കോഴിക്കോട്: കഴിഞ്ഞ അഞ്ചു വര്‍ഷവും പരാതികളില്ലാതെയാണു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്നു മന്ത്രി സജി ചെറിയാന്. എല്ലാത്തിനും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ കൈയടി ലഭിച്ചുവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
“എന്റേത് ഒരു ചെറിയ വകുപ്പാണ്. സാംസ്കാരിക വകുപ്പ്. ഞാന്‍ അഭിമാനത്തോടെ പറയുന്നു. അഞ്ചാമത് അവാര്‍ഡ് ആണ് ഇന്നലെ ഞാന്‍ പ്രഖ്യാപിച്ചത്. ഒരു പരാതിയുമില്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അവാര്‍ഡ് ഞങ്ങള്‍ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ അതിനേക്കാള്‍ കൈയടി. ലോകം കണ്ട ഇതിഹാസനായകനാണ് മോഹന്‍ലാല്‍. ഞങ്ങള്‍ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാള്‍ കൈയടി. ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു’’ - മന്ത്രി പറഞ്ഞു.
കോഴിക്കോട് കോര്പറേഷന് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. അതേസമയം ‘വേടനെപ്പോലും’ എന്നുപറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വേടന് പറഞ്ഞ വാക്കാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ വളച്ചൊടിക്കരുത്.
ഒരുപാട് പ്രഗല്ഭര് നിലനില്‍ക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോള്‍, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സര്‍ക്കാരിനുണ്ടെന്നാണ് പറഞ്ഞത് - മന്ത്രി വിശദീകരിച്ചു. ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍ വേടനെപോലെ പാട്ടുപാടുന്ന- അയാള്‍ എഴുത്തുകാരനല്ല.
ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍ അതു കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : Minister Saji Cherian vedan