Kerala
മലപ്പുറം: അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച കെട്ടുങ്ങൽ സ്വദേശി കോങ്ങാശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് ആക്രമണത്തിനിരയായത്. വടകര എടച്ചേരിയിലാണ് സംഭവം. കാറിലെത്തിയ മുഖം മൂടി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.
ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വില്യാപള്ളി-തലശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വച്ചായിരുന്നു ആക്രമണവും പിന്നാലെ കവർച്ചയും നടന്നതായി പരാതിയുള്ളത്. എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇബ്രാഹിം.
പിന്നാലെയെത്തിയ നീല നിറത്തിലുള്ള കാർ ആദ്യം ഇബ്രാഹിമിന്റെ വാഹനത്തെ മറികടന്ന് തടസമുണ്ടാക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് പേര് വാഹനത്തിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി.
സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കേത്ര വളപ്പിലെ സര്‍പ്പ പ്രതിഷ്ഠയ്ക്കും നാഗ പ്രതിഷ്ഠയ്ക്കപം മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിവരം ക്ഷേത്ര കമ്മിറ്റി അധികൃതരെയും പോലീസിനെയും അറിയിച്ചു.
ക്ഷേത്രത്തിന് പുറത്തുള്ള ഒരു സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പ്രതി തുണി ഉപയോഗിച്ച് മറച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
National
ബംഗുളൂരു: പുരുഷ വേഷം ധരിച്ച് കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ബംഗുളൂരു സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്.
ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടന്നുവന്ന് മനസിലായ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ചോദ്യം ചെയ്യലിൽ, ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
പാണ്ടിക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ പർദ ധരിച്ചെത്തി ആക്രമണം നടത്തുകയും ആറ് പവന്റെ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിലാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
ഡിസംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ഇതുവരെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകീട്ട് 5.30ഓടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീഷ് (26), കല്ലായി സ്വദേശി ചക്കക്കടവ് അബ്ദുൾ റാഷിഖ് (41), പന്തീരങ്കാവ് സ്വദേശി കൊല്ലക്കാരൻ നിജാസ് (40), കൊയിലാണ്ടി സ്വദേശി കാളക്കാടി മുഹമ്മദ് ആരിഫ് (36), മാറാട് സ്വദേശി ക്ലായി മുഹമ്മദ് ഷെഫീർ (35) എന്നിവരാണ് വീട്ടിൽ കയറി വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും അനീഷിനെ പിടികൂടുകയുമായിരുന്നു.
അനീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രകരായ കോഴിക്കോട് പൊക്കുന്ന് സ്വദേശി വി.ടി. അബ്ദുൾ റൗഫ് (40), മഞ്ചേരി പുല്ലാര സ്വദേശികളായ പാങ്ങോട്ടിൽ ഉമ്മർ (49), കൊണ്ടോട്ടി പറന്പിൽ സവാദ് (32), മന്പാട് സ്വദേശി കന്പളത്ത് മുഹമ്മദ് ഷിഹാൻ (21), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ (21) എന്നിവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.
ശുചിമുറിക്ക് മുകളിൽ പണമുണ്ടെന്ന നിഗമനത്തിലായിരുന്നു കവർച്ചാനീക്കം. ഇത്തരം കാര്യങ്ങൾ പ്രതികൾ പോലീസിനോട് വിശദീകരിച്ചു. എന്നാൽ കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരണ്‍മയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Kerala
മലപ്പുറം: പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേര് കൂടി പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദു റൗഫ്, മഞ്ചേരി സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് സ്വദേശി ഷിഹാൻ, ഒടായിക്കൽ സ്വദേശി അഫിൻ എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 29ന് ആയിരുന്നു സംഭവം നടന്നത്. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിന്റെ വീട്ടിലാണ് പ്രതികൾ മുഖം മൂടി ധരിച്ചെത്തിയത്. തുടർന്ന് വീട്ടിൽ അനധികൃത പണമുണ്ടെന്നും അത് വേണമെന്നും അക്രമികൾ ആവശ്യപ്പെട്ടു.
ഇല്ലെന്ന് അറിയിച്ചതോടെ പ്രതികൾ വീട്ടുകാരെ ആക്രമിച്ചു. സംഘത്തിന്റെ ആക്രമണത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ പ്രതികൾ വീടിനുള്ളിൽ പരിശോധനയും നടത്തി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസ് കൂടുതൽ പ്രതികളെ കണ്ടെത്തിയത്. സംഭവത്തിൽ കല്ലായി സ്വദേശി അബ്ദുൽ റാഷിഖ്, പന്തീരങ്കാവ് സ്വദേശി നിജാസ്, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആരിഫ്, മാറാട് സ്വദേശി മുഹമ്മദ് ഷെഫീർ എന്നിവരാണ് നേരത്തെ പിടിയിലായത്.
നിലവിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തവർ പിടിയിലായതായി പോലീസ് വ്യക്തമാക്കി. കേസില്‍ ഇതുവരെ 10 പേർ പിടിയിലായിട്ടുണ്ട്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
District News
പേരൂര്‍ക്കട: ഐരാണിമുട്ടത്ത് ഹോമിയോ ഡോക്ടര്‍ താമസിക്കുന്ന വാടകവീട്ടിലുണ്ടായ കവര്‍ച്ചയില്‍ അന്വേഷണം നീളുന്നു. പ്രതി മുഖം പൂര്‍ണമായി മറച്ച് എത്തിയതാണ് അന്വേഷണത്തിനു തലവേദന സൃഷ്ടിക്കുന്നത്.
ക്രിസ്മസ് ദിനം പുലര്‍ച്ചെ ഗവ. ഹോമിയോ മെഡിക്കല്‍ കോളജ് ആര്‍എംഒയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. ഇവിടെനിന്നു നഷ്ടപ്പെട്ടത് 10 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്.
ഇരുനില വീടിന്റെ താഴത്തെ നിലയുടെ വാതില്‍ പൊളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ക്രിസ്മസ് അവധി പ്രമാണിച്ച് ഡോക്ടറും കുടുംബവും എറണാകുളത്തെ കുടുംബവീട്ടില്‍ പോയസമയത്തായിരുന്നു മോഷണം. ഡോക്ടര്‍ തിരികെയെത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. വീടിന്റെ വാതിലിനു സമീപത്തുനിന്നു വിരലടയാളങ്ങള്‍ ലഭിക്കാത്തതും അന്വേഷണത്തിനു വെല്ലുവിളിയായിട്ടുണ്ട്.
രാത്രിസമയത്ത് മോഷ്ടാവ് പൂർണമായും മുഖം മറച്ചാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്നും കണ്ണുകള്‍ മാത്രമാണു സിസിടിവി ദൃശ്യങ്ങളില്‍ കാണാനായതെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ഡോക്ടറുടെ വീടിനു സമീപത്തു താമസിക്കുന്നയാളുടെ വീടിന്റെ വാതില്‍ തുറന്നു മോഷണശ്രമം നടത്തിയതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിലും അന്വേഷണം നടന്നുവരികയാണ്. മോഷണവും മോഷണശ്രമവും ഒരാള്‍തന്നെ നടത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൽക്കത്തയിൽ നിന്ന് സമസ്തിപുരിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച.
ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി. ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു.
തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ്ഐടിയിൽ നിന്ന് ഇഡിക്ക് ലഭിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെ ഹൈക്കോടതി വൈള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ്ഐടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.
വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍. വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ്ഐടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ട് നില്ക്കുന്നു. സ്വര്‍ണം പൂശിയ അമൂല്യവസ്തുക്കള്‍ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എ. ബദറുദ്ദിന്‍ ജാമ്യാപേക്ഷ തള്ളിയത്.
ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണെന്നും ഇത്തരം കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നല്കി.
Kerala
ഉളിക്കൽ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.
ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്റെ മുച്ചക്ര വാഹനത്തിൽ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉൾപ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീട്ടിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല. ഇന്ന് വൈകുന്നേരം നാലിന് എസ്ഐടിയുടെ ഈഞ്ചക്കൽ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ്പി ശശിധരന് അസൗകര്യമായതിനാൽ അന്ന് നടന്നില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മൊഴിയെടുക്കാതെ മാറുന്നത്. ശബരിമല സ്വർണകൊള്ളയിൽ 500 കോടിയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. ഞായറാഴ്ച മൊഴിയെടുക്കാമെന്ന് ചെന്നിത്തല പ്രത്യേക സംഘത്തെ അറിയിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.
Kerala
മാവേലിക്കര: മാവേലിക്കരയില്‍ മൂന്നിടങ്ങളിലായി 17 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
കൊറ്റാര്‍കാവ് പുതുപ്പറമ്പില്‍ എബിയുടെ വീട്ടില്‍ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. എബിയും സഹോദരിയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആശുപത്രിയില്‍ പോയിരുന്നു. രോഗബാധിതയായ അമ്മയും മറ്റൊരു സഹോദരിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ശല്യപ്പെടുത്തേണ്ടെന്നു കരുതി വീടിന്റെ മുന്‍വശത്തെ കതക് വലിച്ചടച്ച ശേഷമാണു പോയത്.
ആശുപത്രിയില്‍ നിന്നെത്തിയപ്പോള്‍ കിടപ്പുമുറിയിലെ തടി അലമാരയുടെ വാതില്‍ തുറന്നുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. അലമാരയില്‍ രണ്ടു ഡപ്പിയില്‍ സൂക്ഷിച്ചിരുന്ന എബിയുടെയും സഹോദരിയുടെയും ഒരു പവന് വീതം വരുന്ന ലോക്കറ്റ് ഉള്‍പ്പെടെ അഞ്ചു പവന്റെ രണ്ടു മാല, ഒരു പവന്റെ മറ്റൊരു മാല, ഒരു പവന് വീതമുള്ള രണ്ടു സ്വര്‍ണ വളകള്‍, രണ്ടു പവന്റെ പാദസരം, ഒരു ഗ്രാമിന്റെ കുരിശ് ലോക്കറ്റുള്ള ഒന്നര പവന് മാല, ഒരു പവന്റെ കൈച്ചെയിന്‍, രണ്ടര ഗ്രാമിന്റെ രണ്ടു മോതിരം, ഡയമണ്ട്സിന്റെ കമ്മല്‍ എന്നിവ ഉള്‍പ്പെടെയാണു മോഷണം പോയത്. അലമാരയുടെ വാതില്‍ കുത്തിയിളക്കിയാണു സ്വര്‍ണം അപഹരിച്ചത്.
മാവേലിക്കര കണ്ടിയൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല യുവാവ് വലിച്ചുപൊട്ടിച്ചു കടന്നുകളഞ്ഞതായി പരാതി. കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73) മാലയാണു പൊട്ടിച്ചെടുത്തത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. ബൈക്കിലെത്തിയ ആള് സതിയമ്മയുടെ മാല പൊട്ടിച്ചെടുത്തു. വള ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
കണ്ടിയൂര്‍ തെക്കേനടയിലെ വീട്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയുണ്ട്.
International
പാരീസ്: ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ഇതോടെ കൊള്ളയിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല.
നെപ്പോളിയൻ ചക്രവർത്തിയുടെ അമൂല്യ വജ്രാഭരണങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ സുരക്ഷാജീവനക്കാർ എത്തുംമുൻപ് ബൈക്കിൽ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒൻപതരയ്ക്ക് സന്ദർശകർ പ്രവേശിച്ചുതുടങ്ങുമ്പോൾ ആണ് കവർച്ച നടന്നത്.
സെൻ നദിയോട് ചേർന്നുള്ള ഭാഗത്തു എത്തിയ മോഷ്ടാക്കൾ ചരക്കുലിഫ്റ്റിൽ ഘടിപ്പിച്ചിരുന്ന ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന്റെ അപ്പോളോ ഗ്യാലറിയിൽ കടക്കുകയായിരുന്നു. ഡിസ്പ്ലെ കേസ് തകർത്ത് ഉള്ളിൽ ഉണ്ടായിരുന്ന അമൂല്യ ആഭരണങ്ങൾ കൈക്കലാക്കിയ ഇവർ, ഏഴ് മിനിറ്റിനുള്ളിൽ പുറത്തിറങ്ങി മോട്ടോർ ബൈക്കിൽ രക്ഷപെട്ടു.
മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് മോഷണം നടന്നതെന്നും മുഖംമൂടി ധരിച്ച നാലു പേരാണ് ഗോവണിയുടെ അടുത്ത് എത്തിയതെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടമായ വസ്തുക്കളുടെ മൂല്യം നിർണയിക്കാൻ ആകില്ലെന്ന് സാംസ്കാരിക മന്ത്രി പ്രതികരിച്ചു.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില്‍ അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
District News
ആലുവ: റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പിടിയിലായ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു.
തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ഞായറാഴ്ച രാത്രി ആലുവ പോലീസിന്റെ പിടിയിലായത്.
പാലക്കാട് നിന്നു വരുന്ന കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ പള്ളിപ്പുറം സ്വദേശി അഖിലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മോതിരവും മൊബൈലും തട്ടിയെടുത്തത്. രണ്ടിന് വൈകുന്നേരമായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് പിന്നിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് അക്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയും തുടരന്വേഷണത്തിൽ ഇവരെ ബാറിൽ നിന്ന് പിടികൂടുകയുമായിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ അനുരാഗ് അക്രമാസക്തനായി സ്റ്റേഷൻ അലമാരയുടെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചതിനും കേസുണ്ട്.
International
പാരീസ്: ലൂവ്റ് മ്യൂസിയം കവർച്ചയിൽ അഞ്ചുപേർകൂടി അറസ്റ്റിലായെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാരീസിൽനിന്നാണ് ഇവർ പിടിയിലായത്.
മ്യൂസിയം പരിസരത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തുക്കളിൽനിന്നു ലഭിച്ച ഡിഎൻഎ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായവരിൽ ഒരാളെ തിരിച്ചറിഞ്ഞത്.
മോഷണത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 19നു നടന്ന സംഭവത്തിൽ രണ്ടു പേർ 26ന് പിടിയിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഈ രണ്ടു പേരും തങ്ങൾക്ക് കവർച്ചയിൽ ഭാഗിക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു.
മോഷണം നടത്തിയത് നാലു പേരാണെങ്കിലും സംഭവത്തിനു പിന്നിൽ വിപുലമായ സംഘമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മോഷണത്തിൽ പങ്കെടുത്തവരിൽ മൂന്നുപേരും പിടിയിലായെന്നാണ് സൂചന.
കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘമോ ഫ്രഞ്ച് അധികൃതരോ തയാറായിട്ടില്ല. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട എട്ട് ആഭരണങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
District News
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂന്നു കടകളിൽ മോഷണം. ഈസ്റ്റ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ ഹോം അപ്ലയൻസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബെന്നറ്റ് ബ്യൂട്ടീഷ്യൻസിൽ ഗ്ലാസ് തകർത്താണ് കൃത്യം നടത്തിയത്. ഇവിടെ നിന്നും 18,000 രൂപ പോയതായാണ് വിവരം. തൊട്ടടുത്തുള്ള ഉസ്താദ് ഹോട്ടലിൽ പൂട്ട് തകർത്തിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റോറിൽ നിന്നും 8,000 രൂപയാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കായി എത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
District News
വെള്ളറട: കഴിഞ്ഞദിവസം ചെറിയ കൊല്ലയില്‍ ആന്റണിയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടുന്നതിന് പോലീസ് സിസിടിവി കാമറ നിരീക്ഷണം ശക്തമാക്കി. ഒരാഴ്ചയോളം പൂട്ടിക്കിടന്ന ആന്റണിയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യുന്ന സമയം ഒരാഴ്ച കാലം മഴ ശക്തമായിരുന്നു.
അതു മോഷ്ടാക്കളെ പിടികൂടുന്നതിനു പോ ലീസിന് വെല്ലുവിളിയായിട്ടുണ്ട്. എന്നിരുന്നാലും സമീപത്തെ സിസിടിവികള്‍ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ ശശികുമാരന് നായര്‍, ശശികുമാര്‍, പ്രമോദ്, അനില്‍ സിവില്‍ പോലീസുകാരായ പ്രണവ് അടങ്ങുന്ന സംഘം സമീപത്തെ സിസിടിവികളിൽ മണിക്കൂറുകളോളം നിരീക്ഷണം നടത്തി.
വ്യക്തമായ ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചില്ല. കഴിഞ്ഞദിവസം വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പോലീസിന് സംശയമുള്ള വ്യക്തികളില്‍നിന്നും ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി പരിശോധന നടത്തി ഫലം വന്നാലേ മോഷ്ടാക്കളിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളു. ദിവസങ്ങള്‍ വൈകിയത് പോലീസിനു മോഷ്ടാക്കളില്‍ എത്തുന്നതിനു വെല്ലുവിളികള്‍ നേരിടുകയാണ്. എന്നിരുന്നാലും വീണ്ടും സമീപത്തെ എല്ലാ സിസിടിവികളും നിരീക്ഷിച്ച് എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാനുള്ള തയാറെടുപ്പിലാണ്.
NRI
പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പിടികൂടി. കേസുമായി അടുത്തബന്ധമുള്ള സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാരീസ്-ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച രാത്രി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കവെയാണ് മോഷ്ടാക്കളിലൊരാള് പിടിയിലാകുന്നത്. രണ്ടാമനെ പിടികൂടിയത് പാരീസ് നഗരത്തില്‍നിന്നാണ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയമായ ലൂവ്രെയില്നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് മോഷ്ടാക്കള്‍ വിലമതിക്കാനാകാത്ത ആഭരണങ്ങള്‍ കൊള്ളയടിച്ചത്.
മ്യൂസിയം തുറന്നസമയം, ക്രെയിന്‍ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ എട്ടു വിലയേറിയ വസ്തുക്കളാണ് മോഷ്ടിച്ചത്.
മോഷണശേഷം പുറത്തുകടന്ന പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. പാരീസ് പോലീസിലെ ബിആര്‍ബി എന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
District News
കൊച്ചി : കടവന്ത്രയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി റിമാൻഡിൽ. കണ്ണൂര്‍ എന്‍സി ഹൗസില്‍ സഫീറി (38)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് രാവിലെ 11 ന് കടവന്ത്ര കൗസ്തുഭം എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 4,50,000 ത്തോളം രൂപയുടെ സ്വര്‍ണമാണ് മോഷ്ടിച്ചത്.
വീട്ടുകാർ 13ന് മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നല്കി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും
Kerala
തൃശൂർ: ബംഗളൂരുവില്‍നിന്ന് 75 ലക്ഷം രൂപയുമായി ബസില്‍ വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയുടെ പണം തട്ടിയെടുത്ത് കവർച്ചാ സംഘം. എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നുമാണ് ഒരു സംഘം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്.
ബസ് വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക്ക് പോലീസിന് നല്കിയ മൊഴി. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാൻ തുടങ്ങിയ ഉടനെയായിരുന്നു കവർച്ച.
തൊപ്പിവച്ച യുവാവ് ബാഗ് എടുത്ത് വാഹനത്തിനടുത്തേക്ക് നടന്നു. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാൻ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറിൽ കയറി രക്ഷപ്പെട്ടു. ഇതോടെ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പോലീസില്‍ പരാതി നല്കി. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
മോഷണ സംഘമെത്തിയ വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈവേ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കുന്ന കുഴല്‍പ്പണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുബാറക്കിന്റെ സാമ്പത്തിക ശ്രോതസുകളും പരിശോധിക്കുന്നുണ്ട്.
Kerala
തൃശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംഗ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 04.30-നാണ് സംഭവം
ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.
കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
District News
കൊട്ടാരക്കര: കവർച്ചാശ്രമത്തിനിടയിൽ മോഷ്ടാവ് പിടിയിൽ. വയക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ മോഷ്ടാവ് വെള്ളംകുടി ബാബു എന്ന ബാബു(55) വാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.
മരണചടങ്ങിൽ പങ്കെടുക്കാൻ വീടുപൂട്ടി ജേക്കബും കുടുംബവും പോയ സമയത്തായിരുന്നു മോഷണ ശ്രമം. അടുക്കിളഭാഗത്തേക്കു പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സിസിടിവി കാമറിയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകൾ കണ്ടു. ഉടൻ തന്നെ ഫോണിലൂടെ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ വിവരം അറിയിച്ചു.
അടുക്കിളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ബാബു. നാട്ടുകാരെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ടു പിടികൂടി കൊട്ടാരക്കര പോലീസിന് കൈമാറി. നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ബാബു ജയിലിൽ നിന്നിറങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ എന്നു പോലീസ് പറയുന്നു.
NRI
പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാർ ഞായറാഴ്ച രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറിയാണിത്.
നെക്ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒന്‍പത് ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കവർച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. ലിയണാർഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തിൽ രാവിലെ ഒന്‍പതരയ്ക്കാണു മോഷണം നടന്നത്.
കള്ളന്മാർ മ്യൂസിയത്തിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലൂടെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീൻ വാൾ അടക്കമുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. കവർച്ചയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്ടാക്കളുടെ പക്കൽനിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി.
നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ ചക്രവർത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്റ് ഡയമണ്ട് എന്ന വജ്രാഭരണം നഷ്ടപ്പെട്ടിട്ടില്ല.
കവർച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഞായറാഴ്ച അടച്ചിട്ടു. അമൂല്യ കലാസൃഷ്ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശനത്തിനു വച്ചിട്ടുള്ള ലൂവ്റിൽ മോഷണം ഇതാദ്യമായല്ല.
1911ൽ വിൻചെൻസോ പെറൂജിയ എന്ന മുൻ ജീവനക്കാരൻ മോണോലിസ പെയിന്റിംഗ് മോഷ്ടിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്റിംഗ് ആക്കുന്നതിൽ മോഷണം പ്രധാന പങ്കുവഹിച്ചു.
ലോകത്തിലേറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്റ്. പ്രതിവർഷം 90 ലക്ഷം പേർ എത്തു ന്നതായാണു കണക്ക്.
Kerala
തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്ത് (20 ) ആണ് പിടിയിലായത്.
മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സെപ്റ്റംബർ 25 രാത്രിയാണ് സംഭവം.
വീടിന്റെ അടുക്കളയിലൂടെ കയറിയ പ്രതി, ജയശ്രിയുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
പരാതിക്ക് പിന്നാലെ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു. പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സഹായം ഇവർ നൽകാറുണ്ടായിരുന്നു. ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലാണ് താമസിക്കുന്നത്.
Kerala
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴു പേര് അറസ്റ്റിൽ. എറണാകുളം ജില്ലാ അഭിഭാഷകൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അഭിഭാഷകൻ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായവരിൽ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേര്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവര്‍ച്ചയിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
District News
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
District News
തൃശൂര്‍: കുരിയച്ചിറയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഞായറാഴ്ച രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. സംഭവത്തിൽ തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്റോ (28) ആണ് പിടിയിലായത്.
ശനിയാഴ്ച രാത്രി തൃശൂര്‍ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ജിന്റോയാണെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയിൽ മോഷ്ടാവ് കയറിയതോടെ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്റോ കുടുങ്ങിയത്.
ഇതിനിടയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം ഉണ്ടായത്. മോഷണശ്രമത്തിനിടെ അലാം അടിച്ചതിനെതുടര്‍ന്ന് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.
District News
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ മാലയും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് കേസിൽ വട്ടപ്പാറ പോലീസിന്റെ പിടിയിലായത്.
തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്റെ മാലയും 2,000 രൂപയുമാണ് മാരീശ്വരി കവർന്നത്. നെടുമങ്ങാട് നിന്നും വെമ്പായത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് വിജയമ്മയ്ക്ക് സ്വർണവും പണവും നഷ്ടമായത്.
ഇതേ തുടർന്ന് ഇവർ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വട്ടപ്പാറ പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിനിയെ പോത്തൻകോട് ഭാഗത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്ന് പോലീസ് സ്വർണവും പണവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
District News
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഒരു മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടന്നു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കടയുടെ ഷട്ടറുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വലിയ തുക കവർന്നെടുത്തതായി കടയുടമ പരാതി നൽകി.
കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
സമീപ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.