District News
നെടുമ്പാശേരി: തുടർച്ചയായ മൂന്നാം വർഷവും ഒരു കോടി യാത്രക്കാരുമായി സിയാൽ അഭിമാനകരമായ നേട്ടത്തിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ തുടർച്ചയായി മൂന്നാം വർഷവും ഒരു കോടി യാത്രക്കാർ പറന്നു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഏക വിമാനത്താവളവും.
2025 ജനുവരി–ഡിസംബർ കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ വന്നുപോയത്. 2024–ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85 ശതമാനം വർധനയുമുണ്ട്. ഏകദേശം 5.33 ലക്ഷം യാത്രക്കാരാണ് കൂടുതലുള്ളത്.
2025–ൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോയ മാസം മേയ് ആയിരുന്നു. 11.07 ലക്ഷം യാത്രക്കാരാണ് ആ മാസത്തിൽ സിയാൽ വഴി സഞ്ചരിച്ചത്. ആദ്യമാസമായ ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 55.17 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്. ആകെ 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. 2024-ൽ ഇത് 75,074 സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്നങ്ങൾ കുറവിന് കാരണമായി.
കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചുവെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
Kerala
തൊടുപുഴ: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ - പാല റോഡിലായിരുന്നു അപകടം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന തൃശൂർ സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇരുപതോളം പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Kerala
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം.
ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
Kerala
പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Kerala
പാലാ: പാലാ- തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു.
കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴ് വയസുകാരിയുമുണ്ട്. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
മെക്സിക്കോ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ടു പ്രസിദ്ധമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ തീർഥാടനകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് എത്തിയത് ഒരു കോടി 80 ലക്ഷം വിശ്വാസികൾ.
ഈമാസം 11നും 12നുമിടയിലാണ് ഇത്രയും വിശ്വാസികൾ എത്തിയത്. വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെത്തിയിരുന്നു. മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി തീർഥാടകർ കാൽനടയായാണു തിരുനാളിൽ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞവര്‍ഷം തിരുനാളിനോടനുബന്ധിച്ച് ഒന്നര കോടി വിശ്വാസികളാണ് ഇവിടെയെത്തിയത്.
ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
1531ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്കു പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിലൂടെ ആഗോള ശ്രദ്ധ നേടിയ തീർഥാടനകേന്ദ്രമാണു ഗ്വാഡലൂപ്പ.
Kerala
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നിലയ്ക്കലിലേയും ആശുപത്രികളിലേയ്ക്കും മാറ്റി. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
District News
കുറ്റിപ്പുറം: ദേശീയപാതയിൽ പന്തേപാലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ടെന്പോ ട്രാവലർ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. നിരവധി അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. കർണാടക ഹസൻ ജില്ലക്കാരനായ ഉമേഷ് (43) ആണ് മരിച്ചത്.
കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു ടെന്പോ ട്രാവലറിലുണ്ടായിരുന്നവർ. ഇന്നലെ പുലർച്ചെ 5.15ന് പന്തേപാലത്തിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിലാണ് ട്രാവലർ ഇടിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്.
കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ കൈപ്പട്ടൂര്‍ കാവുംകോട്ട് ജോര്‍ജിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഹേമന്ത്, യാത്രക്കാരായ സുനില്‍ (50), മണികണ്ഠന് (45), അര്ജുന് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: സ്കൂള്‍ ബസിന്റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂള്‍ ബസിന്റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.
സ്കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന് (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: ശബരിമലയില്‍ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് ദിവസേന 5,000 പേർക്ക് മാത്രമായി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം തുടരുക.
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ച ദേവസ്വം ബെഞ്ചാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. കൂടാതെ, കാനനപാത വഴിയുള്ള പ്രവേശനത്തിനായി വനംവകുപ്പ് നൽകുന്ന പാസും 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനമായി.
ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.
തിരക്ക് നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ, സ്പോട്ട് ബുക്കിംഗ് നേരത്തെ 20,000 ആയി കുറയ്ക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തിരുന്നു. പമ്പയിലെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രിക്കാനായി തിങ്കളാഴ്ച വരെ പ്രതിദിനം 5,000 സ്പോട്ട് ബുക്കിംഗ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ പുതിയ നിർദേശം.
തീർഥാടക പ്രവാഹം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് കോടതി രാവിലെ നിർദേശിച്ചിരുന്നു.
International
ജിദ്ദ: മക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.
മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം.
സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.