Kerala
കൊച്ചി: രാഹുൽ ഗാന്ധിയിൽ നിന്നും പ്രിയദർശിനി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ സമ്മാനത്തുക കോൺഗ്രസിന് തന്നെ കൈമാറി ഡോ. എം. ലീലാവതി ടീച്ചർ.
സമ്മാനത്തുകയായ ഒരു ലക്ഷം രൂപയാണ് ലീലാവതി ടീച്ചർ, രാജീവ് ഗാന്ധി ഫൗണ്ടേഷനായി നൽകിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉന്നത പദങ്ങളിൽ എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് ലീലാവതി ടീച്ചർ ചടങ്ങിൽ സംസാരിച്ചത്.
ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പുരസ്കാരം ലഭിച്ചിട്ടുണ്ട്, ഇപ്പോള്‍ കൊച്ചു മകന് രാഹുല്‍ ഗാന്ധിയില്‍ നിന്നും പുരസ്കാരം ലഭിച്ചുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലീലാവതി ടീച്ചർ പറഞ്ഞു.
ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഇന്ദിരാ ഗാന്ധി മതേതരത്വത്തിന് വേണ്ടി നിലകൊണ്ടു. രാഹുലും പ്രിയങ്കയും രാജ്യത്തിന്റെ കൂടുതല്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു. അത് കാണാന്‍ താന്‍ ചിലപ്പോള്‍ ഉണ്ടായെന്ന് വരില്ല. പക്ഷെ താന്‍ അത് ഭാവനയില്‍ കാണുന്നു. അങ്ങനെ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ലീലാവതി ടീച്ചർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്.
കുമാരപുരം സ്വദേശി അലക്സ് നല്കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില്‍ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്‍മാണ കമ്പനിയായി ആന്‍ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ നിര്‍മിക്കാനിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.
ഫ്ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിക്കുന്നു.
National
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽനിന്ന് പണം കണ്ടെത്തിയ കേസിൽ പാർലമെന്ററി സമിതിക്കു മുന്നിൽ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ജസ്റ്റീസ് യശ്വന്ത് വർമ. സംഭവം നടന്നു എന്നാരോപിക്കുന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലം സുരക്ഷിതമാക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ താൻ ഉത്തരവാദിയല്ലെന്നും സമിതിക്കു മുന്നിൽ അദ്ദേഹം മൊഴി നൽകിയതായാണ് സൂചന.
സ്റ്റോർ റൂമിൽ തീ പടർന്നതിനെ തുടർന്ന് എത്തിയ പോലീസ്, അഗ്നിശമന സേന തുടങ്ങിയവർ വ്യക്തമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചതായും അന്വേഷണസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. കേസിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിക്കു മുന്നിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് പാർലമെന്റിന്റെ അന്വേഷണസമിതിക്കു മുന്നിലും ജസ്റ്റീസ് വർമ സ്വീകരിച്ചതെന്നും സൂചനയുണ്ട്.
ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്നും വീട്ടിൽനിന്ന് മാറിയുള്ള ഔട്ട് ഹൗസിലാണ് സംഭവമെന്നും ജസ്റ്റീസ് വർമ അന്വേഷണ സമിതിക്കു മുന്നിൽ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബാരക്കുകൾ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണ് ഔട്ട് ഹൗസ്. അതിനാൽ മറ്റ് പലർക്കും അവിടേക്ക് പ്രവേശിക്കാമെന്നും ജസ്റ്റീസ് വർമ പറഞ്ഞു. അതോടൊപ്പം തനിക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കാൻ കഴിയുംവിധമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും ജസ്റ്റീസ് വർമ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 15നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത നോട്ട് കെട്ടുകൾ കണ്ടെടുക്കുന്നത്.
Kerala
കൊച്ചി: പ്രതിയിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഞ്ചാവ് കണ്ടെത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന 10,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. തൊഴിലുടമ നൽകിയ പരാതിയിന്മേൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
മട്ടന്നൂർ: അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 10 പവൻ സ്വർണാഭരണങ്ങളും 10000 രൂപയും കവർന്ന സംഭവത്തിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കല്യാണത്തട്ടിപ്പുകാരനായ പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പോലീസ് പിടികൂടിയത്. മോഷണശേഷം കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിനു ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻ ഭാഗത്തും പിൻ ഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്തു മോഷ്ടാവ് കൊണ്ടുപോയി. എന്നാൽ ഒരു സിസിടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൽക്കത്തയിൽ നിന്ന് സമസ്തിപുരിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച.
ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
Kerala
പാലക്കാട്: പട്ടാമ്പി ടൗണിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി-ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.
കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 10,000 രൂപയും നഷ്ടമായെന്നാണ് വിവരം. ഞായറാഴ്ചയാണ് സംഭവം.
ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.
ഉടമയുടെ പരാതിന്മേൽ പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
National
ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ 19കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുൽദീപ് എന്ന 19കാരനാണ് കഴുത്തിൽ കുത്തേറ്റത്. കടം വാങ്ങിയ 2000 രൂപ തിരികെ നൽകാത്തതിനെതുടർന്നാണ് കുൽദീപിനെ പ്രതി കുത്തിയത്.
രത്തൻ എന്നയാളിൽനിന്ന് കുൽദീപ് 2000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രത്തൻ സുഹൃത്തായ ശ്യാംവീറിന്റെ സഹായത്തോടെ കുൽദീപിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കഴുത്തിൽ സാരമായി മുറിവേറ്റ കുൽദീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘർഷത്തിൽ ഇടപെട്ട ആദിത്യനും പരുക്കുണ്ട്. പോലീസ് എത്തിയാണ് കുൽദീപിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: പണം വാങ്ങി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പടെയുള്ളവർക്ക് ജയിലിൽ സൗകര്യം ഒരുക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ വിനോദ്കുമാറിനെതിരേയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. ഇതോടൊപ്പം തടവുകാർക്ക് പണം വാങ്ങി ഇയാൾ പരോൾ അനുവദിച്ചെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. പരാതിയിലെ പല കാര്യങ്ങളും ശരിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നു പണം കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വൻ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് അടക്കം ഇത്തരത്തിൽ പണം വാങ്ങി സൗകര്യം ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്നു പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ ഇടനിലക്കാരാനായാണ് വിനോദ് കുമാർ പണം വാങ്ങുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരം. വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ വിജിലൻസ് സംഘം പരിശോധിച്ചു. ഒരു മാസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ ഇഡി കണ്ടെത്തിയത് 331.36 കോടി രൂപയുടെ ഇടപാടുകൾ. ഡൽഹിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ.
അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്.
Kerala
കോട്ടയം: ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണവുമായി മുങ്ങിയ ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ. കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിന്റെ മാനേജരായിരുന്ന വർക്കല പണയറ സ്വദേശി വൈശാഖനെയാണ് പോലീസ് പിടികൂടിയത്.
ഈ മാസം 21നാണ് സംഭവം. ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കുന്നതിനായി ഇയാളെ ഒൻപത് ലക്ഷം രൂപ ഏൽപ്പിച്ചിരുന്നു. ഈ പണവും ഹോട്ടലിലെ ദൈനദിന ചിലവിനായി സൂക്ഷിച്ച പതിനെണ്ണായിരം രൂപയുമായി ഇയാൾ കടന്ന് കളയുകയായിരുന്നു.
ഹോട്ടൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യ പിടിയിൽ. ചമ്പക്കരയിൽ നിന്നാണ് രമ്യയെ പാലാരിവട്ടം പോലീസ് പിടികൂടിയത്.
കേസിൽ മൂന്നാം പ്രതിയാണ് രമ്യ. കേസിലെ പ്രതിയായ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജു ഒളിവില്‍ തുടരുകയാണ്. ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളത്ത് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. അറസ്റ്റ് ഭയന്നാണ് പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ ബൈജു ഒളിവിൽ പോയത്. പോലീസ് ഇയാൾ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫാണ്.
കേസിലെ രണ്ടാം പ്രതിയെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്പായിൽ പോയ പോലീസുകാരനെ അവിടുത്തെ ജീവനക്കാരിയുടെ സ്വർണമാല മേഷ്ടിച്ചെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. എസ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
National
മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് തട്ടിപ്പുസംഘം വയോധികയിൽ നിന്ന് തട്ടിയെടുത്തത് 32.8 ലക്ഷം രൂപ. മുംബൈയിലെ സബ് അർബൻ മുളുന്ത സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.
കൊളാബാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനെ ബന്ധപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2.5 കോടി രൂപയുടെ ഇടപാടുകൾ അവരുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അതിൽ 25 ലക്ഷം രൂപ കമ്മീഷനായി നിക്ഷേപിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് ആരെയും അറിയിക്കരുതെന്നും അല്ലാത്തപക്ഷം അവർ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. പിറ്റേ ദിവസം പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച തട്ടിപ്പു സംഘത്തിലെ മറ്റൊരാൾ ദമ്പതികളെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.
തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 37 ലക്ഷം രൂപയും കുറച്ച് സ്വർണവും ഉള്ളതായി പരാതിക്കാരി തട്ടിപ്പ് സംഘത്തോട് പറഞ്ഞു. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി 32.8 ലക്ഷം രൂപ തട്ടിപ്പുകാർ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി പണം അയച്ചു നല്‍കുകയും വാട്സാപ്പിൽ പേയ്മെന്റ് സ്ലിപ്പ് നല്‍കുകയും ചെയ്തു. പിന്നീട് ദമ്പതികളുടെ മരുമകന്റെ നിർദേശ പ്രകാരമാണ് പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: എറണാകുളം കടവന്ത്രയിൽ പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് പുലർച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്.
റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയായിരുന്നു കൊലപാതകശ്രമം.
സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പോലീസ് പിടികൂടി. പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
National
പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ശരിയായ രീതിയിലല്ല വിജയിച്ചതെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി. പണം ഒഴുക്കിയാണ് എൻഡിഎ വിജയിച്ചതെന്നും മുകേഷ് കുറ്റപ്പെടുത്തി.
"തെരഞ്ഞെടുപ്പ് ആകുന്പോൾ ജയം തോൽവിയും സാധാരണമാണ്. ഞങ്ങൾ പരാജയപ്പെട്ടു. പക്ഷെ എൻഡിഎ പണം കൊടുത്താണ് വിജയിച്ചത്. സ്ത്രീകൾ അതിനാൽ കൂട്ടത്തോടെ എൻഡിഎയ്ക്ക് വേണ്ടി വോട്ട് ചെയ്തു.'-മുകേഷ് പറഞ്ഞു.
10000 രൂപ കൊണ്ട് ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് മനസിലായല്ലോ എന്നും സഹാനി ചോദിച്ചു. യുവാക്കൾ മഹാസഖ്യത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. പക്ഷെ വിജയിക്കാൻ അത് മതിയായിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുകേഷ് സഹാനിയുടെ വിഐപി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. മഹാസഖ്യത്തിന് ആകെ 35 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻഡിഎ 202 സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തി.
Business
മുംബൈ: പണമിടപാടുകാരുടെ ലോകത്ത് വൻ മാറ്റങ്ങൾ കണ്ടുവരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ അയയ്ക്കുന്ന ഫണ്ടിന്റെ ഒരു ചെറിയ ഭാഗം വ്യത്യസ്തമായ വഴിയിലൂടെയാണ് ഇന്ത്യയിലെത്തുന്നത്.
പരന്പരാഗത ബാങ്കിംഗ് രീതികൾക്കു പകരം ക്രിപ്റ്റോകറൻസി വഴി ഇന്ത്യയിലേക്കു പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. രണ്ട് മാസത്തോളമായി, ഈ പണം ഹൈ-സ്ട്രീറ്റ് ബാങ്കുകൾ വഴിയുള്ള പതിവ് കൈമാറ്റങ്ങൾക്ക് പകരം, ഒരു തരം ക്രിപ്റ്റോകറൻസിയായ സ്റ്റേബിൾകോയിനിന്റെ രൂപത്തിലാണ് വരുന്നത്.
ടെതർ (യുഎസ്ഡിടി) എന്നത് യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്റ്റേബിൾകോയിൻ ആണ്. വിലയിലെ വലിയ വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഒരു തരം ക്രിപ്റ്റോകറൻസിയാണ് സ്റ്റേബിൾകോയിനുകൾ. ടെതറിന്റെ മൂല്യം യുഎസ് ഡോളറുമായി ഒന്നോടൊന്ന് എന്ന അനുപാതത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ടെതറിന്റെ ഡോളർ കരുതൽശേഖരത്തിന്റെ പിന്തുണയോടെ അസ്ഥിരമായ ക്രിപ്റ്റോകറൻസി വിപണിയിൽ വില സ്ഥിരത നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇന്ത്യയിൽ ടെതർ അഥവാ സ്റ്റേബിൾകോയിൻ 4-5% പ്രീമിയത്തിലാണ് വ്യാപാരം ചെയ്യുന്നത്. അതിനാൽ ക്രിപ്റ്റോ വഴിയുള്ള പണകൈമാറ്റത്തിന് ബാങ്ക് കൈമാറ്റത്തേക്കാൾ കൂടുതൽ തുക ലഭിക്കുന്നു.
യുഎസ് ഡോളറുമായി ബന്ധിപ്പിച്ച സ്റ്റേബിൾകോയിനുകൾ ഈ നാണയം കൈകാര്യം ചെയ്യുന്ന ‘ടെതർ’ എന്ന കന്പനിയാണ് പുറത്തിറക്കുന്നത്.
ടെതർ ഡോളറിന്റെ ഒരു പ്രതിനിധിയായിരിക്കുന്പോൾപോലും ഇന്ത്യയിൽ നിലവിലെ രൂപ-ഡോളർ വിനിയമ നിരക്കായ ഒരു ഡോളറിന് 88.6 രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ 93 രൂപയാണ് നിരക്ക്.
ഉദാഹരണത്തിന് യുഎഇയിലോ യുഎസിലോ ഉള്ള ഒരു തൊഴിലാളി സാധാരണപോലെ ബാങ്ക് വഴി 1000 ഡോളർ അയയ്ക്കുന്പോൾ അത് ഇന്ത്യയിൽ 88600 രൂപയായി മാറും. എന്നാൽ ദുബായിലോ ന്യൂജേഴ്സിയിലോ വാങ്ങി ഇന്ത്യയിൽ വിൽക്കുന്ന ടെതറിന് ശനിയാഴ്ചത്തെ ഒരു കോയിന്റെ വിലയായ 93.15 രൂപ വച്ച് 93,150 രൂപ ലഭിക്കും.
അധിക പണം കിട്ടുന്നത് എങ്ങനെ?
ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ, ഫിൻടെക് ആപ്പുകൾ, സർവീസ് സെന്ററുകൾ എന്നിവയിൽ നിന്ന് സ്റ്റേബിൾ കോയിൻ വാങ്ങുകയാണ് ആദ്യ ഘട്ടം. തുടർന്ന് പണം സ്വീകരിക്കുന്നയാളിന്റെ ഡിജിറ്റൽ വാലറ്റിലേക്ക് അയച്ചുകൊടുക്കും. ടെലഗ്രാമിലോ മറ്റ് നിയന്ത്രങ്ങളോ ഇല്ലാത്ത പ്ലാറ്റ്ഫോമികളിലോ ബന്ധിപ്പിക്കുന്ന ക്രിപ്റ്റോ വാങ്ങുന്നവരും വില്‍ക്കുന്നവരുമായി ഒരു പിയർ ടു പിയർ ഇടപാടിലൂടെ വില്പന നടത്താനാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറവിടത്തിൽനിന്ന് ഈടാക്കുന്ന 1 % നികുതി ഒഴിവാക്കാനാകും. ഇനി കോയിൻ ലഭിച്ചയാൾക്ക് അങ്ങനെതന്നെ സൂക്ഷിക്കുകയോ എക്സ്ചേഞ്ചിലൂടെ പണമാക്കി മാറ്റുകയോ ചെയ്യാം. അടുത്ത കാലത്തായി വിപണിയിലെ കണക്കുകൾ പ്രകാരം വിദേശത്തുനിന്നുള്ള പണമയയ്ക്കലിൽ 3-4 ശതമാനം വരെ ബാങ്കുകളിൽനിന്ന് സ്റ്റേബിൾകോയിനിലേക്കു മാറിയിട്ടുണ്ട്.
നിയമവശങ്ങൾ
ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റായ കാര്യമല്ല. വിദേശ വ്യാപാരത്തിന് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നതിലും രാജ്യത്തിന്റെ നിയമങ്ങൾ എതിരല്ല.
അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി ആർബിഐ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിറ്റി) ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ബിറ്റ്കോയിൻ പോലുള്ള വികേന്ദ്രീകൃത-വ്യത്യസ്തമായ കേന്ദ്രീകൃത നാണയമാണ്.
സ്വകാര്യകന്പനികൾ പുറത്തിറക്കുന്ന യുഎസ്ഡിടി, യുഎസ്ഡിസി (മറ്റൊരു കന്പനിയുടെ സർക്കിൾ) എന്നിവയിൽനിന്ന് വ്യത്യസ്തമാണ് കേന്ദ്ര ബാങ്കുകൾ ഇറക്കുന്ന സിബിഡിസികൾ. അതുകൊണ്ട് സ്വകാര്യ കന്പനികൾ പുറത്തിറക്കുന്ന സ്റ്റേബിൾ കോയിൻ പോലുള്ളവ ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സാന്പത്തിക നയങ്ങൾക്കും ഭീഷണിയാണ് ഇത്തരം കോയിനുകളെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
District News
തിരുമാറാടി: പഞ്ചായത്ത് പഴയ ഒമ്പതാം വാർഡിലെ രാമകൃഷ്ണൻ ചെറ്റയിൽ റോഡിന് 10 ലക്ഷം രൂപയും പിഎച്ച്സി പുത്തൻചിറ റോഡിന് 15 ലക്ഷം രൂപയും കാലവർഷക്കെടുതി പുനരുദ്ധാരണത്തിൽ പെടുത്തി സംസ്ഥാന സർക്കാർ തുക അനുവദിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അറിയിച്ചു.
Leader Page
ക്ലിക്കിലെ കെണി -2
“ശ്രദ്ധിക്കുക, പോലീസില്‍നിന്നോ സിബിഐയില്‍നിന്നോ കസ്റ്റംസില്നിന്നോ ജഡ്ജിയില്നിന്നോ ആണെന്നവകാശപ്പെടുന്ന അജ്ഞാത നമ്പറില്‍നിന്ന് നിങ്ങള്‍ക്ക് വീഡിയോകോളുകള്‍ ലഭിക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്. അവര്‍ സൈബര്‍ കുറ്റവാളികളായിരിക്കാം...” കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫോണെടുത്ത് ആരെ വിളിച്ചാലും ആദ്യം കേട്ടിരുന്ന സംഭാഷണം ഇതായിരുന്നു. രാജ്യത്ത് പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ തട്ടിപ്പില്‍നിന്നു രക്ഷനേടുന്നതിനായി മുഴുവന്‍ ആളുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്ന നിയമപരമായ മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍, ദിവസത്തില്‍ ഒന്നിലധികം പ്രാവശ്യം ഇത് കേട്ടിട്ടും തട്ടിപ്പില്‍ വീണവര്‍ നിരവധിയാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമായവരെ ഉന്നമിട്ടുള്ള സൈബര്‍ തട്ടിപ്പ് സംസ്ഥാനത്ത് പെരുകുന്നതായാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും എല്ലാവരിലേക്കും എത്തിയെങ്കിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ എല്ലാവര്ക്കും അറിയില്ലെന്നതാണു തട്ടിപ്പ് പെരുകുന്നതിന്റെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.
അപരിചിതരുടെ കൈയില്‍നിന്ന് മിഠായിപോലും വാങ്ങിക്കഴിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കുന്ന മുതിര്‍ന്നവര്‍ കണ്ടുപരിചയം പോലുമില്ലാത്ത, ശബ്ദപരിചയം മാത്രമുള്ള, അല്ലെങ്കില്‍ ചാറ്റില്‍ വന്നു മാത്രം കാര്യങ്ങള്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ചോദിക്കുമ്പോള്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം മൈമാറുകയാണ്. ഒരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത്രത്തോളംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുമുണ്ടെന്നാണ് സൈബര്‍ വിദഗ്ധരുടെ വാദം. തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗം ജാഗ്രതയും മുന്‍കരുതലും മാത്രമാണ്.
കാലം മാറി, പരാതികളും
മൂന്നുവര്‍ഷംമുമ്പ് സംസ്ഥാനത്തെ സൈബര്‍ സ്റ്റേഷനില്‍ എത്തിയിരുന്ന കേസുകളില്‍ നല്ലൊരു ശതമാനവും സാമ്പത്തികതട്ടിപ്പുമായി ബന്ധമില്ലാത്ത പരാതികളായിരുന്നു. സെലിബ്രിറ്റികള്‍ക്കെതിരേ മോശം കമന്റ് ഇടുക, സ്ത്രീകളോട് മോശമായി പെരുമാറുക തുടങ്ങിയ സ്വഭാവമുള്ളവ. എന്നാല്‍, ഇന്ന് 95 ശതമാനം പരാതികളും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാജ ട്രേഡിംഗ് തട്ടിപ്പ്, വെര്‍ച്വല്‍ അറസ്റ്റ്, ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ലോണ്‍ ആപ്പ് തട്ടിപ്പ് തുടങ്ങിയവയാണ് ഭൂരിഭാഗവും. ബിഹാര്‍, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉടലെടുക്കുന്നത്. ഓണ്‍ലൈന്‍ ജോലി നോക്കുന്നവരെ ചതിയുടെ വലക്കുഴികളില് വീഴ്ത്തുന്ന സംഘവും സജീവമാണ്.
മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ പ്രധാനികള്‍. അതേസമയം, ഷെയര്‍ ട്രേഡിംഗിലൂടെയും ക്രിപ്റ്റോ ട്രേഡിംഗിലൂടെയും അധികവരുമാനം വാഗ്ദാനംചെയ്ത് പണം തട്ടുന്നതില്‍ അധികവും വിദേശ കമ്പനികളാണെന്നാണ് പോലീസ് പറയുന്നത്.
പേടിപ്പിക്കും; വാഗ്ദാനം ചൊരിയും
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരപരാധികളെ കബളിപ്പിക്കാനായി അവരില്‍ ഭയം ജനിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ സാധാരണ ചെയ്യുന്നത്. നിഷ്കളങ്കരായ ഇരകളെ കബളിപ്പിക്കാനുള്ള ഏറ്റവും പുതിയ വഴി പോലീസിനെയോ സര്‍ക്കാര്‍ അധികാരികളെയോ പോലുള്ള നിയമപാലക അധികാരികളെക്കുറിച്ചുള്ള നിലവിലുള്ള ഭയത്തെ ചൂഷണം ചെയ്യുക എന്നതാണ്. ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആളുകളുടെ ഭയത്തെ ഉപയോഗപ്പെടുത്തുന്നു. മുന്നറിയിപ്പ് സൂചനകള്‍ മനസിലായില്ലെങ്കില്‍ തട്ടിപ്പുകാരുടെ ഇരകളാകുമെന്നത് തീര്‍ച്ച.
ഒരുവശത്ത് ഭയത്തെ ചൂഷണം ചെയ്തുള്ള തട്ടിപ്പുകള്‍ പെരുകുമ്പോള്‍ മറുവശത്ത് വാഗ്ദാനപ്പെരുമഴകൊണ്ടുള്ള തട്ടിപ്പുകളാണ്. ആയിരങ്ങള്‍ നിക്ഷേപിച്ച് ലക്ഷങ്ങളും കോടികളും ഉണ്ടാക്കാമെന്ന തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് ഏറെയും. ആദ്യപടിയായി ചെറിയ തുക അക്കൗണ്ടിലെത്തുന്നതോടെ തുടങ്ങുന്ന തട്ടിപ്പ് നിക്ഷേപകനെ സാന്പത്തികമായും മാനസികമായും ഇല്ലാതാക്കിയ ശേഷമാകും മടങ്ങുക.
ഉത്തരേന്ത്യയില്‍ നിര്‍ത്തും; മലയാളി തുടരും
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണങ്ങള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ പറയുന്ന വാക്കുകളിങ്ങനെ: ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമടക്കം കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും നഷ്ടപ്പെടുന്ന പണത്തിന്റെ വലിപ്പം കുറവാണ്.
അവിടെയുള്ളവര്‍ ഒരു ലക്ഷം രൂപവരെയൊക്കെ നഷ്ടമാകുമ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കുകയും നിര്‍ത്തുകയും ചെയ്യും. കേരളത്തിലെ സ്ഥിതി അതല്ല. പൈസ നഷ്ടപ്പെട്ടാലും കുറച്ചുകൂടി പണം ഇറക്കി നഷ്ടപ്പെട്ടതടക്കം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കൂടുതല്‍ ആളുകളും നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭീമമായ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. അധ്വാനിക്കാതെയും വേഗത്തിലും പണം ഉണ്ടാക്കുന്നതിനോടുള്ള താത്പര്യവും ആഡംബരജീവിതം മോഹിച്ചുള്ള പ്രവൃത്തികളുമാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിനു കാരണം.
യുവാക്കളെയല്ല; വേണ്ടത് പ്രായമായവരെ
യുവാക്കളെ തൊട്ടാല്‍ പണിപാളുമെന്ന് അറിയാവുന്നതോടെ പണം കൈവശമുള്ള വൃദ്ധരെ ലക്ഷ്യമിട്ടാണ് സൈബര്‍ സാമ്പത്തിക തട്ടിപ്പുകളേറെയും. കൊച്ചിയിലുള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇരയായവരില്‍ ബഹുഭൂരിഭാഗവും അമ്പതു വയസിന് മുകളിലുള്ളവരാണ്.
സൈബര്‍ തട്ടിപ്പുകളെക്കുറിച്ചു ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്ന അവരുടെ വിശ്വാസവുമാണു പ്രായമായവരെ സൈബര്‍ മോഷ്ടാക്കള്‍ നോട്ടമിടാന്‍ കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. വന്‍ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നതും പോലീസ് തള്ളിക്കളയുന്നില്ല.
സുവര്‍ണ മണിക്കൂര്‍ പ്രധാനം
തട്ടിപ്പു നടന്നതിനു പിന്നാലെ സുവര്‍ണ മണിക്കൂറില്‍ (ആദ്യ ഒരു മണിക്കൂര്‍) പോലീസില്‍ പരാതിപ്പെട്ടവരുടെ പണം വേഗത്തില്‍ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികള്ക്കെതിരേ പോലീസും സൈബര്‍ ഡിവിഷനും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവര്‍ എത്രയുംവേഗം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
(തുടരും)