ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ, നീലായി മേഖലകളിൽ വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.
ചതിരൂർ, നീലായി എന്നിവിടങ്ങളിൽ ഓരോ കാമറകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുലിയെ കൂട് സ്ഥാപിച്ച് പിടിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൂട് സ്ഥാപിക്കാനാവൂ എന്നതിനാലായിരുന്നു കാമറകൾ സ്ഥാപിച്ചത്. വനാതിർത്തിയിലെ സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറിയ സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ പ്രദേശത്ത് വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് കീഴ്പ്പള്ളി സെക്ഷനിലെ ജീവനക്കാർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Tags : Leopard camera Aralam Forest department Solar fence