണം'.-അദ്ദേഹം പറഞ്ഞു.
"എന്റെ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2014-15 ലെ ശൈത്യകാല സമ്മേളനത്തിൽ ഞാൻ സർക്കാരിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു'.- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഗ്പുർ നഗരത്തിലെ ഒരു ജനവാസ മേഖലയിൽ ഇന്ന് പുള്ളിപുലിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്.
Kerala
പാലക്കാട്: മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മലമ്പുഴ ഗവ.സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്.
നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പുലിഭീഷണി നിലനിൽക്കുന്നതിനാൽ മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു.
പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ്.
District News
കോയമ്പത്തൂർ: പട്ടണം ബൈപാസിന് സമീപം പുള്ളിപ്പുലിയുടെ സഞ്ചാരം ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി നോയൽ നദിക്ക് സമീപം പുള്ളിപ്പുലി ഒരു നായയെ പിടിച്ചു നീങ്ങുന്നതായി വിവരം ലഭിച്ചു. കനാലിനടുത്തുള്ള ട്രിനിറ്റി നഗർ, കാവേരി നഗർ, നദിക്കടുത്തുള്ള പൂന്തോട്ടങ്ങൾ, കനാലിനടുത്തുള്ള പൂന്തോട്ടങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന പൊതുജനങ്ങൾ ഇതിനാൽ പരിഭ്രാന്തിയിലാണ്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി മരിച്ചു. അർജുൻ നിനാമ എന്നയാളുടെ മകളാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ട്രംബാക്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അമ്മയുടെ കൂടിയിരുന്നിരുന്ന കുട്ടിയെ വീട്ടിൽ കയറിയ പുലി കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ അമ്മ പുലിയെ ഓടിക്കാൻ നോക്കിയെങ്കിലും നടന്നില്ല. കുട്ടിയുമായി പുലി കുറച്ചുദൂരത്തേക്ക് പൊയി. കുറച്ച് നേരത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വനംവകുപ്പ് ഏഴ് കൂടുകൾ സ്ഥാപിച്ചു.
District News
ചാത്തന്നൂർ: വനമേഖലയിൽ നിന്നും വിദൂരമായ ചാത്തന്നൂരിൽ പുലിയെ കണ്ടതായി വാർത്ത പരന്നു.അഞ്ചലിൽ നിന്നും വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം ചാത്തന്നൂരിൽ എത്തി തെരച്ചിൽ നടത്തി.
കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഒരു കുപ്പിവെള്ള സ്ഥാപനത്തിലെ ജീവനക്കാരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിന് സമീപവും പിന്നെ പോളച്ചിറ ഭാഗത്തും ഇതിനെ കണ്ടതായി പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ അഞ്ചലിൽ നിന്നും വനം -വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ എത്തുകയായിരുന്നു.
പുലിയെ കണ്ടു എന്ന് പറയുന്ന ഭാഗത്തെ കാൽപ്പാടുകൾ പരിശോധിച്ച സംഘം വിളപ്പുറം, പോളച്ചിറ, നെടുങ്ങോലം കോട്ടേക്കുന്നിൽ ഭാഗത്ത് പരിശോധന നടത്തി. കാൽപ്പാദത്തിന്റെ അടയാളത്തിൽ പുലിയല്ല കാട്ടുപൂച്ചയാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
ചാത്തന്നൂർ പ്രദേശത്ത് മുമ്പും വന്യജീവികളെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു.
അന്നും വനം വകുപ്പ് പരിശോധന നടത്തി ഇവയെ പിടികൂടാൻ ശ്രമിച്ചിരുന്നു. വന്യമൃഗങ്ങൾ ഇത്തിക്കരയാറ്റിലൂടെ ഒഴുകി എത്തി കരയ്ക്ക് കയറുന്നതായാണ് നിഗമനം. നാട്ടുകാർ ഭീതിയിലാണ്.
Kerala
അട്ടപ്പാടി: സ്കൂൾ പരിസരത്ത് പുലിയെത്തിയതിനാൽ അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപിഎസിന് അവധി പ്രഖ്യാപിച്ചു. സ്കൂളിനു സമീപത്ത് പുലിയെത്തിയെന്നും വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതർ പറഞ്ഞു.
രണ്ടുദിവസമായി സ്കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും വ്യക്തമാക്കി. അധ്യാപകരുടെ ക്വാര്‍ട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പുഴ വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി പിടിച്ചിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്.
Kerala
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.
തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്സും നേതൃത്വം നൽകി.
Kerala
മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ നാട്ടുകാരെ ഭീതിയിലാക്കുന്ന പുലിയെ മയക്കുവെടിവയ്ക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ സബ്മിഷനുള്ള മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
നാട്ടുകാർ സ്ഥാപിച്ച കാമറയിൽ 30 തവണ പുലിയുടെ ദ്യശ്യം പതിഞ്ഞിട്ടും വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പരാതി. ഏതുസമയത്തും ആളുകൾ അക്രമത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും എംഎൽഎ നിയമസഭയിൽ പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മണ്ണാർമലയിലെത്തി. നേരത്തെ സ്ഥാപിച്ച ഒരു കൂടിനു പുറമേ മറ്റൊരു കൂടു കൂടി വനംവകുപ്പ് സ്ഥാപിച്ചു. മൂന്നാമതൊരു കൂടു കൂടി ഉടൻ തന്നെ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പിന്നാലെ പുലിയെ നിരീക്ഷിക്കും.
രണ്ട് ദിവസം കാത്തിരുന്നിട്ടും പുലി കൂട്ടിൽ കയറുന്നില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടുന്നതിലേക്ക് കടക്കാനാണ് വനം വകുപ്പ് തീരുമാനം.
Kerala
മലപ്പുറം: മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി. സ്ഥിരം സാന്നിധ്യമുള്ള മണ്ണാര്‍മല മാട് റോഡ് ഭാഗത്താണ് പുലിയെ കണ്ടത്.
ശനിയാഴ്ച രാത്രി 7.19ന് പുള്ളിപ്പുലി സിസിടിവി കാമറക്ക് മുന്നിലെത്തിയത്. നാട്ടുകാര്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കാമറക്ക് സമീപമായാണ് ആടിനെ ഇരയാക്കി വച്ച് കെണി സ്ഥാപിച്ചിരിക്കുന്നത്.
മലമുകളില്‍ നിന്ന് ഇറങ്ങി വന്ന് കെണിയുടെ മുന്നില്‍ ഒരു മിനിറ്റോളം കിടന്നു വിശ്രമിച്ച് കെണിയുടെ സമീപത്തു കൂടി താഴെ ഭാഗത്തേക്ക് ഇറങ്ങി പോകുകയായിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കെണിയില്‍ കുടുങ്ങാത്ത പുലിയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
പത്തനംതിട്ട: കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പില്‍ പുലിയുടെ ആക്രമണത്തില്‍ ആട് ചത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.
ഊട്ടുപാറ കാഞ്ഞിരത്തുംമൂട്ടില്‍ സന്തോഷ് ബാബുവിന്റെ ആടിനെയാണ് പുലി പിടിച്ചത്. സന്തോഷ് ബാബുവും സമീപവാസിയായ മോനച്ചനും ചേര്‍ന്ന് ഇവരുടെ വീടിനു സമീപത്തെ കൃഷിയിടത്തില്‍ കൂട്ട് കൃഷി നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നായയുടെ കുര കേട്ട് ഉണര്‍ന്ന മോനച്ചന് പന്നി കയറിയതാണെന്നു കരുതി കൃഷിയിടത്തിലേക്ക് ടോര്‍ച്ച് തെളിച്ചപ്പോള്‍ പുലി ഓടിപ്പോകുന്നതാണ് കണ്ടതെന്ന് പറയുന്നു.
തുടര്‍ന്ന് ഉറക്കത്തില്‍ ആയിരുന്ന സന്തോഷ് ബാബുവിനെയും കുടുംബത്തെയും മോനച്ചന് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ആട്ടിന്‍ കൂട്ടില്‍ നോക്കുമ്പോള്‍ ആട് പുലിയുടെ ആക്രമണത്തില്‍ ചത്തു കിടക്കുന്നതാണ് കണ്ടത്.
ആടിനെ കെട്ടി ഇട്ടിരുന്നതിനാല്‍ വലിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള വനപാലക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
പുലിയുടെ കാല്പാദങ്ങള് വനപാലകസംഘം സ്ഥിരീകരിച്ചു. വനം വകുപ്പില്‍ നിന്നും ആടിന് ആവശ്യമായ നഷടപരിഹാരം നല്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രദേശത്ത് പുലി ഭീതി നിലനില്‍ക്കുന്നതിനാല്‍ വനപാലകര്‍ പ്രദേശത്ത് കാമറ സ്ഥാപിച്ചു.
National
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ നാലുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലി കെണിയിൽ കുടുങ്ങി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന പച്ചമല എസ്റ്റേറ്റിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ കഴിഞ്ഞ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു പുലിയുടെ ആക്രമണം. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.