തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയ്ത ശബരിമല തീർഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വയോധികരും കുട്ടിയും ഉൾപ്പെടുന്ന13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് താത്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും, കണ്ടക്ടറെ സ്ഥലം മാറ്റാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ബസ് സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറമുള്ള വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഏറെ നേരം വനമേഖലയിൽ കാത്തുനിന്നശേഷം മറ്റൊരു വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Tags : Sabarimala pilgrims kb ganeshkumar ksrtc fired