കേരളാ കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ രാജീവ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: പേരാമ്പ്രയിൽ കുടിവെള്ള പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ പത്ത് പഞ്ചായത്തുകളിലെയും പൊതു ജനങ്ങളും സ്ഥാപന ഉടമകളും ശുദ്ധ ജല പരിശോധനക്കായി അതാത് പ്രദേശങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ സാമ്പിളുകളുമായി പെരുവണ്ണാമൂഴിയിലെ വാട്ടർ അഥോറിറ്റിയുടെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കുകയാണിപ്പോൾ ചെയ്യുന്നത്.
പെരുവണ്ണാമൂഴിയിൽ നിന്നും ഈ സാമ്പിളുകൾ വടകരയോ, കോഴിക്കോടോ ഉള്ള ലാബുകളിലേക്ക് അയച്ചു കൊടുത്ത് പരിശോധന ഫലത്തിന് വേണ്ടി ദിവസങ്ങൾ കാത്തിരിക്കണം. പരിശോധന നിരക്കുകൾ ഇപ്പോൾ മൂന്ന് മുതൽ ആറ് ഇരട്ടി വരെ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർധിപ്പിച്ച അമിത ചാർജ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് വാളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. ചന്ദ്രൻ, നാസർ മുളിയങ്ങൽ, ടി.എൻ.കെ. കല്ലൂർ, കെ.എം. ഗോപാലൻ, ചന്ദ്രൻ നാളൂർ, ഹമീദ് ആയിലാണ്ടി, കെ.സി. റഷീദ്, കെ കെ. മണി എന്നിവർ പ്രസംഗിച്ചു.