International
ബാങ്കോക്ക്: അയൽരാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും മൂന്നാഴ്ചത്തെ യുദ്ധത്തിനൊടുവിൽ വെടി നിർത്തി. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവച്ചു.
ഇന്നലെ ഉച്ചയ്ക്ക് വെടിനിർത്തൽ നിലവിൽ വന്നശേഷം സംഘർഷങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ 72 മണിക്കൂർ പിന്നിട്ടാൽ തായ്ലൻഡിന്റെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കും.
അതിർത്തിയിൽ ഉടൻ യുദ്ധം നിർത്താനും പലായനം ചെയ്ത സിവിലിയന്മാരെ മടങ്ങിയെത്താൻ അനുവദിക്കാനുമുള്ള ധാരണയാണ് ഇന്നലെ ഉണ്ടായത്. യുദ്ധത്തിൽ 101 പേർ കൊല്ലപ്പെട്ടതിനു പുറമേ ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽനിന്ന് അര ലക്ഷം പേർ ഒാടിപ്പോവുകയും ചെയ്തിരുന്നു.
ചൈന, യുഎസ്, ആസിയാൻ രാജ്യങ്ങൾ എന്നിവരുടെ മധ്യസ്ഥതയാണ് വെടിനിർത്തലിനു വഴിവച്ചത്. വെടിനിർത്തൽ പാലിക്കുന്നുണ്ടോയെന്ന് ആസിയാൻ സമിതി നിരീക്ഷിക്കും.
അതിർത്തിയുടെ പേരിൽ ഒരു നൂറ്റാണ്ടായി ശത്രുത പുലർത്തുന്ന തായ്ലൻഡും കംബോഡിയയും ഈ വർഷം ഇതു രണ്ടാം തവണയാണ് യുദ്ധത്തിലേർപ്പെടുന്നത്. ജൂലൈയിൽ അഞ്ചു ദിവസം നീണ്ട യുദ്ധം അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചുങ്കഭീഷണി മുഴക്കി അവസാനിപ്പിച്ചിരുന്നു. അതേസമയം, ഈ മാസം ആദ്യം തുടങ്ങിയ ഇത്തവണത്തെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരിട്ടിടപെട്ടില്ല.
അത്യാധുനിക വ്യോമസേനയും വിപുലമായ സൈന്യവുമുള്ള തായ്ലൻഡിന്റെ ആക്രമണത്തിൽ കംബോഡിയയ്ക്കു വലിയ നഷ്ടമുണ്ടായിട്ടുണ്ട്. സൈനികർ പിന്തിരിഞ്ഞോടിയതോടെ അതിർത്തി പ്രദേശങ്ങൾ പലതും കംബോഡിയയ്ക്കു നഷ്ടമായി.
International
ബാങ്കോക്ക്: ഗോവ നിശാക്ലബ് ദുരന്തത്തിലെ മുഖ്യപ്രതികളായ ലുത്ര സഹോദരന്മാരെ തായ്ലൻഡ് ഉടൻ ഇന്ത്യക്കു കൈമാറിയേക്കില്ല. ഗൗരവ് ലുത്രയുടെയും സൗരഭ് ലുത്രയുടെയും കേസ് തായ് കോടതി പരിശോധിക്കും. ബാങ്കോക്ക് കോടതി അടുത്ത നടപടി തീരുമാനിക്കുമെന്ന് തായ് അധികൃതർ അറിയിച്ചു.
ദുരന്തത്തിനു പിന്നാലെ തായ്ലൻഡിലേക്കു കടന്ന ലുത്ര സഹോദരന്മാരെ ഇന്ത്യൻ ഇടപെടലിനെത്തുടർന്ന് ഫുക്കറ്റിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യൻ എംബസി ഇവർക്കെതിരായ എല്ലാ രേഖകളും തായ്ലൻഡിനു കൈമാറുകയും ചെയ്തു. പ്രതികളെ കൈമാറണമെന്ന് ഔദ്യോഗികമായി ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാങ്കോക്കിലെ പ്രാദേശിക കോടതി ഇവരുടെ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്.
അടിസ്ഥാന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കോടതി നടപടിയെടുക്കുക എന്നാണറിയുന്നത്. ലുത്ര സഹോദരന്മാർക്കായി മുതിർന്ന അഭിഭാഷകൻ ജാവേദ് മിറിന്റെ നേതൃത്വത്തിൽ അഭിഭാഷക സംഘം ബങ്കോക്കിലെത്തിയിട്ടുണ്ട്. നിയമപരവും നയതന്ത്രപരവുമായ പരിഗണനകൾ പരിശോധിക്കുന്നതിനാൽ ഇരുവരും ഉടൻ ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിനിടെ, ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബിനെതിരായ സിവിൽ കേസ് ബോംബെ ഹൈക്കോടതി പൊതുതാത്പര്യ ഹർജിയാക്കി മാറ്റി. നിശാക്ലബ്ബ് ദുരന്തത്തിന് ആരെങ്കിലും ഉത്തരവാദികളാകണമെന്നു നിരീക്ഷിച്ചാണ് പൊതുതാത്പര്യ ഹർജിയായി കോടതി കേസ് മാറ്റിയത്. പ്രാദേശിക പഞ്ചായത്ത് നിശാക്ലബിനെതിരേ സ്വമേധയാ കേസെടുത്തില്ലെന്നുമാത്രമല്ല പരാതികൾ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിശാക്ലബ്ബിനു നൽകിയ അനുമതികൾ സംബന്ധിച്ച് വിശദമായ മറുപടി നൽകാൻ ഡിവിഷൻ ബെഞ്ച് ഗോവ സർക്കാരിനോടു നിർദേശിച്ചു. നിശാക്ലബ്ബ് പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമകളായ പ്രദീപ് ഘാഡി അമോങ്കറും സുനിൽ ദിവ്കറുമാണ് ക്ലബിനെതിരേ ഹർജി നൽകിയത്. ഹർജിക്കാരുടെ അഭിഭാഷകനായ രോഹിത് ബ്രാസ് ഡി സായെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
National
പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തീപിടിച്ച ഉടൻ ഗോവയില്‍ നിന്ന് തായ്ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.
ഡിസംബര്‍ ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.
ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര്‍ തായ്ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.
തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
International
സുറിൻ: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു. ഇരുരാജ്യങ്ങളിലും പതിനായിരങ്ങൾ താൽകാലിക ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ദുരിതബാധിത മേഖലകളിൽനിന്ന് 4,00000 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും 700 സ്കൂളുകൾ അടഞ്ഞുകിടന്നുവെന്നും തായ് സൈനിക വക്താവ് അറിയിച്ചു.
കംബോഡിയയിൽ 1,27000 ഗ്രാമീണരെ ഒഴിപ്പിക്കുകയും നൂറുകണക്കിന് സ്കൂളുകൾ അടച്ചിടുകയും ചെയ്തു. തായ്ലൻഡിൽ നടക്കുന്ന 33ാമത് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽനിന്നു കംബോഡിയ മുഴുവൻ ടീമംഗങ്ങളെയും പിൻവലിച്ചു.
തീരുമാനത്തിൽ ഖേദമുണ്ടെങ്കിലും മൽസരാർഥികളുടെ കുടുംബങ്ങൾക്ക് അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കംബോഡിയൻ ഒളിംപിക് കമ്മിറ്റി വിശദീകരിച്ചു.
അതേസമയം, യുഎസിൽനിന്നു വിഷയത്തിൽ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ സീമകളും ലംഘിക്കപ്പെട്ടതിനാൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥ്യം സ്വീകരിക്കില്ലെന്നും തായ് വിദേശകാര്യ വക്താവ് പറഞ്ഞു.
International
ബാങ്കോക്ക്: കംബോഡിയ-തായ്ലൻഡ് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അഞ്ചു പേർ കൊല്ലപ്പെട്ടതോടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങി. ജൂലൈയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഗുരുതരമായ ഏറ്റുമുട്ടലാണിത്.
കംബോഡിയ ഇന്നലെ അതിർത്തിയിൽ വ്യോമാക്രമണം ആരംഭിച്ചു. വ്യോമാക്രമണം നടന്നതായി തായ്ലാന്ഡ് സ്ഥിരീകരിച്ചു. കംബോഡിയന്‍ സൈനിക താവളങ്ങള്‍ക്കു നേരേ തായ്ലാന്ഡും വ്യോമാക്രമണം നടത്തി.
അതിർത്തിപ്രദേശങ്ങളിൽനിന്ന് അന്‍പതിനായിരത്തിലധികം ആളുകൾ പലായനം ചെയ്തതായി തായ് സൈന്യം പറഞ്ഞു, അതേസമയം, അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയൻ മന്ത്രി നെത് ഫീക്ത്ര പറഞ്ഞു.
തങ്ങൾ സംഘർഷം ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു. തായ് അധിനിവേശക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് കംബോഡിയ മുൻ നേതാവ് ഹുൻ സെൻ ആരോപിക്കുന്നത്.
ഞായറാഴ്ചയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം ആരംഭിച്ചത്. കംബോഡിയൻ സൈന്യത്തിന്റെ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്കേറ്റതായും സൈന്യം തിരിച്ചടിച്ചതായും തായ്ലൻഡ് പറയുന്നു. തായ് സൈന്യമാണ് ആദ്യം വെടിയുതിർത്തതെന്നും തിരിച്ചടിക്കുകയായിരുന്നെന്നുമാണ് കംബോഡിയ പറയുന്നത്.
National
പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന നിശാക്ലബ്ബിന്റെ ഉടമകള്‍ തായ്ലാന്‍ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന് ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്ലാന്‍ഡിലേക്ക് മുങ്ങിയത്.
ഇവരുടെ ഉടമസ്ഥതയിലുള്ള അര്‍പോറയിലെ "ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോയതായാണ് പോലീസ് നല്കുന്ന വിവരം. തിങ്കളാഴ്ച ഇരുവരേയും തേടി പോലീസ് ഡല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും അവിടെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ്യംവിട്ടതായി മനസിലായത്.
ഞായറാഴ്ച അര്‍ധരാത്രി പന്ത്രണ്ട് കഴിഞ്ഞാണ് അപകടമുണ്ടായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഇരുവരും മുങ്ങിയിരുന്നെന്നാണ് പോലീസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്ലന്ഡില് നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.
ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്സിറ്റ് പോയിന്റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന് ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
International
ബാങ്കോക്ക്: അതിർത്തി തർക്കത്തെ തുടർന്ന് ഏഷ്യൻ രാജ്യങ്ങളായ തായ്ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ സംഘർഷം. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് തായ്ലന്ഡ് സൈന്യം വ്യക്തമാക്കി. 14 പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്ലൻഡ് ആക്രമണം നടത്തി. തായ്ലൻഡ് അതിർത്തി അടയ്ക്കുകയും ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്.
ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.
TRAVEL
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.
വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.