Kerala
കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ ഒരുമിച്ച് ജീവനൊടുക്കാൻ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു.
വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പിന്നീട് പോലീസ് വെശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിന്നാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.
അതേസമയം, മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളിൽ നാളെ വിധി പറയും.
Kerala
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എ. പത്മകുമാര്‍ നേതൃത്വം നല്കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.
Kerala
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍. മുളവുകാട് പോലീസ് ആണ് ഇന്ന് രാവിലെ വളന്തകാടു ദ്വീപില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നോര്‍ത്ത് പറവൂര്‍ സ്റ്റേഷന് പരിധിയിലുള്ള മറ്റൊരു കേസിലെ പ്രതിക്കായി നടത്തിയ അന്വേഷണത്തിലാണ് മരട് അനീഷിനെ അവിടെ കണ്ടത്. തുടര്‍ന്ന് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറി.
പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അനീഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഉച്ചയ്ക്കു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്റെ തലവനായ മരട് അനീഷ്. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളില്‍ മരട് അനീഷ് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്.
അനീഷ് ആന്റണി എന്ന മരട് അനീഷിനെ വാളയാര്‍ അതിര്‍ത്തിക്ക് സമീപത്തു നിന്ന് പോലീസ് സിനിമാസ്റ്റൈലില്‍ പിടികൂടിയതും അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഉച്ചയോടെ എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് 10 തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ അനീഷ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ഇതേതുടർന്ന് ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് കൊച്ചിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
District News
തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഞായറാഴ്ചയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായിരുന്ന രാഹുലിനെ ഇന്നലെ രാവിലെ തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷമാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. മാങ്കൂട്ടത്തിലിനുനേരേ കോടതി പരിസരത്തും വഴിയിലും വന്‍ പ്രതിഷേധവും ചീമുട്ടയേറും ഉണ്ടായി.
കാനഡയില്‍ ജോലിയുള്ള കോട്ടയം സ്വദേശിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും തിരുവല്ലയിലെ ഹോട്ടലില്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
റിമാന്‍ഡില്‍ മാവേലിക്കര സബ്ജയിലിലായിരുന്ന രാഹുലിനെ ഇന്നലെ തിരുവല്ല കോടതിയില്‍ എത്തിച്ചശേഷം തെളിവെടുപ്പിനുവേണ്ടി പോലീസ് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്കുള്ള കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വന്‍ പോലീസ് അകമ്പടിയോടെ തിരുവല്ലയിലെത്തിച്ച രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷമാണ് കോടതി സമയത്തിനു മുമ്പുതന്നെ പോലീസ് സുരക്ഷാവലയം ഒരുക്കി കോടതിമുറിയിലെത്തിച്ചത്. രാഹുലിന്റെ അഭിഭാഷകന് അഭിലാഷ് ചന്ദ്രന് ജാമ്യത്തിനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.
അതിജീവിത നേരിട്ടു ഹാജരായി പരാതി നല്‍കിയിട്ടില്ലെന്നും വൈദ്യപരിശോധയ്ക്കു വിധേയമാക്കിയിട്ടില്ലെന്നും ഇരുവർക്കും വൈദ്യപരിശോധന നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്താവൂവെന്നു നിയമം നിലനില്‍ക്കേ ഈ നിയമങ്ങളെല്ലാം മറികടന്നാണ് രാഹുലിന്റെ അറസ്റ്റെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയപ്രേരിതമായും അന്യായമായും അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും വാദിച്ചു. 16ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ജയിലിനുപുറത്ത് കരിങ്കൊടിയും ചീമുട്ടയേറും
മാവേലിക്കര: ലൈംഗിക പീഡനപരാതിയില്‍ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍നിന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ പത്തോടെയാണു രാഹുലിനെ പോലീസ് ജയിലിനു പുറത്തേക്ക് എത്തിച്ചത്. പുഞ്ചിരിയോടെയാണ് രാഹുല്‍ പുറത്തേക്കിറങ്ങിയത്.
രാഹുൽ ജയിലിനുപുറത്തക്ക് എത്തിയതോടെ ശക്തമായ മുദ്രാവാക്യം വിളികളും പ്രതിഷേധവും ജയിലിനുപുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. പോലീസ് വാനിലേക്കു കയറ്റുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ രാഹുലിനെതിരേ മുട്ട എറിഞ്ഞത്. എന്നാല്‍ മുട്ട പോലീസ് വാനിലാണു പതിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍ രാഹുല്‍ സഞ്ചരിച്ച പോലീസ് വാഹനത്തിനുനേരേ കരിങ്കൊടിയും കാണിച്ചു. പത്തനംതിട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ റാവുത്തര്‍, കൂടല്‍ സിഐ സുധീര്‍, മാവേലിക്കര സിഐ സി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയിലിനുപുറത്ത് കാത്തുകിടന്ന പോലീസ് വാനിലുള്ളിലേക്ക് രാഹുലിനെ കയറ്റിയത്. വാനിനുമുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. വിഷ്ണു, സെന്‍ സോമന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Kerala
തിരുവല്ല: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കുറ്റാരോപിതനായ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തു മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി പ്രതിഭാഗം അഭിഭാഷകർ നൽകിയിരുന്നുവെങ്കിലും കോടതി പരിഗണിച്ചില്ല.
പോലീസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യ ഹർജി പരിഗണിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
National
ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.
ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്ലാമിന്റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.
റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.
തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർഎൻബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കാഷ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്' ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസിന് കൈമാറി.
ഇയാളുടെ അയോധ്യ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്.
ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്.
കേസിൽ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാർ കണ്ഠരര് രാജീവര്‍ക്കെതിരേ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.
പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രി കൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്.
അതേസമയം, സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര് മൊഴി നല്‍കിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മൊഴിയിലുണ്ട്.
Kerala
തൃശൂര്‍: തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. പഴയന്നൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നുകൊണ്ടേയിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുബ്രഹ്മണ്യന്റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ അവശനിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരൻ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാൽ, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരു ദിവസമാണ് കസ്റ്റഡി കാലാവധി.
ഇതിനായി ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. മൂവർക്കും സ്വർണക്കൊള്ളയിൽ ഒരുപോലെ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സ്വർണക്കൊള്ളയിൽ സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്.
Kerala
തൃശൂർ: ജയിൽചാടി ഒളിവിൽ കഴിയവേ അറസ്റ്റിലായി തമിഴ്നാട്ടിൽ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ (44) കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി വിയ്യൂർ പോലീസ്.
അതേസമയം, തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ ചോദ്യംചെയ്യൽ നടപടി അവസാനിച്ചശേഷമേ കസ്റ്റഡി അപേക്ഷയുമായി വിയ്യൂർ പോലീസ് മധുരപാളയം കോട്ടയിൽ കോടതിയിൽ അപേക്ഷ സമർപ്പിക്കൂ.
വിയ്യൂർ ജയിലിലേക്കു കൊണ്ടുവന്ന ബാലമുരുകൻ വിയ്യൂർ സ്റ്റേഷൻ പരിധിയിൽവച്ചാണു തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത്. അതുകൊണ്ടാണു നടപടിക്രമങ്ങൾക്കായി വിയ്യൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. മറ്റൊരു സ്കൂട്ടർ മോഷണക്കേസ് മാത്രമാണു ബാലമുരുകനെതിരേ വിയ്യൂർ പോലീസിലുള്ളത്.
മൂന്നാം തവണയും ജയിൽചാടാനുണ്ടായ സാഹചര്യവും ഇത്രയുംനാൾ ഒളിവിൽ കഴിഞ്ഞതും സംബന്ധിച്ചു തമിഴ്നാട് ക്യു ബ്രാഞ്ചാണ് അന്വേഷണം നടത്തുക. പലേടങ്ങളിലായി ജയിലിൽ കഴിഞ്ഞപ്പോൾ ഉണ്ടാക്കിയെടുത്ത സൗഹൃദവലയമാണു ബാലമുരുകന് ഒളിവിൽ കഴിയാൻ തുണയൊരുക്കിയതെന്ന് തമിഴ്നാട് പോലീസിനു സൂചനയുണ്ട്.
അത്തരം സൗഹൃദങ്ങൾ ഉപയോഗിച്ചു കേരളത്തിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടോയെന്നും ക്യു ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും വിവരങ്ങൾക്കായി തമിഴ്നാട് ക്യു ബ്രാഞ്ച് ആവശ്യപ്പെട്ടാൽ മാത്രമേ കേസിൽ തൃശൂർ സിറ്റി പോലീസിന്റെ അനുമതിയോടെ വിയ്യൂർ പോലീസ് കേസിൽ ഇടപെടൂ.
അഞ്ചു കൊലപാതകങ്ങളടക്കം 53 കേസുകളിൽ പ്രതിയായ തമിഴ്നാട്ടിലെ തെങ്കാശി ആലങ്കുളം കാടയം അമ്മൻകോവിൽ സ്വദേശി ബാലമുരുകൻ കേരളത്തിലെ മോഷണക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്പോൾ നവംബർ ആദ്യമാണു രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂർ ജയിലിൽനിന്നു ബാലമുരുകനെ തമിഴ്നാട് പോലീസിനു കൈമാറിയിരുന്നു. തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെയാണു ബാമുരുകൻ രക്ഷപ്പെട്ടത്.
ജയിലിനടുത്തുവച്ച് ഇയാൾ മൂത്രമൊഴിക്കണമെന്നു പറയുകയും ഇതിനായി പോലീസ് വാഹനം നിർത്തിയപ്പോൾ അടുത്തുള്ള മതിൽചാടി രക്ഷപ്പെടുകയുമായിരുന്നുവെന്നാണു തമിഴ്നാട് പോലീസ് പറഞ്ഞിരുന്നത്. രക്ഷപ്പെട്ട് ദിവസങ്ങൾക്കകം ഇയാൾ തെങ്കാശിയിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ബാലമുരുകന്റെ ഭാര്യ തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) ഒരാഴ്ചമുമ്പു ജീവനൊടുക്കിയിരുന്നു.
Kerala
കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ നോട്ടീസ് നൽകി വിട്ടയച്ചു. ഒന്നര മണിക്കൂർ ചൊദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
പോലീസ് ആവശ്യപ്പെടുന്ന സമയത്തൊക്കെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സുബ്രഹ്മണ്യനെ വിട്ടയത്. അദ്ദേഹത്തിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. പോലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.
കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പോലീസ് വാങ്ങിവച്ചുവെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. സുബ്രഹ്മണ്യനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.
ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണത്തിലാണ് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി ഇന്ന് അപേക്ഷ നൽകിയേക്കും. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർധൻ എന്നിവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.
കേസിൽ കൂടുതൽ അറസ്റ്റുകള്‍ വൈകാതെയുണ്ടാകും. ശബരിമലയിൽനിന്നും കൊണ്ടുപോയ സ്വർണ പാളികള്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽവച്ച് സ്വർണം വേർതിരിച്ചതിന് ശേഷം ബെല്ലാരിയിലെ ഗോവർധന് വിറ്റുവെന്നാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചത്.
Kerala
കോഴിക്കോട്: പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസറ്റഡിയിലെടുത്തു.
അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
Editorial
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, കുറ്റവാളി പട്ടികയിലുള്ള പോലീസുകാരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരുഉത്തരവ്. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പ്രശ്നം ആ സർക്കിൾ ഇൻസ്പെക്ടറെ ശിക്ഷിച്ചാൽ തീരില്ല. കാരണം, ആ ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും ദൃശ്യങ്ങൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തെ പലരും സഹായിച്ചിരിക്കുന്നു. അത് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കണം.
ദൃശ്യങ്ങൾ ഒളിപ്പിക്കാനും കുറ്റവാളിയെ വെളുപ്പിക്കാനും ശ്രമിച്ചത് ഭരിക്കുന്നവരാണെങ്കിൽ ആ രാഷ്ട്രീയ-കുറ്റവാളി ബന്ധവും പുറത്തുവരണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം അത്തരമൊരു സുതാര്യ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. നാളെ മറ്റൊരു പോലീസുകാരൻ, മറ്റൊരു സ്റ്റേഷൻ, പുതിയൊരു ഇര... ഇങ്ങനെയാണ് ജനാധിപത്യ പരിഷ്കാരങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കാര്യാലയങ്ങളും ചേർന്നു മർദിച്ചൊതുക്കുന്നത്.
2024 ജൂണ്‍ 20നു നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം പരാതിക്കാരിക്കു കൈമാറാൻ പോലീസ് നിർബന്ധിതമായത്. അതോടെയാണ് യുവതിക്കെതിരേ പോലീസ് നടത്തിയ വ്യാജപ്രചാരണങ്ങൾ പൊളിഞ്ഞത്. പൊതുസ്ഥലത്തെ പോലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ബെൻജോ ബേബി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രണ്ടു കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഭാര്യ ഷൈമോൾക്കു നേരേയായിരുന്നു പോലീസ് ഗുണ്ടായിസം.
ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ടു പ്രതികരിച്ച തന്നെ, നാടകം വേണ്ടെന്നു പറഞ്ഞ് എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ പിടിച്ചുതള്ളിയെന്നാണ് ഷൈമോളുടെ പരാതി. തുടർന്ന് കരഞ്ഞുകൊണ്ട് എസ്എച്ച്ഒയെ തള്ളിമാറ്റാൻ ശ്രമിച്ച ഷൈമോളുടെ കരണത്ത് അയാൾ ആഞ്ഞടിക്കുകയായിരുന്നു.
യുവതിയെയും അവരെ തല്ലുന്നതു കണ്ട് തലയിൽ കൈവച്ചു നിലവിളിക്കുന്ന ഭർത്താവിനെയും മർദിക്കുന്ന എസ്എച്ച്ഒയുടെയും കാഴ്ചക്കാരായ മറ്റു പോലീസുകാരുടെയും ദൃശ്യം കേരളത്തെ അസ്വസ്ഥമാക്കുന്നു. അത് ഒരു പോലീസ് സ്റ്റേഷനെയോർത്തു മാത്രമല്ല; ആ ദൃശ്യം മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിക്കാൻ കാക്കിക്കാരും അവരുടെ സംരക്ഷകരും ചേർന്നു നടത്തിയ കുറ്റകരമായ പങ്കാളിത്തത്തെയും ഓർത്താണ്. കേരളത്തിലെ മെച്ചപ്പെടുത്താനാകാത്ത ക്രമസമാധാനത്തിന്റെ അടിസ്ഥാന കാരണം ഈ പങ്കാളിത്തമാണ്. ഇതേ പങ്കാളിത്തമാണ് മുന്‍പും നിരവധി പരാതികളുണ്ടായിട്ടും പ്രതാപചന്ദ്രൻ എന്ന മർദകനെ സർവീസിൽ തുടരാൻ അനുവദിച്ചത്.
ബെൻജോയ്ക്കെതിരേയുള്ള കേസും മറ്റൊരു ദൃശ്യത്തിന്റെ പേരിലാണ്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ബെന്‍ജോയുടെ ടൂറിസ്റ്റ് ഹോമിനു പരിസരത്ത് മഫ്തിയിലെത്തിയ പോലീസ് രണ്ടുപേരെ മര്‍ദിച്ചത് അദ്ദേഹം ഫോണില്‍ ചിത്രീകരിച്ചു. പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. അതായത്, പോലീസ് മർദിക്കുന്നതല്ല, അതിന്റെ ദൃശ്യം പകർത്തുന്നതാണ് കുറ്റം. ഈ പോലീസുകാരുടെ ശൗര്യം പക്ഷേ, ചെലവാകുന്നിടത്തേയുള്ളൂ. എത്ര വലിയ കുറ്റവാളികളാണെങ്കിലും ഭരിക്കുന്നവരുമായോ മറ്റു രാഷ്ട്രീയ സ്വാധീനമുള്ളവരുമായോ ബന്ധമുണ്ടെന്നു കണ്ടാൽ പലരുടെയും മുട്ടിടിക്കും.
ഇത്തരം വിധേയന്മാരിൽ പ്രസാദിക്കുന്ന അധികാരികളെ ധിക്കരിക്കാൻ, ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥർക്കും കഴിയണമെന്നില്ല. സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ വലിയൊരു പട്ടികയുണ്ട്. 2022ൽ നിയമസഭയിൽ വെളിപ്പെടുത്തിയതനുസരിച്ച് 828 പേർ! അതിപ്പോൾ ആയിരം കവിഞ്ഞിട്ടുണ്ടാകും. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. ബാക്കിയുള്ള കുറ്റവാളികളെ വച്ചുകൊണ്ട് "ക്രമസമാധാന പാലനം' തുടരുന്നതിനിടെയാണ് ചില ദൃശ്യങ്ങൾ മാത്രം പുറത്തുവരുന്നത്.
ബെൻജോ തന്റെ ലോഡ്ജിൽ ഒരു യുവതിയെ തല്ലിയെന്ന പേരിൽ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അതിൽ കഴന്പുണ്ടെങ്കിൽ അതു വേറെ കേസ്. ഒന്ന് മറ്റൊന്നിനെ നിർവീര്യമാക്കേണ്ടതില്ല. നാലു മാസം മുന്‍പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തുവന്നത്.
2023 ഏപ്രിലിൽ നടത്തിയ മർദനത്തിന്റെ ദൃശ്യവും പോലീസിൽനിന്നു ലഭിച്ചത് കോടതി ഇടപെട്ടതിനുശേഷമാണ്. പോലീസിനെതിരേ പരാതിയൊന്നും കൊടുക്കാൻ ശേഷിയോ ധൈര്യമോ ഇല്ലാത്ത എത്രയോ മനുഷ്യർ “കിട്ടിയതും വാങ്ങി’’ പോയിരിക്കുന്നു. എത്രയോ മനുഷ്യരെ പോലീസിലെ സാമൂഹികവിരുദ്ധർ കാണാമറയത്തിട്ട് ഉപദ്രവിച്ചിരിക്കുന്നു. കാക്കിയിടാത്ത സംരക്ഷകരാണ് ഈ അധോലോകത്തെ വളർത്തുന്നത്.
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുകയും കണ്ണിൽ പൊടിയിടാൻ സസ്പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്യുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, ആ പട്ടികയിലുള്ളവരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരു ഉത്തരവ്. സത്യസന്ധരും പക്ഷപാതികളല്ലാത്തവരും നിയമത്തെ മാനിക്കുന്നവരുമായ പോലീസുകാരുടെ ആത്മാഭിമാനം വർധിപ്പിക്കാനും അതു മതി. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിന്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച രാവിലെ 11വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
കേസിലെ തുടർതെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞു. നാല് ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇത് തുടർന്നാൽ കിഡ്നിയ്ക്ക് പ്രശ്നമാകുന്നുവെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു. കേസിന്റെ ഗൗരവമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു ജാമ്യം നിഷേധിച്ചത്.
Kerala
കൊച്ചി: എറണാകുളം മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ തലയില്‍ കണ്ടെത്തിയത് ആഴത്തിലുള്ള മുറിവ്. സമീപത്തു രക്തക്കറ പുരണ്ട കല്ല് കിടപ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ പോസറ്റുമോര്‍ട്ടം ഇന്നു കളമശേരി മെഡിക്കല്‍ നടക്കും.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംഭവത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുമെന്നു പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലായ പെൺകുട്ടിയുടെ ആൺസുഹൃത്ത് അലനു(21) ലഹരി ഇടപാടുകള്‍ ഉണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
കൂട്ടുകാരനു പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19 വയസുകാരിയുടെ ജീവനെടുത്തതെന്നാണ് പോലീസ് പറയുന്നത്.
കുറ്റസമ്മതം
ചോദ്യം ചെയ്യലിൽ ആണ്‍സുഹൃത്ത് അലന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെത്തുടര്‍ന്നു കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലേടത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന് കണ്ടത്ര. ഇതേത്തുടർന്നു പ്രകോപിതാനായ പ്രതി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്.
ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച അലനെ പെൺകുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഏവിയേഷൻ വിദ്യാർഥിനി
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ (19) ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു.
ആറു മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്കി.
പോലീസ് പലയിടത്തും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പ്രതികളോ?
പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ മറ്റു രണ്ടു യുവാക്കളെയും മറ്റൊരു ബൈക്കിൽ കാണാം. ഇവർക്കും സംഭവത്തിൽ പങ്കുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന് പറഞ്ഞിരുന്നത്. ഇതോടെയാണ് ഇയാളെ ആദ്യം വിട്ടയച്ചത്.
എന്നാൽ, പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഈ സംഘത്തിനൊപ്പമായിരുന്നെന്നാണ് പോലീസ് നിഗമനം.
Kerala
കൊച്ചി: മലയാറ്റൂരിൽ കൗമാരക്കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു.
പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്.
കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനേ ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കൂ എന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്.
മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചോദ്യം ചെയ്ത ശേഷമാണ് യുവാവിനെ വിട്ടയച്ചത്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിരിക്കുകയാണ് പോലീസ്. കൂടുതൽ പേരെ പോലീസ് ചൊദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ചയാണ് ചിത്രപ്രിയയുടെ പോസ്റ്റുമോർട്ടം.
ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
National
ന്യൂഡൽഹി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ മരിക്കാനിടയായ സംഭവത്തിൽ ക്ലബ് ജീവനക്കാരനെ ഡൽഹിയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു.
സബ്സി മാൻഡി സ്വദേശി ഭാരത് കോഹ്ലിയാണ് അറസ്റ്റിലായത്. നൈറ്റ് ക്ലബ്ബിലെ ദിനചര്യകൾ ക്രമീകരിക്കുന്നത് ഇയാളാണെന്ന് നൈറ്റ് ക്ലബ് മാനേജർ മൊഴി നൽകിയിരുന്നു.
വടക്കൻ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്നിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയാണ് അഗ്നിബാധയുണ്ടായത്. ക്ലബ് ചീഫ് ജനറൽ മാനേജർ രാജീവ് മോദക്, ജനറൽ മാനേജർ വിവേക് സിംഗ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻശു ഠാക്കൂർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. ദ്വാരപാലക ശിൽപക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 12ന് വിധി പറയും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി.
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ.വാസുവിന്റെ റിമാൻഡ് 14 ദിസത്തേക്ക് കൂടി നീട്ടി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് പരാതി നൽകിയ രമേശ് ചെന്നിത്തലയുടെ മൊഴി ഉടൻ എടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
ബംഗളൂരു: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
ഇയാൾ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.
ഇയാളെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ബുധനാഴ്ചയാണ് രാഹുൽ ഈശ്വറിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ടെക്നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു.
അതേസമയം, നിരാഹാരം തുടരുന്ന രാഹുൽ ഈശ്വർ ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്.
അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
Kerala
തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന.
പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്നാണ് കണ്ടെത്തല്‍.
അതേസമയം, തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്ന് രാഗം സുനിൽ നേരത്തെ പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘമാണ്. കാറിന്റെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ് കഴുത്തിൽ കുത്ത് കിട്ടാതിരുന്നത്.
ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയതെന്നും സുനിൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം. സുനിൽ വീടിനു മുന്പില് വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള് ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയ്ക്കുമാണ് വെട്ടിയത്.
പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തീയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്.
Kerala
കോഴിക്കോട്: വാഹന മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽനിന്നും ചാടിപ്പോയി. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് വാഹനം നിർത്തിയപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ട് കടന്നുകളഞ്ഞത്. വയനാട്ടിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി സുഹാസ് (അപ്പു - 33) ചാടിപ്പോയത്.
ബത്തേരി പോലീസ് തൃശൂരിൽനിന്ന് പിടികൂടിയ പ്രതിയെ വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. കോഴിക്കോട് ചേവായൂരിന് സമീപത്തുവച്ചായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.
നിരവധി കേസുകളിൽ പ്രതിയാണ് തൃശൂർ ചന്ദ്രാപിന്നി സ്വദേശിയായ സുഹാസ്. ഈ മാസം നാലിന് രാത്രി പത്തോടെ ബത്തേരി കല്ലൂരിന് സമീപം ദേശീയപാത 766ൽ കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ (53), ഡ്രൈവർ ബാലുശേരി സ്വദേശി ജിനേഷ് (48) എന്നിവരെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലാണ് സുഹാസിനെ പിടികൂടിയത്. എട്ടുപേരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്.
കാർ ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകൾ വരുത്തി ഉപേക്ഷിച്ച നിലയിൽ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ സംസ്ഥാന അതിർത്തിക്കടുത്ത് അഞ്ചിന് പുലർച്ചെ കണ്ടെത്തിയിരുന്നു. വാഹനം കവർച്ച ചെയ്യാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് പുൽപള്ളി സീതാമൗണ്ട്, പുതുച്ചിറ വീട്ടിൽ രാജനെ (61) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ ഡാഷ് ബോർഡ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പോലീസ് രാജനെ പിടികൂടിയത്.
Kerala
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ്ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നിലവില്‍. നവംബര്‍ മൂന്നിന് രാത്രിയാണ് ഇയാൾ പോലീസിന്റെ കയ്യില്‍ നിന്ന് ചാടിപ്പോയത്. പിന്നാലെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ്നാട് പോലീസിന്റെ കൈയ്യില്‍ നിന്നാണ് ബാലമുരുകൻ ഓടിരക്ഷപെട്ടത്. രാത്രിയില്‍ തെരച്ചില്‍ നടത്തിയ കേരള പോലീസിന്റെ മുന്നില്‍ പെട്ടെങ്കിലും ചതുപ്പ് പാടം കടന്ന് പ്രതി കടന്നുകളഞ്ഞു. നേരത്തെ രണ്ടു തവണ തടവു ചാടിയ ബാലമുരുകനെ കൊണ്ടുവന്നത് മതിയായ സുരക്ഷയൊരുക്കാതെയെന്ന ആക്ഷേപവും വിമർശനവും ഉയരുന്നുണ്ട്.
കൊലപാതകമടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാലമുരുകന് നവംബര്‍ മൂന്നിന് രാത്രി 9.40 ഓടെയാണ് വിയ്യൂര്‍ ജയിലിന് മുന്നിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നും തമിഴ് നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്.
ബന്ദല്‍കുടി എസ്ഐ നാഗരാജനും രണ്ടു പോലീസുകാരും കോടതിയില്‍ ഹാജരാക്കിയശേഷം രാത്രി ഒമ്പതേ മുക്കാലോടെ വിയ്യൂരെത്തിക്കുകയായിരുന്നു. ജയിലിലേക്ക് കയറുന്നതിന് മുമ്പ് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ വഴിയരികില്‍ വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഇയാൾ ഓടിപ്പോവുകയായിരുന്നു.
ആദ്യം ജയില്‍ വളപ്പിലെ മതിൽ ചാടി പച്ചക്കറി കൃഷി സ്ഥലത്തേക്കാണ് ബാലമുരുകൻ പോയത്. തമിഴ്നാട് പോലീസ് സംഘം അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ വൈകിയാണ് ഇവർ വിയൂർ പോലീസിൽ വിവരം അറിയിച്ചത്. സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദേശപ്രകാരം വൻ പോലീസ് സനാഹം വിയൂർ പ്രദേശത്ത് അരിച്ചു പെറുക്കി .
ജയിലിന് എതിർവശത്തുള്ള ഹൗസിംഗ് കോളനിയുടെ ഭാഗത്ത് പുലർച്ചെ മൂന്നോടെ പ്രതിയെ കണ്ടെങ്കിലും ചതിപ്പു നിറഞ്ഞ പാടശേഖരത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
Kerala
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്.കഴിഞ്ഞ മേയിൽ തമിഴ്നാട് പോലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ പ്രതി രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്.
ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പോലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പോലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
Kerala
കൊച്ചി: നിക്ഷേപം വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെ(48) ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ചെന്നൈയിലെ തന്റെ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന രണ്ട് പരാതികളിലാണ് എറണാകുളം സൗത്ത് പോലീസ് ഷെര്‍ഷാദിനെ അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാംപ്രതിയായ കമ്പനി സിഇഒ ചെന്നൈ സ്വദേശി ശരവണനാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. ഷെര്‍ഷാദ് നടത്തിയത് കരുതിക്കൂട്ടിയുളള ചതിയാണെന്നാണ് പോലീസിന്റെ വാദം. ഇക്കാര്യങ്ങളിലടക്കം വ്യക്ത തേടും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ഷെര്‍ഷാദ് പാര്‍ട്ടി പിബിക്ക് നല്കിയ കത്ത് വിവാദമായിരുന്നു.
തനിക്കെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരേയുള്ള പരാമര്‍ശമാണ് കാരണം. ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്നും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഷെര്‍ഷാദ് പറഞ്ഞിരുന്നു.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ അനധികൃതമായി സ്വർണം കടത്തിക്കൊണ്ടു വന്നയാളെ തട്ടിക്കൊണ്ടു പോയ കേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ. കേസിലെ ഒന്നാം പ്രതി ശ്രീജിത്താണ് പിടിയിലായത്.
കണ്ണൂരിൽ നിന്നാണ് ശ്രീജിത്ത് പിടിയിലായത്. നെടുമ്പാശേരി പോലീസാണ് ഇയാളെ പിടികൂടിയത്.
2023 ലാണ് ദുബായിയിൽ നിന്നും സ്വർണവുമായി എത്തിയ ഗുരുവായൂർ കോട്ടപ്പടി സ്വദേശി നിയാസിനെ ഇയാളും മറ്റും ചിലരും ചേർന്ന് തട്ടിക്കൊണ്ടു പോയത്.
എസ്ഐ ശ്രീലാലിന്റെ നേതൃത്വത്തിൽ കണ്ണൂരിലെ പാർട്ടിഗ്രാമമായ തോക്കിലങ്ങാടിയിൽ നിന്നാണ് ശ്രീജിത്തിനെ പിടികൂടിയത്. തുടർന്ന് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.
പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്.
Kerala
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്.
തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ചപ്പോഴാണ് അസദുള്ള രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് അസദുള്ള.
നാല് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.