സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ ജോയി മാത്യുവും സംവിധായിക ശ്രുതി ശരണ്യവും.
കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.
വേടനെതിരെ സ്ത്രീപീഡനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്കാരം നൽകുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ശ്രുതിയുടെ പോസ്റ്റിന്റെ പൂർണരൂപം
കേരള സ്റ്റേറ്റ് മസ്കുലിന്‍ അവാര്‍ഡ്സ്-പ്രധാന ഭാഗങ്ങൾ എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്മാന് തന്നെ പറഞ്ഞത്.
എന്നിട്ട് അവര്‍ ഒരു ഹൊയ്ഡെനിഷ് സിനിമയ്ക്കുമേല് അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു.
‘ബഹുമാനപ്പെട്ട’ ജൂറിക്കു മെയിൽ ഗെയ്സ് (പുരുഷ നോട്ടം) എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം’.
ജോയ് മാത്യുവിന്റെ കുറിപ്പ്
അവാർഡ് കൊടുക്കുക തന്നെ വേണം... ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?
അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും!
അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷൽ അവാർഡ് കൂടി പ്രഖ്യാപിക്കുക. അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല.
ഭാവിയിൽ പീഡന പ്രക്രിയയിൽ നിന്നും അയാൾ മാറിനടക്കുകയും ചെയ്യും, ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം: ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും.
Tags : Joy Mathew Shruti Sharanyam Kerala State Film Awards Vedan Music Lyricists Malayalam Movie Movie News