Sports
ന്യൂഡല്‍ഹി: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ഗ്രൂപ്പ് എയില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. നമീബിയ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനു നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടു.
അഭിഷേക് ഉണ്ടാകില്ല
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. ശക്തമായ പനിയും ബാധിച്ചതിനാലാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ അഭിഷേകിനെ ഉദരസംബന്ധപ്രശ്നം അലട്ടുന്നതിനാല്‍ ടീം പരിശീലനത്തില്‍ പങ്കാളിയായില്ല.
ഇന്നു നമീബിയയ്ക്ക് എതിരേ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് സൂചന. അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിനായി മൈതാനത്ത് എത്തിയില്ല. സഞ്ജുവായിരുന്നു പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയത്. മാത്രമല്ല, മത്സരശേഷം ടീമുകളുടെ പരസ്പര ഹസ്തദാനത്തിനായും അഭിഷേക് ഗ്രൗണ്ടിലേക്ക് എത്തിയിരുന്നില്ല.
സഞ്ജു പ്ലേയിംഗ് ഇലവനിൽ
അഭിഷേക് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തും. ഇഷാന് കിഷനും സഞ്ജുവുമായിരിക്കും ഇന്നു നമീബിയയ്ക്കെതിരേ ഓപ്പണ്‍ ചെയ്യുക.
ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ മോശം ഫോമിനു പിന്നാലെ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായി നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനു പകരം ഇഷാന് കിഷനായിരുന്നു ഓപ്പണിംഗിന് ഇറങ്ങിയത്. പ്ലേയിംഗ് ഇലവനിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏക അവസരമാണ് ഇന്നു നമീബിയയ്ക്കെതിരേ വന്നുചേര്ന്നിരിക്കുന്നതെന്നതാണ് വാസ്തവം.
ബുംറ, വാഷിംഗ്ടണ്‍
അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്നു പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. 10 ദിവസത്തെ ഇടവേളയ്ക്കുശേഷം ബുംറ പന്ത് എറിഞ്ഞു തുടങ്ങിയതായി അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെ പറഞ്ഞു.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നു പ്ലേയിംഗ് ഇലവനില്‍ വാഷിംഗ്ടണ്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ബുംറ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുന്ന ബൗളര്‍ ആരായിരിക്കുമെന്നതും കണ്ടറിയണം. അമേരിക്കയ്ക്ക് എതിരേ അര്‍ഷദീപ് സിംഗും മുഹമ്മദ് സിറാജുമായിരുന്നു പേസര്‍മാരുടെ റോളില്‍ എത്തിയത്.
ഇന്ത്യയും നമീബിയയും തമ്മില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2021 ലോകകപ്പിലായിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. നമീബിയയ്ക്ക് 20 ഓവറില്‍ 132/8 എന്ന സ്കോര്‍ നേടാനേ സാധിച്ചിരുന്നുള്ളൂ. രോഹിത് ശര്‍മയുടെ (56) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, കെ.എല്‍. രാഹുല്‍ (54*), സൂര്യകുമാര്‍ യാദവ് (25*) എന്നിവരിലൂടെ ഇന്ത്യ ജയത്തിലെത്തി.
Sports
ധാക്ക: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം അല്ലായിരുന്നു എന്ന വെളിപ്പെടുത്തലുമായി സ്പോര്‍ട്സ് ഉപദേശകന് ആസിഫ് നസ്റുള്‍.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബിസിബി) കളിക്കാരുമാണ് ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്ന് ആസിഫ് നസ്റുള്‍ വെളിപ്പെടുത്തി.
പശ്ചാത്താപത്തിന്റെ കാര്യമില്ല. ബിസിബിയും കളിക്കാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജ്യത്തിന്റെ ക്രിക്കറ്റിനും ജനങ്ങളുടെ സുരക്ഷയ്ക്കും ദേശീയതയ്ക്കും വേണ്ടിയെടുത്ത തീരുമാനമാണത്’’ - ആസിഫ് നസ്റുള്‍ പറഞ്ഞു.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് സ്റ്റീവ് സ്മിത്തിനെ ഉള്‍പ്പെടുത്തി.
പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്നലെ അയര്‍ലന്‍ഡിന് എതിരായ ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നതോടെയാണ് സ്മിത്തിനെ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ടീമിലുള്‍പ്പെടുത്തിയത്.
പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മിച്ചല്‍ മാര്‍ഷ് പങ്കെടുത്തിരുന്നു. എന്നാല്‍, ഇന്നലെ ടോസിന് 15 മിനിറ്റ് മുമ്പു മാത്രമാണ് കളിക്കില്ലെന്നു സ്ഥിരീകരിക്കപ്പെട്ടത്. 2024 ഫെബ്രുവരിയിലാണ് സ്മിത്ത് അവസാനമായി ഓസ്ട്രേലിയന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചത്.
Sports
ദുബായ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ x പാക്കിസ്ഥാന് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്ന് ഉറപ്പായി. പണം മുഖ്യമെന്നു വീണ്ടും അടിവരയിട്ടു. ഇക്കാര്യം ഐസിസി മുന്‍ സിഎഫ്ഒ സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിക്കുകയും ചെയ്തു. ഒരു ഇന്ത്യ x പാക്കിസ്ഥാന് ലോകകപ്പ് മത്സരത്തിലൂടെ ഐസിസിക്കു വന്നുചേരുന്നത് 2,290 മുതല്‍ 4,500 കോടി രൂപയാണെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മത്സരം നടത്താനായി ഐസിസിക്കുമേല്‍ പണം മുടക്കിയവരുടെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഓരോ ഐസിസി ടൂര്‍ണമെന്റിന്റെയും വരുമാനത്തില്‍ ഏകദേശം 80 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിലൂടെയാണ് എത്തുന്നത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രതിനിധികള്‍ കറാച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയുടെ ഫലമാണിത്.
ബംഗ്ലാദേശിനെ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയതോടെ, ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറുന്നതായി പാക്കിസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15നു കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ടീം കളിക്കുമെന്ന് പാക് സര്‍ക്കാരാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഐസിസി സ്ഥിരീകരിക്കുകയും ചെയ്തു.
► ഐസിസിയുടെ വരുമാനം
ഇന്ത്യ x പാക്കിസ്ഥാന് രാഷ്ട്രീയ വൈരം വിറ്റ് സമ്പത്തുണ്ടാക്കുകയാണ് ഐസിസി കുറച്ചു നാളായി ചെയ്തുവരുന്നത്. 2012-13നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ അരങ്ങേറിയിട്ടില്ല. അതേസമയം, ഐസിസി, എസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുടീമും ഏറ്റുമുട്ടുന്നുണ്ട്. 2012നു മുതല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പില്‍ വരാന്‍ ഐസിസി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നതും പരസ്യമായ രഹസ്യം.
ഇന്ത്യ x പാക്കിസ്ഥാന് ട്വന്റി-20 ലോകകപ്പ് മത്സരം നേരത്തേ ഷെഡ്യൂള്‍ ചെയ്തതുപോലെ 15നു നടക്കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഐസിസി മുന്‍ സിഎഫ്ഒ ഫൈസല്‍ ഹസ്നൈന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ: “ക്രിക്കറ്റിലെ മറ്റൊരു മത്സരം മാത്രമല്ല ഇത്; ഐസിസി ഇവന്റിന്റെ സാമ്പത്തിക വരുമാനത്തിന്റെ മുഖ്യശ്രോതസാണിത്’’
► ജിയൊയുടെ 27,531 കോടി!
2024-2027 കാലഘട്ടത്തില്‍ അരങ്ങേറുന്ന ഐസിസി ടൂര്‍ണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണത്തിനു മാത്രമായി ജിയൊഹോട്ട്സ്റ്റാര് മുടക്കിയിരിക്കുന്നത് 27,531 കോടി രൂപയാണ് (3.04 ബില്യണ്‍ ഡോളര്‍). 2024-2027 കാലഘട്ടത്തില്‍ 179 മത്സരങ്ങളാണ് ഐസിസിയില്‍ അരങ്ങേറുന്നത്. ഇതില്‍ ഒരു മത്സരത്തിനായി 138.7 കോടി രൂപ വീതം ജിയൊഹോട്ട്സ്റ്റാര് നല്‍കുന്നെന്നു ചുരുക്കം. ഓരോ വര്‍ഷവും ഒരു പുരുഷ ടൂര്‍ണമെന്റ് മാത്രമാണ് നടക്കുന്നത് (2024ല്‍ ട്വന്റി-20 ലോകകപ്പ്, 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി, 2026ല്‍ ട്വന്റി-20 ലോകകപ്പ്, 2027ല്‍ ഏകദിന ലോകകപ്പ്).
ഇത്രയും ടൂര്‍ണമെന്റുകളിലായി ആകെയുള്ള 179 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത് 26-30 മത്സരങ്ങള്‍ ആയിരിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇതിനോടകം ഇന്ത്യ 2024 ട്വന്റി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലുമായി 14 മത്സരം കളിച്ചു.
► സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക പ്രതിസന്ധിയാണെന്നും ഐസിസിയുമായുള്ള കരാറില്‍നിന്നു ജിയൊഹോട്ട്സ്റ്റാര് പിന്മാറുമെന്നും കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കരാറില്‍നിന്നു പിന്മാറില്ലെന്ന് പിന്നീട് ജിയൊഹോട്ട്സ്റ്റാര് അധികൃതര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കാതെവന്നാല്‍ ഐസിസിക്കുമേലുള്ള സമ്മര്‍ദം ചിന്തിക്കാവുന്നതിലും അപ്പുറം. മാത്രമല്ല, ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പരസ്യസ്ലോട്ടും വിറ്റഴിഞ്ഞതുമാണ്.
Sports
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയ്ക്കെതിരേ നെതർലൻഡ്സിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.
42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ ആണ് നമീബിയ നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കറാച്ചി/ദുബായ്: ഏഴിന് ആരംഭിച്ച ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് സൂപ്പര്‍ഹോട്ട് പോരാട്ടം മുടങ്ങാതിരിക്കാനുള്ള തീവ്രശ്രമം പിന്നാമ്പുറത്തു സജീവം.
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറാതിരിക്കാന് മൂന്ന് ആവശ്യങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനു (ഐസിസി) മുന്നില്‍വച്ചതായാണ് റിപ്പോര്‍ട്ട്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം 15നു കൊളംബോയിലാണ് നടക്കേണ്ടത്.
ശ്രീലങ്കയിലേക്കു തങ്ങളുടെ മത്സരം മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറുന്നതായി പാക്കിസ്ഥാന് പ്രഖ്യാപിച്ചു. പാക്കിസ്ഥാന് സര്‍ക്കാരാണ് ഇന്ത്യക്കെതിരേ കളിക്കില്ലെന്നു വ്യക്തമാക്കിയത്. എന്നാല്‍, മത്സരം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഐസിസി ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖ്വാജ കറാച്ചിയിലെത്തി പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വിയുമായി ചര്‍ച്ച നടത്തി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്ളും കറാച്ചിയിലെ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍നിന്നു പിന്മാറാതിരിക്കാന് പിസിബി മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ആവശ്യങ്ങള്‍:
►► ആവശ്യം ഒന്ന്
പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു മുന്നില്‍വച്ച ആദ്യ ആവശ്യം തങ്ങള്‍ക്കുള്ള വരുമാന പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നതായിരുന്നു. അതായത് ഐസിസി പിസിബിക്കു നല്കുന്ന സാമ്പത്തിക വിഹിതത്തില്‍ വര്‍ധനവ് വരുത്തണം. കാലങ്ങളായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ സുപ്രധാന ആവശ്യമാണിത്. ഐസിസി ഫുള്‍ മെംബര്‍ രാജ്യങ്ങള്‍ക്ക് ഇപ്പോൾ നല്കുന്ന സാമ്പത്തിക വിഹിത രീതിയില്‍ മാറ്റംവരുത്തി പുതിയ രീതി കൊണ്ടുവരുക എന്നതാണ് പിസിബിയുടെ ആവശ്യം.
►► ആവശ്യം രണ്ട്
ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരകള്‍ പുനഃസ്ഥാപിക്കുക എന്നതാണ് പിസിബിയുടെ രണ്ടാമത്തെ ആവശ്യം. 2012-13ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനമായി ഒരു പരമ്പര നടന്നത്. അന്ന് മൂന്നു മത്സര ഏകദിന പരമ്പരയ്ക്കായി പാക് ടീം ഇന്ത്യയിലെത്തി. പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നടക്കുന്നത്.
►► ആവശ്യം മൂന്ന്
ഐസിസിക്കു മുന്നില്‍ പിസിബി മുന്നോട്ടുവച്ച മൂന്നാമത്തെ ആവശ്യം ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തില്‍ ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യണമെന്നതായിരുന്നു. 2025 ഏഷ്യ കപ്പിനിടെ ഇരു ടീം അംഗങ്ങളും പരസ്പരം ഹസ്തദാനം ചെയ്തില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ ടീം ഹസ്തദാനം ചെയ്യാതിരുന്നത്.
►► ബിസിബിയുടെ ആവശ്യം
ഐസിസിക്കു മുന്നില്‍ ബിസിബിയും തങ്ങളുടെ ആവശ്യം നിരത്തി. ലോകകപ്പില്‍നിന്നു പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം വേണമെന്നതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം.
Sports
കൊളംബോ: 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഇന്നാരംഭിക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്കു കനത്തപ്രഹരം. പരിക്കിനെത്തുടര്‍ന്ന് ഓസീസ് ടീമില്‍നിന്ന് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പുറത്തായി.
പരിക്കിനെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സും ഓസീസ് സംഘത്തിലില്ല. സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പ് ഹെയ്സല്‍വുഡ് തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
Sports
ഇസ്ലാമാബാദ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാന് സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെ ഒഴിവാക്കിയതിലാണ് പാക് പ്രതിഷേധം. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്മാറുകയും പകരമായി സ്കോട്ലന്ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Sports
മുംബൈ: അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ. 20 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പിൽ അഞ്ച് ടീമുകളാണ്.
ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, നെതർലൻഡ്സ്, നമീബിയ, യുഎസ്എ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഇന്ത്യ- പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ട പോരാട്ടം ഫെബ്രുവരി 15ന് നടക്കും.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾ 2026 ഫെബ്രുവരി ഏഴിന് ആരംഭിക്കും. ഫൈനൽ പോരാട്ടം മാർച്ച് എട്ടിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് നിലവിൽ ഫൈനലിനു വേദിയായി തീരുമാനിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ഫൈനലിലെത്തുകയാണെങ്കിൽ മാത്രം വേദി മാറും.