പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടനിർമാണം 2027ൽ പൂർത്തീകരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ. ആശുപത്രി കെട്ടിടനിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടം നിർമിക്കാനായി പൈലിംഗ് നടക്കുകയാണ്. ഏഴ് നിലകളിൽ ഒരുക്കുന്ന കെട്ടിടത്തിൽ ആദ്യ നാല് നിലകളിൽ ഓപറേഷൻ തിയേറ്റർ, ഗൈനക്കോളജി വിഭാഗം, സ്കാനിംഗ്, ഇസിജി, ലാബ്, എക്സ്റേ സംവിധാനവും അനുബന്ധ കെട്ടിടത്തിൽ മോർച്ചറി സംവിധാനവുമൊരുക്കും. 77 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയിൽനിന്ന് അനുവദിച്ച 56 കോടി രൂപ വകയിരുത്തിയാണ് നിർമാണം തുടങ്ങിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ.