തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ്ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നിലവില്‍. നവംബര്‍ മൂന്നിന് രാത്രിയാണ് ഇയാൾ പോലീസിന്റെ കയ്യില്‍ നിന്ന് ചാടിപ്പോയത്. പിന്നാലെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ്നാട് പോലീസിന്റെ കൈയ്യില്‍ നിന്നാണ് ബാലമുരുകൻ ഓടിരക്ഷപെട്ടത്. രാത്രിയില്‍ തെരച്ചില്‍ നടത്തിയ കേരള പോലീസിന്റെ മുന്നില്‍ പെട്ടെങ്കിലും ചതുപ്പ് പാടം കടന്ന് പ്രതി കടന്നുകളഞ്ഞു. നേരത്തെ രണ്ടു തവണ തടവു ചാടിയ ബാലമുരുകനെ കൊണ്ടുവന്നത് മതിയായ സുരക്ഷയൊരുക്കാതെയെന്ന ആക്ഷേപവും വിമർശനവും ഉയരുന്നുണ്ട്.
കൊലപാതകമടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാലമുരുകന് നവംബര്‍ മൂന്നിന് രാത്രി 9.40 ഓടെയാണ് വിയ്യൂര്‍ ജയിലിന് മുന്നിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നും തമിഴ് നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്.
ബന്ദല്‍കുടി എസ്ഐ നാഗരാജനും രണ്ടു പോലീസുകാരും കോടതിയില്‍ ഹാജരാക്കിയശേഷം രാത്രി ഒമ്പതേ മുക്കാലോടെ വിയ്യൂരെത്തിക്കുകയായിരുന്നു. ജയിലിലേക്ക് കയറുന്നതിന് മുമ്പ് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ വഴിയരികില്‍ വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഇയാൾ ഓടിപ്പോവുകയായിരുന്നു.
ആദ്യം ജയില്‍ വളപ്പിലെ മതിൽ ചാടി പച്ചക്കറി കൃഷി സ്ഥലത്തേക്കാണ് ബാലമുരുകൻ പോയത്. തമിഴ്നാട് പോലീസ് സംഘം അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ വൈകിയാണ് ഇവർ വിയൂർ പോലീസിൽ വിവരം അറിയിച്ചത്. സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദേശപ്രകാരം വൻ പോലീസ് സനാഹം വിയൂർ പ്രദേശത്ത് അരിച്ചു പെറുക്കി .
ജയിലിന് എതിർവശത്തുള്ള ഹൗസിംഗ് കോളനിയുടെ ഭാഗത്ത് പുലർച്ചെ മൂന്നോടെ പ്രതിയെ കണ്ടെങ്കിലും ചതിപ്പു നിറഞ്ഞ പാടശേഖരത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
Tags : balamurugan thief escape incident police custody tamil nadu police viyyur jail