തൃശൂർ: ജയിൽചാടി ഒളിവിൽ കഴിയവേ അറസ്റ്റിലായി തമിഴ്നാട്ടിൽ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ (44) കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി വിയ്യൂർ പോലീസ്.
അതേസമയം, തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ ചോദ്യംചെയ്യൽ നടപടി അവസാനിച്ചശേഷമേ കസ്റ്റഡി അപേക്ഷയുമായി വിയ്യൂർ പോലീസ് മധുരപാളയം കോട്ടയിൽ കോടതിയിൽ അപേക്ഷ സമർപ്പിക്കൂ.
വിയ്യൂർ ജയിലിലേക്കു കൊണ്ടുവന്ന ബാലമുരുകൻ വിയ്യൂർ സ്റ്റേഷൻ പരിധിയിൽവച്ചാണു തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത്. അതുകൊണ്ടാണു നടപടിക്രമങ്ങൾക്കായി വിയ്യൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. മറ്റൊരു സ്കൂട്ടർ മോഷണക്കേസ് മാത്രമാണു ബാലമുരുകനെതിരേ വിയ്യൂർ പോലീസിലുള്ളത്.
മൂന്നാം തവണയും ജയിൽചാടാനുണ്ടായ സാഹചര്യവും ഇത്രയുംനാൾ ഒളിവിൽ കഴിഞ്ഞതും സംബന്ധിച്ചു തമിഴ്നാട് ക്യു ബ്രാഞ്ചാണ് അന്വേഷണം നടത്തുക. പലേടങ്ങളിലായി ജയിലിൽ കഴിഞ്ഞപ്പോൾ ഉണ്ടാക്കിയെടുത്ത സൗഹൃദവലയമാണു ബാലമുരുകന് ഒളിവിൽ കഴിയാൻ തുണയൊരുക്കിയതെന്ന് തമിഴ്നാട് പോലീസിനു സൂചനയുണ്ട്.
അത്തരം സൗഹൃദങ്ങൾ ഉപയോഗിച്ചു കേരളത്തിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടോയെന്നും ക്യു ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും വിവരങ്ങൾക്കായി തമിഴ്നാട് ക്യു ബ്രാഞ്ച് ആവശ്യപ്പെട്ടാൽ മാത്രമേ കേസിൽ തൃശൂർ സിറ്റി പോലീസിന്റെ അനുമതിയോടെ വിയ്യൂർ പോലീസ് കേസിൽ ഇടപെടൂ.
അഞ്ചു കൊലപാതകങ്ങളടക്കം 53 കേസുകളിൽ പ്രതിയായ തമിഴ്നാട്ടിലെ തെങ്കാശി ആലങ്കുളം കാടയം അമ്മൻകോവിൽ സ്വദേശി ബാലമുരുകൻ കേരളത്തിലെ മോഷണക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്പോൾ നവംബർ ആദ്യമാണു രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂർ ജയിലിൽനിന്നു ബാലമുരുകനെ തമിഴ്നാട് പോലീസിനു കൈമാറിയിരുന്നു. തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെയാണു ബാമുരുകൻ രക്ഷപ്പെട്ടത്.
ജയിലിനടുത്തുവച്ച് ഇയാൾ മൂത്രമൊഴിക്കണമെന്നു പറയുകയും ഇതിനായി പോലീസ് വാഹനം നിർത്തിയപ്പോൾ അടുത്തുള്ള മതിൽചാടി രക്ഷപ്പെടുകയുമായിരുന്നുവെന്നാണു തമിഴ്നാട് പോലീസ് പറഞ്ഞിരുന്നത്. രക്ഷപ്പെട്ട് ദിവസങ്ങൾക്കകം ഇയാൾ തെങ്കാശിയിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ബാലമുരുകന്റെ ഭാര്യ തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) ഒരാഴ്ചമുമ്പു ജീവനൊടുക്കിയിരുന്നു.
Tags : Viyyur police Balamurukan custody