കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി എ.കെ.ശശീന്ദ്രൻ. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും. തീരുമാനിക്കേണ്ടത് എൻസിപി നേതൃത്വമാണ്. താൻ മത്സരിക്കേണ്ടന്ന് പരസ്യപ്രസ്താവന നടത്തിയ മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അച്ചടക്കത്തിൽ പൂർണമായി വിശ്വസിക്കുന്ന ഒരാളാണ് താൻ. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുതെന്ന് പറഞ്ഞാൽ എത്ര സൗകര്യം ഉണ്ടെങ്കിലും മത്സരിക്കില്ല. ഞങ്ങൾക്ക് ആകെ മൂന്ന് സീറ്റാണുള്ളത്.
അത് മാസങ്ങൾക്ക് മുൻപേ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം ഞങ്ങൾ ഒരു കമ്മിറ്റി വിളിച്ച് ആലോചിച്ചാൽ തീരുമാനിക്കാൻ കഴിയുന്ന ചെറിയൊരു കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എലത്തൂരിൽ നിന്ന് ശശീന്ദ്രൻ വിജയിച്ചത്.
Tags : a.k.saseendran assembly election ncp ldf