സുൽത്താൻ ബത്തേരി: മഴകാരണം ഉത്പാദനത്തിലെ ഇടിവും ഉയർന്ന കൂലിച്ചെലവും കേരളത്തിലെ റബർ കൃഷിക്ക് തിരിച്ചടിയാകുന്നു. ചെറുകിട-ഇടത്തരം കർഷകരെ സംബന്ധിച്ചിടത്തോളം ടാപ്പിംഗ് തൊഴിലാളികളെ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. മുൻകാലങ്ങളിൽ ഒന്നോ രണ്ടോ ഏക്കർ സ്ഥലത്ത് കൃഷിയുള്ള കർഷകർ സ്വയം ടാപ്പിംഗ് ജോലികൾ ചെയ്തിരുന്നു. എന്നാൽ പുതിയ തലമുറ അതിൽ താൽപര്യം കാണിക്കുന്നില്ല.
അവർ മറ്റു തൊഴിൽ മേഖലകൾ തേടിപോകുകയാണ്. തുടർച്ചയായ കാലവർഷവും കാലാവസ്ഥാ വ്യതിയാനവും കർഷകരുടെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ റബർ ടാപ്പിംഗിനെ സംബന്ധിച്ചിടത്തോളം ഓഫ് സീസണാണ്. ഡിസംബറോടെ ഇലകൊഴിയുന്നതിനാൽ റബർ ഉത്പാദനം കുറവായിരിക്കും. അതുമൂലം മൂന്നുമാസം ടാപ്പിംഗ് നടക്കില്ല.
ശേഷിക്കുന്ന ഒന്പതുമാസക്കാലമാണ് റബ്ബറിൽനിന്ന് വരുമാനം ലഭിക്കുന്നത്. മഴ കൂടുതലായി പെയ്യുന്നതുമൂലം ആദായം എടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ഈ സമയത്ത് ടാപ്പു ചെയ്യുന്ന പട്ടയുടെ മുകൾ ഭാഗത്ത് പ്ലാസ്റ്റിക് ഒട്ടിച്ചാൽ ഒരു പരിധിവരെ ടാപ്പിംഗ് ചെയ്ത് ആദായം എടുക്കാം. എന്നാൽ പ്ലാസ്റ്റിക്, പശ മുതലായ സാധനങ്ങളുടെ വില, കൂലിച്ചെലവ് എന്നിവ ഉൾപ്പെടെ ഒരു റബറിന് 30 രൂപയിലേറെ ചെലവു വരും. അതുകൊണ്ടുതന്നെ അതിൽനിന്ന് കർഷകർക്ക് കാര്യമായ ലാഭം ഉണ്ടാകില്ലെന്ന് കർഷകർ പറയുന്നു.
Tags : Rubber Local News Wayanad Nattuvishesham