തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി ഞെരുക്കുന്നു എന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ വർഷം മാത്രം അർഹതപ്പെട്ട വരുമാനത്തിൽനിന്നു 17,000 കോടി രൂപ വെട്ടിക്കുറച്ചതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ജിഎസ്ടി നിരക്ക് പരിഷ്കരണത്തിലൂടെ മാത്രം കേരളത്തിന് 8,000 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകും. തൊഴിലുറപ്പു പദ്ധതിയിൽ വരുത്തിയ മാറ്റത്തിലൂടെ സംസ്ഥാനം 2,000 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. സംസ്ഥാനങ്ങളുടെ വായ്പാപരിധിയും നികുതി വരുമാനവും കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്. കൂടുതൽ ചെലവുത്തരവാദിത്തങ്ങൾ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുമായി വീതംവയ്ക്കേണ്ട തുകയുടെ അനുപാതം കുറയ്ക്കുന്നു. വീതം വയ്ക്കേണ്ടാത്ത സെസും സർച്ചാർജും ഉയർത്തുന്നു. വീതംവയ്ക്കേണ്ട കോർപറേറ്റ് നികുതിയിലും മറ്റും വലിയ ഇളവുകൾ പ്രഖ്യാപിക്കും. സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തിന്റെ മുഖ്യസ്രോതസായ ജിഎസ്ടിയുടെ നിരക്കുകൾ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകുന്നുമില്ല.
സംസ്ഥാനങ്ങൾക്കു വീതംവയ്ക്കേണ്ട തുക കുറയുന്നതിനൊപ്പം അതിൽ കേരളത്തിനുള്ള വിഹിതം കുത്തനേ വെട്ടിക്കുറയ്ക്കുന്നു. പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോൾ 1.92 ശതമാനമായി കുറഞ്ഞു.
കേന്ദ്ര ധനകമ്മീഷൻ പ്രാദേശിക സർക്കാരുകൾക്കു നൽകുന്ന ഗ്രാന്റിലും കേരളത്തിന്റെ വിഹിതം ഗണ്യമായി കുറഞ്ഞു. പന്ത്രണ്ടാം കമ്മീഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനായപ്പോൾ 2.68 ശതമാനമായി ഇടിഞ്ഞു.
Tags : Centre Kerala budget Minister K.N. Balagopal