ഭുവനേശ്വർ: ഭർത്താവിനെ കടിച്ചുകീറിയ കരടിയെ പ്രത്യാക്രമണത്തിലൂടെ പരിക്കേൽപ്പിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ചിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം.
മാൽഡെ സോറനും ഭാര്യ ലിലി സോറനും നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ദമ്പതികൾ കാടിനോട് ചേർന്ന പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആറു കരടികളുടെ മുന്നിൽപ്പെട്ടതെന്ന് കരഞ്ചിയ ഫോറസ്റ്റ് റേഞ്ചർ പ്രശാന്ത് കുമാർ സ്വയിൻ പറഞ്ഞു. കരടികളിലൊന്ന് പെട്ടെന്ന് മാൽഡെയെ ആക്രമിക്കുകയായിരുന്നു.
കരടി അദ്ദേഹത്തെ കടിച്ചു കീറി ഗുരുതരമായി പരിക്കേൽപ്പിച്ചതോടെ ലിലി കരടിയെ നേരിട്ടു. കോടാലി പോലുള്ള ഒരു ആയുധം ഉപയോഗിച്ച് ലിലി നടത്തിയ പ്രത്യാക്രമണത്തിൽ പരിക്കേറ്റ കരടി കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
തലയോട്ടിയിലെ മുറിവുകൾ ഉൾപ്പെടെ മാൽഡെയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാൽഡെയെ കിയോഞ്ജർ ജില്ലയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
Tags : Wife attacks bear husband