വേടന് 'പോലും' അവാർഡ് കിട്ടിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ അബദ്ധം പിണഞ്ഞെന്ന് മനസിലാക്കിയ മന്ത്രി ആ വാക്കുകൾ തിരുത്തി.
പ്രസംഗത്തിൽ വേടനെക്കുറിച്ചു പറഞ്ഞ ‘പോലും’ എന്ന പ്രയോഗം വളച്ചൊടിക്കരുതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നും തിരുത്തുകയായിരുന്നു.
'ഒരുപാട് പ്രഗല്ഭര് നിലനില്‍ക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോള്‍, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സര്‍ക്കാരിനുണ്ടെന്നാണ് പറഞ്ഞത്. ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍ വേടനെപോലെ പാട്ടുപാടുന്ന അയാള്‍ എഴുത്തുകാരനല്ല.
ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍ അതു കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷവും പരാതികളില്ലാതെയാണു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്നും എല്ലാത്തിനും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'എന്റേത് ഒരു ചെറിയ വകുപ്പാണ്. സാംസ്കാരിക വകുപ്പ്. ഞാന്‍ അഭിമാനത്തോടെ പറയുന്നു. അഞ്ചാമത് അവാര്‍ഡ് ആണ് ഇന്നലെ ഞാന്‍ പ്രഖ്യാപിച്ചത്. ഒരു പരാതിയുമില്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അവാര്‍ഡ് ഞങ്ങള്‍ പ്രഖ്യാപിച്ചു.
കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ അതിനേക്കാള്‍ കൈയടി. ലോകം കണ്ട ഇതിഹാസനായകനാണ് മോഹന്‍ലാല്‍. ഞങ്ങള്‍ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാള്‍ കൈയടി. ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു.’ മന്ത്രി പറഞ്ഞു.
Tags : Saji Cherian Vedan Kerala State Film Awards Controversial Statement