SUNDAY DEEPIKA
വേടൻ എന്ന ഹിരണ്‍ദാസ് മുരളി എഴുതിയ "വിയർപ്പുതുന്നിയിട്ട കുപ്പായ'ത്തിന് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്പോൾ പല കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. അതിൽ പ്രധാനം രണ്ടെണ്ണമാണ്. വേടനേക്കാൾ നന്നായി പാട്ടുകൾ എഴുതിയവർ ഇല്ലേ? കേസുകളിൽ പെട്ട ഒരു വ്യക്തിയെ അവാർഡിനു പരിഗണിക്കേണ്ടതുണ്ടോ? ചർച്ചകൾ അതിന്റെ വഴിക്കു നടക്കട്ടെ. വേടൻ എന്ന റാപ്പർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും നിലപാടുകൾക്കും ചേരുന്ന വരികളാണ് അദ്ദേഹം എഴുതുന്നത്. അവ പരക്കേ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സിനിമയ്ക്ക് ഇണങ്ങുന്നതിനാൽ ആവണമല്ലോ വേടന്റെ പാട്ട് അതിൽ ഉൾപ്പെടുത്തിയതും.
"ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
ആ കല്ലുകൊണ്ടെന്റെ
മുഖം മുറിഞ്ഞേ
ആ കല്ലുപെറുക്കി ഞാൻ
പാതവിരിച്ചതിൽ
വില്ലുവണ്ടിയേറിപ്പായുന്പോൾ
എന്റെ തലപ്പാവിനെന്തു തിളക്കം'
എന്നതുപോലുള്ള വരികൾ വേടന്റെ ശബ്ദത്തിൽ കേൾക്കുന്പോൾ ഉയർന്നുവരുന്ന ആവേശമാണ് അതിന്റെ ലക്ഷ്യം. അതിൽ കവിത്വം തെരഞ്ഞുചെല്ലുന്നതിൽ വലിയ കഴന്പില്ല. ആശയങ്ങൾക്കാവശ്യമുള്ള വരികൾ വേടൻ എഴുതുന്നു, ആളുകൾ ഇഷ്ടപ്പെടുന്നു- അത്രയും ലളിതമാണ് കാര്യം. മലയാളം ഇതുവരെ കണ്ടും കേട്ടും ശീലിച്ച ഗാനരചയിതാക്കളുമായി വേടൻ എന്ന റാപ്പറെ താരതമ്യംചെയ്യുക അസാധ്യമാണ്. അതിന്റെ ആവശ്യവുമില്ല.
പാട്ടിന്റെ പലവഴികൾ
ഓരോ പാട്ടും പിറന്നുവീഴുന്നതിനു പിന്നിലെ കഥകൾ വിസ്മയിപ്പിക്കുന്നവയാണ്. ആദ്യമുണ്ടായത് ഈണമോ വരികളോ ആവാം. പലർക്കും പലവഴികൾ. കഥാസന്ദർഭം നീണ്ടനാളുകൾ മനസിലിട്ടുരുക്കി പാട്ടെഴുതിയ കവികളുണ്ട്. നല്ലൊരു പാട്ടുകേട്ട് ഇഷ്ടപ്പെട്ട് അതിനുചേരുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയ സംവിധായകരുണ്ട്. എഴുതിവച്ച വരികളുടെ ഭംഗികണ്ട് മോഹിച്ച് ഈണമൊരുക്കിയ സംഗീതസംവിധായകരുമുണ്ട്.
നാളെ റെക്കോർഡ് ചെയ്യേണ്ട പാട്ടാണ്, വരികൾ വേഗം വേണം എന്ന കർശന നിർദേശം ഒരു ചെവിയിലൂടെ കേട്ട് ഒരക്ഷരംപോലും എഴുതാതെ കിടന്നുറങ്ങിയ കവികളുടെ കുറുന്പുകൾ പലതവണ കേട്ടിട്ടുണ്ട്. സങ്കീർണമായ സാഹചര്യങ്ങളിൽ ഒരു തയാറെടുപ്പുമില്ലാതെ, ഒരു പരിശ്രമവും നടത്താതെയിരിക്കുന്ന വേളയിൽ പാട്ടുകൾ വന്ന് രചയിതാവിന്റെ മനസിൽ മുട്ടിവിളിച്ചാലോ? അത്തരം മനോഹരമായ അനുഭവങ്ങൾ ഓർമിച്ചിട്ടുണ്ട് അനശ്വരനായ ഗിരീഷ് പുത്തഞ്ചേരി. അങ്ങനെ വന്ന പാട്ടുകൾ പലതും സൂപ്പർ ഹിറ്റുകളുമായി.
കണ്ണുനട്ടു കാത്തിരുന്നപ്പോൾ!
അക്ഷമയോടെ, ഏറെനേരമായുള്ള കാത്തിരിപ്പിനെയാണ് "കണ്ണുനട്ട്' എന്നു വിശേഷിപ്പിക്കാറ്. പാട്ടിനുവേണ്ടി കാത്തിരുന്ന് അതേ വരികളിൽ പാട്ടുണ്ടായാലോ? ആ അനുഭവമാണ് കണ്ണുനട്ടു കാത്തിരുന്നിട്ടും (ചിത്രം: കഥാവശേഷൻ) എന്ന പാട്ടിനുപിന്നിൽ.
ഏറെനേരം ഒരുമിച്ചിരുന്നിട്ടും ഗിരീഷ് പുത്തഞ്ചേരിക്കും സംഗീതസംവിധായകൻ എം. ജയചന്ദ്രനും ആശയമൊന്നും തെളിഞ്ഞിട്ടില്ല. "കുട്ടാ, ഒരു ട്യൂണ്‍ താ, ഞാൻ എഴുതാം' എന്ന് പുത്തഞ്ചേരി. "ഗിരീഷേട്ടാ, എന്തെങ്കിലും ഒരക്ഷരം തരൂ' എന്ന് ജയചന്ദ്രനും. ഒന്നും നടക്കുന്നില്ല. സിനിമയും പാട്ടുമെല്ലാം മാറ്റിവച്ച് ഇരുവരും ലോകകാര്യങ്ങളിലേക്കു കടന്നു. അപ്പോഴും ഇരുവരുടെയും ഹൃദയങ്ങളിൽ പാട്ടിനുവേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പുണ്ട്. സംസാരത്തിനിടയിലെപ്പോഴോ പാട്ടുപിറന്നു.
ട്യൂണ്‍ ആണോ വരിയാണോ ആദ്യമുണ്ടായതെന്ന് ഇരുവർക്കും വലിയ നിശ്ചയമില്ല. കുന്പിളിൽ വിളന്പിയ പൈന്പാലെന്നോർത്തു ഞാൻ അന്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു എന്നുള്ള വരികൾ പിന്നീടു പലപ്പോഴും നെഞ്ചിൽവന്നു തറയ്ക്കാറുണ്ടെന്ന് എം. ജയചന്ദ്രന്റെ ഓർമ. പട്ടിണിയടക്കമുള്ള കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ബാല്യം ഓർമപ്പെടുത്തുന്ന ആത്മകഥാപരമായ വരികളാണ് അതെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്. തീവ്രാനുഭവങ്ങൾ സുന്ദരഗാനങ്ങളാകുന്നവിധം!
എഴുതാത്ത ഹരിമുരളീരവം
"ദാസേട്ടൻ ഇന്നു കാലത്തു വരുമെടാ, നമ്മൾ പാട്ടുണ്ടാക്കിയിട്ടില്ല'- ഈ വാക്കുകൾ സംഗീതസംവിധായകൻ രവീന്ദ്രന്റേതാണ്. പറഞ്ഞത് ഗിരീഷ് പുത്തഞ്ചേരിയോടുതന്നെ.
പാട്ടുണ്ടാക്കാൻ ഹോട്ടൽമുറിയിൽ ഒരുമിച്ചിരുന്ന് രാത്രിമുഴുവൻ സംസാരത്തിലും ആഘോഷത്തിലും തീർന്നു. രാവിലെ സിനിമയുടെ അണിയറക്കാർ വന്നു വാതിലിൽ മുട്ടുന്നു. എട്ടുമണിക്ക് സിനിമയുടെ പൂജയാണ്.
"നിന്റെ കൈയിൽ വല്ലതുമുണ്ടോ' എന്ന് രവീന്ദ്രന്റെ ചോദ്യം. "ഇല്ല, നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ' എന്നു പുത്തഞ്ചേരിയുടെ മറുചോദ്യം!.
എന്തായാലും കുളിച്ചൊരുങ്ങി കാറിൽ കയറി. പരിഭ്രമമുണ്ട് കൂടെ. അക്ഷരവും സംഗീതവും വന്നിട്ടില്ല. പകുതിവഴി എത്തിയപ്പോൾ ഗിരീഷ് ഡ്രൈവറോടു പറയുന്നു, വണ്ടി സൈഡാക്കൂ. ആ വഴിയിൽവച്ച് രവീന്ദ്രനു പറഞ്ഞുകൊടുത്ത വരികളാണ് ഹരിമുരളീരവം.. ഹരിതവൃന്ദാവനം... (ചിത്രം: ആറാം തന്പുരാൻ). ഈ വരികൾ എങ്ങനെ സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നാണ് പുത്തഞ്ചേരി പിന്നീടു പറഞ്ഞത്. സ്റ്റുഡിയോയിൽ എത്തുന്പോഴേക്കും വരികളും ട്യൂണും തയാർ!
ഒരുപക്ഷേ സ്നേഹത്തിൽനിന്നും സൗഹൃദത്തിൽനിന്നും പരസ്പരവിശ്വാസത്തിൽനിന്നും ഒഴുകിവന്ന പാട്ടുകളാവണം ഇവയെല്ലാം. ഓരോ എഴുത്തുകാരനും സംഗീതസംവിധായകനും പറയാനുണ്ടാവും ഇതുപോലുള്ള നൂറുനൂറു കഥകൾ, അനുഭവങ്ങൾ... സംഗീതപ്രേമികളിൽ ആ പാട്ടുകളോരോന്നും അവ കേട്ട കാലങ്ങളെ തിളക്കമുള്ളതാക്കുന്നു. അവാർഡിൽ ഒതുങ്ങുന്നതല്ലല്ലോ പാട്ടനുഭവങ്ങൾ!.
Movies
വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിനെത്തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ജൂറി അംഗം ഗായത്രി അശോകൻ.
പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ഗായത്രി പറഞ്ഞു. സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സംഗീത ശൈലിക്കും അതിന്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വേടന് പുരസ്കാരം നൽകിയതിൽ പരോക്ഷമായും പ്രത്യക്ഷമായും ചർച്ചകൾ സജീവമാകുന്നുണ്ട്. വേടന് അവാർഡ് നൽകിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ ജോയി മാത്യുവും സംവിധായിക ശ്രുതി ശരണ്യവും രംഗത്തെത്തിയിരുന്നു.
കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.
വേടനെതിരെ സ്ത്രീപീഡനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്കാരം നൽകുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് ജോയ് മാത്യുവും അഭിപ്രായപ്പെട്ടു.
Movies
മന്ത്രി സജി ചെറിയാന്റെ പരാമർശനത്തിനെതിരെ റാപ്പര്‍ വേടന്. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണെന്ന് വേടൻ പറഞ്ഞു.
തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും വേടന് പറഞ്ഞു.
കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം.
ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കൈയടി. ലോകം കണ്ട ഇതിഹാസ നായകന് മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. അതിനും കൈയടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്നാണ് സജി ചെറിയാന് പ്രസംഗത്തിൽ പറഞ്ഞത്.
Movies
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ ജോയി മാത്യുവും സംവിധായിക ശ്രുതി ശരണ്യവും.
കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.
വേടനെതിരെ സ്ത്രീപീഡനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്കാരം നൽകുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ശ്രുതിയുടെ പോസ്റ്റിന്റെ പൂർണരൂപം
കേരള സ്റ്റേറ്റ് മസ്കുലിന്‍ അവാര്‍ഡ്സ്-പ്രധാന ഭാഗങ്ങൾ എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്മാന് തന്നെ പറഞ്ഞത്.
എന്നിട്ട് അവര്‍ ഒരു ഹൊയ്ഡെനിഷ് സിനിമയ്ക്കുമേല് അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു.
‘ബഹുമാനപ്പെട്ട’ ജൂറിക്കു മെയിൽ ഗെയ്സ് (പുരുഷ നോട്ടം) എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം’.
ജോയ് മാത്യുവിന്റെ കുറിപ്പ്
അവാർഡ് കൊടുക്കുക തന്നെ വേണം... ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?
അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും!
അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷൽ അവാർഡ് കൂടി പ്രഖ്യാപിക്കുക. അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല.
ഭാവിയിൽ പീഡന പ്രക്രിയയിൽ നിന്നും അയാൾ മാറിനടക്കുകയും ചെയ്യും, ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം: ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും.
Movies
വേടന് 'പോലും' അവാർഡ് കിട്ടിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ അബദ്ധം പിണഞ്ഞെന്ന് മനസിലാക്കിയ മന്ത്രി ആ വാക്കുകൾ തിരുത്തി.
പ്രസംഗത്തിൽ വേടനെക്കുറിച്ചു പറഞ്ഞ ‘പോലും’ എന്ന പ്രയോഗം വളച്ചൊടിക്കരുതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നും തിരുത്തുകയായിരുന്നു.
'ഒരുപാട് പ്രഗല്ഭര് നിലനില്‍ക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോള്‍, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സര്‍ക്കാരിനുണ്ടെന്നാണ് പറഞ്ഞത്. ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍ വേടനെപോലെ പാട്ടുപാടുന്ന അയാള്‍ എഴുത്തുകാരനല്ല.
ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍ അതു കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷവും പരാതികളില്ലാതെയാണു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്നും എല്ലാത്തിനും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'എന്റേത് ഒരു ചെറിയ വകുപ്പാണ്. സാംസ്കാരിക വകുപ്പ്. ഞാന്‍ അഭിമാനത്തോടെ പറയുന്നു. അഞ്ചാമത് അവാര്‍ഡ് ആണ് ഇന്നലെ ഞാന്‍ പ്രഖ്യാപിച്ചത്. ഒരു പരാതിയുമില്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അവാര്‍ഡ് ഞങ്ങള്‍ പ്രഖ്യാപിച്ചു.
കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ അതിനേക്കാള്‍ കൈയടി. ലോകം കണ്ട ഇതിഹാസനായകനാണ് മോഹന്‍ലാല്‍. ഞങ്ങള്‍ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാള്‍ കൈയടി. ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു.’ മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: കഴിഞ്ഞ അഞ്ചു വര്‍ഷവും പരാതികളില്ലാതെയാണു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്നു മന്ത്രി സജി ചെറിയാന്. എല്ലാത്തിനും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ കൈയടി ലഭിച്ചുവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
“എന്റേത് ഒരു ചെറിയ വകുപ്പാണ്. സാംസ്കാരിക വകുപ്പ്. ഞാന്‍ അഭിമാനത്തോടെ പറയുന്നു. അഞ്ചാമത് അവാര്‍ഡ് ആണ് ഇന്നലെ ഞാന്‍ പ്രഖ്യാപിച്ചത്. ഒരു പരാതിയുമില്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അവാര്‍ഡ് ഞങ്ങള്‍ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ അതിനേക്കാള്‍ കൈയടി. ലോകം കണ്ട ഇതിഹാസനായകനാണ് മോഹന്‍ലാല്‍. ഞങ്ങള്‍ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാള്‍ കൈയടി. ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു’’ - മന്ത്രി പറഞ്ഞു.
കോഴിക്കോട് കോര്പറേഷന് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. അതേസമയം ‘വേടനെപ്പോലും’ എന്നുപറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വേടന് പറഞ്ഞ വാക്കാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ വളച്ചൊടിക്കരുത്.
ഒരുപാട് പ്രഗല്ഭര് നിലനില്‍ക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോള്‍, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സര്‍ക്കാരിനുണ്ടെന്നാണ് പറഞ്ഞത് - മന്ത്രി വിശദീകരിച്ചു. ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍ വേടനെപോലെ പാട്ടുപാടുന്ന- അയാള്‍ എഴുത്തുകാരനല്ല.
ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍ അതു കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി.
ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായി, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീത പരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലീസ്
റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ മൊഴി നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
മൊഴി നല്കാന് നേരിട്ടെത്തുന്നത് തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും നേരിട്ടെത്തി മൊഴി നല്‍കാനാവില്ലെന്നുമുള്ള പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു യുവതി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുള്ളത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇയാള്‍.
Kerala
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പര്‍ വേടന് അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.
വിവാഹ വാഗ്ദാനം നല്കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Kerala
കൊച്ചി: പീഡനകേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഒൻപതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്.
കേസെടുത്തതു മുതൽ ഒളിവിലായിരുന്നു വേടൻ. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ പീഡനമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്.
Movies
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരേ കുരുക്ക് മുറുകുന്നു. ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രണ്ടു യുവതികള്‍ കൂടി രംഗത്തെത്തി.
റാപ്പര്‍ വേടന് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
തന്റെ സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന് ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന യുവതിയാണ് പരാതിക്കാരി. 2020 - 2021 കാലഘട്ടത്തിലാണ് പരാതിയില്‍ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ തൃക്കാക്കര എസിപി പി.എസ്. ഷിജുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒ സജീവ് കുമാറിനാണ് നിലവിലെ അന്വേഷണ ചുമതല. പോലീസ് ജാമ്യ ഹര്‍ജിയെ എതിര്‍ക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും.
2021 മുതല്‍ 2023 വരെ വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പരാതിക്ക് പിന്നാലെ വേടനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പോലീസ് വേടനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
വേടന് യുവതിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവ ഡോക്ടറുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായിയെന്നുമാണ് യുവ ഡോക്ടറുടെ വെളിപ്പെടുത്തല്‍. പിന്മാറ്റം മാനസികമായി തകര്‍ത്തു. ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Movies
ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍പോയ റാപ്പര്‍ വേടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണിത്. അതിനിടെ കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
വേടന്റെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിവരികയാണ്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം ചെയ്യാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയും ഡോക്ടറുമായ യുവതിയുടെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.