ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഏഴ് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി. ഒരാഴ്ചയ്ക്കുള്ളിൽ പാക് സർക്കാരിന്റെ തടവിലുള്ള ബലൂച് ലിബറേഷൻ ആർമി അംഗങ്ങളെ കൈമാറിയില്ലെങ്കിൽ സൈനികരെ വധിക്കുമെന്നും ബിഎൽഎ അന്ത്യശാസന നൽകിയിട്ടുണ്ട്.
ബിഎൽഎയുടെ മീഡിയ വിഭാഗമായ 'ഹക്കൽ' ആണ് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ സർക്കാരും സൈന്യവും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. "ഓപ്പറേഷൻ ഹെറോഫ്' രണ്ടാം ഘട്ടത്തിനിടെ 17 പാക് സൈനികരെ പിടികൂടിയതായി ബിഎൽഎ പറയുന്നു.
ഇതിൽ 10 പേരെ പിന്നീട് വിട്ടയച്ചതായും ബിഎൽഎ അറിയിച്ചു. വിട്ടയച്ച 10 പേർ ബലൂചിസ്ഥാൻ സ്വദേശികളാണ്. ഇവരെ താക്കീത് നൽകി വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി. ഏഴ് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് ബിഎൽഎയുടെ അവകാശവാദം.
ഇവരുടെ കുറ്റസമ്മത മൊഴി ബലൂച് വിചാരണ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബലൂച് നേതാക്കൾ പറയുന്നു. ബലൂച് ജനതയ്ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ബിഎൽഎയുടെ ആരോപണം. അതേസമയം ബിഎൽഎ പുറത്തുവിട്ട വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Tags : pakistan pakistan army BLA custody