ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്‍റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്‍റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.

പ്രദേശമാകെ ഭീതിയിൽ
തൊഴുത്തിൽ കെട്ടിയിരുന്ന നാലു പശുക്കളെയും വന്യജീവി കടിച്ചു കൊന്നതോടെ പ്രദേശമാകെ ആശങ്കയിലും ഭീതിയിലുമാണ്. കടുവയാകാം പശുക്കളെ കൊന്നതെന്ന അഭിപ്രായമുയരുമ്പോൾ നാലു പശുക്കളെയും ആക്രമിച്ചു കൊല്ലുമോ എന്ന ചോദ്യവും ബാക്കിയാകുന്നുണ്ട്. കടുവകൾ കൂട്ടമായി ഇറങ്ങാറില്ലെന്നതും ഒരു ഇരയെ ലക്ഷ്യം വച്ചാൽ അതിനെ മാത്രം പിടിക്കുന്ന രീതിയാണ് കടവുയുടേത്. അതുകൊണ്ടുതന്നെ പശുക്കളെ കൊന്നത് കടുവയാകാൻ സാധ്യതയില്ലന്ന അഭിപ്രായവുമുണ്ട്. മേഖലയിൽ വന്യജീവികളുടെ സാന്നിധ്യം ദിനംപ്രതി വർധിച്ചു വരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. വളർത്തു മൃഗങ്ങളെ ആക്രമിച്ച വന്യജീവി വരും ദിവസങ്ങളിൽ മനുഷ്യർക്കു നേരേ തിരിയുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.
Tags : cows killed tiger attack leopard forest kannur forest department