Kerala
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർനടീലിനു ഹെക്ടറിന് 75,000 രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിക്കു റബർ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണു തുക അനുവദിക്കുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ഉത്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അന്‍പതിനായിരത്തോളം റബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.
താത്പര്യമുള്ള കർഷകർക്കും നഴ്സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓണ്‍ലൈൻ പോർട്ടൽ
(https://www.keraplantation.kerala.gov.in) വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന കർഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്കു ക്ഷണിക്കും.
തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോണ്‍ നന്പറുകളുമായോ ബന്ധപ്പെടണം.
Business
കോട്ടയം: 2025ല്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി 3.7 ലക്ഷം ടണ്ണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലത്ത് കോമ്പൗണ്ട് റബര്‍ ഇറക്കുമതി 2.25 ലക്ഷം ടണ്‍. ഇക്കൊല്ലം 14.8 ലക്ഷം ടണ്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിവരുന്ന സാഹചര്യത്തില്‍ കൂടിയ തോതില്‍ ഇറക്കുമതി തുടരും.
കഴിഞ്ഞ വര്‍ഷം 14.1 ലക്ഷം ടണ്ണായിരുന്നു വ്യവസായ ഡിമാന്‍ഡ്. പോയ വര്‍ഷം സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉത്പാദനം 8.5 ലക്ഷം ടണ്ണില്‍ കൂടാനിടയില്ല. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ 2024 നേക്കാള്‍ പതിനായിരം ടണ്ണിന്റെ കുറവുണ്ടായി. ഇക്കൊല്ലം കൂടുതല്‍ ടാപ്പിംഗ് ദിവസങ്ങള്‍ ലഭിച്ചിട്ടും ഉത്പാദനം കുറഞ്ഞത് റബര്‍ കൃഷിയില്‍നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലിന്റെ ഭാഗമാണ്. 40 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നാമമാത്രമാണ്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല.
അതേസമയം, പോയവര്‍ഷം ത്രിപുര ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെയാണ് വര്‍ധന. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണിലേക്ക് ചുരുങ്ങിയതായാണ് കണക്കുകള്‍. വാഹനവില്പനയിലെ അതിവേഗ കുതിപ്പിന്റെ ഭാഗമായി ടയര്‍ വ്യവസായത്തില്‍ മുന്നേറ്റം വരുംവര്‍ഷങ്ങളിലും തുടരുമെന്ന് വ്യക്തം.
2030ല്‍ ഇന്ത്യയിലെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷമായി ഉയരുമെന്നാണ് വ്യവസായികളുടെ നിരീക്ഷണം. ആഗോളതലത്തില്‍ മൂന്നാമത്തെ റബര്‍ ഉത്പാദകരും നാലാമത്തെ ഉപയോഗ രാജ്യമാണെന്നിരിക്കെ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 13 ലക്ഷം ടണ്ണോളം ഇവിടേക്ക് വാര്‍ഷിക ഇറക്കുമതി വേണ്ടിവരും.
സ്വാഭാവിക റബര്‍ ഇറക്കുമതി 2024നേക്കാള്‍ പോയ വര്‍ഷം കുറഞ്ഞെങ്കിലും വിലക്കുറവുള്ളതും നാമമാത്ര തിരുവ നല്കേണ്ടതുമായ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണുള്ളത്. അഞ്ചു ശതമാനം തിരുവ അടച്ചും തിരുവയില്‍ ഇളവു നേടിയും മാസം ശരാശരി 20,000 ടണ്ണാണ് കോമ്പൗണ്ട് ഇറക്കുമതി.
Business
കാർഷികമേഖല ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഉത്പന്ന വിപണികളെ തളർത്തും. കുരുമുളക് ലഭ്യത ചുരുങ്ങിയതു വിലക്കയറ്റത്തിനു വഴിതെളിച്ചു. പുതിയ ഏലം വിറ്റുമാറാൻ ഉത്പാദകർ മത്സരിച്ചു. മഞ്ഞുവീഴ്ച രൂക്ഷമായതോടെ തേയില ഉത്പാദനം സ്തംഭിച്ചു. നാളികേരോത്പന്നങ്ങൾ രൂക്ഷമായ വിലത്തകർച്ചയിൽ, വെളിച്ചെണ്ണയുടെ വില തകർച്ചയിൽ തമിഴ്നാട്ടിലെ പല മില്ലുകളും സാമ്പത്തിക പ്രതിസന്ധിയിൽ. ജാപ്പനീസ് നാണയത്തിനു വീണ്ടും കാലിടറുന്നു, അവസരം നേട്ടമാക്കാൻ റബറിനാവുമോ?
കുരുമുളക് ലഭ്യതക്കുറവ്
കാർഷികമേഖല ഉത്സവദിനങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നതിനാൽ മുൻനിര ഉത്പന്ന നീക്കം ചുരുങ്ങും. ഓഫ് സീസൺ കാലയളവായതിനാൽ ഉത്പാദന മേഖലകളിൽ കുരുമുളക് ലഭ്യത ചുരുങ്ങി. വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം, അതുകൊണ്ടുതന്നെ സ്റ്റോക്കിന് ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിഗമനത്തിലാണു പല വൻകിട കർഷകരും.
ഇതിനിടയിൽ ആവശ്യാനുസരണം മുളക് ലഭിക്കാത്തതിനാൽ നിരക്ക് ഉയർത്തി വില്പനക്കാരെ വിപണിയിലേക്ക് അടുപ്പിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലഭ്യത അവരുടെ കണക്കുകൂട്ടലിനൊത്ത് ഉയർന്നതുമില്ല. വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 69,400 രൂപയിലും ഗാർബിൾഡ് 71,400ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
വിയറ്റ്നാം നടപ്പു വർഷം 1.6 ബില്യൺ ഡോളറിന്റെ കുരുമുളക് കയറ്റുമതി പ്രതീക്ഷിക്കുന്നതായി വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ പ്രസിഡന്റ് ഹോങ് തീ ലിയൻ. പ്രതിസന്ധികൾക്കിടയിൽ ഈ വർഷം അവർ ആഗോള വ്യാപാരത്തിൽ ശക്തമായ മുന്നേറ്റമാണു കാഴ്ചവച്ചത്. ഉയർന്ന വില ഉറപ്പ് വരുത്താനായത് വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കും. വിയറ്റ്നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങ് വരെ കയറി.
ഏലക്കയിൽ ആശ്വാസം
ഏലക്ക ലേലകേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്ക് എത്തുന്നു. പല ദിവസങ്ങളിലും രണ്ട് ലേലം വീതം നടന്നു. ഈ അവസരത്തിലും വില്പനയ്ക്ക് ഇറങ്ങിയ ചരക്കിൽ ഏറിയ പങ്കും പൂർണമായി വിറ്റഴിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത് ശരാശരി ഇനങ്ങളെ കിലോയ്ക്ക് 2400 രൂപയ്ക്ക് മുകളിൽ നിലനിർത്തി. ക്രിസ്മസ് വേളയായതിനാൽ കൂടുതൽ ആകർഷകമായ വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.
തേയിലയ്ക്കു ഭീഷണിയായി അതിശൈത്യം
ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ള് സ്തംഭിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും താഴ്ന്ന താപനിലയിലാണ്. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്ന്നത് തേയില ഉത്പാദന മേഖലയ്ക്കു കനത്ത സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം മൂന്നു മാസമായി കുറവാണ്. ഒക്ടോബറിലും നവംബറിലും ഉത്പാദനം ചുരുങ്ങി, തണുപ്പ് കനത്ത സാഹചര്യത്തിൽ ഡിസംബറിലും ഉത്പാദനം ചുരുങ്ങുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചന. വിദേശത്തുനിന്നും തേയിലയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുന്നത് ഉയർന്ന വിലയ്ക്ക് വഴിയൊരുക്കി. ഇലത്തേയിലകൾ കിലോ രണ്ട് മുതൽ അഞ്ച് രൂപ വരെ കയറിയപ്പോൾ പൊടിത്തേയിലകൾക്ക് എട്ട് രൂപ വരെ വർധിച്ചു.
വിലയിടിഞ്ഞ് നാളികേരോത്പന്നങ്ങൾ
നാളികേരോത്പന്നങ്ങൾക്ക് കനത്ത വിലത്തകർച്ച. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണത്തിൽനിന്നു പിൻവലിഞ്ഞ് സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ചുലച്ചു. ക്രിസ്മസ് വേളയിൽ എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പുവരുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു വാരാരംഭം മുതൽ മില്ലുകാർ. എന്നാൽ, കേരളത്തിൽനിന്നും പ്രതീക്ഷയ്ക്കൊത്ത് ഡിമാൻഡ് ഉയരുന്നില്ലെന്നു വ്യക്തമായതോടെ വിലയിടിച്ചു ചരക്കു വിറ്റുമാറാനുള്ള അവസാന തന്ത്രം അവർ പ്രയോഗിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ 25,350 രൂപയിൽ നിന്നും 23,000ലേക്ക് ഇടിഞ്ഞു. കൊപ്രയ്ക്ക് 2100 രൂപ കുറഞ്ഞ് 16,200 യായി.
അയൽ സംസ്ഥാനത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ കൊച്ചി വിപണിയെയും പിടിച്ചുലച്ചു. വാരാന്ത്യം വെളിച്ചെണ്ണ 31,900 രൂപയായും കൊപ്ര 19,100 രൂപയായും ഇടിഞ്ഞു. പുതുവർഷം പിറക്കുന്നതോടെ വിപണി കൂടുതൽ സമ്മർദത്തിൽ അകപ്പെടുമോയെന്ന ആശങ്കയിലാണു നാളികേര കർഷകർ.
റബറിനു തിരിച്ചടിതന്നെ
ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും അകന്നത് റബറിനു തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് എത്തിച്ചത് ഒസാക്ക എക്സ്ചേഞ്ചിൽ നിന്നും വിദേശ നിക്ഷേപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ് വില 333 യെന്നിൽനിന്നും 328ലേക്ക് ഇടിഞ്ഞു.
പലിശനിരക്കിൽ അവർ മാറ്റം വരുത്തിയെങ്കിലും നാണയത്തെ ബാധിച്ച തളർച്ച വിട്ടുമാറിയില്ല. യെന്നിന്റെ മൂല്യം 154ൽനിന്നും 157ലേക്ക് ഇടിഞ്ഞതു വിദേശ നിക്ഷേപകരെ ആകർഷിക്കും. എന്നാൽ, ഉത്സവ ദിനങ്ങളായതിനാൽ അവർ വിപണിയിൽ താത്പര്യം കാണിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,300 രൂപയിലും അഞ്ചാം ഗ്രേഡ് 18,000 രൂപയിലുമാണ്.
Business
കോട്ടയം: നടപ്പു സാമ്പത്തിക വര്‍ഷം റബര്‍ ആവര്‍ത്തന കൃഷിക്കുള്ള റബര്‍ ബോര്‍ഡ് സബ്സിഡി അപേക്ഷകള്‍ 16 വരെ ഓണ്‍ലൈനില്‍ സ്വീകരിക്കും. ഒരു ഹെക്ടറിന് 40,000 രൂപയാണ് സബ്സിഡി ലഭിക്കുക.
ഇതുകൂടാതെ റബര്‍ കൃഷി വ്യാപനത്തിനുള്ള പുതിയ കേര പദ്ധതി (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു മോഡേണൈസേഷന്)യിലേക്കും സബ്സിഡിക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കര്‍ഷകര്‍ക്കു ഹെക്ടറിന് 75,000 രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.
District News
സുൽത്താൻ ബത്തേരി: മഴകാരണം ഉത്പാദനത്തിലെ ഇടിവും ഉയർന്ന കൂലിച്ചെലവും കേരളത്തിലെ റബർ കൃഷിക്ക് തിരിച്ചടിയാകുന്നു. ചെറുകിട-ഇടത്തരം കർഷകരെ സംബന്ധിച്ചിടത്തോളം ടാപ്പിംഗ് തൊഴിലാളികളെ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. മുൻകാലങ്ങളിൽ ഒന്നോ രണ്ടോ ഏക്കർ സ്ഥലത്ത് കൃഷിയുള്ള കർഷകർ സ്വയം ടാപ്പിംഗ് ജോലികൾ ചെയ്തിരുന്നു. എന്നാൽ പുതിയ തലമുറ അതിൽ താൽപര്യം കാണിക്കുന്നില്ല.
അവർ മറ്റു തൊഴിൽ മേഖലകൾ തേടിപോകുകയാണ്. തുടർച്ചയായ കാലവർഷവും കാലാവസ്ഥാ വ്യതിയാനവും കർഷകരുടെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ റബർ ടാപ്പിംഗിനെ സംബന്ധിച്ചിടത്തോളം ഓഫ് സീസണാണ്. ഡിസംബറോടെ ഇലകൊഴിയുന്നതിനാൽ റബർ ഉത്പാദനം കുറവായിരിക്കും. അതുമൂലം മൂന്നുമാസം ടാപ്പിംഗ് നടക്കില്ല.
ശേഷിക്കുന്ന ഒന്പതുമാസക്കാലമാണ് റബ്ബറിൽനിന്ന് വരുമാനം ലഭിക്കുന്നത്. മഴ കൂടുതലായി പെയ്യുന്നതുമൂലം ആദായം എടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ഈ സമയത്ത് ടാപ്പു ചെയ്യുന്ന പട്ടയുടെ മുകൾ ഭാഗത്ത് പ്ലാസ്റ്റിക് ഒട്ടിച്ചാൽ ഒരു പരിധിവരെ ടാപ്പിംഗ് ചെയ്ത് ആദായം എടുക്കാം. എന്നാൽ പ്ലാസ്റ്റിക്, പശ മുതലായ സാധനങ്ങളുടെ വില, കൂലിച്ചെലവ് എന്നിവ ഉൾപ്പെടെ ഒരു റബറിന് 30 രൂപയിലേറെ ചെലവു വരും. അതുകൊണ്ടുതന്നെ അതിൽനിന്ന് കർഷകർക്ക് കാര്യമായ ലാഭം ഉണ്ടാകില്ലെന്ന് കർഷകർ പറയുന്നു.
Kerala
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 200 രൂപയായി വര്‍ധിപ്പിച്ച തീരുമാനം ഇന്നു മുതൽ നിലവില്‍ വരും. നവംബര്‍ ഒന്നുമുതല്‍ ഉള്ള ബില്ലുകള്‍ക്ക് വര്‍ധിപ്പിച്ച താങ്ങുവില ബാധകമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
ഉത്പാദന ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ 180 രൂപയായിരുന്നു ഇതുവരെ കര്‍ഷര്‍ക്ക് താങ്ങുവില നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇതു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Business
കോട്ടയം: റബര്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് ഇത് നേട്ടമാകാന്‍ പല കടമ്പകള്‍ കടക്കണം. മുന്‍പ് താങ്ങുവില 180 രൂപയായിരുന്നു. ഏറെ മാസങ്ങളിലും വില 180 രൂപയ്ക്കു മുകളിലായിരുന്നതിനാല്‍ സ്കീമില്‍ ചേര്‍ന്ന 80 ശതമാനം കര്‍ഷകരും സബ്സിഡി പദ്ധതി രജിസ്ട്രേഷന് പുതുക്കിയിട്ടില്ല.
പുതുതായി രജിസ്ട്രേഷനും നടന്നതുമില്ല. സെപ്റ്റംബര്‍ 30 വരെയായിരുന്നു രജിസ്ട്രേഷന് പുതുക്കാനുള്ള അവസാന തീയതി. വില ഉയര്‍ത്തിയ സാഹചര്യത്തില്‍ രജിസ്ട്രേഷന് പുതുക്കാനും പുതുതായി ചേരാനുമുള്ള തീയതി നീട്ടിനല്കുന്നില്ലെങ്കില് കര്‍ഷകര്‍ക്ക് നേട്ടമില്ല. ഏറെപ്പേരും ഷീറ്റ് ഒഴിവാക്കി ലാറ്റക്സ് വില്‍ക്കുന്നവരാണ്. ഷീറ്റ് വിലയേക്കാള്‍ ഏറെ താഴെയാണ് ലാറ്റക്സിന് സബ്സിഡി ലഭിക്കുന്നത്. നിലവിലെ വില നിശ്ചയത്തില്‍ മാനദണ്ഡം മാറ്റിയാല്‍ മാത്രമേ ലാറ്റക്സ് വില്‍ക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കൂ.
ഇന്നലെ ബാങ്കോക്ക് വിലയില്‍ പത്തു രൂപയുടെ കയറ്റമുണ്ടായതിനാല് ആഭ്യന്തര വില അല്‍പ്പം ഉയരാനാണ് സാഹചര്യം. വ്യവസായികളുടെ അനിയന്ത്രിതമായ ഇറക്കുമതിയാണ് റബര്‍ അഭ്യന്തര വില ഇടിയാന്‍ നിലവിലെ കാരണം. എല്ലാ മാസവും അഞ്ചു ശതമാനം മാത്രം തിരുവ അടച്ച് 25,000 ടണ്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതി നടക്കുന്നുണ്ട്. കയറ്റുമതിക്ക് ആനുപാതികമായ ഇറക്കുമതി ആനുകൂല്യത്തില്‍ തിരുവ അടയ്ക്കാതെയും റബര്‍ ഇറക്കുമതിയുണ്ട്.
കഴിഞ്ഞ നാലു മാസങ്ങളിലും ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ് സ്വാഭാവിക റബറിന്റെ ഇറക്കുമതി. ജൂലൈയില്‍ 45,000 ടണ്‍, ഓഗസ്റ്റില്‍ 55,000 ടണ്‍, സെപ്റ്റംബറില്‍ 70,000 ടണ്‍ എന്ന തോതില്‍ ഇറക്കുമതിയുണ്ടായി. നാലു മാസങ്ങളിലും ആഭ്യന്തര ഉത്പാദനം നാല്പതിനായിരം ടണ്ണില്‍ താഴെയാണ്. ഇറക്കുമതിയില്‍ 80 ശതമാനവും ഷീറ്റിനെക്കാള്‍ വിദേശത്ത് വിലക്കുറവുള്ള ക്രംബ് റബറാണ്.
കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കില്‍ ഇളവു വരുത്തിയതോടെ വാഹനങ്ങള്‍ക്കും ടയറിനും വില കുറഞ്ഞു. ഇതോടെ വാഹനങ്ങള്‍ക്കും ടയറിനും ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ വ്യവസായികള്‍ ടയര്‍ ഉത്പാദനത്തില്‍ 20 ശതമാനം വര്‍ധന വരുത്തിയതാണ് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കാരണമായത്. അതേസമയം വിദേശവില കുറഞ്ഞു നിന്നതിനാല്‍ ആഭ്യന്തര വില കഴിഞ്ഞ രണ്ടു മാസമായി വര്‍ധിച്ചതുമില്ല.
Kerala
കോട്ടയം: കേരളത്തിലെ കര്‍ഷകസമൂഹത്തിനു കൈത്താങ്ങായി റബറിന്റെ താങ്ങുവില 200 രൂപയാക്കിയും നെല്ലിന്റെ താങ്ങുവില 30 രൂപയാക്കിയും വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നുള്ള പരിമിതികള്‍ക്കിടയിലും ജനക്ഷേമ തീരുമാനങ്ങളാണ് മന്ത്രിസഭ കൈകൊണ്ടത്.
ക്ഷേമ പെന്ഷന് 2000 രൂപയാക്കി ഉയര്‍ത്തിയതും ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചതും ജീവനക്കാര്‍ക്ക് ഒരു ഗഡു കൂടി ഡിഎ നല്‍കാനുള്ള തീരുമാനവും സ്ത്രീ സുരക്ഷാ പെന്‍ഷനും ഒരു ജനകീയ സര്‍ക്കാരിന്റെ മഹത്തായ മാതൃകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
Business
ഒസാക്കയിൽ ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം ഏഷ്യൻ റബർ മാർക്കറ്റുകൾക്കു പുതുജീവൻ പകർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊപ്രക്ഷാമം വിട്ടുമാറാൻ പുതുവർഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിൽ മില്ലുകാർ. തുലാവർഷ പെയ്ത്തിൽ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കുരുമുളക് മണികൾ വ്യാപകമായി അടർന്നുവീണു.
റബർ മാർക്കറ്റുകൾക്കു പുതുജീവൻ
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ അണിയറനീക്കം നടത്തി. വിനിമയവിപണിയിൽ യെൻ ശക്തിപ്രാപിക്കുന്നതിൽ പരിഭ്രാന്തരായവർ ലോംഗ് അവധികളിൽ വാങ്ങലുകൾക്കും നീക്കം നടത്തി. ഇതിനിടയിൽ കിലോ 302 യെന്നിൽനിന്നും റബർ 312 വരെ കയറിയെങ്കിലും 314ലെ പ്രതിരോധം തകർക്കാനായില്ല. ഒരു മാസകാലയളവിലെ വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ വീണ്ടും ദുർബലാവസ്ഥയ്ക്ക് തന്നെയാണ് മുൻതൂക്കം.
തായ്ലൻഡിൽ വീണ്ടും മഴ കനത്തത് റബർ വെട്ട് തടസപ്പെടുത്തിയതോടെ കയറ്റുമതിക്കാർ ഷീറ്റ് വില വീണ്ടും ഉയർത്തി. ബാങ്കോക്കിൽ റബർ കിലോ 176 രൂപയിൽനിന്നും 179 രൂപയായി. റബറിന്റെ വിലക്കയറ്റത്തെ ടയർ മേഖല സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടങ്കിലും കരുതലോടെയാണ് അവർ ചുവടുവയ്ക്കുന്നത്. ക്രിസ്മസ് വരെയുള്ള കാലയളവിൽ റബർ ഉത്പാദനം ഉയരുമെന്നത് മുൻനിർത്തി താഴ്ന്ന വിലയ്ക്ക് പുതിയ കരാറുകൾ ഉപ്പിക്കാനാവുമെന്നാണ് വ്യവസായികളുടെ കണക്കുകൂട്ടൽ.
സംസ്ഥാനത്ത് കാലവർഷത്തെ ഓർമപ്പെടുത്തിക്കൊണ്ട് തുലാവർഷം കലിതുള്ളിയത് കർഷകരെ തോട്ടങ്ങളിൽനിന്നും പൂർണമായി വിട്ടുനിൽക്കാൻ നിർബന്ധിതരാക്കി. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും കത്തിയുമായി ഇറങ്ങാൻ പലർക്കുമായില്ല. ഇതോടെ മധ്യവർത്തികൾ കരുതൽ ശേഖരം വിപണിയിൽ ഇറക്കുന്നതു നിയന്ത്രിച്ചത് ടയർ കമ്പനികളെയും ചെറുകിട വ്യവസായികളെയും നിരക്കുയർത്താൻ പ്രേരിപ്പിച്ചു. വാരാന്ത്യം നാലാം ഗ്രേഡ് ഷീറ്റ് വില 18,800 രൂപയായി ഉയർന്നു. ചെറുകിട വ്യവസായികൾ 18,500 രൂപയ്ക്ക് അഞ്ചാം ഗ്രേഡ് വാങ്ങി. ഇതിനിടയിൽ ഒട്ടുപാൽ വില 12,600 രൂപയായി കയറിയെങ്കിലും ലാറ്റക്സിന് 12,000 ൽ സ്റ്റെഡിയാണ്.
വിലകയറാതെ വെളിച്ചെണ്ണ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊപ്രക്ഷാമം വെളിച്ചെണ്ണ ഉത്പാദകരിൽ ആശങ്ക ഉളവാക്കുന്നു. പ്രതിസന്ധി മറികടക്കാൻ തമിഴ്നാട്ടിലെ വൻകിട മില്ലുകാർ വില ഉയർത്തി നാളികേരം ശേഖരിക്കാൻ രംഗത്തിറങ്ങി. നേരത്തെ ഒരു ബഹുരാഷ്ട്ര കന്പനി വിപണിവിലയിലും കൂടിയ നിരക്കിൽ ചരക്ക് സംഭരിച്ചത് വിപണിയുടെ അടിയൊഴുക്കിൽ മാറ്റം വരുത്തി. അതേസമയം ദീപാവലി വേളയിലും വെളിച്ചെണ്ണയ്ക്ക് വിപണിയിൽ ക്ലച്ച് പിടിക്കാനായില്ല.
കൊച്ചിയിൽ എണ്ണവില ക്വിന്റലിന് 35,900 രൂപയിൽ നീങ്ങുമ്പോൾ തമിഴ്നാട് 30,000 രൂപയ്ക്ക് വരെ എണ്ണ വാഗ്ദാനം ചെയ്തു. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പിനു നീക്കം തുടങ്ങിയ വേളയിൽ ന്യൂനമർദ ഫലമായി മഴ കനത്തതോടെ കർഷകർ തോട്ടങ്ങളിൽനിന്നും പിൻവലിഞ്ഞു. കൊപ്ര ക്ഷാമം വിട്ടുമാറാൻ പുതു വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന അവസ്ഥയാണ്.
തുലാവർഷം കനത്തതോടെ ഹൈറേഞ്ചിലെ കുരുമുളക് കൊടികളിൽ വ്യാപകമായ തോതിൽ മുളകുമണികൾ അടർന്നുവീണു. ഒട്ടുമിക്ക തോട്ടങ്ങളിലും വള്ളികളിൽ മണികൾ മൂത്ത് തുടങ്ങുന്നതേയുള്ളു, ഇതിനിടയിൽ കനത്ത മഴ വില്ലനായതു കണക്കിലെടുത്താൽ അടുത്ത സീസണിൽ പ്രതീക്ഷിച്ചതിലും കുറവ് കുരുമുളക് മാത്രം വിളയാനാണു സാധ്യത.
കർഷകർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ കണക്കെടുപ്പിന് കൃഷിവകുപ്പ് ഇനിയും നീക്കങ്ങൾ തുടങ്ങിയിട്ടില്ല. ദീപാവലി ആഘോഷങ്ങൾക്ക് ശേഷവും കുരുമുളകിന് ആഭ്യന്തര ഡിമാൻഡ് തുടരുന്നു. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്ത് സജീവമായത് ഉത്പന്നവില ഉയർത്തി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,300 രൂപയിൽ വിപണനം നടന്നു. അന്താരാഷ്ട്ര മാർക്കറ്റ് വില ടണ്ണിന് 8200 ഡോളർ.
വിദേശ ഇടപാടുകാർക്കൊപ്പം ഉത്തരേന്ത്യൻ വ്യാപാരികളും ഏലക്കലേലത്തിൽ സജീവമായിരുന്നു. ഉത്പാദകമേഖലയിൽനിന്നും വില്പനയ്ക്ക് വന്ന ചരക്കിൽ വലിയ പങ്കും അവർ മത്സരിച്ച് വാരിക്കൂട്ടി. ക്രിസ്മസ് ഡിമാൻഡ് മുന്നിൽ കണ്ടുള്ള ചരക്കുസംഭരണം പുരോഗമിക്കുന്നു. ശരാശരി ഇനങ്ങൾക്ക് കിലോ 2467 രൂപയിലാണ്.
ആഭരണകേന്ദ്രങ്ങളിൽ സ്വർണം റിക്കാർഡ് പ്രകടനങ്ങൾക്ക് ശേഷം വിശ്രമത്തിലാണ്. പവൻ 97,360 രൂപയിൽനിന്നും ഇതിനകം 91,200 രൂപ വരെ ഇടിഞ്ഞ ശേഷം ശനിയാഴ്ച 92,120 രൂപയിലാണ്.
Business
കോട്ടയം: ഉത്പാദനം നിലച്ചതോടെ റബര്‍ ഷീറ്റ് വില കുത്തനെ ഉയരുന്നു. ആര്‍എസ്എസ് നാല് ഗ്രേഡിന് 205 രൂപ, ഗ്രേഡ് അഞ്ചിന് 201.50 തോതിലേക്കാണ് വില ഉയര്‍ന്നത്. ലാറ്റക്സ്, ഒട്ടുപാല് വിലയും ഉയര്‍ന്നിട്ടുണ്ട്. ഷീറ്റിനും ലാറ്റക്സിനും കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ വരുംദിവസങ്ങളിലും വില ഉയരാണ് സാധ്യത. ഷീറ്റ് വില അടുത്ത വാരം 210 രൂപയിലേക്ക് ഉയര്‍ന്നേക്കുമെന്ന് ഡീലര്‍മാര്‍ പറഞ്ഞു. ഇന്നലെ നിലവാരമുള്ള നല്ല ഷീറ്റ് 202 രൂപയ്ക്ക് വരെ വ്യാപാരികള്‍ വാങ്ങി. അടുത്തയാഴ്ച മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Kerala
റെജി ജോസഫ്
കോട്ടയം: പുതുപ്പള്ളി റബര്‍ ഗവേഷണകേന്ദ്ര (ആര്‍ആര്‍ഐഐ)ത്തില്‍ കാര്‍ഷിക ഗവേഷകരെ നിയമിക്കാനുള്ള തീരുമാനം റബര്‍ മേഖലയ്ക്ക് ഉണര്‍വ് നല്‍കും. പത്തു വര്‍ഷമായി അവഗണനയില്‍ മുരടിച്ച ഗവേഷണ കേന്ദ്രത്തിലേക്ക് 29 ശാസ്ത്രജ്ഞരെയും പത്ത് സഹായികളെയും നിയമിക്കാനാണു തീരുമാനം. 1955ല്‍ സ്ഥാപിതമായ ഗവേഷണ കേന്ദ്രത്തില്‍ കേന്ദ്ര ബജറ്റ് വിഹിതം കുറഞ്ഞതോടെ പുതിയ ക്ലോണുകളുടെ ഗവേഷണം നിലച്ച അവസ്ഥയിലായിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ റബര്‍ ഉത്പാദനത്തില്‍ അഞ്ചിരട്ടിയോളം വര്‍ധനവിന് അടിസ്ഥാനമായതും ഈ സ്ഥാപനമായിരുന്നു. ഗവേഷണം വഴിമുട്ടിയതോടെ മുന്‍നിര ശാസ്ത്രജ്ഞര്‍ കിഴക്കനേഷ്യന്‍ റബര്‍ രാജ്യങ്ങളിലെ ഗവേഷണകേന്ദ്രളിലേക്കും മറ്റും പോകുകയും ചെയ്തു. കാല് നൂറ്റാണ്ടു മുന്‍പ് ഇറക്കിയ ആര്‍ആര്‍ഐഐ 400 സീരീസിലെ മൂന്നു ക്ലോണുകള്ക്കുശേഷം കേരളത്തിന് യോഗ്യമായ പുതിയ ക്ലോണുകളൊന്നും പുറത്തുവന്നിട്ടില്ല. ആര്‍എസ്എസ് 105 ക്ലോണിനെക്കാള് മെച്ചം എന്ന് അവകാശപ്പെട്ട 400 സീരിസ് ഉത്പാദനത്തില്‍ പിന്നിലായെന്നു മാത്രമല്ല വന്പരാജയവുമായിരുന്നു. ടാപ്പിംഗിന്റെ ആദ്യവര്‍ഷങ്ങളില്‍ മെച്ചം കാണിച്ച 430 ഇനം അഞ്ചാം വര്‍ഷം മുതല്‍ ഉത്പാദനത്തില്‍ പരാജയമായി. കാലാവസ്ഥാ വ്യതിയാനവും വന്‍തിരിച്ചടിയായി.
കേരളത്തിലെ തോട്ടങ്ങളില്‍ നിലവില്‍ 65 ശതമാനവും 400 സീരിസ് മരങ്ങളാണ്. കേരളത്തിലെ ഉത്പാദനം 5 ലക്ഷം ടണ്ണിലേക്ക് കുറയാനുള്ള കാരണവും 400 സീരീസിനു നല്കിയ അനാവശ്യ പ്രചാരണമാണ്. അതേസമയം ഏറ്റവും നേട്ടം നല്കിയ 105 ഇനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമമുണ്ടായതുമില്ല. റബര്‍ ബോര്‍ഡിന്റെ വിവിധ തോട്ടങ്ങളില്‍ നിരീക്ഷണത്തിലുള്ള പുതിയ ക്ലോണുകളെല്ലാം അവഗണനയിലാണ്. ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമുണ്ടാകണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ല. ത്രിപുര ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വ്യാപനം എത്രയുണ്ടായാലും അടുത്ത ഇരുപതു വര്‍ഷം കൂടി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനായിരിക്കും.
റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയായി സര്‍ക്കാര്‍ നിലപാടെടുത്താല്‍ കേരളത്തില്‍ ആവര്‍ത്തന കൃഷിയും ഉത്പാദനവും വര്‍ധിക്കും. നിലവില്‍ 35 ശതമാനം തോട്ടങ്ങളിലും എട്ടു മാസം ടാപ്പിംഗ് നടക്കുന്നില്ല. 20 ശതമാനം തോട്ടങ്ങളിലും കാലപ്പഴക്കം ചെന്ന മരങ്ങള്‍ വെട്ടിമാറ്റി റീപ്ലാന്റിംഗ് നടത്തുന്നുമില്ല. മാത്രവുമല്ല കൈത ഉള്‍പ്പെടെ കൃഷിയുടെ വ്യാപനം കൂടി വരികയാണ്. റബര്‍ ഉത്പാദനത്തില്‍ മുന്‍നിരയിലുള്ള തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനത്തിലും കൃഷിവിസ്തൃതിയിലും കുറവു വന്നിട്ടില്ല. 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ റബര്‍ ഉത്പാദനം 8.75 ലക്ഷം ടണ്ണാണ്. ഉപയോഗം 14.1 ലക്ഷം ടണ്‍. ഇറക്കുമതി 5.50 ലക്ഷം ടണ്‍. കയറ്റുമതി 4819 കിലോ. ഷീറ്റ് റബറിന്റെ ഉത്പാദനം ഗണ്യമായി കുറയുന്നതും ലാറ്റക്സ് വില്പന കൂടുന്നതും പ്രധാന പരിമിതിയാണ്. ആഗോളതലത്തില്‍ റബര്‍ കൃഷി വിസ്തൃതിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ഉത്പാദനത്തില്‍ ആറാമതും ഉത്പാദനക്ഷമതയിലും ഉപയോഗത്തിലും രണ്ടാമതുമാണ്. ഹെക്ടറില്‍ ശരാശരി 1502 കിലോയാണ് ഉത്പാദനം.