District News
പേരാമ്പ്ര: പേരാമ്പ്രയിൽ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ പത്ത് പഞ്ചായത്തുകളിലെയും പൊതു ജനങ്ങളും സ്ഥാപന ഉടമകളും ശുദ്ധ ജല പരിശോധനക്കായി അതാത് പ്രദേശങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ സാമ്പിളുകളുമായി പെരുവണ്ണാമൂഴിയിലെ വാട്ടർ അഥോറിറ്റിയുടെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കുകയാണിപ്പോൾ ചെയ്യുന്നത്.
പെരുവണ്ണാമൂഴിയിൽ നിന്നും ഈ സാമ്പിളുകൾ വടകരയോ, കോഴിക്കോടോ ഉള്ള ലാബുകളിലേക്ക് അയച്ചു കൊടുത്ത് പരിശോധന ഫലത്തിന് വേണ്ടി ദിവസങ്ങൾ കാത്തിരിക്കണം. പരിശോധന നിരക്കുകൾ ഇപ്പോൾ മൂന്ന് മുതൽ ആറ് ഇരട്ടി വരെ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർധിപ്പിച്ച അമിത ചാർജ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് വാളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. ചന്ദ്രൻ, നാസർ മുളിയങ്ങൽ, ടി.എൻ.കെ. കല്ലൂർ, കെ.എം. ഗോപാലൻ, ചന്ദ്രൻ നാളൂർ, ഹമീദ് ആയിലാണ്ടി, കെ.സി. റഷീദ്, കെ കെ. മണി എന്നിവർ പ്രസംഗിച്ചു.
District News
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു.
ബ്ലോക്ക് തല വിജ്ഞാന കേന്ദ്രത്തിന്റെ കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നാച്ചുറൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പ്രകൃതി കൃഷി വിഷയത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
ജില്ലാ കൃഷിത്തോട്ടം ഓഫീസർ പി. മുബീന ക്ലാസ് നയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സജീവൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ. നസീർ, കൃഷി ഓഫീസർ ജിജോ ജോസഫ്, ബ്ലോക്ക് സെക്രട്ടറി സുജീന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും.
ഒക്ടോബർ 10ന് വൈകുന്നേരം നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ള സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന.
ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്. കോഴിക്കോട് റൂറൽ പോലീസ് സുപ്രണ്ടിന് കീഴിലുള്ള ഫോറൻസിക് വിഭാഗമാണ് പരിശോധന നടത്തിയത്.
പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പോലീസ് ഇൻസ്പക്ടർ പി. ജംഷീദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായി. തുടർന്ന് ഹർത്താലും, പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥയുമുണ്ടായി. ഇരു മുന്നണികൾ പ്രതിഷേധ പ്രകടനങ്ങളും തുടർന്ന് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നിരുന്നു.
Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരേ കേസെടുത്ത് പേരാമ്പ്ര പോലീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പോലീസിനെതിരേ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ. യുഡിഎഫിന്റെ പ്രതിഷേധ സദസിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധ സദസ് നടക്കുന്ന പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ആണ് വാക്കേറ്റമുണ്ടായത്.
യുഡിഎഫ് പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പോലീസ് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ഏകപക്ഷീയമായി യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചു എന്ന ആരോപണം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.
സംഘർഷം കൂടുതൽ കൈയാങ്കളിയിലേക്ക് പോകാതിരിക്കാൻ പ്രാദേശിക നേതാക്കന്മാർ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.