Kerala
തിരുവനന്തപുരം: മദ്യവും ലോട്ടറിയും മോട്ടോർവാഹന നികുതിയും മാത്രമല്ല കേരളത്തിന്റെ സന്പദ്ഘടനയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനവും പെട്രോളും മറ്റു വരുമാന മാർഗങ്ങളും കേരളത്തിന്റെ സന്പദ്ഘടനയുടെ നെടുംതൂണാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്. ചരക്കുസേവന നികുതി വരുമാനത്തിലും വർധനയുണ്ട്. ലോട്ടറിയിൽനിന്നു കൂടുതൽ ലാഭം ലഭിക്കുന്നില്ല. ലോട്ടറി സർക്കാർ നടത്തുന്നതിനാൽ ലോട്ടറിയിൽനിന്നുള്ള വരുമാനം ജീവനക്കാർക്ക് ശന്പളം നൽകാനും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കമ്മീഷനും മറ്റു ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മദ്യത്തിന് ഇതുവരെ സർക്കാർ വില കൂട്ടിയിട്ടില്ല. സെസ് ഏർപ്പെടുത്തുക മാത്രമാണു ചെയ്തത്. മോട്ടോർ വാഹന നികുതി കുറച്ചതു വഴി കേരളത്തിന് 2000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.
ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വർധിപ്പിച്ചാൽ മാത്രമേ നമുക്ക് സാന്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയൂ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും മാധ്യമ മേഖലയിലുള്ളവരുമായുള്ള പ്രി ബജറ്റ് സംവാദത്തിൽ ധനമന്ത്രി പറഞ്ഞു.
സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാർ വിമാനടിക്കറ്റും ഡൽഹിയിലെ കേരള ഹൗസിൽ താമസസൗകര്യവും ഏർപ്പെടുത്തുന്നതുപോലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളി യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റും താമസ സൗകര്യവും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ പിഎസ്സി ഇന്റർവ്യൂവിനു പോകുന്ന യുവാക്കൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യം നൽകണമെന്ന ആവശ്യവും ഉയർന്നു.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നു. സർക്കാർ ജീവനക്കാരുടെ ഡിഎ ഒഴികെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ കേരളം. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു കേന്ദ്ര ധനമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൽ റബറിന്റെ താങ്ങുവില ഉയർത്തണമെന്ന റബർ കർഷകരുടെ സുപ്രധാന ആവശ്യം ഉന്നയിക്കും. ഇപ്പോൾ, സംസ്ഥാനം 200 രൂപയാണ് നൽകുന്നത്. ഇതിലാണ് കേന്ദ്രം 50 രൂപയുടെ വർധന വരുത്തി റബർ കർഷകരെ സഹായിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച കടമെടുക്കൽ പരിധി പുനഃസ്ഥാപിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനമാണ് സമർപ്പിക്കുക. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്രമന്ത്രി ഡൽഹിയിൽ ഇന്നു വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ കടമെടുക്കൽ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം വെട്ടിക്കുറച്ചു. സാന്പത്തിക വർഷം മുഴുവൻ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയിൽ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച 1877 കോടി രൂപയും വെട്ടിക്കുറച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് പകരമുള്ള റെയിൽവേ പദ്ധതി അനുവദിക്കുക, ഗതാഗതത്തിരക്ക് കുറയ്ക്കാൻ കൂടുതൽ റെയിൽവേ സൗകര്യങ്ങൾ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും. കേരളത്തെ സാന്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
കേരളത്തിന്റെ തനതു നികുതി വരുമാനം ഇരട്ടിയിലധികമായി ഉയർന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2015-16ൽ 38,995 കോടി രൂപയായിരുന്ന തനതു നികുതി വരുമാനം 2024-25ൽ 84,884 കോടി രൂപയായി ഉയർന്നു. 117 ശതമാനം വർധന. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടു .2015-16 ലെ 47,420 കോടി രൂപയിൽനിന്ന് 2024-25ൽ 1,03,240 കോടി രൂപയായാണ് തനതു വരുമാനം ഉയർന്നത്, 118% വർധന.
District News
കൊല്ലം : ലോകത്തെ മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. തൊഴിലും നൈപുണ്യവും വകുപ്പി െ ന്റ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിലെ ഓര്‍ക്കിഡ് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെ പങ്കാളിത്തം പരമ്പരാഗത വ്യവസായ - തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്നത് കേരളത്തിലാണ്. മിനിമം വേതനം ഉള്‍പ്പടെ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് ഇരുന്ന് തൊഴില്‍ ചെയ്യാന്‍ കഴിയുന്ന ധാരാളം ക്ഷേമപദ്ധതികള്‍ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.കേരളത്തിലെ തൊഴില്‍ ഇടങ്ങളിലെ സ്വാതന്ത്ര്യം, അന്തസ്, സാമ്പത്തിക സുരക്ഷിതത്വവും തൊഴിലാളികളെ സംരക്ഷിച്ചുള്ള നയരൂപീകരണവും മാതൃകപരമാണെന്ന് മുഖ്യാതിഥിയായ ഐഎല്‍ഒ ഡയറക്ടര്‍ മിചികോ മിയാമോട്ടോ പറഞ്ഞു.
ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, എംഎല്‍എമാരായ എം. നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്, ജില്ലാ കളക്ടർ എന്‍.ദേവിദാസ്, മുന്‍ മന്ത്രിമാരായ എളമരം കരീം, ജെ.മേഴ്സികുട്ടിഅമ്മ, സ്വാഗതസംഘം കണ്‍വീനര്‍ എസ്.ജയമോഹന്, എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ സൂഫിയാന് അഹമദ്, ടെരുമോ പെന്‍പോള്‍ മുന്‍ എംഡി സി.പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫ. ഡോ. ജയേഷ്, ഐഎല്‍ഒ നാഷണല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ്, എ.അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കൊല്ലം: സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ നിരന്തരവും മികവുറ്റതുമായ പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര്യമുക്തിയെന്ന ചരിത്രനേട്ടത്തിനു സഹായകമായതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ജില്ലാ പഞ്ചായത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ആകെ 4461 കുടുംബങ്ങളെയാണ് ജില്ലയില്‍ കണ്ടെത്തിയത്. 3973 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നു മുക്തമാക്കാനായി. മരണപ്പെട്ടവര്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, പട്ടികയില്‍ ഇരട്ടിപ്പ് വന്നവര്‍ എന്നിങ്ങനെ 488 പേരെ ഒഴിവാക്കി.
2180 കുടുംബങ്ങള്‍ക്ക് ഭക്ഷണംഉറപ്പാക്കി. 2226 കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനവും. 292 കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കി. 878 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും നിര്‍മിച്ച് നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി. കെ.ഗോപന് അധ്യക്ഷനായി. പദ്ധതി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ് ജയന്, പഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന് സെക്രട്ടറി സി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.