National
മുംബൈ: ലയനചർച്ചകൾ അപ്രസക്തമാക്കി ഇരുവിഭാഗം എൻസിപി നേതാക്കളും പരസ്പരം ആക്രമണം രൂക്ഷമാക്കി. ലയനവിഷയം ശരദ് പവാർ പക്ഷം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ മാപ്പു പറയണമെന്ന് എൻസിപി നേതാവ് ആനന്ദ് പരഞ്ജ്പെ ആവശ്യപ്പെട്ടു.
പാർട്ടി മുഖപത്രമായ രാഷ്ട്രവാടിയിൽ ശശികാന്ത് ഷിൻഡെ എഴുതിയ ലേഖനം അജിത് പവാറിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആനന്ദ് പരഞ്ജ്പെ പറഞ്ഞു. ചർച്ചകൾ നടത്താൻ ഒരു നേതാവും ഇല്ലാത്തതിനാൽ ഇപ്പോൾ ലയനം അടഞ്ഞ അധ്യായമാണെന്ന് ശശികാന്ത് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ പ്രശ്നം എൻസിപി (എസ്പി) അവസാനിപ്പിച്ചു. തന്റെ പാർട്ടി ലയനത്തിനായി ശക്തമായി ശ്രമിക്കുന്നുണ്ടെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ, അത് ശരിയല്ല. പാർട്ടി ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ലേഖനത്തിൽ അജിത് പവാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
അതേസമയം, അജിത് പവാർ എൻസിപി വിടാനുള്ള സാഹചര്യം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ലേഖനത്തിലുണ്ടെന്ന് ആനന്ദ് പരഞ്ജ്പെ പറഞ്ഞു. അജിത് പവാറിന്റെ മരണശേഷവും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു.
പാർട്ടി പ്രവർത്തകർ ഈ ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകും. ലയനവിഷയം നിലവിൽ പാർട്ടി അജൻഡയിൽ ഇല്ലെന്ന് പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ താത്കറെയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്ര ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതി ഉജ്വല വിജയം നേടി. 12 ജില്ലാ പരിഷത്തുകളിലേക്കു 125 പഞ്ചായത്ത് സമിതികളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പരിഷത്തിലെ 731 സീറ്റുകളിൽ 552ൽ മഹായുതി വിജയിച്ചു.
ബിജെപി 225 സീറ്റും എൻസിപി 165ഉം ശിവസേന 162ഉം സീറ്റ് നേടി. പ്രതിപക്ഷത്ത് 55 സീറ്റുള്ള കോൺഗ്രസ് ആണ് ഒന്നാമത്. ശിവസേന (ഉദ്ധവ്) 43ഉം എൻസിപി (ശരദ് പവാർ) 26ഉം സീറ്റ് നേടി. സ്വതന്ത്രർ 20 സീറ്റുകളിൽ വിജയിച്ചു.
പൂന ജില്ലാ പരിഷത്തിലെ 73 സീറ്റുകളിൽ 51 എണ്ണം എൻസിപി നേടി. എൻസിപി (അജിത്), എൻസിപി (ശരദ് പവാർ) വിഭാഗങ്ങൾ ക്ലോക്ക് ചിഹ്നത്തിലാണ് മത്സരിച്ചത്.
രത്നഗിരി ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ശിവസേന (ഷിൻഡെ) ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. 56ൽ 41 സീറ്റാണു പാർട്ടി നേടിയത്. റായ്ഗഡിൽ ഷിൻഡെപക്ഷം വലിയ ഒറ്റക്കക്ഷിയായി.
സിന്ധുദുർഗിലെ 50 സീറ്റിൽ ബിജെപി 27ൽ വിജയിച്ചു. സത്താറ, സോളാപ്പുർ, ഛത്രപതി സംഭാജിനഗർ, പർഭനി, ധാരാശിവ്, ലാത്തൂർ എന്നിവിടങ്ങളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. കോലാപ്പുരിൽ കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി.
National
മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷനായി തന്നെ നിയമിച്ചിട്ടില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
'എൻസിപി ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടി അധ്യക്ഷനെ അടക്കം തീരുമാനിക്കുന്നത് മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ഒക്കെ ചേർന്നാണ്. അല്ലാതെ ഏകപക്ഷീയമായി തീരുമാനിക്കാറില്ല. ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ് വരുന്നത്. അതൊന്നും ആരും വിശ്വസിക്കരുത്.'-പ്രഫുൽ പട്ടേൽ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ദേശീയ അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് പ്രഫുൽ പട്ടേൽ ദേശീയ അധ്യക്ഷനാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.
ആരായിരിക്കും എൻസിപിയുടെ ദേശീയ അധ്യക്ഷനാകുക എന്ന കാര്യം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. ദേശീയ അധ്യക്ഷനാകാൻ ഏറ്റവും സാധ്യതയുള്ള നേതാവാണ് പ്രഫുൽ പട്ടേൽ.
Kerala
കോഴിക്കോട്: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് എൻസിപിയിൽ ഒരു വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
എലത്തൂരിൽ എ.കെ. ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം എതിർ സ്വരങ്ങൾ സ്വാഭാവികമാണെന്ന നിലപാടിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ. അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
National
മുംബൈ: അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻസിപി, ബിജെപി, ശിവസേന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഉപമുഖ്യമന്ത്രി പദവിയിലെത്തുന്നത്. നേരത്തെ സുനേത്രയെ നിയമസഭാ കക്ഷി നേതാവായി എൻസിപി തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്. എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. അജിതിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്.
അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു സുനേത്ര ജനവിധി തേടുമെന്നാണ് സൂചന. സുനേത്ര രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എൻസിപി. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്.
സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സുനേത്ര ഇന്ന് വൈകുന്നേരം അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. അജിതിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്.
നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര ആ സ്ഥാനം രാജിവയ്ക്കും. അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു സുനേത്ര ജനവിധി തേടുമെന്നാണ് സൂചന.
അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
എൻസിപി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്റെ കുടുംബത്തോടും എൻസിപിയോടുമൊപ്പം തങ്ങൾ നിൽക്കുമെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
National
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രയത്തിൽ പുതിയൊരു അധ്യായം കുറിച്ച് സുനേത്ര പവാർ ഇന്നു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയോടെയാണ് സുനേത്ര പവാർ പദവിയിലേറുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് മുംബൈയിലെ ലോക് ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നാണ് ഈ നിർണായക രാഷ്ട്രീയ നീക്കം.
ഉന്നതല ചർച്ച
അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ നേതൃശൂന്യത പരിഹരിക്കാൻ എൻസിപിയും മഹായുതി സഖ്യവും നടത്തിയ ഉന്നതതല ചർച്ചകൾക്കു ശേഷമാണ് അജിത് പവാറിന്റെ ഭാര്യ സുനേത്രയെതന്നെ ഈ സ്ഥാനത്തേക്കു തീരുമാനിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുനേത്ര പവാർ നേതൃത്വം ഏറ്റെടുക്കണമെന്നതു പാർട്ടിയുടെയും ജനങ്ങളുടെയും പൊതുവികാരമാണെന്ന് ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് വിധാൻ ഭവനിൽ ചേരുന്ന 40 എൻസിപി എംഎൽഎമാരുടെ യോഗം സുനേത്രയെ പാർലമെന്ററി പാർട്ടി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
എൻസിപിക്കൊപ്പമെന്ന് ഫഡ്നാവിസ്
എൻസിപി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. അജിത് പവാറിന്റെ കുടുംബത്തോടും എൻസിപിയോടുമൊപ്പം തങ്ങൾ നിൽക്കുന്നുനെന്നും അദ്ദേഹം പറഞ്ഞു.
സുനേത്രയുടെ പുതിയ ദൗത്യം
നിലവിൽ രാജ്യസഭാ എംപി ആണ് സുനേത്ര പവാർ (62). അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്നാണ് സൂചന. അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
National
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപിയുടെ നിയമസഭകക്ഷി യോഗം ചേർന്ന് സുനേത്രയുടെ പേര് അന്തിമമാക്കും. തുടർന്ന് വൈകുന്നേരം സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്താൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായിരിക്കും സുനേത്ര. നിലവിൽ സുനേത്ര രാജ്യസഭാംഗമാണ്. ബുധനാഴ്ചയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനപകടത്തിൽ കൊല്ലപ്പെട്ടത്.
Kerala
തിരുവനന്തപുരം: എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രന്.
കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന എന്‍സിപിക്ക്, എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ല. അതിനാല്‍ ആ ബന്ധം അജിത് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ലയനത്തിന് തടസമുണ്ടാകില്ലെന്ന് എ.കെ. ശശീന്ദ്രന് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ നാമമാത്രമായ സീറ്റുകളില്‍ മത്സരിക്കുന്ന എന്‍സിപിക്ക് യുവാക്കള്‍, സ്ത്രീകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് അവസരം നല്കാന് പ്രായോഗികമായി കഴിയില്ലെന്നും എ.കെ. ശശീന്ദ്രന് വ്യക്തമാക്കി.
National
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്രയെ മഹാരാഷ്ട്രയിൽ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗം എൻസിപി നേതാക്കൾ. പാർട്ടിയെ നയിക്കാൻ സുനേത്ര മുന്നോട്ടുവരണമെന്നു നേതാക്കൾ ആവശ്യപ്പെടുന്നു. സുനേത്രയെ മഹാരാഷ്ട്രയിൽ മന്ത്രിയാക്കണമെന്നത് ജനങ്ങളുടെ അഭിലാഷമാണെന്നു മുതിർന്ന എൻസിപി നേതാവും മന്ത്രിയുമായ നർഹരി സിർവാൾ പറഞ്ഞു.
അജിത് പവാറിന്റെ ഉറ്റ അനുയായി ആണ് സിർവാൾ. പാർട്ടി നേതൃത്വം സുനേത്ര ഏറ്റെടുക്കണമെന്ന് എൻസിപി നേതാവായ പ്രമോദ് ഹിന്ദുറാവു ആവശ്യപ്പെട്ടു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ മത്സരിച്ച സുനേത്ര പരാജയപ്പെട്ടിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ ആണ് സുനേത്രയെ പരാജയപ്പെടുത്തിയത്. നിലവിൽ സുനേത്ര രാജ്യസഭാംഗമാണ്.
അതിനിടെ, ഇരു എൻസിപി വിഭാഗങ്ങളുടെ ലയനത്തിന് അനുകൂല നിലപാടുമായി എൻസിപി (എസ്പി) രംഗത്തുവന്നു. ലയനം സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നുകഴിഞ്ഞുവെന്ന് എൻസിപി(എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ പറഞ്ഞു. ബിജെപി സഖ്യത്തിന്റെ ഭാഗമാകാൻ എൻസിപി (എസ്പി) തയാറാണോ എന്ന ചോദ്യത്തിന്, ഇപ്പോഴൊന്നും പറയാനാകില്ലെന്നായിരുന്നു ഷിൻഡെയുടെ മറുപടി. പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭാ തെരഞ്ഞെടുപ്പിൽ അജിത്, ശരദ് പവാർ പക്ഷങ്ങൾ സഖ്യത്തിലാണു മത്സരിച്ചത്.
അതേസമയം, ശരദ് പവാറിന്റെ പാർട്ടിയുമായി ലയിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഗാഡിയുടെ ഭാഗമാകാൻ ഭൂരിഭാഗം എൻസിപി എംഎൽഎമാരും തയാറല്ല. ലയനമുണ്ടായശേഷം ബിജെപി മുന്നണിയുടെ ഭാഗമാകാനാകും എൻസിപിയുടെ നീക്കമെന്നാണു റിപ്പോർട്ട്. ശരദ് പവാറിന്റെ പാർട്ടിക്ക് എട്ട് ലോക്സഭാംഗങ്ങളുണ്ട്. ഈ എംപിമാരുടെ പിന്തുണ കേന്ദ്ര സർക്കാരിനു നിർണായകമാണ്.
അജിത് പവാർ കഴിഞ്ഞാൽ പാർട്ടിയിൽ തലയെടുപ്പുള്ള നേതാക്കളാരുമില്ല. ഛഗൻ ഭുജ്ബൽ, സുനിൽ താത്കറെ, പ്രഫുൽ പട്ടേൽ തുടങ്ങിയ നേതാക്കൾക്കൊന്നും പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകാനുള്ള ശേഷിയില്ല. ഭുജ്ബലിനെ പ്രായാധിക്യവും വലയ്ക്കുന്നു. ശരദ് പവാർ കുറച്ചുകാലമായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചാരണത്തിനിറങ്ങിയില്ല. സുപ്രിയ സുലെയാണ് പ്രചാരണം നയിച്ചത്. അതേസമയം, ഇരു പാർട്ടികളും ലയിച്ചാൽ സുപ്രിയ സുലെയുടെ നേതൃത്വം അംഗീകരിക്കാൻ അജിത് പക്ഷത്തെ പ്രമുഖർ തയാറായേക്കില്ലെന്നാണു സൂചന.
41 എംഎൽഎമാരുള്ള എൻസിപിക്ക് (അജിത്) ഒരു ലോക്സഭാംഗവും രണ്ടു രാജ്യസഭാംഗങ്ങളുമാണുള്ളത്. സുനേത്രയും പ്രഫുൽ പട്ടേലുമാണ് രാജ്യസഭാംഗങ്ങൾ. സുനിൽ താത്കറെയാണ് ഏക ലോക്സഭാംഗം. എൻസിപി ശരദ് പവാർ വിഭാഗത്തിന് പത്ത് എംഎൽഎമാരാണുള്ളത്.
National
മുംബൈ: എൻസിപിയിലെ ഇരുവിഭാഗങ്ങൾ ലയിക്കുമെന്നും അജിത് പവാർ മഹാവികാസ് അഗാഡിയിൽ മടങ്ങിയെത്തുമെന്നും ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്.
അജിത് പവാറിന്റെ പാർട്ടി ശരദ് പവാറിന്റെ പാർട്ടിയിൽ ലയിച്ച് ക്ലോക്ക് ചിഹ്നത്തിൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിലും മത്സരിക്കും.
പൂന, പിംപ്രി -ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇരു എൻസിപി വിഭാഗങ്ങളും സഖ്യത്തിലാണു മത്സരിച്ചത്. ജില്ലാ പരിഷത് തെരഞ്ഞെടുപ്പിൽ പൂനയിൽ ഇരു പാർട്ടികളും സഖ്യം തുടരും.
2024ലാണ് അജിത് പവാർ എൻസിപി പിളർത്തി ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ ചേർന്നത്. പാർട്ടി ചിഹ്നമായ ക്ലോക്ക് അജിത് പവാർ വിഭാഗത്തിനു ലഭിച്ചു.
National
പൂന: പൂന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യത്തിൽ മത്സരിക്കാൻ എൻസിപിയിലെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തീരുമാനിച്ചു.
പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭകളിലും ഇരു വിഭാഗവും സഖ്യത്തിൽ മത്സരിച്ചിരുന്നു. 24 സീറ്റുകളാണ് ജില്ലാ പരിഷത്തിലുള്ളത്.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് എൻസിപി. അജിത്ത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 37 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
രണ്ടാം പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നാണ് എൻസിപി നേതാക്കൾ അറിയിച്ചത്. തെരഞ്ഞെടുപ്പിൽ എൻസിപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
മനീഷ് ദുബെ സച്ചിൻ താമ്പെ അക്ഷയ് മോഹൻ എന്നിവരാണ് പട്ടികയിലുള്ള പ്രമുഖർ. മഹായുതി സഖ്യത്തിലുള്ള എൻസിപി ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ ബിജെപിയും ശിവസേനയും സഖ്യമായാണ് ജനവിധി തേടുന്നത്.
International
ധാക്ക: ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലാദേശിൽ മറ്റൊരു വിദ്യാർഥിനേതാവിനു നേരെയും ആക്രമണം.
2024ലെ വിദ്യാർഥിപ്രക്ഷോഭത്തിന്റെ പ്രധാന നേതാവായ മുഹമ്മദ് മൊത്തലെബ് സിക്ദെറിനു (42) നേരേയാണ് ആക്രമണമുണ്ടായത്. ഖുൽനയിലെ സോനാദംഗ മേഖലയിലെ ഒരു വീട്ടിൽ ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. തലയ്ക്കു വെടിയേറ്റ മൊത്തലെബിന്റെ നില ഗുരുതരമാണ്.
അജ്ഞാത തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) ഖുൽന ഡിവിഷൻ തലവനും പാർട്ടി തൊഴിലാളി സംഘടനയുടെ കേന്ദ്ര കോ-ഓർഡിനേറ്ററുമാണ് മൊത്താലെബ്.
ഇദ്ദേഹത്തെ ഖുൽന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വിവരങ്ങളലില്ലെന്നാണ് പോലീസ് പറയുന്നത്.
ഖുൽനയിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന തൊഴിലാളികളുടെ റാലിക്കുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിനിടെയാണു പുതിയ സംഭവവികാസം.
NRI
കുവൈറ്റ് സിറ്റി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി ആചരിച്ചു.
ഒഎൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
എൻസിപി എസ്പി പ്രവാസി സെൽ ദേശീയ അധ്യക്ഷനും വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
കൊഴിക്കോട്: തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശ നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് ഒരു മാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. വൈകീട്ട് ആറ് വരെയായിരുന്നു പരസ്യപ്രചാരണം.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിലെ വോട്ടെടുപ്പ്. മൂന്നു മുന്നണികളും ഒരേ ആവേശത്തോടെ പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ കളത്തിലിറങ്ങിയതോടെ വടക്കൻ ജില്ലകളിലെ കൊട്ടിക്കലാശം ഗംഭീരമായി.
കൊട്ടിക്കലാശം നടന്ന സ്ഥലങ്ങളിലെല്ലാം മുന്നണികളുടെ പ്രവർത്തകർ ആവേശത്തോടെയാണ് എത്തിയത്. സ്ഥാനാർഥികൾ കൂടി പ്രവർത്തകരോടൊപ്പം ചേർന്നതോടെ ആവേശം ഇരട്ടിയായി. തൃകോണ പോരാട്ടം നടക്കുന്ന തൃശൂർ കൊർപ്പറേഷൻ, പാലക്കാട് നഗരസഭ എന്നിവിടിങ്ങളെല്ലാം കൊട്ടിക്കലാശം കളറായി.
പൊതുവെ സമാധാനപരമായിരുന്നു കൊട്ടിക്കലാശമെങ്കിലും മലപ്പുറത്തും വടകരയിലും സംഘർഷമുണ്ടായി. എന്നാൽ പോലീസ് ഇടപെട്ടതോടെ ഇവിടങ്ങളിലെല്ലാം സ്ഥിതി ശാന്തമായി.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
National
മലേഗാവ്: മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എൻസിപി സ്ഥാനാർഥികൾ വിജയിച്ചില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നായിരുന്നു അജിത് പവാറിന്റെ വിവാദ പരാമർം.
വെള്ളിയാഴ്ച ബാരാമതി തഹ്സിലിലെ മലേഗാവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനകാര്യമന്ത്രി കൂടിയായ അജിത്പവാർ. 18 സ്ഥാനാർഥികളാണ് ഇവിടെ അജിത്പവാർ പക്ഷം എൻസിപിക്കുള്ളത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും വിവിധ പദ്ധതികളുണ്ട്. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ പദ്ധതികൾ പൂർത്തിയാക്കി മലേഗാവിന്റെ വികസനം ഉറപ്പാക്കാം. അതിനായി 18 സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്നും അജിത്പവാർ പറഞ്ഞു.
എന്നാൽ എൻസിപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നും അജിത്പവാർ വ്യക്തമാക്കി. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, തനിക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും അജിത്പവാർ വോട്ടർമാരോട് പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് എൽഡിഎഫ്. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നീ ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
58 സീറ്റുകളിൽ സിപിഎം മത്സരിക്കും. ആറ് സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ-എസ് രണ്ട് ഡിവിഷനുകളിലും മത്സരിക്കും.
Kerala
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട നടപടിയെ അനുകൂലിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ല എന്നാണ് തോമസ് കെ. തോമസ് പ്രതികരിച്ചത്.
"കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണം, വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും എന്നും വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.'-തോമസ് കെ. തോമസ് പറഞ്ഞു.
സിപിഐയുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല, തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻ കുട്ടിയോ അനുമതി നൽകുമോ? മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. നിലപാട് എൽഡിഎഫിൽ അറിയിക്കും എന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒഎൻസിപി ഗ്ലോബൽ പ്രസിഡന്റും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് നിർവഹിച്ചു.
ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോൺ തോമസ് കളത്തിപ്പറമ്പിൽ, സീനിയർ പ്രിൻസിപ്പാൾ സി. രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ പ്രിൻസിപ്പൾ ഗാന്ധിജയന്തി സന്ദേശം നൽകി. ഒഎൻസി പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ ഭരണഘടന സംരക്ഷണ സന്ദേശം വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, പ്രിൻസ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി രതീഷ് വർക്കല, വനിതാവേദി കൺവീനർ ദിവ്യാ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, മാത്യു ജോൺ, അബ്ദുൾ അസീസ് കാലിക്കറ്റ്, സൂസൻ, അനിമോൾ, ഹമീദ് പാലേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ട്രഷറർ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.