ന്യൂഡൽഹി: ഇന്ത്യയിൽ വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകൾ എന്നിവയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമാണ യൂണിറ്റുകളിൽ നിന്നാണ് ആറ് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ പശ്ചിമ ബംഗാളിൽ നിന്നാണ് പിടിയിലായത്. മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായവർ. ഇവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്.
തിരിച്ചറിയൽ രേഖയായി ഇവർ വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരുടെ കൈയിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപവും പ്രധാന ആരാധനാലയങ്ങളിലും സ്ഫോടനങ്ങൾ നടത്താൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിട്ടിരുന്നതായാണ് സൂചന.
ഡൽഹിയിലെയും കൊൽക്കത്തയിലെയും മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെ 'ഫ്രീ കശ്മീർ' പോസ്റ്ററുകൾ പതിച്ചതും ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Tags : Terror Module Tamil Nadu Bengal