Kerala
ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
Sports
കോഴിക്കോട്: ഒളിന്പ്യൻ പി.ടി. ഉഷയെന്ന രാജ്യംകണ്ട ഏറ്റവും മികച്ച അത്ലറ്റ് ട്രാക്കില്‍ കുതിച്ചപ്പോള്‍, ജീവിതത്തിലെ ട്രാക്ക് തെറ്റാതെ ഒപ്പം നില്‍ക്കുകയായിരുന്നു വി. ശ്രീനിവാസന് എന്ന ഉഷയുടെ സ്വന്തം ജീവിത പങ്കാളി.
ശനിയാഴ്ച മധുരയിൽ അത്ലറ്റിക്സ് സ്കൂളിലെ സെലക്ഷൻ ട്രയൽസിനു പോകാനിരിക്കേയാണ് ശ്രീനിവാസനെ (67) അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്. ഒരു കായികതാരത്തിന് നല്കാവുന്ന എല്ലാ പിന്തുണയും നല്കി ഒപ്പംനിന്ന ശ്രീനിവാസന് വിടവാങ്ങിയത് ട്രാക്കില്‍ പതറാത്ത പി.ടി. ഉഷയ്ക്ക് തീരാവേദനയാണ്.
കബഡി താരം
ദേശീയ സർവകലാശാലതല കബഡി താരം കൂടിയായിരുന്നു വെങ്ങാലിൽ ശ്രീനിവാസൻ എന്ന വി. ശ്രീനിവാസൻ. കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് തുടക്കം കുറിച്ച 1999 മുതൽ മൂന്നര പതിറ്റാണ്ടായി അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും ജീവവായുപോലെ നിലകൊണ്ട ശ്രീനിവാസൻ സ്കൂളിന്റെ ട്രഷററായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ട്രാക്കിലെ വേറിട്ട മികവിലേക്ക് ഏക മകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിനെ വഴിനടത്തിയതിലും ശ്രീനിവാസന് ഏറെ പങ്കുണ്ട്.
എംബിബിഎസിന് ശേഷം രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ സ്പോർട്സ് മെഡിസിൻ ഡിപ്ലോമ ഡിസ്റ്റിംഗ്ഷനോടെയാണ് ഉജ്വൽ പാസായത്. ഇൻജുറി മാനേജ്മെന്റ് മുതൽ പരിശീലന പ്ലാനിംഗ് വരെ ഇടപെടാനാകുന്ന ഉജ്വലിന്റെ മികവ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനും മികവാകുമെന്ന പ്രതീക്ഷയാണ് ശ്രീനിവാസനുണ്ടായിരുന്നത്.
ഉഷ മ്യൂസിയം ബാക്കിവച്ച് യാത്രയായി
കോച്ച് ഒ.എം. നമ്പ്യാരെപോലെ ഉഷയുടെ കായികജീവിതത്തിൽ എല്ലാ പിന്തുണയുമായി നിലകൊണ്ട ശ്രീനിവാസന് ഉഷയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ കായിക മേഖലകളിലെ പ്രതിഭകളെക്കുറിച്ചും മികച്ച അറിവുണ്ടായിരുന്നു.
കിനാലൂരിലെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് രൂപീകരിക്കുന്നതിലും അതിലെ തുടർപ്രവർത്തനങ്ങളിലും സജീവമായി നിലകൊണ്ട അദ്ദേഹം പി.ടി. ഉഷയെക്കുറിച്ച് ഒരു സമ്പൂർണ മ്യൂസിയം ഒരുക്കുന്നതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഉഷ് സ്കൂളിനോടനുബന്ധിച്ചായിരുന്നു മ്യൂസിയവും ശ്രീനി പ്ലാൻ ചെയ്തത്.
1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ ഉഷയ്ക്കു നഷ്ടമായ വെങ്കല മെഡലിന്റെ ചരിത്രം മുതൽ അത്ലറ്റിക്സിൽ പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉഷയുടെ പരിശ്രമങ്ങൾ വരെ പുതുതലമുറയ്ക്കായി രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു ഉഷ സമ്പൂർണ മ്യൂസിയം എന്ന ആശയത്തിലൂടെ ശ്രീനിവാസന്റേത്.
National
ബംഗുളൂരു: വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് സംഭവം.
ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23 ന് ക്ഷേത്രത്തിൽ പോകാനെന്ന് പറഞ്ഞ് സരസ്വതി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ സരസ്വതി കാമുകൻ ശിവകുമാറിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹരീഷ് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവച്ചിട്ട് ജീവനൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹരീഷിന്റെ മരണ വാർത്ത താങ്ങാനാവാതെ രുദ്രേഷും ജീവനൊടുക്കി.
പ്രാഥമിക അന്വേഷണത്തിൽ വിവാഹത്തിന് മുമ്പ് തന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഹരീഷിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും കണ്ടെത്തി.
ഹരീഷ്, സരസ്വതിയുടെ വീട്ടുകാരെ നിർബന്ധിച്ചാണ് വിവാഹം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ഹരീഷിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം.
വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.
രജനിയുടേയും സിജോയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു.
പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഗർഭിണിയായ സ്വാറ്റ് കമാന്‍ഡോയെ ഭർത്താവ് ഡംബെല്ലിന് അടിച്ചുകൊന്നു. ഡൽഹി പോലീസിലെ കമാൻഡോ കാജൽ ചൗധരി(27) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിരോധ വകുപ്പിലെ ക്ലർക്കായ അങ്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജനുവരി 22നാണ് നാലു മാസം ഗർഭിണിയായിരുന്ന കാജലിന് ക്രൂരമർദനമേറ്റത്. കാജലിനെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ ഭർത്താവിനെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പോലീസ് കോൺസ്റ്റബിളായ സഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാജൽ ആക്രമിക്കപ്പെട്ടത്. 2023 ലായിരുന്നു കാജലിന്റെയും അങ്കൂറിന്റെയും വിവാഹം. ഇരുവർക്കും ഒന്നര വയസുള്ള മകനുണ്ട്.
2022 ൽ ഡൽഹി പോലീസിൽ ചേർന്ന കാജൽ നിലവിൽ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സിൽ (സ്വാറ്റ്) സേവനം അനുഷ്ഠിക്കുകയായിരുന്നു.
Movies
ഭർത്താവിന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി അർച്ചന കവി. ഭർത്താവിന്റെ അമ്മയുടെ മടിയിൽ തന്റെ കാലെടുത്ത് വച്ച് കുശലം പറഞ്ഞിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഇത് ഓരോ പെൺകുട്ടികളുടെയും സ്വപ്നമാണെന്ന് അർച്ചന പറയുന്നത്.
ഭർത്താവ് റിക്ക് വർഗീസിന്റെ കുടുംബത്തിൽ തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചാണ് അർച്ചന പറയുന്നത്.
‘‘വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല് വിശ്രമിക്കുന്നത്. ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും.
ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. അതായിരിക്കും ഓരോ പെൺകുട്ടിയുടെയും സ്വപ്നം.’’ അർച്ചന കവി കുറിച്ചു.
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിൽ ഇടംപിടിച്ച അർച്ചന, 2021-ൽ തന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതിനിടെയാണ് റിക്കുമായി പ്രണയത്തിലായതും വിവാഹിതയായതും. ഒരു ഡേറ്റിംഗ് ആപ്പിലൂടെ തുടങ്ങിയ പരിചയം പിന്നീട് വലിയൊരു ആത്മബന്ധമായി മാറുകയായിരുന്നു.
Kerala
കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവനം പുറലോകമറിയുന്നത്. മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോഴാണ് അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വീടിന്റെ കമ്പി നെറ്റ് തകർത്ത് കയറിയപ്പോഴാണ് പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
അമ്മ ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും മരിച്ചു. ഭർത്താവ് സുധാകരൻ പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മക്കൾ: സുദീപ്, സുമിത്, സുബിത.
Kerala
മലപ്പുറം: ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു യുവതി. മലപ്പുറത്തെ നിരപ്പറമ്പിലാണ് സംഭവം നടന്നത്.
പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വഴക്കിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഭരത് ചന്ദ്രന്റെ ഭാര്യ സജീന (23)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസ്. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
കമലേശ്വരത്ത് സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
Kerala
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഭർത്താവ് വീട്ടിൽ മരിച്ച നിലയിൽ. പ്രസിഡന്റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്. ഊരൂട്ടമ്പലം പെരുമുള്ളൂരിൽ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇന്നു രാവിലെ വീട്ടുകാർ മുറിയിൽ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാറനല്ലൂർ പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിൽ എത്തിച്ചു. കാരണം അറിവായിട്ടില്ല. കർഷകനാണ് സത്യ കുമാർ.
Kerala
തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുനീശ്വരി ചികിത്സയിലുള്ളത്.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വരിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം പോലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ലക്നോ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി.
ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം(28) ആണ് ജീവനൊടുക്കിയത്.
പെയിന്റിംഗ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാര്യ നിഷേധിച്ചു.
മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവച്ച് തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.
അപമാനം സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയത് എന്നാണ് ശുഭത്തിന്റെ അമ്മയുടെ ആരോപണം. മുട്ടക്കറി ഉണ്ടാക്കിനൽകില്ല എന്ന് ഭാര്യ പറഞ്ഞതിന് പിന്നാലെ ശുഭം തന്നെ കറിയുണ്ടാക്കി.
പിന്നാലെ ഇരുവരും തമ്മിൽ പൊതുമധ്യത്തിൽ, ആളുകൾ കാണുന്ന തരത്തിലാണ് തർക്കമുണ്ടായത്. മകൻ ഇത് അപമാനമായി തോന്നിയെന്നും പിന്നീട് മകന് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. ഇതിന് പിന്നാലെയാണ് ശുഭം ജീവനൊടുക്കിയത്.
Kerala
കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്.
കുടുംബജീവിതം നശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എന്തുകൊണ്ടാണു നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കണം.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതല്ലാതെ എന്തു നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്? പാര്‍ട്ടി നടപടിക്കു മുമ്പ് എംഎല്‍എസ്ഥാനം രാജിവയ്പിക്കണമായിരുന്നു. തനിക്കു നീതി ലഭിക്കണം. രാഹുല്‍ ഈശ്വര്‍ തനിക്കു പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ ആത്മാര്‍ഥമായാണെങ്കില്‍ അതിനെ സ്വീകരിക്കുന്നതായും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചുയര്ന്ന പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.
വിഷയത്തില്‍ പക്വത പാലിക്കണമെന്നാണ് അന്വേഷണസംഘം തന്നോടു പറഞ്ഞിട്ടുള്ളത്. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഭാര്യയ്ക്കു ഭർത്താവിൽനിന്ന് മാനസികമോ ശാരീരികമോ ആയ യാതൊരു ഉപദ്രവും ഏൽക്കാത്ത സാഹചര്യത്തിൽ ഭർത്താവ് ചുമത്തുന്ന സാന്പത്തിക ആധിപത്യം ക്രിമിനൽ നിയമപ്രകാരം ക്രൂരതയായി കണക്കാക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.
ഭർത്താവിനും കുടുംബത്തിനുമെതിരേ ഭാര്യ സമർപ്പിച്ച സ്ത്രീപീഡന കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. ശാരീരികമോ മാനസികമോ ആയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത ഇത്തരം സാഹചര്യങ്ങൾ വിവാഹമോചനത്തിനോ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരം ക്രിമിനൽ നടപടികൾക്കോ ആധാരമായി കണക്കാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഭർത്താവ് തന്റെമേൽ സാന്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണംപോലും ഭർത്താവിൽനിന്നു യാചിക്കേണ്ടിവന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരുടെ സാന്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഫലനമാണെന്നാണു കോടതി പറഞ്ഞത്.
ഭർത്താവിന്റെ ഇത്തരം പെരുമാറ്റങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പോരായ്മയായി കാണാമെങ്കിലും അത് ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ലെന്നും ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.
ക്രിമിനൽ നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിനുള്ള ആയുധമായി മാറരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
Kerala
കാസർഗോഡ്: ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തിൽ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം ഉണ്ടായത്.
വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്.
സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും ഭർത്താവിനെ അകറ്റി നിർത്തിയതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
National
മുംബൈ. മഹാരാഷ്ട്രയിൽ സ്ത്രീധനം തിരികെ ചോദിച്ചതിനു യുവതിയെ ഭർത്താവും ഭർതൃ സഹോദരിയും കൊലപ്പെടുത്തി. പാൽഘാറിലാണ് സംഭവം.
കൽപന സോണി(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് സോണി(38)യെയും സഹോദരി ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
2015ലായിരുന്നു കൽപനയുടെയും മഹേഷിന്റെയും വിവാഹം. വിരാറിലാണ് ഇവർ താമസിച്ചത്. ദമ്പതികൾക്ക് ഏഴ് വയസുള്ള മകളുണ്ട്. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ നിന്നും കൽപന ശാരീരിക, മാനസിക പീഡനം നേരിട്ടിരുന്നു.
ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ, താൻ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും വിവാഹസമയം നൽകിയ സ്ത്രീധനം തിരികെ നൽകണമെന്നും കൽപന ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ മഹേഷും സഹോദരിയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൽപനയുടെ തലയ്ക്ക് അടിച്ചു.
ഗുരുതര പരിക്കേറ്റ കൽപനയെ പ്രദേശവാസികൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കൽപന കാൽവഴുതി ശുചിമുറിയിൽ വീണതാണെന്നാണ് മഹേഷിന്റെ ബന്ധുക്കൾ ഡോക്ടറോടു പറഞ്ഞത്. എന്നാൽ ക്രൂരമർദനമാണ് മരണകാരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
സംഭവസമയം ദമ്പതികളുടെ മകൾ വീട്ടിലുണ്ടായിരുന്നില്ല. മഹേഷിനും സഹോദരി ദീപാലിക്കും എതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ഇരുവരും ജനുവരി രണ്ട് വരെ പോലീസ് കസ്റ്റഡിയിൽ തുടരും.
District News
കോഴിക്കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍കുഴിയില്‍ ജബ്ബാറിന്റെ ഭാര്യമുനീറ (30) യാണ് മരിച്ചത്. ഫറോക്ക് കരുവന്തിരുത്തി സ്വദേശി ഖാദറിന്റെ മകളാണ് മുനീറ. ബുധനാഴ്ച രാവിലെയാണ് മുനീറയെ ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കഴുത്തിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റ മുനീറ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഫാറൂഖ് കോളേജിന് സമീപം അണ്ടിക്കാടന്‍ കുഴിയിലാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.
സംഭവ ദിവസം രാവിലെ മുനീറ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാര്‍ ആക്രമണം നടത്തിയത്. ജബ്ബാര്‍ ഭാര്യയോട് പണം ചോദിച്ചിരുന്നു. പണം നല്‍കാതിരുന്നതോടെയാണ് ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഇയാള്‍ മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്.
National
ഹൈദരാബാദ്: മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വെങ്കിടേഷിന് ത്രിവേണിയെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.
നിലവിളി കേട്ട അയൽക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവിനെ കൊന്ന് ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ യുവതിയും കാമുകനും പോലീസ് പിടിയിൽ.
ഉത്തർപ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം. റൂബി, സുഹൃത്ത് ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. 38 കാരനായ രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഡിസംബർ 15ന് പ്രദേശത്തെ അഴുക്കുചാലിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കൈയും തലയും വേർപ്പെട്ട നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ചോദ്യം ചെയ്യലിൽ ഭാര്യ റൂബി കൊലപാതകക്കുറ്റം സമ്മതിച്ചു. സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് താൻ കൊലപാതകം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി.
ഇരുമ്പ് വടികൊണ്ട് രാഹുലിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരഭാഗങ്ങൾ രാജ്ഘട്ടിലെത്തിച്ച് ഗംഗയിൽ ഒഴുക്കി. ചില ഭാഗങ്ങൾ അഴുക്കുചാലിലും തള്ളുകയായിരുന്നു.
ആൺസുഹൃത്തുമായുള്ള ബന്ധത്തെ തുടർന്ന് ഇരുവരും തമ്മിൽ കലഹങ്ങളുണ്ടായിരുന്നതായാണ് വിവരം. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അസ്വാഭാവികത തോന്നിയ പോലീസ് കുടുംബത്തെ ചുറ്റിപ്പറ്റി അന്വേഷണം നടത്തി. ഇതിനിടെ രാഹുലിന്റെ ഫോൺ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി.
ഇതിനിടെയാണ് മൃതദേഹാവശിഷ്ടവും കണ്ടെത്തിയത്. ശരീരം മുറിക്കാൻ ഉപയോഗിച്ച ഉപകരണവും മർദിക്കാനുപയോഗിച്ച ഇരുമ്പ് വടിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.
ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.
ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.
അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.
വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.
ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.
തന്റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.
ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.
ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.
National
ചെന്നൈ: ജോലി അവസാനിപ്പിച്ചതിന്റെ പകയിൽ ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യയെ കൂട്ടബലാംത്സംഗത്തിന് ഇരയാക്കി.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ആസാം സ്വദേശിനിയെയും ഭർത്താവിനെയുമാണ് ക്രൂരമായി പീഡിപ്പിച്ചത്.
സംഭവത്തിൽ ആസാം സ്വദേശിയായ 27കാരനെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
തിസയൻവിളയിൽ ലേബർ കോൺട്രാക്ടറായി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ എ. മുഹമ്മദ് മക്ഫുൽ ഹുസൈൻ (27) ആണ് പ്രധാന പ്രതിയെന്ന് ശ്രീവൈകുണ്ഠം വനിതാ പോലീസ് പറഞ്ഞു. 16 കാരായ മറ്റ് രണ്ട് പ്രതികളും ഇയാളോടൊപ്പം താമസിച്ചിരുന്നതായി പോലീസ് അറിയിച്ചു.
ചെറാക്കുളത്തെ ഒരു സ്ഥലത്ത് മുഹമ്മദ്, സ്ത്രീക്കും ഭർത്താവിനും ജോലി ശരിയാക്കി നൽകിയിരുന്നു. എന്നാൽ, ജോലിസ്ഥലത്തെ സൗകര്യങ്ങൾ അപര്യാപ്തമായതിനെ തുടർന്ന് ദമ്പതികൾ ജോലി ഉപേക്ഷിച്ച് ഞായറാഴ്ച കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു.
ഇതറിഞ്ഞ മുഹമ്മദ് ഇവരോട് പോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ ആവശ്യം വിസമ്മതിച്ചു. തുടർന്ന് ഇവർ ഒരു ഓട്ടോ റിക്ഷയിൽ കേരളത്തിലേക്ക് പുറപ്പെട്ടു. എന്നാൽ തിരുനെൽവേലിയിൽ വച്ച് മുഹമ്മദും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ചേർന്ന് ദമ്പതികൾ മോഷണം നടത്തിയെന്ന് ആരോപിച്ച് ശിവന്തിപട്ടിയിലെ കലിയുഗ മെയ്യന്നാർ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ എത്തിച്ചു.
ഇവിടെ വച്ച് പ്രതികൾ ഭർത്താവിനെ ക്രൂരമായി മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിലെ 70 (കൂട്ടബലാത്സംഗം), 126(2), 115(2), 324(4), 351(2) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
National
താനെ: മുംബൈയിൽ ഭാര്യയെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ബദ്ലാപൂർ പോലീസ്. മൂന്ന് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് രൂപേഷ് എന്ന നാൽപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. നീരജ രൂപഷ് അംബേക്കർ എന്ന യുവതിയാണ് 2022 ജൂലൈ 10 ന് ബദ്ലാപൂരിൽ മരിച്ചത്.
അപകട മരണം എന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ദൃക്സാക്ഷികളിൽ രണ്ട് പേരുടെ മൊഴികളിലെ വൈരുധ്യത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യയുമായുള്ള തർക്കങ്ങൾ പതിവായതോടെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ പദ്ധതിയിലാണ് നീരജ മരണപ്പെടുന്നത്.
റിഷികേശ് രമേശ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്ന സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നീരജയുടെ ഭർത്താവ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. പരിചയമുള്ള പാമ്പ് പിടുത്തക്കാരനായ ചേതൻ വിജയ് ദുതനിൽ നിന്നും വിഷപ്പാമ്പിനെ വാങ്ങിയ ശേഷം നീരജയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. രൂപേഷിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വിശദമാക്കുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടായി ഭാര്യ മരിച്ചുവെന്നായിരുന്നു രൂപേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. കാൽ മസാജ് ചെയ്ത് നൽകുന്നതായി ധരിപ്പിച്ച് മൂന്ന് തവണയാണ് നീരജയെ പാത്രത്തിൽ കരുതിയിരുന്ന പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. വിഷബാധയേറ്റ് സംഭവ സ്ഥലത്ത് വച്ചുതന്നെ നീരജ മരിച്ചു. സംഭവം തലച്ചോറിലെ രക്ത സ്രാവം പോലെയാക്കുന്നതിലും രൂപേഷ് വിജയിച്ചിരുന്നു.
Kerala
കോട്ടയം: പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽപി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് പ്രതിയെ പിടിച്ച് മാറ്റുകയായിരുന്നു.
National
പുനെ: ഭർതൃ വീട്ടിൽ നവവധുവ് കൊടിയ പീഡനമേറ്റതായി പരാതി. വിവാഹ ദിനം മുതൽ തന്നോട് അടുപ്പം കാണിക്കാതിരുന്ന ഭർത്താവ് സ്വവർഗാനുരാഗിയാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും നാല് ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.
തന്റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ഭർത്താവ് സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചായി 29കാരി നൽകിയ പരാതിയിൽ പറയുന്നു. മഹാരാഷ്ട്രയിലെ പുനെയിൽ യെർവാഡയിലാണ് സംഭവം. ഈ വർഷം ഏപ്രിലിലാണ് പരാതിക്കാരിയും 33കാരനായ യുവാവും വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് ശാരീരിക ബന്ധമൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് വൈദ്യപരിശോധന നടത്താമെന്ന് യുവതി പറഞ്ഞപ്പോൾ താൻ പൂർണ ആരോഗ്യവാനാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. എന്നിട്ടും പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.
തുടർന്ന് യുവതി ഭർതൃവീട്ടുകാരെ സമീപിച്ചപ്പോൾ ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്ന് യുവതി പറയുന്നു. പിന്നീട് താൻ സ്വവർഗാനുരാഗിയാണെന്ന് ഭർത്താവ് സമ്മതിച്ചതായും യുവതി പറഞ്ഞു. മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയ യുവതി യർവാഡ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
National
കാൺപുർ: വീട്ടിൽ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് ജീവനൊടുക്കി യുവതി. യുപിയിലെ കാൺപുരിൽ മോന എന്ന യുവതിയാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് ശുഭം ദിവാകർ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാതായതോടെ ഇയാൾ മോനയെ ക്രൂരമായി മർദിക്കുകയും പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
തുടർന്ന് 15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തു. വീഡിയോ കോളിൽ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും മോന മരിച്ചിരുന്നു.
മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്.
Kerala
തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ.
വരന്തരപ്പിള്ളി സ്വദേശി അർച്ചനയുടെ മൃതദേഹം ബുധനാഴ്ച വീടിന് സമീപത്തെ കനാലിലാണ് കണ്ടെത്തിയത്. അർച്ചനയുടെ അച്ഛന്റെ പരാതിയിലാണ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹശേഷം ഷാരോൺ അർച്ചനയെ മർദിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്.
വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് വീടിന് സമീപത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
Kerala
പാലക്കാട്: മണ്ണാർക്കാട്ട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭര്‍ത്താവ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. കുഞ്ഞാത്തമ്മ(52)യ്ക്കാണ് വെട്ടേറ്റത്. ഇയാൾ വെട്ട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കുഞ്ഞാലൻ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും നാട്ടുകാർ പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
National
ലക്നോ: വിവാഹാഘോഷത്തിനിടെ അകാശത്തേക്ക് വെടിയുതിർത്ത അന്താരാഷ്ട്ര ജാവലിൻ ത്രോ താരം അന്നു റാണിക്കും ദേശീയ കിക്ക്ബോക്സറായ ഭർത്താവ് സാഹിൽ ഭരദ്വാജിനുമെതിരെ കേസ്.
"ആയുധ നിയമപ്രകാരം അന്നു റാണിക്കും സാഹിലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.' സർധന സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് പ്രതാപ് സിംഗ് പറഞ്ഞു.
സർദാനയിലെ നടന്ന ചടങ്ങിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ചടങ്ങിനിടെ ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് വെടിവയ്പ്പ് നടന്നത്. മീററ്റിലെ ബഹദർപൂർ ഗ്രാമത്തിൽ താമസിക്കുന്ന റാണി അന്താരാഷ്ട്ര ജാവലിൻ ത്രോ താരമാണ്, റോഹ്തക്കിൽ നിന്നുള്ള സാഹിൽ ഭരദ്വാജ് ദേശീയ കിക്ക്ബോക്സിംഗ് ചാമ്പ്യനാണ്.
Kerala
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി ചെയ്തു. ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പുലിയിടശേരിൽ രഘുനാഥൻ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധ കുത്തേറ്റ് രക്തം വാർന്ന് വീടിന് മുറ്റത്തു കിടക്കുകയായിരുന്നു. രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകന് മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടര്‍ന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കീഴ്വായ്പുർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Movies
ഭാര്യ ഷംന കാസിമിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി ഭർത്താവ് ഷാനിദ് ആസിഫ് അലി. കഴിഞ്ഞ ഒരു മാസത്തോളമായി ഷംന തന്റെ അരികില്ലാതിരുന്നതിന്റെ സങ്കടമാണ് കുറിപ്പിലൂടെ ഷാനിദ് പങ്കുവയ്ക്കുന്നത്.
‘‘45 ദിവസങ്ങൾ, ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓർമകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ, പ്രാർഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ…ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു, സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്.
ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം –എന്റെ ഭാര്യ – വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഇനി വീണ്ടും നമ്മൾ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർഥനകളോടെ.’’ഷാനിദിന്റെ വാക്കുകള്‍.
റീയൂണിയൻ, ലവ്, ടുഗെതർ ഫോർ എവർ എന്നീ ഹാഷ്ടാഗുകളും വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ഷാനിദ് പങ്കുവച്ചിരുന്നു.
2023 ഒക്ടോബറിലായിരുന്നു ഷംനയും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദുമായുള്ള വിവാഹം. വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസാക്കിയ ഷംന കാസിമിന് അവിടെ സ്വന്തമായി ഡാന്‍സ് സ്റ്റുഡിയോയും ഉണ്ട്.
ഭാര്യയും അമ്മയുമാണെങ്കിലും നൃത്തവും അഭിനയവും ഷംന ഉപേക്ഷിച്ചിട്ടില്ല. തെലുങ്കിലും തമിഴിലുമാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്.
മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലാണ് നടി അറിയപ്പടുന്നത്. കണ്ണൂർ സ്വദേശിയാണ് ഷംന. റിയാലിറ്റി ഷോയിലൂടെയാണ് ലൈം ലൈറ്റിലേക്ക് എത്തുന്നത്.
Movies
ആക്സിയം 4 ദൗത്യസംഘത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ഭർത്താവ് പ്രശാന്ത് നായർ ആലിംഗനം ചെയ്ത് വരവേൽക്കുന്ന വീഡിയോ പങ്കുവച്ച് നടി ലെന.
ബഹിരാകാശത്തുനിന്ന് മടങ്ങിവന്ന ശുഭാംശു ശുക്ലയ്ക്കും മറ്റു യാത്രികർക്കുമൊപ്പമുള്ള പ്രശാന്തിന്റെ ചിത്രങ്ങളടങ്ങുന്ന വീഡിയോയാണ് ലെന പങ്കുവച്ചത്. ദേശീയ പതാകയ്ക്കൊപ്പമാണ് ഇന്ത്യയിൽ നിന്ന് ആക്സിയം ദൗത്യത്തിലുണ്ടായിരുന്ന ശുഭാംശു ശുക്ലയെ സഹപ്രവർത്തകർ തിരികെ വരവേറ്റത്. ശുഭാംശുവിന്റെ ഭാര്യയെയും കുഞ്ഞിനെയും വീഡിയോയിൽ കാണാം.