മലപ്പുറം: പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേര് കൂടി പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദു റൗഫ്, മഞ്ചേരി സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് സ്വദേശി ഷിഹാൻ, ഒടായിക്കൽ സ്വദേശി അഫിൻ എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 29ന് ആയിരുന്നു സംഭവം നടന്നത്. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിന്റെ വീട്ടിലാണ് പ്രതികൾ മുഖം മൂടി ധരിച്ചെത്തിയത്. തുടർന്ന് വീട്ടിൽ അനധികൃത പണമുണ്ടെന്നും അത് വേണമെന്നും അക്രമികൾ ആവശ്യപ്പെട്ടു.
ഇല്ലെന്ന് അറിയിച്ചതോടെ പ്രതികൾ വീട്ടുകാരെ ആക്രമിച്ചു. സംഘത്തിന്റെ ആക്രമണത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ പ്രതികൾ വീടിനുള്ളിൽ പരിശോധനയും നടത്തി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസ് കൂടുതൽ പ്രതികളെ കണ്ടെത്തിയത്. സംഭവത്തിൽ കല്ലായി സ്വദേശി അബ്ദുൽ റാഷിഖ്, പന്തീരങ്കാവ് സ്വദേശി നിജാസ്, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആരിഫ്, മാറാട് സ്വദേശി മുഹമ്മദ് ഷെഫീർ എന്നിവരാണ് നേരത്തെ പിടിയിലായത്.
നിലവിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തവർ പിടിയിലായതായി പോലീസ് വ്യക്തമാക്കി. കേസില്‍ ഇതുവരെ 10 പേർ പിടിയിലായിട്ടുണ്ട്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Tags : kerala police crime news malappuram robbery