Sports
കല്യാണി (ബംഗാള്‍): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ സെമിയില്‍. ആന്ധ്രപ്രദേശിനെ ഇന്നിംഗ്സിനും 90 റണ്‍സിനും കീഴടക്കിയാണ് ബംഗാള്‍ സെമിയില്‍ പ്രവേശിച്ചത്.
സ്കോര്‍: ആന്ധ്രപ്രദേശ് 295, 244. ബംഗാള്‍ 629. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സില്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് തൊട്ടരികെവച്ച് പുറത്തായ സുദീപ് കുമാര്‍ ഘരാമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 596 പന്ത് നേരിട്ട സുദീപ് ആറ് സിക്സും 31 ഫോറും ഉള്‍പ്പെടെ 299 നേടിയാണ് പുറത്തായത്.
സെമിയില്‍ ജമ്മു-കാഷ്മീരാണ് ബംഗാളിന്റെ എതിരാളികള്‍. ചരിത്രത്തില്‍ ആദ്യമായാണ് ജമ്മു-കാഷ്മീര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
മധ്യപ്രദേശിനെ 56 റണ്‍സിനു കീഴടക്കിയായിരുന്നു ജമ്മു-കാഷ്മീരിന്റെ സെമി പ്രവേശം. മറ്റൊരു സെമിയില്‍ കര്‍ണാടക ഉത്തരാഖണ്ഡിനെ നേരിടും. ഉത്തരാഖണ്ഡും ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ചയാണ് സെമി പോരാട്ടങ്ങള്‍.
National
കോൽക്കത്ത: പ്രതിമാസ വേതനം 15000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ ആശാവർക്കർമാരുടെ പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിഷേധം.
1000 രൂപയാണ് സർക്കാർ വർധിപ്പിച്ചത്. ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാതിഭവന് മുന്നിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റിൽ ആശാ വർക്കർമാരുടെ ഓണറേറിയം പ്രതിമാസം 6250 രൂപയായി ഉയർത്തിയിരുന്നു.
സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വര്‍ധനവില്‍ തൃപ്തരല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കുറഞ്ഞത് പ്രതിമാസം 15000 രൂപ വേതനമായി ലഭിക്കണം. ആരോഗ്യ സെക്രട്ടറിയെ കണ്ട് ഇക്കാര്യങ്ങൾ അറിയിക്കുമെന്നും സമരക്കാർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ റെയിൽ ഓവർബ്രിഡ്ജിൽ നിന്ന് ചാടിയ യുവാവ് വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന് മുന്നിലേക്ക് ചാടുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാൽ ട്രെയിൻ പെട്ടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും താഴേക്ക് ചാടിയ ഇയാൾ ട്രെയിനിന് മുകളിലെ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു.
റെയിൽവേ ജീവനക്കാർ കയറുകൾ ഉപയോഗിച്ച് ഇയാളെ താഴെ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ വൈകി.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയില്‍ ബംഗാളിന് തുടര്‍ച്ചയായ മൂന്നാം ജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ ഇന്നലെ 1-0ന് രാജസ്ഥാനെ കീഴടക്കി. 89-ാം മിനിറ്റില്‍ സത്യന് ബാനര്‍ജിയുടെ വകയായിരുന്നു ബംഗാളിന്റെ വിജയഗോള്‍. ഇതോടെ ബംഗാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി.
ഗ്രൂപ്പ് എയിലെ മറ്റു മത്സരങ്ങളില്‍ തമിഴ്നാട് 3-0ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ആതിഥേയരായ ആസാം ഉത്തരാഖണ്ഡുമായി 1-1 സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി ബംഗാള്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ആറ് പോയിന്റ് വീതവുമായി രാജസ്ഥാനും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കേരളം നാളെ ഇറങ്ങും
സന്തോഷ് ട്രോഫിയില്‍ ഇന്നു മത്സരങ്ങള്‍ ഇല്ല. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന കേരളത്തിന്റെ അടക്കമുള്ള ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളത്തേക്കു മാറ്റി. ഒഡീഷയാണ് നാളെ കേരളത്തിന്റെ എതിരാളികള്‍. ഉച്ചകഴിഞ്ഞ് രണ്ടിന് കേരളം x ഒഡീഷ മത്സരം. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ റെയില്‍വേസ് പഞ്ചാബിനെ നേരിടും. മേഘാലയയും സര്‍വീസസും തമ്മിലാണ് നാളത്തെ മറ്റൊരു മത്സരം.
Leader Page
അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാണ് കോൽക്കത്ത നഗരത്തിലെ പോസ്റ്ററുകളും പ്രചാരണ മുദ്രാവാക്യങ്ങളുമെങ്കിൽ, തൃണമൂൽ കോൺഗ്രസ് ഒരുപക്ഷേ, ഇതിനകം യുദ്ധം ജയിച്ചുകഴിഞ്ഞു. നഗരത്തിലുടനീളം സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മമത ബാനർജിയുടെ ക്ഷേമപദ്ധതികളും വിളിച്ചോതുന്ന കൂറ്റൻ ബോർഡുകളാണുള്ളത്. ബിജെപിയുടെ കൊടികളോ പോസ്റ്ററുകളോ എങ്ങും കാണാനുമില്ല. തൃണമൂലിന്റെ ഒരു പ്രധാന പ്രചാരണ വാചകം ഇതാണ്: “ജോതോയ് കൊരോ ഹംല, അബർ ജിത്ബെ ബംഗ്ല” (ഞങ്ങളെ എത്രയൊക്കെ ആക്രമിച്ചാലും ബംഗാൾ വീണ്ടും വിജയിക്കും).
ഈ മുദ്രാവാക്യം വെറുതെ ഉണ്ടായതല്ല. ബിജെപിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള തർക്കം ഭരണ- പ്രതിപക്ഷ രാഷ്ട്രീയത്തിനപ്പുറമാണ്. ബിജെപിയുടെ വെല്ലുവിളി കേവലം വോട്ടു കണക്കുകൾക്ക് അപ്പുറവും. ഇതോടെ 2026ലെ പോരാട്ടത്തിന് വീറും വാശിയുമേറുന്നു. അഴിമതിയും ഭരണനേട്ടങ്ങളും മാത്രമല്ല ഈ തെരഞ്ഞെടുപ്പിലെ വിഷയങ്ങൾ. ടോളിഗഞ്ചിലെ താമസക്കാരനായ ടിറ്റു ബോസ് പറയുന്നു: “ബംഗാളി സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ; കഴിയുമെങ്കിൽ ആരിലൂടെ എന്നതിനെക്കുറിച്ചുള്ള ഒരു ജനഹിതപരിശോധനയിലേക്കാണ് നീങ്ങുന്നത്”. വോട്ടറായ ശ്രീപർണ സെൻ (44) പറയുന്നത്, തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പുണ്ട് എന്നാണ്. “കാരണം, തൃണമൂൽ നേതാക്കൾ പലപ്പോഴും ആരോപിക്കുന്നതുപോലെ സാംസ്കാരികമായി അന്യരാകാതെയാണ് ബിജെപി സാംസ്കാരിക നവീകരണം വാഗ്ദാനം ചെയ്യുന്നത്. ഇത് ബംഗാളിക്ക് വേണ്ടിയാണെന്നും അത് മമത ബാനർജിയുടെ കീഴിലാണെന്നും ടിഎംസി പറയുന്നു. എന്നാൽ, ബംഗാളി സംസ്കാരം വലിയതോതിൽ തകർന്നത് മമതയുടെ കാലത്താണ്”.
എന്നാൽ, ഇതിനൊരു മറുവശമുണ്ട്. ഭാഷ, സാഹിത്യം, നുഴഞ്ഞുകയറ്റക്കാർ എന്നീ വിഷയങ്ങളിൽ ദേശീയതയെക്കുറിച്ചുള്ള ബിജെപിയുടെ വാചകമടി കാസി നസ്രുൾ ഇസ്ലാമിനെപ്പോലുള്ളവർ രൂപപ്പെടുത്തിയ ബംഗാളിന്റെ ബഹുസ്വരതയ്ക്കു വിരുദ്ധമാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് അതിന്റേതായ പോരായ്മകളുണ്ടെന്നത് നിഷേധിക്കാനാകില്ല. മുതിർന്ന നേതാക്കളുടെ പഴയകാല അബദ്ധങ്ങൾ ബിജെപിക്ക് ബംഗാളി വികാരം മനസിലാക്കാനാകില്ലെന്ന തൃണമൂൽ പ്രചാരണത്തിന് ആക്കം കൂട്ടുന്നുണ്ട്. കേന്ദ്രത്തിൽനിന്നുള്ള നിരവധി ബിജെപി നേതാക്കൾക്ക് ബംഗാളിന്റെ ചരിത്ര-സാസ്കാരിക നായകരെക്കുറിച്ചു പറയുമ്പോൾ നാക്കു പിഴച്ചിരുന്നു. ഇത് തൃണമൂൽ പ്രചാരണത്തിന് ഇന്ധനമായി. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലാണ് ജനിച്ചതെന്ന് ബിജെപിയുടെ മുൻ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ പറഞ്ഞത് ഈ സാംസ്കാരികവിടവിന്റെ പ്രതീകമായി.
എന്നാൽ, ബംഗാളിന്റെ മഹത്തായ ഭൂതകാലത്തിൽനിന്ന് വിഭിന്നമായി, ഇന്നത്തെ പശ്ചിമബംഗാൾ സാമ്പത്തിക സ്തംഭനത്തിന്റെയും അക്രമത്തിന്റെയും സിൻഡിക്കറ്റ് ദൂഷിത വലയത്തിന്റെയും നിഴലിലാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മനോദീപ് സർക്കാർ പറയുന്നു: “ബംഗാളിന്റെ തകർച്ച ഒറ്റദിവസം കൊണ്ടുണ്ടായതല്ല. 1977 മുതൽ 2011 വരെ ഭരിച്ച ഇടതുസർക്കാരിന്റെ 34 വർഷമാണ് ഇതിന്റെ വിത്തുവിതച്ചത്. തൃണമൂലിന്റെ കാലത്ത് ഇത് കൂടുതൽ പടർന്നുപന്തലിച്ചു എന്നുമാത്രം. പ്രവാസിയാകേണ്ടിവന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. വർഷത്തിൽ രണ്ടു തവണയാണ് ഞാനെന്റെ മാതാപിതാക്കളെ കാണാൻ പോകുന്നത്’’. നഗരപ്രാന്തമായ ഖർദയിൽനിന്നുള്ള പ്രശാന്തോ നന്ദിയും ഇതിനെ ശരിവയ്ക്കുന്നു. ‘വൈരുധ്യമാണെന്നു തോന്നാം... എങ്കിലും ഈ സാംസ്കാരിക ശൂന്യതയും ഗുണ്ടകളെയും ന്യൂനപക്ഷങ്ങളെയും- വിശേഷിച്ച് മുസ്ലിംകളെ- പ്രീണിപ്പിക്കുന്നതും കടുത്ത വെല്ലുവിളിയുയർത്താൻ ബിജെപിക്ക് വഴിയൊരുക്കി’.
മറ്റൊരു സുപ്രധാന കാര്യവുമുണ്ട്. ബിജെപി ദശാബ്ദങ്ങളായി ‘ഭദ്രലോക്’ എന്നറിയപ്പെടുന്ന വരേണ്യ, മധ്യവർഗ ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ദുർബലവിഭാഗങ്ങൾക്കിടയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്ബോങ്ഷികൾ, മതുവകൾ, നാമശൂദ്രർ, ചെറിയ ആദിവാസി വിഭാഗങ്ങൾ, ഗൂർഖകൾ എന്നിവർക്കു പുറമേ ക്രൈസ്തവർക്കിടയിൽപോലും ബിജെപി അടിത്തറ വിപുലമാക്കി. ഒബിസി സംവരണ ആനുകൂല്യങ്ങളിൽ മുസ്ലിം സമുദായങ്ങൾ ആനുപാതികമല്ലാത്ത വിഹിതം തട്ടിയെടുത്തുവെന്ന ആരോപണവും രോഷമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മാറ്റമില്ലാതെ തുടരുന്ന അധികാരഘടനയ്ക്കെതിരേ പ്രതികരിക്കാൻ ഒരു വലിയ ജനവിഭാഗത്തിനുള്ള പിടിവള്ളിയായി ബിജെപി മാറി.
എന്നാൽ, മറ്റൊരു തലത്തിൽ ബംഗാൾ തെരഞ്ഞെടുപ്പ് വലിയൊരു പ്രഹേളികയാണ്. ബംഗാളി സാംസ്കാരിക സ്വത്വവും ഹിന്ദുത്വ ഏകീകരണവും തമ്മിലുള്ള ആശയപരമായ പോരാട്ടവേദിയായി അത് മാറുന്നു.
പല വിഷയങ്ങളിലും പൊതുജനങ്ങളുടെ നിലപാട് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ മമത ബാനർജി വളരെ പരിഭ്രാന്തയാണെന്ന് ഒരു വിഭാഗം പറയുന്നു. റോണോജിത് സന്യാൽ പറയുന്നു: “മമതയുടെയും അഭിഷേക് ബാനർജിയുടെയും അമ്മായി-അനന്തരവൻ കൂട്ടുകെട്ടിനെ കുടുംബവാഴ്ചയുടെയും സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും പ്രതീകമായി ഉയർത്തിക്കാട്ടുന്നതിൽ ബിജെപി വിജയിച്ചു”.
ബംഗാളി അഭിമാനവും ബിജെപിയുടെ ഹിന്ദി-ഹിന്ദു പരിപ്രേക്ഷ്യവും തമ്മിലുള്ള പോരാട്ടമാക്കി ചിത്രീകരിച്ചാണ് തൃണമൂൽ ഇതിനെ ചെറുക്കുന്നത്. തന്റെ ഭൂതകാലം മമത ബാനർജിക്കറിയാം. ശക്തമായ ഇടതുവിരുദ്ധ പ്രതിച്ഛായ ഇപ്പോഴും അവരുടെ കരുത്താണ്. കുറച്ച് വർഷങ്ങൾക്കു മുമ്പുപോലും ഇടതുവിരുദ്ധ ലിബറലിസം അവരെ അജയ്യയാക്കിയിരുന്നു. “2021ലെ പോലെ 2026ലും ഇത് സംഭവിക്കും. ദക്ഷിണബംഗാളിലെ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടുകൾ തൃണമൂൽ കോൺഗ്രസിലേക്ക് പോയതിനാൽ ഈ രണ്ട് പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല”, ജാദവ്പുർ പ്രദേശത്തെ തൃണമൂൽ ബൂത്ത് വർക്കർ മോളോയ് ദാസ് പറയുന്നു.
എന്നാൽ തൃണമൂൽപോലും കളംമാറ്റിച്ചവിട്ടുകയാണ്. പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന രാഷ്ട്രീയ സമാനതയാണ് ഏറ്റവും വലിയ വൈരുധ്യം. മുസ്ലീം പ്രീണനം ആരോപിക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ദിഗയിൽ പുതുതായി നിർമിച്ച ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് ഉറക്കെ പറയുന്നു. അതിനാൽ 2026ലെ യുദ്ധം ആരാണ് പശ്ചിമ ബംഗാൾ ഭരിക്കുകയെന്നു മാത്രമല്ല നിർണയിക്കുക. ഇന്ത്യയെയോ ബംഗാളിനേയോ കുറിച്ചുള്ള ആരുടെ ആശയമാണ് ഒടുവിൽ വിജയിക്കുക എന്നതിനും അത് ഉത്തരം നൽകും.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിനെതിരേ (എസ്ഐആർ) നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന അനാവശ്യ തിടുക്കം ജനാധിപത്യ പ്രക്രിയയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയുടെ സമഗ്ര അവലോകനം ശ്രദ്ധാപൂർവം വേണ്ടത്ര സമയം നൽകി നടത്തേണ്ടതാണ്. എന്നാൽ, പശ്ചിമബംഗാളിൽ സംഭവിക്കുന്നത് അങ്ങനെയല്ല,. വോട്ടർമാർക്കു രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം ലഭിക്കുന്നില്ല. ഇത് വോട്ടർമാരോടും ഇന്ത്യൻ ജനാധിപത്യത്തോടുമുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ പേരുചേർക്കാൻ തനിക്കു നേരിട്ട ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു.
“ഗ്രാമീണ ഇന്ത്യയിൽ ജനിച്ച പല ഇന്ത്യക്കാരെയുംപോലെ എനിക്കും ജനന സർട്ടിഫിക്കറ്റില്ല. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടിവന്നു. ഇതിന് സുഹൃത്തുക്കൾ സഹായിച്ചു. എന്നാൽ, സഹായിക്കാൻ സാധിക്കുന്ന സുഹൃത്തുക്കളില്ലാത്ത മറ്റുള്ളവരെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്” - അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതിന് ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് പലപ്പോഴും സമൂഹത്തിലെ പിന്നാക്കക്കാർക്കു ബുദ്ധിമുട്ടാണ്. പുതുക്കിയ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടിവരുന്നതിന്റെ വർഗ പക്ഷപാതം ദരിദ്രർക്ക് എതിരായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെൻ പറഞ്ഞു.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ 4-0ന് നാഗാലാന്‍ഡിനെ കീഴടക്കിയ ബംഗാള്‍, ഇന്നലെ 1-0ന് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു.
ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിക്കുമെന്നു തോന്നിപ്പിച്ച് സ്റ്റോപ്പേജ് ടൈം നിശ്ചലമാകാറായപ്പോഴായിരുന്നു ബംഗാളിന്റെ വിജയഗോള്‍ എത്തിയത്. 90+7-ാം മിനിറ്റില്‍ നരൊഹരി ശ്രേഷ്ഠയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. 74-ാം മിനിറ്റില്‍ സുമയ് ഷോമിനു പകരമായി ആയിരുന്നു നരോഹരി ശ്രേഷ്ഠ മൈതാനത്ത് എത്തിയത്.
ആറ് ഗോള്‍ ത്രില്ലര്‍
ആറ് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ആതിഥേയരായ ആസാം 3-3ന് നാഗാലാന്‍ഡുമായി സമനിലയില്‍ പിരിഞ്ഞു. 27-ാം മിനിറ്റില്‍ ലയിവാങ് ബൊഹാമിലൂടെ നാഗാലാന്‍ഡ് ലീഡ് നേടി. 39-ാം മിനിറ്റില്‍ ദിഡ്വം ഹസോവരിയിലൂടെ ആസാം ഒപ്പമെത്തി. 54-ാം മിനിറ്റില്‍ അയെന്മോങ്ബയിലൂടെ നാഗാലാന്‍ഡ് വീണ്ടും ലീഡില്‍. 62-ാം മിനിറ്റില്‍ അക്രങ് നര്‍സാരിയിലൂടെ ആതിഥേയര്‍ വീണ്ടും സമനില നേടി. 76-ാം മിനിറ്റില്‍ തിമോത്തി നര്‍സാരിയിലൂടെ ആസാം 3-2നു മുന്നില്‍. എന്നാല്‍, 82-ാം മിനിറ്റില്‍ ആട്ടൊ ചോഫിയിലൂടെ നാഗാലാന്‍ഡ് സമനിലയും വിലപ്പെട്ട ഒരു പോയിന്റും സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ രാജസ്ഥാന് 1-0ന് തമിഴ്നാടിനെ തോല്‍പ്പിച്ചു. മുഹമ്മദ് അദ്നന്റെ (78) വകയായിരുന്നു രാജസ്ഥാന്റെ ഗോള്‍. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി ബംഗാളും രാജസ്ഥാനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. മൂന്ന് പോയിന്റുമായി തമിഴ്നാടാണ് മൂന്നാമത്. ആസാം, നാഗാലാന്‍ഡ് ടീമുകള്‍ക്ക് ഒരു പോയിന്റ് വീതമുണ്ട്.
കേരളം കളത്തില്‍
സന്തോഷ് ട്രോഫി ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നു റെയില്‍വേസിനെതിരേ ഇറങ്ങും. രാവിലെ ഒമ്പതിന് സിലാപത്തര്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫിഫ പ്ലസിലൂടെ തത്സമയം കാണാം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ കേരളം 3-1ന് പഞ്ചാബിനെ കീഴടക്കിയിരുന്നു. സര്‍വീസസ് ആദ്യ മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞശേഷമാണ് ഇന്നു കളത്തിലെത്തുന്നത്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെ വിജയാരാവത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളിന് നാഗാലാന്ഡിനെയാണ് ബംഗാള്‍ കീഴടക്കിയത്.
എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് 3-2ന് ഉത്തരാഖണ്ഡിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ തമിഴ്നാട് 1-0ന് ആതിഥേയരായ ആസാമിനെ തോല്‍പ്പിച്ചു.
കേരളം ഇന്നിറങ്ങും
നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം തങ്ങളുടെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം.
National
സിംഗൂർ: ബിജെപിയും എൻഡിഎയും ബിഹാറിലെ ജംഗിൾരാജ് അവസാനിപ്പിച്ചതുപോലെ തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾരാജിനോടു വിടപറയാൻ പശ്ചിമ ബംഗാൾ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാളിലെ സിംഗൂരിൽ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജാറാംമോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ എന്നിവരെ ദേശീയ തലത്തിൽ ആഘോഷിച്ചത് തന്റെ സർക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിന് വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ ബൂത്ത് ലെവൽ ഓഫീസറെ(ബിഎൽഒ) മരിച്ച നിലയിൽ കണ്ടെത്തി. ജൽപായ്ഗുരി ജില്ലയിലാണ് സംഭവം.
ശാന്തിമോണി എക്കയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. അമിതമായ ജോലിഭാരം കാരണം ശാന്തി മോണി കുറച്ച് കാലമായി മാനസികമായി അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
തുടർച്ചയായ ജോലിയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും വർധിച്ചുവരുന്ന സമ്മർദവും ഇവർക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടർന്ന് ശാന്തി മോണി ജീവനൊടുക്കുകയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.
മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബിഎൽഒയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി ദുഖം രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പുരോഗതി അവലോകനം ചെയ്യുന്നതിനായി ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് ഭാരതി സന്ദർശിക്കുന്ന സമയത്താണ് ഈ സംഭവം.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ഡാർജിലിംഗിലെ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) തീരുമാനിച്ചു. ഡാർജിലിംഗിലെ ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും റോഡ്, കാലാവസ്ഥ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അധികൃതർ അറിയിച്ചു.